ജീവിതത്തിൽ നഷ്ടമായ സന്തോഷവും സമാധാനവും വീണ്ടെടുക്കാൻ സഹായിക്കുന്ന പത്തു മാർഗ്ഗങ്ങൾ

ജീവിതത്തിൽ നമുക്കെല്ലാം ഒരു ആഗ്രഹമേയുള്ളൂ – സന്തോഷമായിരിക്കുക. ഉള്ളതുകൊണ്ട് സംതൃപ്തമായ ഒരു ജീവിതം. അതാണ് എല്ലാവരുടെയും സ്വപ്നം. ഈയൊരു സ്വപ്നത്തിനായി അദ്ധ്വാനിക്കുന്നവരാണ് നാമെല്ലാം. എന്നാൽ, കാലത്തിന്റെ മാറ്റത്തിനിടയിൽ അടുത്തുള്ളവർക്കൊപ്പം എത്താനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും ചിരിക്കാൻ പോലും മറക്കുന്നു. സംതൃപ്തിയ്ക്കായുള്ള ആ ഓട്ടം ആകുലത മാത്രമാണ് സമ്മാനിക്കുന്നത്. നഷ്ടപ്പെട്ട സ്വസ്ഥതയും സമാധാനവും തിരിച്ചുപിടിക്കണ്ടേ? അതിന് നിങ്ങളെ സഹായിക്കുന്ന പത്തു മാർഗ്ഗങ്ങൾ ഇതാ…

1. കുറച്ചു സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക

‘ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ’ എന്ന ചൊല്ല്‌ ഏറെ അർത്ഥവത്താണ്. ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് വ്യായാമം. ശരീരത്തിന് ആരോഗ്യം പകരുന്നതിനൊപ്പം തന്നെ വിഷാദം, മാനസികപിരിമുറുക്കം തുടങ്ങിയവ അകറ്റി സന്തോഷം പ്രദാനം ചെയ്യാൻ വ്യായാമത്തിലൂടെ സാധിക്കും.

2. പുഞ്ചിരിക്കാൻ പഠിക്കാം

മനസ്സറിഞ്ഞ് പുഞ്ചിരിക്കാൻ കഴിയുക എന്നത് ഏറെ മഹത്തായ ഒരു കാര്യമാണ്. ഇതുവഴി, നന്മകൾ ഉടലെടുക്കുന്ന ഒരു മനസ്സ് നേടിയെടുക്കുവാൻ സാധിക്കും. സാമ്പത്തികമേഖലയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകളിൽ ചിലർ, ഉപഭോക്താക്കളെ ബോധിപ്പിക്കാനായി കപടമായ പുഞ്ചിരി സമ്മനിക്കുന്നു; മറ്റു ചിലർ മനസ്സറിഞ്ഞ് ചിരിക്കുന്നു. ഇതിൽ ഹൃദ്യമായി പുഞ്ചിരിച്ചവർക്ക് ദിവസം മുഴുവൻ ശുഭാപ്തിവിശ്വസത്തോടെ പെരുമാറാനും മറ്റു വിഭാഗക്കാരെ അപേക്ഷിച്ച്‌ തൊഴിലിൽ വർദ്ധിച്ച കാര്യക്ഷമത കാഴ്ചവയ്ക്കാനും സാധിക്കുന്നു.

മിഷിഗൻ സ്റ്റേറ്റ് സർവകലാശാല നടത്തിയ പുതിയ പഠനങ്ങളാണ് ഇത്തരമൊരു ഫലം പുറത്തുവിട്ടത്. മനസ്സറിഞ്ഞ് ചിരിക്കുന്നത് നിങ്ങൾക്കൊപ്പം തന്നെ മറ്റുള്ളവരെയും സന്തോഷിപ്പിക്കും.

3. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിക്കുക

ഓരോ മനുഷ്യനും അവനിൽ നിയുക്തമായ ഒരു കർമ്മം ചെയ്യാനാണ് ഈ ഭൂമിയിൽ ഭൂജാതനാവുന്നത്. ഈ കടമകൾക്കൊപ്പം തന്നെ നിൽക്കുന്ന മറ്റൊന്നുണ്ട്. നമ്മുടെ ജീവിതത്തിൽ നിന്നും നമ്മൾ ഓരോരുത്തരും അത്യന്തമായി ആഗ്രഹിക്കുന്ന ഒന്ന്. അത് എല്ലാവരിലും ഒന്നുതന്നെയാണ്. ഈ ലോകത്തോട്‌ വിട പറയുമ്പോൾ ഞാൻ ചെയ്തതെല്ലാം ശരിയായിരുന്നു എന്ന് പൂർണ്ണബോധ്യത്തോടെ പറയാൻ സാധിക്കുക. പക്ഷേ, ഇത് ചെയ്തില്ലെങ്കിൽ ആ ബോധ്യം വിഫലമാകും.

നമ്മൾ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചില്ലെങ്കിൽ അത് ഏറ്റവും വലിയ വേദന തന്നെയായി മാറും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നത് പരസ്പരമുള്ള സ്നേഹം വർദ്ധിപ്പിക്കാനും അതുവഴി സന്തോഷം പ്രദാനം ചെയ്യാനും സാധിക്കും.

4. ജോലിസ്ഥലത്തേയ്ക്കുള്ള യാത്രയുടെ നീളം കുറയുന്നതാണ് ഏറ്റവും നല്ലത്

ദിവസത്തിൽ രണ്ടു തവണയും ആഴ്ചയിൽ ഏഴു ദിവസവും ജോലിസ്ഥലത്തേയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോൾ ഏറ്റവും കുറച്ച്‌ യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. വഴിയിലെ തിരക്കും ട്രാഫിക്കും ഒക്കെ മാനസീകാവസ്ഥയെ വല്ലാതെ ബാധിക്കും.

5. ശുദ്ധവായു ശ്വസിക്കൂ

വീടിനു പുറത്ത് പ്രകൃതിയുമായി ദിവസവും 20 മിനിറ്റെങ്കിലും ചെലവിടുന്നത് ആരോഗ്യത്തെയും മനസിനെയും കാര്യമായി തന്നെ സ്വാധീനിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

6. മറ്റുള്ളവർക്കുവേണ്ടി സമയം കണ്ടെത്തുക

ഒരു വർഷത്തിൽ 100 മണിക്കൂർ അതായത്, ഒരാഴ്ചയിൽ 2 മണിക്കൂറെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിനായി മാറ്റിവയ്ക്കുക. 150 ആളുകളിൽ നടത്തിയ പഠനത്തിൽ, സ്വന്തം ആവശ്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിലും അധികം സന്തോഷം മറ്റുള്ളവർക്കുവേണ്ടി ചെയ്യുമ്പോഴാണെന്ന് കണ്ടെത്തി.

7. യാത്രകൾ നടത്തുക

ദിവസവുമുള്ള ജോലിഭാരവും എന്നും യാത്ര ചെയ്യുന്ന വഴികളുമൊക്കെ മനുഷ്യരിൽ മടുപ്പുളവക്കുന്നതിനാൽ ഇടയ്ക്കിടെ വിനോദയാത്രകൾ നടത്തുന്നത് നല്ലതാണ്. ഷാൻ ആങ്കറിന്റെ ‘The Jorunal of Happiness Studies’ പറയുന്നത്, ഇഷ്ടമുള്ള ഒരു സിനിമ കാണണമെന്ന് ഓർക്കുന്നതുപോലും ശരീരത്തിൽ, എൻടോർഫിൻ എന്ന ഹോർമോണിനെ 27 % വർദ്ധിപ്പിക്കുമെന്നാണ്.

8. നന്നായി ഉറങ്ങൂ

ശരീരത്തിലെ പ്രവർത്തനങ്ങളെ നല്ല രീതിയിൽ, അടുത്ത ദിവസത്തേയ്ക്ക് വീണ്ടെടുക്കാൻ ഉറക്കം സഹായിക്കും എന്നതുപോലെ തന്നെ നല്ല പോസിറ്റീവ് ചിന്തകൾക്കും ഉറക്കം വഴിയൊരുക്കും. അതേസമയം, ഉറക്കക്കുറവ് ദുഷ്ച്ചിന്തകളെ സ്വാധീനിക്കും. തലച്ചോറിലെ അമിഗ്ടാലയാണ് ദുഷ്ച്ചിന്തകൾക്ക് വഴിയൊരുക്കുന്നത്; ഹിപ്പോക്യാംപസ്, ശുഭചിന്തകളെയും. ഉറക്കക്കുറവ് ഹിപ്പോക്യാംപസിനെയാണ് ഏറ്റവും കൂടുതൽ തളർത്തുന്നത്. അതുകൊണ്ടു തന്നെ കൃത്യമായ ഉറക്കം ശരീരത്തിനും മനസ്സിനും സന്തോഷം പ്രദാനം ചെയ്യും.

9. ധ്യാനം അഥവാ മെഡിറ്റേഷൻ

മനസിന്‌ സന്തോഷം നൽകുന്ന ഒന്നാണ് ധ്യാനം. സ്വയം മനസ്സിലാക്കാനും പ്രകൃതിയെയും മനുഷ്യനെയും കുറിച്ച് ചിന്തിക്കുവാനും വഴിയൊരുക്കുന്നതിനാൽ ധ്യാനം, സന്തോഷം പ്രദാനം ചെയ്യുന്ന ഒന്നാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

10. ഓരോ സഹജീവിയോടും കൃതജ്ഞത സൂക്ഷിക്കുക

നമുക്ക് ഓരോ ദിവസവും സംഭവിക്കുന്ന നന്മകൾക്ക് കടപ്പെട്ടിരിക്കുക. സഹജീവികളോട് സ്നേഹം വർദ്ധിപ്പിക്കാനും അതുവഴി സമാധാനവും സന്തോഷവും കൈവരിക്കാനും ഇതിലൂടെ സാധ്യമാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.