“ഈ കുട്ടികളില്ലാതെ ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപെടില്ലായിരുന്നു”: ഒരു പാക്കിസ്ഥാനി സന്യാസിനിയുടെ കണ്ണുനിറയ്ക്കുന്ന അഫ്ഗാൻ അനുഭവങ്ങൾ

അഫ്ഗാനിസ്ഥാനിൽ, മാനസിക വൈകല്യവും ഡൗൺ സിൻഡ്രോമും ഉള്ള കുട്ടികൾക്കിടയിൽ സേവനം ചെയ്യുകയായിരുന്നു സി. ഷഹനാസ് ഭാട്ടി. സിസ്റ്റേഴ്സ് ഓഫ് ദി ചാരിറ്റി ഓഫ് സെന്റ് ജൊവാൻ സന്യാസ സമൂഹത്തിലെ അംഗമാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഈ സന്യാസിനി. 1999 മുതൽ മറ്റു രണ്ടു സന്യാസിനിമാരുടെ കൂടെ ഇവർ അഫ്ഗാനിസ്ഥാനിൽ സേവനം ചെയ്തുവരികയായിരുന്നു. ജോൺപോൾ രണ്ടാമൻ പാപ്പായുടെ അഭ്യർത്ഥനപ്രകാരം 2001 മുതൽ ‘കാബൂളിലെ കുട്ടികളെ രക്ഷിക്കുക’ എന്ന ദൗത്യം ഏറ്റെടുത്തവരായിരുന്നു ഇവർ.

“ആറിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഞങ്ങൾ ഒരു സ്‌കൂൾ നടത്തിയിരുന്നു. മാനസിക വൈകല്യവും ഡൗൺ സിൻഡ്രോമും ഉള്ള കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആഗസ്റ്റ് 25 വരെ ഞങ്ങൾ അവിടെ തുടർന്നു. എന്നാൽ താലിബാന്റെ അധിനിവേശത്തിൽ സ്വതന്ത്രമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായി. കാരണം അഫ്ഗാനികളെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറൻ വിദേശികളെല്ലാം ക്രിസ്ത്യാനികളാണ്. അതിനാൽ അവർ ഇപ്പോഴും ഞങ്ങളെ നിയന്ത്രിക്കുകയും മതപരമായ സ്വാതന്ത്ര്യങ്ങളൊന്നും അനുവദിക്കാതിരിക്കുകയും ചെയ്തു. ഞങ്ങൾ സന്യാസിനികൾക്ക് തദ്ദേശീയരായ സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കേണ്ടതായി വന്നു. മറ്റുള്ളവർ കാൺകെ ക്രൂശിതരൂപം ധരിക്കാൻ കഴിഞ്ഞില്ല” – സി. ഷഹനാസ് പറഞ്ഞു. താലിബാൻ രാജ്യത്ത് തിരിച്ചെത്തുന്നതിനു മുൻപും മതസ്വാതന്ത്ര്യം അഫ്ഗാനിസ്ഥാനിൽ ഇല്ലായിരുന്നു എന്ന് സിസ്റ്റർ ഓർമ്മിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെത്തിയപ്പോൾ ഭാഷ പഠിക്കുക എന്നതായിരുന്നു ഇവർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. കാരണം ഇംഗ്ലീഷ് അവിടെ അനുവദിക്കപ്പെട്ടിരുന്നില്ല. അത് പഠിക്കാനോ, പഠിപ്പിക്കാനോ കഴിയുമായിരുന്നില്ല. അതുപോലെ തന്നെ അവരുടെ ആചാരങ്ങൾ, മാനസികാവസ്ഥ എന്നിവയുമായി സംവദിക്കുവാനും കഴിയുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. സ്വാതന്ത്ര്യം അനുവദനീയമല്ലാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. “രണ്ടു സ്ത്രീകൾ ഒരുമിച്ച് എവിടെയെങ്കിലും പോയാൽ അത് കണക്കിലെടുക്കുന്നില്ല. ബാങ്കിലൊക്കെ പോകണമെങ്കിൽ തദ്ദേശീയരായ ആണുങ്ങൾ കൂടെയുണ്ടാകണമായിരുന്നു” – സിസ്റ്റർ വെളിപ്പെടുത്തി.

കഴിഞ്ഞ ആഗസ്റ്റ് 25 -ന് രാജ്യം വിട്ടുപോരുന്നതിനു മുമ്പ് വൈകല്യമുള്ള 14 കുഞ്ഞുങ്ങളെയും കൊണ്ട് മദർ തെരേസയുടെ സന്യാസ സഭാംഗങ്ങളെ ഇറ്റലിയിലേക്ക് പോകാൻ സഹായിച്ചു. സി. ഷഹനാസിന്റെ കൂടെയുണ്ടായിരുന്ന സന്യാസിനി ആദ്യമേ പോയിരുന്നതിനാൽ സിസ്റ്റർ ഒറ്റക്കായിരുന്നു. ഒടുവിൽ ഫാ. ജിയോവാന്നി സ്‌കെലസിന്റെ പ്രത്യേക ശ്രമപ്രകാരമാണ് സിസ്റ്ററിന് രാജ്യം വിടാൻ കഴിഞ്ഞത്.

“ആ യാത്ര വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. കാബൂളിൽ നിന്ന് എയർപോർട്ട് വരെ രണ്ടു മണിക്കൂർ യാത്ര. എവിടെയും കാത്തിരിപ്പും വെടിയൊച്ചകളും മാത്രം.” രക്ഷപ്പെടുത്തിയ 14 കുട്ടികളുടെ കുടുംബങ്ങളും ഇപ്പോൾ രാജ്യം വിടാൻ ആഗ്രഹിക്കുന്നുണ്ട്. അവർ നിരന്തരമായി സഹായം അഭ്യർത്ഥിക്കുന്നു. കാരണം വീടുകളിൽ ഒളിച്ചുകഴിയുകയാണെങ്കിലും അവർ വലിയ അപകടത്തിന് നടുവിലാണ്” – സി. ഷഹനാസ് പറയുന്നു.

അഫ്ഗാനിസ്ഥാനിലെ മിഷൻ പ്രവർത്തനങ്ങളുടെ മേധാവിയായിരുന്ന ഫാ. ജിയോവാന്നി സ്കേലസ്സിന്റെ മടങ്ങിവരവോടെ രാജ്യത്തെ ഔദ്യോഗിക ക്രൈസ്തവസാന്നിധ്യം അവസാനിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.