പ്രത്യാശയും സാന്ത്വനവുമായി ആലപ്പുഴ രൂപതയുടെ ടാസ്ക് ഫോഴ്‌സ്

മഹാമാരിയിൽ ആലപ്പുഴ രൂപത ടാസ്ക് ഫോഴ്സ്, തോബിത്തിൻ്റെ അരൂപിയിൽ ജനങ്ങൾക്ക് പ്രത്യാശയും സാന്ത്വനവും സുരക്ഷയും പങ്കുവച്ച് ജനഹൃദയങ്ങളിൽ ഇടം പിടിക്കുന്നു.

“വിശക്കുന്നവര്‍ക്കു ഞാന്‍ ഭക്‌ഷണം കൊടുത്തു; നഗ്‌നര്‍ക്കു വസ്‌ത്രം നല്‍കി; എന്റെ ജനത്തിലാരുടെയെങ്കിലും മൃതശരീരം നിനെവേയുടെ മതിലിനു വെളിയില്‍ കിടക്കുന്നതു കണ്ടാല്‍, ഉടന്‍ ഞാന്‍ സംസ്‌കരിക്കുമായിരുന്നു.” (തോബിത്‌ 1:17)

2020 ജൂലൈ 28 -ന് മാരാരിക്കുളം, കാട്ടൂർ ഇടവകകളിൽ ആയി നടത്തിയ രണ്ട് സംസ്കാര ശുശ്രൂഷകളോടെയാണ് സമാരിറ്റൻ ടാസ്ക് ഫോഴ്സ് രൂപതയിൽ പ്രവർത്തിച്ചു തുടങ്ങിയത്. അഭിവന്ദ്യ രൂപത അദ്ധ്യക്ഷൻ ജെയിംസ് റാഫേൽ ആനാപറമ്പിൽ പിതാവ്, രൂപത പാസ്റ്റർ കൗൺസിലിലും വൈദിക കൂട്ടായ്മയിലും ചർച്ചചെയ്ത് തീരുമാനിച്ചതിൻ പ്രകാരം, സർക്കുലർ ഇറക്കുകയായിരുന്നു. സഭയിൽ അനുവദിച്ചിരിക്കുന്ന, മഹാമാരി പോലെ അത്യാവശ്യഘട്ടങ്ങളിൽ, ശരീരങ്ങൾ ദഹിപ്പിക്കാനും അതിനുശേഷം ക്രൈസ്തവമായ രീതിയിൽ, ആരാധനക്രമമനുസരിച്ച് സിമിത്തേരിയിൽ ഭസ്മം അടക്കം ചെയ്യാമെന്നുമുള്ള ചരിത്രപരമായ തീരുമാനമായിരുന്നു അത്. ആലപ്പുഴയില്‍ ജനസാന്ദ്രത അധികമായതിനാലും സിമിത്തേരികളില്‍ കോവിഡ് പ്രോട്ടോക്കോളില്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ കുഴികളെടുത്ത് സംസ്കാരം അസാധ്യമായതിനാലും അപ്രകാരം കുഴികളില്‍ സംസ്കരിച്ചാല്‍, മൂന്നിലധികം പ്ലാസിറ്റിക് ലെയറുകളില്‍ പൊതിയുന്ന ശരീരം സ്വാഭാവികമായുള്ള അഴിയല്‍ പ്രക്രീയയ്ക്ക് വര്‍ഷങ്ങളുടെ കാലതാമസം വരുത്താവുന്നത് പരിസ്ഥിതി പ്രശ്നങ്ങളും ഭാവിയിലെ സംസ്കാരശുശ്രൂഷകളില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും വിലയിരുത്തിയാണ് രൂപത സുപ്രധാനമായ തീരുമാനമെടുത്തത്.

വലിയ സ്വീകാര്യതയാണ് കേരള സഭയിലും പൊതുസമൂഹത്തിലും ഇതിന് ലഭിച്ചത്. പത്രങ്ങൾ എഡിറ്റോറിയൽ ഉൾപ്പെടെ പ്രസിദ്ധീകരിക്കുകയും ദൃശ്യമാധ്യമങ്ങൾ പ്രധാന വാർത്തകൾ ആയി റിപ്പോർട്ട് ചെയ്യുകയും മുഖ്യമന്ത്രിയും ഇതര മന്ത്രിമാരും ജനപ്രതിനിധികളും സാംസ്കാരിക നായകന്മാരും പ്രശംസിക്കുകയും ചെയ്തു, എന്നതിലുപരി സാധാരണ ജനത്തിൻ്റെ ആകുലതയും ആശങ്കയും അകറ്റുന്നതിന് ഈ നടപടി ഉപകരിച്ചു എന്നതിലാണ് രൂപത അഭിമാനിക്കുന്നത്. സംസ്കാര ശുശ്രൂഷയുടെ സേവനം ലഭിച്ച 2020 -ലെ 76 കുടുംബങ്ങളും 2021-ല്‍ ഇതുവരെ 26 കുടുംബങ്ങളും ചേര്‍ന്ന 102 സംസ്കാരത്തിലെ ഇടവകകളും അവരുടെ കടപ്പാട് ഫോഴ്സിനെയും രൂപതയേയും അറിയിച്ചിട്ടുണ്ട്.

തുടക്കത്തില്‍, ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വമെടുത്ത ഫാ. സേവ്യർ കുടിയാംശ്ശേരിൽ, ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. ഫ്രാൻസിസ് കൊടിയനാട് ,ഫാ. ജൂഡോ മൂപ്പശ്ശേരിൽ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ തുടങ്ങിയ വൈദികരോടൊപ്പം മറ്റ് വൈദികരും രൂപതയിലെ കെ.സി.വൈ.എം., കെ.എൽ. സി.എ. സംഘടനകളും ഇടവകയിൽ നിന്ന് സന്നദ്ധരായിട്ടുള്ളവരും അടങ്ങുന്നതാണ് സമാരിറ്റൻ ടാസ്ക് ഫോഴ്സ്. കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും സംയ്കതമായി, എല്ലാ രൂപതകളേയും ഏകോപിപ്പിച്ച് സമരിറ്റന്‍ ടാസ്ക്ക് ഫോഴ്സ് രൂപകരിച്ചതില്‍ മുഖ്യപങ്ക് ആലപ്പുഴ രൂപതയ്ക്കും ഉണ്ട്. 2020 -ലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കാരിത്താസ് ഇന്ത്യ നല്‍കിയ ഏറ്റവും മികച്ച വോളന്‍റിയറിനുള്ള പുരസ്കാരം രൂപത കെ.സി.വൈ.എം. പ്രസിഡന്‍റു കൂടിയായ ഇമ്മാനുവലിനു ലഭിച്ചുവെന്നത് ചാരിതാര്‍ത്ഥ്യവും അഭിമാനവും ടാസ്ക്ഫോഴ്സിനും രൂപതയ്ക്കും നൽകുന്നതാണ്.

ഇപ്പോളിതു രൂപതയിലെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ഇറങ്ങി പുറപ്പെടേണ്ട ദുരന്തനിവാരണ സമിതിയായി കൂടി പ്രവർത്തിക്കാൻ സന്നദ്ധമായിട്ടുണ്ട്. അതിനാവശ്യമായ ട്രെയിനിങ്ങുകൾ ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശാനുസരണം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി (ADS) ഡയറക്ടർ സാംസൺ ആഞ്ഞിലിപ്പറമ്പിൽ നേതൃത്വമെടുത്ത് നൽകുന്നു. നൂറിനു മുകളിൽ അംഗങ്ങളുള്ള ഈ സമിതിയിലേക്ക് ഇനിയും ഇടവകകളിൽ നിന്ന് താല്പര്യമുള്ള വ്യക്തികൾക്ക് പങ്കു ചേരാവുന്നതാണ്. ടാസ്ക് ഫോഴ്സ് രൂപതയ്ക്ക് മാത്രം എന്ന രീതിയിലല്ല പ്രവർത്തിക്കുന്നത്, ഇതര രൂപതകളിലും അക്രൈസ്തവരിലും സംസ്കാരത്തിനായി സഹായം എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. മരണസംഖ്യ വർദ്ധിച്ചുവരുന്ന കാലയളവിൽ, ടാസ്ക്ഫോഴ്സ്, സുസജ്ജമായ രീതിയിൽ സന്നദ്ധരായിരിക്കുവാൻ തയ്യാറെടുപ്പുകൾ നൽകിക്കഴിഞ്ഞു. ലോക് ഡൗൺ വേളകളിലും സേവന സന്നദ്ധരാകേണ്ടതിന് എല്ലാ അംഗങ്ങൾക്കും ID കാർഡുകൾ നൽകുന്നതിന് തയ്യാറായി വരുന്നു.

കോവിഡ് തുടക്കനാളുകളില്‍ എല്ലാവരും ഭീതിയോടെ നോക്കിക്കണ്ടപ്പോള്‍ സന്നദ്ധരായി മുന്നോട്ടുവന്ന അംഗങ്ങളെ രൂപത ഒന്നടങ്കം ആദരവോടെയാണ് കാണുന്നതെന്ന് ഫൊറോനതലത്തില്‍ നടത്തിയ അവലോകന യോഗത്തില്‍ വ്യക്തമായി. വ്യക്തികളും കുടുംബങ്ങളും സംഘടനകളും നിരന്തരമായി വാക്കുകള്‍ക്കപ്പുറമായ വികാരത്തോടെ ഇതിലെ സന്നദ്ധ പ്രവര്‍ത്തകരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. കൂടുതല്‍ തീക്ഷ്ണതയോടും ക്രിസ്തീയ ചൈതന്യത്തോടും അപരന്‍റെ കാവലാളായി ജീവന്‍ സംരക്ഷിക്കാനും സംസ്ക്കാരങ്ങള്‍ അര്‍ഹിക്കുന്ന ആദരവോടെ നല്‍കി വിടപറയുന്നവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സാധിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍
ഡയറക്ട്ര്‍, ബി.സി.സി. & കെ.എല്‍.സി.എ. ആലപ്പുഴ രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.