സീറോ മലങ്കര ഡിസംബര്‍ 04 മര്‍ക്കോ. 5: 21-26 സഹോദര സ്നേഹം

ഫാ. ജോയ്സ് പുതുപ്പറമ്പില്‍

ഉല്‍പത്തി പുസ്തകം 4-ാം അദ്ധ്യായത്തില്‍, നാം രണ്ടു സഹോദരന്മാരെ കാണുന്നുണ്ട് – കായേനും ആബേലും. കായേന്‍ കര്‍ഷകനും ആബേല്‍ ആട്ടിടയനുമായിരുന്നു. രണ്ടുപേരും ഒരിക്കല്‍ കാഴ്ചയര്‍പ്പണം നടത്തുകയും ദൈവം ആബേലിന്റെ കാഴ്ചയര്‍പ്പണം സ്വീകരിക്കുകയും കായേന്റേത് തിരസ്‌കരിക്കുകയും ചെയ്തു. അതില്‍ കോപിച്ച കായേന്‍ ആബേലിനെ കൊല്ലുകയും ചെയ്യുന്നു.

ഇന്നത്തെ സുവിശേഷഭാഗം ഇതിനോട് ചേര്‍ത്തു ചിന്തിക്കാം. യേശു പറയുന്നു: “കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും” എന്ന്. ആബേലിനെ കൊന്ന കായേന്‍ പിന്നീട് ദൈവത്തിന്റെ വിധിക്ക് പാത്രമാകുന്നു. “മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കണം” (ലേവ്യ 24:17). കൊലപാതകം മാത്രമല്ല, വ്യക്തിവൈരാഗ്യവും ദൂഷണവും കുറ്റകരമാകുന്നു എന്ന് യേശു പറയുന്നു. സഹോദരനെ സ്‌നേഹിക്കുന്നവന്‍ മരണത്തില്‍ നിന്നും ജീവനിലേയ്ക്ക് കടന്നിരിക്കുന്നുവെന്നും, സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ് എന്നും യോഹന്നാന്‍ ശ്ലീഹാ തന്റെ ലേഖനത്തിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

വീണ്ടും 1 യോഹ. 4:20-ല്‍ നാം കാണുന്നു, “ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍ അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല” (1 യോഹ. 4:20). സഹോദരങ്ങളോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍ വി. മത്തായിയുടെ സുവിശേഷം 18:35-ല്‍ യേശു ആവശ്യപ്പെടുന്നു.

ദൈവത്തിനു ബലിയര്‍പ്പിക്കാന്‍/ കാഴ്ചയര്‍പ്പണത്തിന് ബലിപീഠത്തിലേയ്ക്ക് നാം പോകുമ്പോള്‍ അത് സമ്പൂര്‍ണ്ണമാകണമെങ്കില്‍, ദൈവം അത് കൈക്കൊള്ളണമെങ്കില്‍ നാം പരിപൂര്‍ണ്ണ രമ്യതയിലാവണം എന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. നമ്മോടും സഹോദരങ്ങളോടും സൃഷ്ടപ്രപഞ്ചത്തോടും സമൂഹത്തോടും എല്ലാം നാം രമ്യതയിലും സ്‌നേഹത്തിവും ആയിരിക്കണം എന്നതാണ് അതിന്റെ അര്‍ത്ഥം.

തുടര്‍ന്ന് യേശു 5:25-26 -ല്‍ പറഞ്ഞുവയ്ക്കുന്നതിന്റെ പൂര്‍ണ്ണത 18:21-35 -ല്‍ കാണാവുന്നതാണ്. തെറ്റ് ചെയ്യുന്ന സഹോദരനോട് ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം. ഏഴു പ്രാവശ്യമോ? എന്ന് പത്രോസ് ചോദിക്കുന്നതിന്റെ മറുപടിയായി ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന് യേശു മറുപടി പറയുന്നു. തുടര്‍ന്ന് ഒരു ഉപമ യേശു പറയുകയും ചെയ്യുന്നു. സ്വര്‍ഗ്ഗരാജ്യം ഒരു രാജാവ് തന്റെ സേവകന്മാരുടെ കണക്ക് തീര്‍ക്കാന്‍ ആഗ്രഹിച്ചതിനു സദൃശ്യം. പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവന്‍ യജമാനനായ രാജാവിന്റെ മുമ്പാകെ, തന്റെ കടം വീട്ടാന്‍ നിവൃത്തിയില്ല എന്ന് അപേക്ഷിക്കുകയും രാജാവ് അത് ഇളച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ആ ഭൃത്യന്‍ തന്റെ സഹഭൃത്യന് 100 ദനാറ കടം കൊടുത്തിരുന്നു. അത് അവനോട് തിരികെ തരാന്‍ ആവശ്യപ്പെടുകയും അവന്റെ കഴുത്ത് ഞെരിച്ചുപിടിച്ച് അവനെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ഈ സംഭവമെല്ലാം മറ്റു സേവകര്‍ രാജാവിനെ അറിയിക്കുകയും അവനെ കടം വീട്ടുന്നതുവരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു.

ക്ഷമ ഒരു പുണ്യമാണ്. അതിന് പരിധിയില്ല. അത് ദൈവികമാണ്. സഹനവും സ്‌നേഹവും കൂടിച്ചേരുമ്പോഴാണ് അത് പുണ്യമാകുന്നത്. കാല്‍വരിക്കുന്നിലെ ക്രിസ്തുവിന്റെ ബലി അതിന് മകുടോദാഹരണമാണ്. പഴയനിയമത്തില്‍ തന്റെ സഹോദരങ്ങളോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്ന ജോസഫ് അനുഗ്രഹിക്കപ്പെടുന്നതായി നാം കാണുന്നു.

ആയതിനാല്‍ സ്‌നേഹമുള്ളവരേ, ഹൃദയപൂര്‍വ്വം നമുക്ക് പരസ്പരം ക്ഷമിക്കാം. കുടുംബജീവിതങ്ങളില്‍, നമ്മുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വിട്ടുവീഴ്ചയുടെ, ക്ഷമയുടെ പാഠങ്ങള്‍ അഭ്യസിക്കാന്‍ നമുക്കായാല്‍ കൃപയുടെയും അനുഗ്രഹത്തിന്റെയും സമൃദ്ധയില്‍ വളരാന്‍ നമുക്ക് സാധിക്കും. വിക്ടര്‍ ഹ്യൂഗോയുടെ ‘ലാമാരാബ്’ എന്ന നോവലില്‍ ജീന്‍ വാല്‍ ജീന്‍ എന്ന കഥാപാത്രത്തിനോട് തന്റെ തെറ്റുകള്‍ ഹൃദയപൂര്‍വ്വം ക്ഷമിക്കുന്ന ബിഷപ്പ്. അതുവഴി അദ്ദേഹത്തിന് ജീന്‍ വാല്‍ ജീനിനെ നല്ലൊരു വ്യക്തിയാക്കാന്‍ സാധിച്ചു. നാം പ്രാര്‍ത്ഥിക്കുന്ന കര്‍ത്തൃപ്രാര്‍ത്ഥനയില്‍ പറയുന്നതുപോലെ, “ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ” എന്നത് നാം പ്രാവര്‍ത്തികമാക്കണം. ദൈവം നമ്മോടു കാണിക്കുന്ന ക്ഷമയും കാരുണ്യവും അപരനോടും നാം കാണിക്കുമ്പോള്‍ നാം സ്വര്‍ഗ്ഗരാജ്യത്തോളം വലിയവരാകുന്നു. നാം ദൈവമക്കളായി മാറുകയും ചെയ്യുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ജോയിസി പുതുപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.