സീറോ മലങ്കര നവംബർ 10 മർക്കോ. 12: 41-44 വിധവയുടെ കാണിക്ക

ഫാ. ഡാനിയേല്‍ കോയിക്കല്‍

നമ്മുടെ കാഴ്ചപ്പാടുകളിലേയ്ക്ക് കണ്ണുനട്ടിരിക്കുന്ന യേശു, സമർപ്പണത്തിന്റെ യഥാർത്ഥ കാഴ്ചപ്പാട് വിധവയുടെ കാണിക്കയിൽ നമ്മെ പഠിപ്പിക്കുന്നു. വലിയ പേരിനുവേണ്ടി നമ്മെത്തന്നെ പെരുപ്പിച്ചുകാണിക്കാനാണ് പലപ്പോഴും കാഴ്ചസമർപ്പണം വേദിയാവുക. യഹൂദന്മാരുടെ ജീവിതത്തിൽ ദാനധർമ്മങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. തങ്ങളുടെ സമ്പത്തിന്റെ ഒരു നിശ്ചിതഭാഗം ദേവാലയ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുക എന്നത് അവരുടെ രീതിയായിരുന്നു. വലിയ തുക കൊടുക്കുന്നവർ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അത് കൊടുത്തിരുന്നത്. അതുവഴി അവർ വലിയ തുക കൊടുത്തു എന്ന് സമൂഹം അറിഞ്ഞിരുന്നു. അവർക്ക് സമൂഹത്തിൽ ബഹുമാനവും ലഭിച്ചിരുന്നു. അങ്ങനെയുള്ള അവസരത്തിലാണ് വിധവയുടെ കാഴ്ചയെ യേശു പ്രശംസിക്കുന്നത്. ഒന്നും ഇല്ലാത്തവളായ, ആരുമില്ലാത്തവളായ വിധവ പ്രശംസിക്കപ്പെടുന്നത് അവളുടെ ഹൃദയവിശാലത മൂലമാണ്. ഇല്ലായ്മയിൽ നിന്ന് കൊടുക്കാനുള്ള മനസ്സാണ് അവളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഉള്ളു കാണുന്നവന്റെ മുമ്പിൽ ജീവിതം തുറന്നുവയ്ക്കാൻ അവൾ തയ്യാറായി.

നമുക്ക് പലപ്പോഴും തെറ്റുപറ്റുന്ന മേഖലയാണിത്. സൽപ്രവർത്തികൾ ചെയ്ത് സ്വർഗ്ഗത്തിൽ ഇടം നേടണമെന്ന ചിന്തയിൽ പ്രവൃത്തികൾ ചെയുമ്പോൾ അതൊരു ബാധ്യതയായി തീരാറുണ്ട്. എങ്ങനെയെങ്കിലും ചെയ്തുതീർത്ത് പ്രശംസ നേടണമെന്ന ചിന്താഗതിയോടെ ചെയുന്ന പ്രവർത്തി ആത്മാർത്ഥതയെ കുറയ്ക്കും. കടമ നിർവ്വഹിക്കാൻ മാത്രമായിരുന്നെങ്കിൽ ആ വിധവയ്ക്ക് ഒരു ചെമ്പുനാണയം ഇട്ടാൽ മതിയായിരുന്നു. എന്നാൽ അവൾ തന്റെ സമ്പാദ്യം മുഴുവൻ ദൈവത്തിനു സമർപ്പിച്ചു.

കാഴ്ചയിൽ പ്രധാനം ഹൃദയമാണ്; സമർപ്പണമാണ്. എല്ലാം ദൈവത്തിനായി സമർപ്പിക്കുന്ന ഹൃദയം മനുഷ്യനയനങ്ങളിൽ വിലകുറഞ്ഞതാണെങ്കിലും ദൈവസന്നിധിയിൽ വിലയുള്ളതായി മാറുന്നു. കാരണം, ബാഹ്യപ്രകടനത്തേക്കാൾ ആന്തരികമനോഭാവത്തെ കാണുന്നവനാണ് ദൈവം. ഭണ്ഡാരത്തിന്റെ ഭാരം നോക്കി മനുഷ്യൻ മനുഷ്യനെ അളക്കുമ്പോൾ അതു സമർപ്പിച്ച കരങ്ങളുടെ ത്യാഗത്തിന്റെ തഴമ്പ് നോക്കി വിലയിരുത്തുന്നവനാണ് ദൈവം. വിലകുറഞ്ഞ ചെമ്പുനാണയങ്ങളെ അത് സമർപ്പിക്കുന്നവരുടെ കണ്ണുനീരിന്റെ ഉലയിലുരുക്കി അവൻ സ്വർണ്ണനാണയങ്ങളാക്കി മാറ്റുന്നു. ദൈവത്തോടുള്ള സ്നേഹത്താൽ കത്തിജ്വലിക്കുന്ന വിധവയുടെ മനോഭാവത്തോടെ സമർപ്പണത്തോടുകൂടി മറ്റുള്ളവർക്ക് സേവനം ചെയ്യാൻ നമുക്കും പരിശ്രമിക്കാം.

ഫാ. ഡാനിയേല്‍ കോയിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.