ഇസ്രായേൽ യൂണിവേഴ്സിറ്റിയുടെ റെക്ടറായി ആദ്യ അറബ് ക്രിസ്ത്യൻ വനിത

ഹൈഫയിൽ സ്ഥിതിചെയ്യുന്ന ഇസ്രായേൽ യൂണിവേഴ്സിറ്റിയുടെ റെക്ടറായി ആദ്യത്തെ അറബ് ക്രിസ്ത്യൻ വനിത പ്രൊഫസർ മൗന മറൂൺ തിരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലയിൽ ഇതിനുമുമ്പ് അറബ് വംശജനോ, ക്രിസ്ത്യാനിയോ, സ്ത്രീയോ ഇതുവരെയും റെക്ടർ സ്ഥാനം വഹിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് ജനശ്രദ്ധ നേടി.

“ഇസ്രായേൽ അക്കാദമിയിൽ എല്ലാം സാധ്യമാണ് എന്നതിന്റെ ഒരു പ്രധാന സന്ദേശമാണ് എന്റെ തിരഞ്ഞെടുപ്പ്. ഇത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും യുവ അറബ് തലമുറകൾക്കുള്ള ഒരു സന്ദേശം കൂടിയാണ്” – പ്രൊഫ. മൗന പങ്കുവച്ചു. 20 വർഷത്തിലേറെയായി സർവകലാശാലയിലെ അധ്യയനവിഭാഗത്തിലെ അംഗമായ മൗന, ന്യൂറോ-ബയോളജി വകുപ്പിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024 ഒക്ടോബറിലാണ് നാലുവർഷത്തെ റെക്ടർ സ്ഥാനം ഔദ്യോഗികമായി മൗന മറൂൺ ഏറ്റെടുക്കുന്നത്.

ഇസ്രായേലിലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സർവകലാശാലകളിലൊന്നാണ് ഹൈഫ സർവകലാശാല. ഇവിടെ പഠിക്കുന്ന 17,000 വിദ്യാർഥികളിൽ 45% അറബ് സമൂഹത്തിൽ നിന്നുള്ളവരാണ്. യഹൂദർ, മുസ്ലീങ്ങൾ, ഡ്രൂസ്, ക്രിസ്ത്യാനികൾ തുടങ്ങി ഇരുപതോളം വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവർ വിദ്യാർഥിസംഘടനയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.