സീറോ മലങ്കര ജൂലൈ 16 ലൂക്കാ 11: 27-28 കർമ്മല മാതാവ്

ഇന്ന് കർമ്മല മാതാവിന്റെ തിരുനാളാണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ വിശുദ്ധ നാട്ടിൽ താപസജീവിതം നയിച്ചിരുന്ന ഒരു കൂട്ടം വിശ്വാസികളുടെ ജീവിതരീതിയിൽ നിന്നുമാണ് ഈ തിരുനാൾ സഭയിലേയ്ക്ക് കടന്നുവരുന്നത്. ഇസ്രയേലിന്റെ വടക്കുഭാഗത്ത് മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള കാർമ്മൽ മലയിൽ ഇവർ താമസമാക്കി. പരിശുദ്ധ അമ്മയെപ്പോലെ യേശുവിനോടൊത്ത് എപ്പോഴുമായിരിക്കുന്നതിന് അവർ പ്രാർത്ഥനയിലും ധ്യാനത്തിലും ഇവിടെ ജീവിതം ചിലവഴിച്ചു. അങ്ങനെ ഏകാന്തജീവിതം നയിച്ച ഇവർ അന്നത്തെ ജറുസലേമിലെ പാത്രിയർക്കീസായ വി. ആൽബർട്ടിനോട് (+1214) സഹായം അഭ്യർത്ഥിച്ചതിന്റെ ഫലമായി അവർക്ക് ഒരു നിയമസംഹിത അദ്ദേഹം ഉണ്ടാക്കി. “സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്” (1 രാജാ. 19:10) എന്നുപറഞ്ഞ, ഈ മലയുമായി ബന്ധപ്പെട്ടിരുന്ന ഏലിയാ പ്രവാചകന്റെ ജീവിതവും ഇവരുടെ ജീവിതശൈലിയെ സ്വാധീനിച്ചിട്ടുണ്ട്.

എന്നാൽ അധികം താമസിയാതെ വിശുദ്ധ നാട്ടിലുണ്ടായ മുസ്ലിം അധിനിവേശം കാരണം ഇവിടം ഉപേക്ഷിച്ച് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പലായനം ചെയ്യാൻ ഇവർ നിർബന്ധിതരായി. ഇംഗ്ളണ്ടിൽ നിന്നുള്ള വി. സൈമൺ സ്റ്റോക്ക്, തന്റെ നാട്ടിൽ കർമ്മല മാതാവിന്റെ ഉത്തരീയം ധരിച്ചു നടക്കുന്നതിന് പ്രചാരം കൊടുക്കുകയും പിന്നീട് സ്പെയിനിലും മറ്റും ഈ ഭക്ത്യാഭ്യാസത്തിന് പ്രചുരപ്രചാരം ലഭിക്കുകയും ചെയ്തു. ഈ ആത്മീയതയുടെ അടിസ്ഥാനം യേശുവിനെ ഏറ്റം അടുത്തറിഞ്ഞ മാതാവിനെപ്പോലെ ജീവിച്ച് യേശുവിനെ അനുകരിക്കുക എന്നതാണ്. കാനായിലെ കല്യാണവിരുന്നിൽ മാതാവ് വേലക്കാരോട് “അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ” (യോഹ. 2:5) എന്നു പറഞ്ഞത് ഇവർ അക്ഷരംപ്രതി പാലിക്കാൻ ശ്രമിക്കുന്നു. മാതാവിനെ ഒരു ആത്മീയ അമ്മ എന്ന തലത്തിലാണ് കർമ്മലീത്തക്കാർ കാണുന്നത്. മാതാവിനെപ്പോലെ ഇവർ തങ്ങളെത്തന്നെ പൂർണ്ണമായും ക്രിസ്തുവിനുവേണ്ടി സമർപ്പിക്കുന്നു. ഇത് ആഴമായ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും അവസ്ഥയാണ്.

ഈ ആധ്യാത്മികതയെ അടിസ്ഥാനപ്പെടുത്തി പിന്നീട് സ്പെയിനിൽ സഭയിലെ എക്കാലത്തെയും വലിയ മിസ്റ്റിക്കുകളായ ആവിലായിലെ അമ്മത്രേസ്യയും വിശുദ്ധ കുരിശിന്റെ യോഹന്നാനും കൂടി സ്ഥാപിച്ചതാണ് കർമ്മലീത്താ സന്യാസിനി-സന്യാസ സമൂഹങ്ങൾ. പൂർണ്ണമായും പ്രാർത്ഥനയിലും ധ്യാനത്തിലും അനുബന്ധ ഭക്താഭ്യാസങ്ങളിലും ഇവർ സമയം ചിലവഴിക്കുന്നു. കൂടാതെ, അത്മായർക്കായുള്ള ഒരു മൂന്നാം വിഭാഗവും കർമ്മലീത്താ സഭയ്ക്കുണ്ട്. മറ്റുള്ളവർക്ക് ധ്യാനവും പ്രാർത്ഥനയും ആത്മീയനിർദ്ദേശങ്ങളും നൽകുന്ന പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെടുന്നു. ആഴമായ ക്രിസ്തുബന്ധത്തിലായിരിക്കുന്നതിനുള്ള അനുഗ്രഹത്തിനായി ഈ തിരുനാൾ ദിവസം നമുക്കും പരിശ്രമിക്കാം (കൂടുതൽ വിശദീകരണത്തിന് ഫെബ്രുവരി 11, മെയ് 15 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.