സീറോ മലങ്കര ജൂലൈ 14 ലൂക്കാ 20: 9-19 മുന്തിരിത്തോട്ടവും കൃഷിക്കാരും

ദൈവവുമായുള്ള ഇസ്രായേൽ ജനത്തിന്റെ ബന്ധം ശരിയാക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് യേശു പറയുന്ന ഒരു ഉപമയാണിത്. ഇവിടെ മുന്തിരിത്തോട്ടം ദൈവജനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്: “സൈന്യങ്ങളുടെ കർത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രയേൽ ഭവനമാണ്” (ഏശ. 5:7). ഈ തോട്ടത്തിലേയ്ക്ക് ദൈവം നിയോഗിച്ച ഭൃത്യന്മാർ തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ ഉടമസ്ഥനായ ദൈവം ജനത്തിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും അവരെ വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് കുറെ നാളത്തേയ്ക്ക് അവിടെ നിന്നും മാറിനിൽക്കുന്നു. അപ്പോഴും പ്രവാചകന്മാരെ അവിടേക്ക് അയച്ചുകൊണ്ടു ദൈവീകവഴിയിലൂടെ സഞ്ചരിക്കാനുള്ള ആഹ്വാനം നൽകുകയും ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽ നിന്നു പുറപ്പെട്ട നാൾ മുതൽ ഇന്നുവരെ തുടർച്ചയായി എന്റെ ദാസന്മാരായ പ്രവാചകന്മാരെ അവരുടെ അടുക്കലേയ്ക്ക് ഞാൻ അയച്ചു” (ജറെ 7:25). അവരെയും നിരസിക്കുന്ന ഇസ്രായേൽ നേതൃത്വം സമ്പൂർണ്ണപരാജയമാണ്. നന്മയുടെ ഫലം തേടിയെത്തിയ അവർക്കെല്ലാം പീഡനവും സഹനവും ഏൽക്കേണ്ടിവന്നു. അങ്ങനെയാണ് അവസാനമായി ദൈവം തന്റെ പുത്രനെ അയയ്ക്കാൻ തീരുമാനിക്കുന്നത്.

ദൈവപുത്രന്റെ വരാനിരിക്കുന്ന പീഡകളും കുരിശുമരണവും യേശു ഇവിടെ മുൻകൂട്ടി കാണുകയും ചെയ്യുന്നു. യേശുവിനെ ഇല്ലാതാക്കിയാൽ മുന്തിരിത്തോട്ടം തങ്ങളുടേതാകുമെന്ന് അവർ വെറുതെ സ്വപ്നം കാണുന്നു. ഈ അവസരത്തിൽ ദൈവത്തിന്റെ ക്ഷമയുടെ സമയം അവസാനിക്കുകയും അവരുടെമേൽ ശിക്ഷാവിധി വന്നുചേരുകയും ചെയ്യും. റോമാക്കാരുടെ രൂപത്തിൽ വിധി ഇസ്രായേൽ ജനത്തിന്മേൽ വന്നുപതിക്കുക്കുമ്പോൾ പുതിയ ദാസന്മാരായ അപ്പോസ്തോലന്മാർ ഈ മുന്തിരിത്തോപ്പിന്റെ ചുമതല ഏറ്റെടുക്കും. പുത്രന്റെ അധികാരത്തെക്കുറിച്ചുള്ള വെളിപാടും, പുതിയ നേതൃസംവിധാനത്തിന്റെ ഉദയവും യേശു ഇവിടെ വെളിപ്പെടുത്തുന്നു. ഈ പുതിയ നേതൃത്വത്തിൻ കീഴിൽ കർത്താവിന്റെ മുന്തിരിത്തോപ്പ് വീണ്ടും സംരക്ഷിക്കപ്പെടും.

ഇവിടെ യേശുവാണ് സ്വന്തം ജനം ഉപേക്ഷിച്ച മൂലക്കല്ല്. ജറുസലേമിന്റെ നാശം ഒരുതരത്തിലും ഇസ്രായേൽ ജനതയുടെ നാശമല്ല. ശിഷ്യന്മാരുടെ നേതൃത്വത്തിൽ പണിതുയർത്തിയിരിക്കുന്ന ഈ പുതിയ മുന്തിരിത്തോപ്പിൽ നിന്നും ദൈവം വലിയ സത്ഫലങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതിൽ നാം പരാജയപ്പെട്ടാൽ പഴയനിയമ ജനതയെപ്പോലെ ദൈവത്തിന്റ ന്യവിധിക്കു മുമ്പില്‍ നാമും ഉത്തരം പറയേണ്ടിവരും. ദൈവകരങ്ങളിൽ നിന്നും അനേകം അനുഗ്രഹങ്ങൾ പ്രാപിക്കുന്ന നമുക്കോരോരുത്തർക്കും അതിനനുസരിച്ചുള്ള ഫലങ്ങൾ പുറപ്പെടുവിക്കാൻ കഴിയണം. ദൈവത്തിന്റെ കരുതലും കരുണയും കാണിക്കുന്ന പ്രവൃത്തിയാണ് സഭയിലൂടെ വിശുദ്ധന്മാരുടെ ഗണത്തെ ഇന്നും നല്‍കിക്കൊണ്ടിരിക്കുന്നത്. ദൈവന്യായാസനത്തിൻ മുമ്പില്‍  കൃപയോടെ നിൽക്കുന്നതിനായുള്ള അനുഗ്രഹത്തിന് നമുക്ക് പ്രാർത്ഥിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.