സീറോ മലങ്കര സെപ്റ്റംബർ 29 യോഹ. 1: 47-51 നിഷ്കപടത

ഫാ. ആബേൽ OIC

ഈ സുവിശേഷത്തിൽ നാം കാണുന്നത്, യേശുവും നഥാനിയേലും തമ്മിലുള്ള സംഭാഷണമാണ്. ഇവിടെ യേശുനാഥൻ നഥാനിയേലിനെ വിശേഷിപ്പിക്കുന്നത് ‘നിഷ്കപടനായ ഇസ്രായേൽക്കാരൻ’ എന്നാണ്. എന്തുകൊണ്ടാണ് യേശുനാഥൻ നഥാനിയേലിന് ഇങ്ങനെയൊരു വിശേഷണം കൊടുക്കുന്നത്? സുവിശേഷത്തിൽ ശിഷ്യന്മാർക്കോ അല്ലെങ്കിൽ മറ്റൊരു വ്യക്തിക്കോ കൊടുക്കാത്ത ഒരു വിശേഷണമാണ് ഇവിടെ യേശുനാഥൻ നഥാനിയേലിനു കൊടുക്കുന്നത്.

ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച്, ഒരുവൻ അത്തിമരത്തിനു ചുവട്ടിൽ ഇരിക്കുക എന്നു പറഞ്ഞാൽ അവൻ അറിവ് നേടാൻ ആഗ്രഹിക്കുന്ന വ്യക്തി എന്നാണ് അർത്ഥം. ഇവിടെ നഥാനിയേൽ അത്തിമരത്തിനു ചുവട്ടിൽ ഇരിക്കുന്നു എന്ന് നാം വായിക്കുമ്പോൾ അവൻ അറിവ് നേടാൻ ആഗ്രഹിച്ച ഒരു വ്യക്തി ആയിരുന്നു എന്നു വേണം മനസ്സിലാക്കാൻ. അറിവ് നേടുന്ന ഒരു വ്യക്തിയുടെ മനസ്സിൽ ഒരിക്കലും കപടത ഉണ്ടാകുന്നില്ല. അറിവ് നേടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും വഞ്ചനയോടു കൂടി പെരുമാറാൻ സാധിക്കുകയില്ല. ജ്ഞാനം എന്നു പറയുന്നത് ശുദ്ധി ചെയ്ത സ്വർണ്ണം പോലെയാണ്. മായമില്ലാത്ത സ്വർണ്ണം എപ്പോഴും വെട്ടിത്തിളങ്ങുന്നതുപോലെ ആയിരിക്കണം നമ്മുടെയും ജീവിതവും. അനുദിന ജീവിതത്തിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് നേടാൻ ആഗ്രഹിക്കുന്ന നാമോരോരുത്തരും കപടമായ ലോകത്തിൽ നിന്നും മാറി നിഷ്കപടമായ ലോകത്തിലേക്ക്, നിഷ്കപടമായ ഒരു ജീവിതത്തിലേക്ക് കടന്നുവരാൻ പരിശ്രമിക്കണം.

തന്റെ അടുക്കലേക്ക് വരുന്നതു കണ്ടുകൊണ്ടാണ് യേശുനാഥൻ നഥാനിയേലിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇന്ന് ക്രിസ്തു നമ്മെക്കുറിച്ച് ഇങ്ങനെ പറയണമെന്നുണ്ടെങ്കിൽ നമ്മുടെ യാത്ര യേശുവിന്റെ അടുക്കലേക്ക് മാത്രമായിരിക്കണം. നമ്മുടെ കാലടികൾ അവനെ പിന്തുടരുന്നതിലായിരിക്കണം. നമ്മുടെ ജീവിതലക്ഷ്യം അവനിൽ എത്തിച്ചേരുന്നതായിരിക്കണം. അപ്പോഴാണ് ദാനിയേലിനെപ്പോലെ, ഇതാ നിഷ്കപടനായ ഒരു വ്യക്തി എന്ന് നമ്മെയും വിശേഷിപ്പിക്കാൻ സാധിക്കുന്നത്.

ഫാ. ആബേൽ OIC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.