സീറോ മലങ്കര ആഗസ്റ്റ് 29 മര്‍ക്കോ. 6: 21-29 ദൈവീകസ്‌നേഹം

ഫാ. അജോ ജോസ്

ഇന്ന് നമ്മുടെ ചിന്തക്കായി നല്‍കിയിരിക്കുന്ന വേദഭാഗം വി. മര്‍ക്കോസിന്റെ സുവിശേഷത്തിലെ വി. യോഹന്നാന്റെ ശിരച്ഛേദനം ആണ്. വി. യോഹന്നാന്റെ മരണത്തിന്റെയും മരണകാരണത്തെയും വ്യക്തമായി സുവിശേഷകന്‍ പ്രതിപാദിക്കുന്നു.

വി.യോഹന്നാന്‍ സ്‌നാപകന്റെ ശിരച്ഛേദനം ഒരു യഥാര്‍ത്ഥ രക്തസാക്ഷിത്വമാണ്. ക്രിസ്തുവിനു വേണ്ടിയുള്ള മരണം. ഹേറോദേസ് തന്റെ ജന്മദിനത്തില്‍ നടത്തുന്ന ക്രൂരമായ കൊലപാതകം. ഒരു ജനനദിവസത്തിന്റെ ആഘോഷത്തില്‍ യഥാര്‍ത്ഥത്തില്‍ ആഘോഷിക്കപ്പെട്ടത് ഒരു മരണം. വചനത്തില്‍ നാം കാണുന്നതുപോലെ, ഇതിനു കാരണം ഹേറോദേസിന്റെ വാക്കിന്റെ പിഴവും അധികാര ദുര്‍വിനിയോഗവുമാണ്. ഹേറോദിയായുടെ മകള്‍ക്കു കൊടുത്ത വാക്കാണ്. വിരുന്നില്‍, മദ്യലഹരിയില്‍ എന്തും നല്‍കാമെന്നുള്ള വാഗ്ദാനം. ഈ നിമിഷത്തിനായി തക്കംപാര്‍ത്തിരുന്ന ഹേറോദിയ തന്റെ മകളിലൂടെയും ഹേറോദേസിലൂടെയും അവളുടെ ഉള്ളില്‍ ഉണ്ടായിരുന്ന പകയും വിദ്വേഷവും സ്‌നാപകയോഹന്നാന്റെ മരണത്തിലുടെ നിറവേറ്റുന്നു. ഇതിന് ഉപകരണങ്ങളാക്കിയത് ഹേറോദേസിനെയും അവളുടെ മകളെയും.

ഈ വചനഭാഗം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒന്നാമതായി, നമ്മുടെ പല സ്വാര്‍ത്ഥതാത്പര്യങ്ങളും മറ്റൊരുവന്റെ ജീവിതത്തില്‍ ദുഃഖവും വേദനയും നല്‍കാറുണ്ടോ, ഞാന്‍ കാരണം ഒരുവന് ദുഃഖിക്കാന്‍ ഇടയാകാറുണ്ടോ, എന്റെ സന്തോഷം ആരുടെയെങ്കിലും ദുഃഖത്തിന്റെ ഫലമാണോ എന്ന് ആഴമായി ചിന്തിക്കണം. സന്തോഷിക്കുന്നവന്റെ കൂടെ സന്തോഷിക്കുന്നതും കരയുന്നവന്റെ കൂടെ കരയുന്നതുമല്ലേ ക്രിസ്തീയ ആനന്ദം. രണ്ടാമതായി, ഓരോ ക്രൈസ്തവനും ദൈവസ്‌നേഹത്തെപ്രതി ഓരോ ദിവസവും ഉണ്ടാകുന്ന സഹനങ്ങളും പീഡനങ്ങളും രക്തസാക്ഷിത്വമായി കാണാന്‍ സാധിക്കണം. രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വം. എന്നിലെ ഞാന്‍ എന്നെ അഹംഭാവത്തെ നശിപ്പിക്കുന്ന അവസ്ഥ. ഒരു വലിയ നന്മക്കു വേണ്ടി. മൂന്നാമതായി, എന്റെ പാപചിന്തകളെ അത് വിദ്വേഷമാകാം, പകയാകാം, അസുയയാകാം അത് മറ്റുള്ളവരിലേക്ക് ഞാന്‍ പകര്‍ന്നു നല്‍കാറുണ്ടോ. എന്റെ സ്വാര്‍ത്ഥതാത്പര്യത്തിനു വേണ്ടി മറ്റൊരാളെ ഞാന്‍ ഉപയോഗിക്കുന്നുണ്ടോ, ഇത് ഞാന്‍ എന്ന വ്യക്തിയെ കാര്‍ന്നുതിന്നുന്ന പാപമാണ്.

ദൈവിക പ്രതിച്ഛായയുള്ള മനുഷ്യനില്‍ ദൈവീകസ്‌നേഹം കാണാനും അനുഭവിക്കാനും സാധിക്കണം. ഇന്നേ ദിവസം ദൈവതിരുമുമ്പില്‍ ഈ ചിന്തകളോടെ ആയിരിക്കാം. എന്റെ ജീവിതത്തില്‍ ഈ തലങ്ങളില്‍ വന്നുപോയ എല്ലാ കുറവുകളേയും ഓര്‍ത്ത് തമ്പുരാനോട് കാരുണ്യം യാചിച്ചുകൊണ്ട് അനുഗ്രഹം പ്രാപിക്കാം.

ഫാ. അജോ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.