സീറോ മലങ്കര സെപ്റ്റംബർ 24 മര്‍ക്കോ. 13: 14-23 ജാഗരൂകരായിരിക്കുവിന്‍

ഫാ. ഗീവർഗ്ഗീസ് കൈതവന

സുവിശേഷത്തിന്റെ അര്‍ത്ഥം നല്ല വാര്‍ത്ത എന്നാണെങ്കിലും ഇന്നത്തെ വേദഭാഗം അവതരിപ്പിക്കുന്നത് ഭീകരദുരിതങ്ങളെ കുറിച്ചാണ്. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍ എന്ന ക്രിസ്തുവിന്റെ ആഹ്വാനം രണ്ടു കാര്യങ്ങളെക്കുറിച്ചാണ്.

ദാനിയേല്‍ പ്രവാചകന്റെ പുസ്തകം 9:27, 11:31 -ലെ പദസമൂഹം കടമെടുത്തു കൊണ്ട് ചരിത്രത്തില്‍ സംഭവിക്കാനിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച്, ജറുസലേം ദൈവാലയത്തിന്റെ നാശത്തെക്കുറിച്ച് സുവിശേഷകന്‍ പറയുന്നു. എഡി 70 -ല്‍ റോമന്‍ സൈന്യം ദൈവാലയം നശിപ്പിക്കുന്നതും റോമന്‍ സൈന്യാധിപനായ പോംപി ദൈവാലയത്തില്‍ വിഗ്രഹദേവന്മാരെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് ഈ പ്രവചനത്തിന്റെ ആന്തരികാര്‍ത്ഥം. വിനാശത്തിന്റെ കാലഘട്ടത്തില്‍ നടക്കുന്ന അശുദ്ധലക്ഷണത്തെക്കുറിച്ച് ജാഗരൂകരായിരിക്കുവിന്‍ എന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു.

രണ്ടാമതായി, ജറുസലേമിന്റെ പതനത്തോടെ രംഗപ്രവേശനം ചെയ്ത കള്ളപ്രവാചകന്മാരും മിശിഹാമാരുമായിരുന്നു. ഇവര്‍ പ്രവാചകന്മാരായും മിശിഹായായും സ്വയം നടിച്ച് ജനത്തെ സംഘടിപ്പിച്ചിരുന്നു. ഇത്തരം വിശ്വാസചൂഷണങ്ങളെക്കുറിച്ചും ജാഗരൂകരായിരിക്കുവിന്‍ എന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസപരമായ ജാഗ്രത അത്യാവശ്യമാണ്. പീഡനങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും സന്ദര്‍ഭങ്ങളില്‍ മനുഷ്യനെ ശക്തനാക്കുന്നതും പ്രത്യാശയിലേക്ക് കൈപിടിച്ച് നടത്തുന്നതും രക്ഷിക്കുന്നതും ശക്തമായ വിശ്വാസമാണ്. അത്തരം വിശ്വാസം രൂപപ്പെടുത്താന്‍ ദൈവം സഹായിക്കട്ടെ.

ഫാ. ഗീവർഗ്ഗീസ് കൈതവന

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.