കുരിശിൻചുവട്ടിലെ ക്ലോപ്പാസിലെ മേരി

സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തരുന്ന കുരിശിൻചുവട്ടിലെ മൂന്ന് മേരിമാരിൽ ഒരാളാണ് ക്ലോപ്പാസിലെ മേരി. സമാന്തരസുവിശേഷങ്ങളിൽ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ കുരിശിൻചുവട്ടിലെ ക്ലോപ്പാസിലെ മേരിയുടെ സാന്നിധ്യത്തെക്കുറിച്ച് പരാമർശിക്കപ്പെടുന്നുള്ളൂ. യേശുവിന്റെ പീഡാനുഭവ-മരണവേളകളിൽ പ്രാണരക്ഷാർഥം ശിഷ്യന്മാർ പോലും അവിടുത്തെ ഉപേക്ഷിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ കുരിശോളം ക്രിസ്തുവിനെ അനുഗമിക്കാൻ മറിയത്തിനു കഴിഞ്ഞുവെന്നത് ക്രിസ്തുവിനോടുള്ള അവളുടെ സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.

ആരായിരുന്നു ക്ലോപ്പാസിലെ മേരി?

വിശുദ്ധ ഗ്രന്ഥത്തിൽ ഒരു തവണ മാത്രം പരാമർശിക്കപ്പെടുന്ന ക്ലോപ്പാസിലെ മേരി ആരായിരുന്നു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ട്. കാത്തലിക് എൻസൈക്ലോപീഡിയ അനുസരിച്ച്, വി. യൗസേപ്പിന്റെ സഹോദരനായിരുന്ന അൽഫയൂസിനോടു ബന്ധപ്പെടുത്തിയും പരിശുദ്ധ കന്യകാമറിയത്തിന്റെ സഹോദരഭാര്യയായും അനുമാനിക്കുന്നുണ്ട്. വി. മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷങ്ങളുമായി ബന്ധപ്പെടുത്തി വി. യാക്കോബ് ശ്ലീഹായുടെ അമ്മയായും ക്ലോപ്പാസിലെ മറിയത്തെ സങ്കല്പിക്കുന്നവരുണ്ട്.

ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം ക്ലോപ്പാസിലെ മറിയത്തിന് എന്തു സംഭവിച്ചുവെന്ന് കൃത്യമായും അറിവില്ല. അവൾ ജെറുസലേമിൽ താമസിച്ചിട്ടുണ്ടാകുമെന്നും മറിയം മഗ്ദലേനയോടൊപ്പം ഫ്രാൻസിലേക്കു പോയി എന്നും പാരമ്പര്യങ്ങൾ അവകാശപ്പെടുന്നു. ക്ലോപ്പാസിലെ മറിയത്തിന്റെ പൂജ്യാവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഫ്രാൻസിലെ ചർച്ച് ഓഫ് ദി സെയിന്റ്സ് മേരീസ് ഡി ലാ മെർ ദൈവാലയത്തിലാണ്.

ക്ലോപ്പാസിലെ മേരിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നമുക്ക് അറിയില്ലെങ്കിലും യേശുവിനോട് വിശ്വസ്തയായിരുന്ന മേരി നമുക്ക് മാതൃകയും പ്രചോദനവുമാണ്. ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സ്വജീവൻ പോലും മറന്ന് കുരിശിൻചുവട്ടിലും അവിടുത്തെ അനുഗമിച്ച ക്ലോപ്പാസിലെ മറിയത്തിന്റെ ദൈവസ്നേഹ തീക്ഷ്ണത നമ്മുടെ ജീവിതത്തിന്റെ കഷ്ടപ്പാടുകളിലും സഹന നിമിഷങ്ങളിലും നമുക്ക് പ്രചോദനമാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.