സീറോ മലങ്കര സെപ്റ്റംബർ 02 ലൂക്കാ 1: 26-38 തിരഞ്ഞെടുപ്പ്

ഫാ. അജോ ജോസ്

വി. ലൂക്കായുടെ സുവിശേഷം 1-ാം അദ്ധ്യായം 26 മുതല്‍ 38 വരെയുള്ള തിരുവചനങ്ങളില്‍ യേശുവിന്റെ ജനനത്തെക്കുറിച്ച് പരിശുദ്ധ ദൈവമാതാവിനു ലഭിക്കുന്നതായ അറിയിപ്പാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, പഴയനിയമ വായനകളുടെ ഒരു പൂര്‍ത്തീകരണമാണ് ഈ അറിയിപ്പു വഴി നിറവേറുക. ഉദാഹരണത്തിന്, ഏശയ്യായുടെ പുസ്തകം 7-ാം അദ്ധ്യായം 14-ാം തിരുവചനത്തില്‍ നാം കാണുന്നു, യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും. ഈ പ്രവചനം ഗബ്രിയേല്‍ മാലാഖയുടെ അറിയിപ്പോടു കൂടി പൂത്തീകരിക്കപ്പെടുന്നതായി കാണുവാനായി സാധിക്കും.

മത്തായി 1: 27-23 ഈ സുവിശേഷഭാഗം നമുക്ക് നല്‍കുന്ന രണ്ട് സന്ദേശങ്ങള്‍:
1. ദൈവത്തിന്റെ തിരഞ്ഞെടുപ്പ്, 2. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രത്യുത്തരിക്കുക.

1. ദൈവത്തിന്റെ തിരഞ്ഞെടുപ്പ്: വി. ബൈബിളിന്റെ ചരിത്രത്തിലുടനീളം ദൈവം തന്റെ ദൗത്യനിര്‍വ്വഹണത്തിനായി വ്യക്തികളെ തിരഞ്ഞെടുക്കുന്നത് കാണുവാന്‍ സാധിക്കും. ഉദാഹരണമായി അബ്രഹാമിനെ വിളിക്കുന്നത് (ഉല്‍. 12), മോശയെ തിരഞ്ഞെടുക്കുന്നത് (പുറ. 3) സാമുവലിനെ തിരഞ്ഞെടുക്കുന്നത് (1 സാമു. 16). ഇപ്രകാരം ഒരു തിരഞ്ഞെടുപ്പായിരുന്നു മറിയത്തിന്റെയും. ഒത്തിരിയേറെ യുവതികള്‍ ഉണ്ടായിരുന്ന നസറത്ത് എന്ന പട്ടണത്തില്‍ നിന്നും പരിശുദ്ധ മറിയത്തെ ദൈവം തിരഞ്ഞെടുക്കുന്നത് ലോകരക്ഷകന്റെ മാതാവാകാന്‍ വേണ്ടിയായിരുന്നു. ഇതിന് പ്രധാന കാരണം മറിയത്തിന്റെ പരിശുദ്ധമായ ജീവിതരീതിയും സമര്‍പ്പണമനോഭാവവുമാണ്.

ദൈവത്തോടൊപ്പമുള്ള ഒരു ജീവിതരീതിയായിരുന്നു പരിശുദ്ധ മറിയത്തിന്റേത്. അത്രയേറെ വിശുദ്ധമായ ജീവിതമായിരുന്നു മറിയത്തിന്റേത് എന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് വി. ലൂക്കായുടെ സുവിശേഷം 1-ാം അദ്ധ്യായം 28-ാം തിരുവചനം. വചനത്തില്‍ നാം ഇപ്രകാരം കാണും, ദൂതന്‍ അവളുടെ അടുത്തു വന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ. ഈ തിരുവചനത്തില്‍ നിന്നും വളരെ വ്യക്തമാണ് പരിശുദ്ധ മറിയം തന്റെ ജീവിതത്തിലുടനീളം ദൈവത്തെ കൈവിടാതെയുള്ള ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന്.

ഈ തിരഞ്ഞെടുപ്പ് എല്ലാ മനുഷ്യരുടെ ഇടയിലുമുണ്ട്. എല്ലാവരും ഒരര്‍ത്ഥത്തില്‍ അഥവാ മറ്റൊരര്‍ത്ഥത്തില്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ചിലര്‍ കുടുംബ ജീവിതത്തിലേക്കായിരിക്കാം, മറ്റു ചിലര്‍ വൈദിക ജീവിതത്തിലേക്കായിരിക്കാം, വേറേ ചിലര്‍ ഏകാന്ത ജീവിതത്തിലേക്കായിരിക്കാം. ഇങ്ങനെ പരിശുദ്ധ മറിയത്തെപ്പോലെ പലവിധ ജീവിതത്തിലേക്ക് വിളിക്കപ്പെട്ടവരാണ് നമ്മളും. ഞാന്‍ എങ്ങനെ ജീവിക്കണമെന്നത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ഉത്തരവാദിത്വമാണ്. പരിശുദ്ധ മറിയം നമ്മെ പഠിപ്പിക്കുക, നാം ഓരോരുത്തരും ആയിരിക്കുന്ന ജീവിത-തലത്തില്‍ വിശുദ്ധിയോടെ ആയിരിക്കണം എന്നതാണ്. നാം വിശുദ്ധിയോടെ ജീവിച്ചാല്‍ മാത്രമേ, ദൈവകൃപ സ്വന്തമാക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

2. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രത്യുത്തരിക്കുക: ദൈവത്തിന്റെ തിരഞ്ഞെടുപ്പു പോലെ തന്നെ, പ്രധാനപ്പെട്ട കാര്യമാണ് ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനസിലാക്കി തിരഞ്ഞെടുപ്പിനോട് പ്രത്യുത്തരിക്കുക എന്നത്. മറിയം ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രത്യുത്തരിച്ചത്, “ഇതാ ഞാന്‍; കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്കാ 1:38) എന്നു പറഞ്ഞുകൊണ്ടാണ്.

ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്ന മറിയത്തിന്റെ വചനം ഓരോ ക്രൈസ്തവനും എന്നും ഒരു വെല്ലുവിളിയാണ്. ദൈവം നമുക്കു മുന്‍പില്‍ ഒരു സാധ്യത തരുന്നു. പക്ഷേ ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ് സാധ്യതയോട് പ്രത്യുത്തരിക്കണമെന്നത്. ഒന്നുകില്‍ വളരെ പോസിറ്റീവായി ദൈവത്തോട് ‘Yes’ പറയാം. അല്ലെങ്കില്‍ ‘No’ പറയാം. ഇതില്‍ എന്ത് തിരഞ്ഞെടുക്കണമെന്ന് നാം ഓരോരുത്തരും തീരുമാനിക്കണം.

ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുക, ദൈവത്തോടൊപ്പം ആയിരുന്നുകൊണ്ട് ദൈവത്തിന്റെ രക്ഷാകരപദ്ധതിക്ക് പങ്കാളിയായിത്തീരുവാന്‍ നമ്മെത്തന്നെ സ്വയം ഒരുക്കുക എന്നതാണ്. അതിന് പരിശുദ്ധ മറിയത്തെപ്പോലെ ദൈവത്തിന്റെ തിരുമുമ്പാകെ നാം അവിടുത്തെ വിശ്വസ്തദാസന്‍/ ദാസി ആയിത്തീരണം. പരിശുദ്ധ അമ്മ ദൈവത്തിന്റെ പ്രിയപ്പെട്ട ശിഷ്യയായി, അതുപോലെ തന്നെ ദൈവത്തിന്റെ അമ്മയുമായി.

ഓരോ ക്രൈസ്തവ വിശ്വാസിയോടും വചനം പറഞ്ഞുവയ്ക്കുക, ദൈവത്തിന്റെ തിരഞ്ഞെടുപ്പിനൊത്തവിധം ജീവിക്കുവാന്‍ നാം നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ച്, പരിശുദ്ധ അമ്മയെപ്പോലെ വിശുദ്ധിയില്‍ ജീവിക്കണം. അതുപോലെ തന്നെ, ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞ പരിശുദ്ധ അമ്മയുടെ മനോഭാവം നമ്മിലും ഉണ്ടാവണം. അപ്പോള്‍ മാത്രമേ നമുക്കും കൃപ കൊണ്ട് നിറഞ്ഞ് വിശ്വാസത്തില്‍ ജീവിക്കുവാന്‍ സാധ്യമാവുകയുള്ളൂ. അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. അജോ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.