യുണൈറ്റ്-സീറോ മലബാര്‍ യുവജന കണ്‍വെന്‍ഷന്‍ ഡിസംബര്‍ 7-10 വരെ ഫിലിപ്പ് ഐലന്‍ഡില്‍

സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെയും സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ യുവജന കണ്‍വെന്‍ഷന്‍ ‘യുണൈറ്റ്’ ഡിസംബര്‍ 7 മുതല്‍ 10 വരെ മെല്‍ബണിനടുത്തുള്ള ഫിലിപ്പ് ഐലന്‍ഡ് അഡ്‌വെഞ്ചര്‍ റിസോര്‍ട്ടില്‍ വച്ച് നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി 400 ഓളം യുവജനങ്ങള്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

15 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്‌ക്കൂള്‍, യൂണിവേഴ്‌സിറ്റി, വര്‍ക്കിങ്ങ് പ്രൊഫണല്‍സ് എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള യുവജനങ്ങള്‍ക്ക് വേണ്ടിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയായിലെ അപ്പൊസ്‌തോലിക് നൂണ്‍ഷ്യൊ ആര്‍ച്ച് ബിഷപ്പ് അഡോള്‍ഫൊ ടിറ്റൊ യലാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാനും കോട്ടയം അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, എന്നിവരും കണ്‍വെന്‍ഷന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

മെല്‍ബണ്‍ അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ക്ക് എഡ്‌വേര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ കാത്തലിക് മ്യൂസിഷന്‍ ഫാദര്‍ റോബ് ഗലയാ, മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപതക്കു വേണ്ടി ആദ്യമായി വൈദികനായ ഫാദര്‍ കെവിന്‍ മുണ്ടയ്ക്കല്‍, ഓസ്‌ട്രേലിയായിലെ പ്രശസ്ത കാത്തലിക് ഗാനരചയിതാവും ഗായികയുമായ ജെനിവീവ് ബ്രയന്റ്, ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് യൂത്ത് ഓഫീസ് ഡയറക്ടര്‍ മാല്‍ക്കം ഹാര്‍ട്ട്, യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്‌ളിയന്‍ ഫാദര്‍ സാബു ആടിമാക്കില്‍, എം.ജി.എല്‍ സന്ന്യാസ സഭാഗംവും യുവവൈദികനുമായ ഫാദര്‍ ബൈജു തോമസ് എന്നിവര്‍ കണ്‍വെന്‍ഷനിലെ വിവിധ സെഷനുകളിലെ ക്ലാസുകള്‍ നയിക്കും.

ഡല്‍ഹി ജീസസ് യൂത്തിന്റെ മ്യുസിക് ബാന്‍ഡായ ആക്ട്‌സ് ഓഫ് ദി അപ്പോസ്റ്റലിലെ മുഴുവന്‍ കലാകാരന്മാരും യുവജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളും ഡാന്‍സുകളുമായി കണ്‍വെന്‍ഷന്‍ വേദിയിലെത്തും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ യുവജന കണ്‍വെന്‍ഷനിലേക്ക് ഓസ്‌ട്രേലിയായിലെ എല്ലാ സീറോ മലബാര്‍ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.