സീറോമലബാര്‍ സഭയുടെ സിനഡാനന്തര പത്രക്കുറിപ്പ്

സീറോമലബാര്‍ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 16 മുതല്‍ 27 വരെ ഓണ്‍ലൈനായി നടന്നു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ചാ വിഷയമായി:

1. ആദരാഞ്ജലികള്‍

കോവിഡ് രോഗം മൂലം മരണമടഞ്ഞ നാനാജാതിമതസ്ഥരായ സഹോദരങ്ങള്‍ക്ക് സിനഡ് പ്രാര്‍ത്ഥനാപൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സീറോമലങ്കര സഭയുടെ ഗുഡ്ഗാവ് രൂപതയുടെ അധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് ബാര്‍ണബാസ് പിതാവിന്റെ മരണത്തില്‍ സിനഡ് പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി അനുശോചനം അറിയിച്ചു. കോവിഡു ബാധിച്ചു മരിച്ച സാഗര്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ പിതാവിന്റെ സേവനങ്ങളെ സിനഡ് കൃതജ്ഞതയോടെ അനുസ്മരിച്ചു.

കോവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുന്നത് തികച്ചും ആശങ്കാജനകമാണെന്ന് സിനഡ് വിലയിരുത്തി. കോവിഡ് നിയന്ത്രണത്തിനും വാക്‌സിനേഷനും സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും കൃത്യമായി പാലിക്കണമെന്നും സിനഡ് നിര്‍ദ്ദേശിച്ചു. കോവിഡുമൂലം ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്നും പട്ടിണി അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താന്‍ സഭയുടെ എല്ലാ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. രൂപതകളിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈററികള്‍ ഇതിനായി ചെയ്യുന്ന സേവനങ്ങള്‍ അഭിനന്ദനീയമാണെന്നും സിനഡ് നിരീക്ഷിച്ചു.

2. ആരാധനാക്രമം

വി. കുര്‍ബ്ബാനയുടെ അര്‍പ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടര്‍ന്നുള്ള സിനഡുകളില്‍ ആവര്‍ത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം താമസംവിനാ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കുമായി എഴുതിയ കത്തിനെ സിനഡുപിതാക്കന്മാര്‍ ഐക്യകണ്‌ഠേന സ്വീകരിച്ചു.

സീറോമലബാര്‍ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും സഭയുടെ നാമത്തില്‍ സിനഡ് മാര്‍പാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയത്.

കാര്‍മികന്‍ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യില്‍ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും വി. കുര്‍ബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുര്‍ബ്ബാന അര്‍പ്പണരീതി. പരിശുദ്ധ പിതാവു നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയര്‍പ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബര്‍ 28-ാം തിയ്യതി ഞായറാഴ്ച മുതല്‍ സഭയില്‍ നടപ്പിലാക്കാന്‍ സിനഡു തീരുമാനിച്ചു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാര്‍ സഭാംഗങ്ങള്‍ എല്ലാവരോടും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു.

ഏകീകരിച്ച വി. കുര്‍ബ്ബായര്‍പ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളില്‍ മേല്‍പറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രല്‍ പള്ളികളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനര്‍ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബര്‍ 28നു തന്നെ ആരംഭിക്കണം.

2021 നവംബര്‍ 28 മുതല്‍ സഭയിലെ എല്ലാ പിതാക്കന്‍മാരും ഏകീകരിച്ച ക്രമത്തിലുള്ള വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഏകീകരിച്ച ബലിയര്‍പ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റര്‍ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രില്‍ 17) രൂപത മുഴുവനിലും നടപ്പിലാക്കണം.

3. ജനപ്രതിനിധികളുമായുള്ള ചര്‍ച്ച

കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഏതാനും ജനപ്രതിനിധികളുമായി സിനഡുപിതാക്കന്മാര്‍ ചര്‍ച്ച നടത്തി. കര്‍ഷകര്‍ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും നിയമസഭയിലും പാര്‍ലമെന്റിലും ഉന്നയിച്ച് അനുകൂല തീരുമാനങ്ങള്‍ക്കു വഴിയൊരുക്കാം എന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്‍കി.

കര്‍ഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫര്‍സോണും പരിസ്ഥിതിലോല പ്രദേശങ്ങളും നിര്‍ണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിതു ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കുട്ടനാട്ടിലെ കര്‍ഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികള്‍ എന്നിവ ചര്‍ച്ചകള്‍ക്കു വിഷയമായി. രാഷ്ട്രനിര്‍മ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവ?ഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സിനഡ് ജനപ്രതിനിധികളെ അറിയിച്ചു.

സംവരണേതരവിഭാഗങ്ങള്‍ക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അര്‍ഹരായവര്‍ക്കു ലഭിക്കുന്നതില്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിര്‍മ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു.

4. ഇതര വാര്‍ത്തകള്‍

സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് തലശ്ശേരി അതിരൂപതയിലെ പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഫൊറോനാ ദൈവാലയത്തെ ഉയര്‍ത്താന്‍ തീരുമാനിച്ചു. കുടിയേറ്റ ജനതയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്ക്ക് ഈ ദൈവാലയം നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഈ പദവി നല്‍കിയിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണതകള്‍ കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് പ്രത്യേകിച്ചും ചലചിത്രമേഖലയില്‍ വര്‍ദ്ധിച്ചുവരുന്നത് തികച്ചും അപലപനീയമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ സഭ എക്കാലവും ബഹുമാനിക്കുന്നു. അതോടൊപ്പം ഒരു ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ഫരീദാബാദ് സീറോമലബാര്‍ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി. വിശുദ്ധ കുര്‍ബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

സീറോമലബാര്‍ സഭയുടെ മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വാര്‍ത്താപോര്‍ട്ടല്‍ (www.syromalabarvision.com) സിനഡില്‍വച്ച് അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭാവാര്‍ത്തകള്‍ യഥാസമയം സംലഭ്യമാക്കാന്‍ ഈ സംരംഭം സഹായമാകുമെന്ന് സിനഡ് വിലയിരുത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.