
മക്കളുടെ രോഗം എപ്പോഴും മാതാപിതാക്കൾക്ക് ഒരു തീരാ വേദനയാണ് സമ്മാനിക്കുന്നത്. എന്നാൽ മകന്റെ ഗുരുതരമായ വൈകല്യത്തെ വിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട ഒരമ്മ ഇന്ന് ലോകത്തിനു വലിയ മാതൃകയാവുകയാണ്. പെറു സന്ദർശനത്തിനിടയിൽ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച മരിയ ഡെ ലോസ് ഏഞ്ചൽസ് ഗുസ്മാൻ വല്ലെ എന്ന അമ്മയാണ് ഇന്ന് ലോകത്തിനു വിശ്വാസത്തിന്റെ വലിയ സാക്ഷ്യമേകുന്നത്.
ലാറ്റിൻ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി പെറുവിൽ എത്തിയ ലെയോ പതിനാലാമൻ മാർപാപ്പയെയാണ് മരിയയും കുടുംബവും കണ്ടുമുട്ടിയത്. പ്രഗദ്ഭയായ ഒരു സർവകലാശാലാ പ്രൊഫസറും കമ്പ്യൂട്ടർ എഞ്ചിനീയറുമാണ് മരിയ ഡെ ലോസ് ഏഞ്ചൽസ് ഗുസ്മാൻ വല്ലെ. ഇതിനേക്കാൾ എല്ലാം ഉപരിയായി ഓട്ടിസം ബാധിച്ച ഒരു മകന്റെ അമ്മകൂടിയായിരുന്നു മരിയ.
ഇവരുടെ 20 വയസ്സുള്ള മകൻ അഗസ്റ്റിന് ഓട്ടിസത്തോടൊപ്പം ഇടക്കിടെ അപസ്മാരം വരുന്ന ഗുരുതരമായ അവസ്ഥയുമുണ്ടായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് മകന് കാൻസർ ബാധിക്കുകയും കൂടെ ചെയ്തതോടെ ഈ കുടുംബം അത്യന്തം വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്. ആവശ്യമായ ചികിത്സ ലഭിക്കുന്നതിനായി കുടുംബത്തിന് വേർപിരിഞ്ഞ് താമസിക്കേണ്ടി വരികയും ചെയ്തു. മകന്റെ രോഗാവസ്ഥ മൂലം കടന്നുപോകേണ്ടി വന്ന സഹനങ്ങളെ “ഏറ്റവും വലിയ അനുഗ്രഹം” എന്നാണ് മരിയ വിശേഷിപ്പിച്ചത്. അവരെ സംബന്ധിച്ചിടത്തോളം, പരീക്ഷണങ്ങൾക്കിടയിലും ഓരോ ദിവസവും ദൈവം തന്റെ സാന്നിധ്യം നൽകി അവരെ അനുഗ്രഹിക്കുകയായിരുന്നു.
മരിയയുടെ വാക്കുകൾ സർവകലാശാലയിൽ തടിച്ചുകൂടിയ അയ്യായിരത്തിലധികം ആളുകളെ പ്രചോദിപ്പിച്ചു. മരിയയുടെ അനുഭവങ്ങൾ ലെയോ മാർപാപ്പയെയും ഏറെ വികാരഭരിതനാക്കി. അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റ് മരിയയുടെ അടുത്ത് എത്തി. “നിങ്ങളുടെ വിശ്വസ്തതയ്ക്ക് നന്ദി.” അദ്ദേഹം പറഞ്ഞു. ഒപ്പം ഈ അനുഭവം പങ്കുവച്ചത് വിശുദ്ധ അഗസ്റ്റിന്റെ തിരുനാൾ ദിനമാണെന്നും പാപ്പ മരിയയെ ഓർമിപ്പിച്ചു. “മാർപാപ്പയെ കാണാൻ കഴിഞ്ഞത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കൃപയായിരുന്നു,” ചടങ്ങിനിടെ അഗസ്റ്റിന്റെ വീൽചെയറിനരികിലൂടെ അവന്റെ കൈയും പിടിച്ച് നടക്കുകയായിരുന്ന പ്രൊഫസർ മരിയ പറഞ്ഞു.
“എനിക്ക് അതിയായ സന്തോഷം തോന്നുന്നു. അതൊരു അസാധാരണമായ കൃപ തന്നെയായിരുന്നു, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കൃപ. എന്റെ മകൻ അഗസ്റ്റിൻ കാരണമാണ് എനിക്ക് ഈ കൃപ ലഭിച്ചതും. ഞങ്ങളുടെ ജീവിതത്തിലേക്ക് ഇത്രയധികം നല്ല മനുഷ്യരെ കൊണ്ടുവന്നത് അവനാണ്; ഇന്ന് മാർപാപ്പയെ കാണാനുള്ള അവസരവും അവൻ ഞങ്ങൾക്ക് നൽകി”- നിറഞ്ഞ കണ്ണുകളോടെ മകനെ ചേർത്തു നിർത്തി ആ അമ്മ പറയുന്നു.




