മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കൊളംബിയൻ പ്രഥമ വനിത; രാജ്യത്തിനായി പ്രാർഥന അഭ്യർഥിച്ചു

പെറുവിന്റെ തലസ്ഥാനമായ ലിമയിൽ വച്ച് ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ കൊളംബിയയുടെ പ്രഥമ വനിത അന ലൂസിയ പിനേഡ, തന്റെ രാജ്യത്തെ എപ്പോഴും പ്രാർഥനയിൽ ഓർക്കണമെന്ന് മാർപാപ്പയോട് അഭ്യർഥിച്ചു. ലിമയിലെ സന്ദർശന വേളയിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ അടുത്തെത്താൻ ലഭിച്ച മനോഹരവും അനുഗ്രഹീതവുമായ അവസരത്തെക്കുറിച്ച് അവർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചത്.

പെറുവിന്റെ പ്രസിഡന്റ് കെയ്‌കോ ഫുജിമോറി ഹിഗുച്ചിയുടെ പ്രത്യേക ക്ഷണപ്രകാരം നവംബർ 11-ന് പെറു ഗവൺമെന്റ് പാലസിൽ മാർപാപ്പയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനാണ് പിനേഡ എത്തിയത്. ലാറ്റിനമേരിക്കൻ രാഷ്ട്രത്തലവന്മാർക്കായി ഫുജിമോറി ഹിഗുച്ചി നൽകിയ ക്ഷണപ്രകാരമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് കൊളംബിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, രാജ്യം വിട്ടുപോകില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ചൂണ്ടിക്കാട്ടി കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്നാണ് പ്രസിഡന്റിന് പകരമായി പ്രഥമ വനിത ചടങ്ങിൽ സംബന്ധിച്ചത്.

“വിശ്വാസിയായ ഒരു സ്ത്രീ, അമ്മ, പ്രഥമ വനിത എന്നീ നിലകളിൽ അത് അങ്ങേയറ്റം വൈകാരികവും അർഥവത്തായതുമായ ഒരു നിമിഷമായിരുന്നു. പ്രത്യാശ നിറഞ്ഞ ഹൃദയത്തോടെ, എല്ലാ കൊളംബിയൻ കുടുംബങ്ങളുടെയും സമാധാനത്തിനും ഐക്യത്തിനും പ്രത്യാശയ്ക്കും ആശ്വാസത്തിനും ക്ഷേമത്തിനുമായി ഞങ്ങളുടെ രാജ്യത്തെ എപ്പോഴും പ്രാർഥനയിൽ ഓർക്കണമെന്ന് ഞാൻ പരിശുദ്ധ പിതാവിനോട് അഭ്യർഥിച്ചു,” അവർ വിവരിച്ചു.

വിശ്വാസത്തിലും ഐക്യദാർഢ്യത്തിലും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയിലും ഒന്നിച്ചുനിൽക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്ന ഈ അമൂല്യമായ അവസരം ഒരുക്കിത്തന്നതിന് പെറു പ്രസിഡന്റിന് പിനേഡ നന്ദി അറിയിച്ചു.

ഈ കൂടിക്കാഴ്ചയുടെ അനുഗ്രഹവും, കൊളംബിയയ്ക്കായി സ്നേഹത്തോടും സേവനമനോഭാവത്തോടും കൂടി തുടർന്നും പ്രവർത്തിക്കാനുള്ള പ്രത്യാശയും താൻ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നും അന ലൂസിയ പിനേഡ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.