
മനുഷ്യന്റെ വികാരങ്ങളുടെ ഏറ്റവും ശുദ്ധമായ പ്രകടനങ്ങളിലൊന്നാണ് കണ്ണുനീർ. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത വേദനകളും, ഉള്ളിൽ തിങ്ങിക്കൂടുന്ന സങ്കടങ്ങളും പുറത്തേക്ക് ഒഴുകിയെത്തുന്നത് കണ്ണീരിലൂടെയാണ്. ആധുനിക ലോകം കരച്ചിലിനെ ദൗർബല്യമായി കാണാൻ ശ്രമിക്കുമ്പോൾ, യഥാർഥത്തിൽ അത് മനസ്സിന്റെ ഒരു വലിയ ശുദ്ധീകരണ പ്രക്രിയയാണ്. ഉള്ളിലെ ഭാരങ്ങളെയും വേദനകളെയും കഴുകിക്കളയാൻ കണ്ണീരിന് പ്രത്യേക കഴിവുണ്ട്. ഒരു കൊടുങ്കാറ്റിനു ശേഷം പ്രകൃതി കൂടുതൽ ശാന്തവും മനോഹരമായി മാറുന്നതുപോലെ, ഹൃദയം തുറന്ന് കരഞ്ഞതിനു ശേഷം മനുഷ്യന്റെ മനസ്സ് ലഘുവാകുകയും പുതിയൊരു ഉണർവ് നേടുകയും ചെയ്യുന്നു.
ചരിത്രത്തിൽ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് റഷ്യൻ സാഹിത്യത്തിലെ അതികായനായ ലിയോ ടോൾസ്റ്റോയിയുടെ ജീവിതം. തന്റെ ജീവിതത്തിന്റെ അവസാന കാലത്ത്, ലൗകികജീവിതത്തിലെ വൈരുധ്യങ്ങളും കുടുംബപരമായ അസ്വസ്ഥതകളും കാരണം അദ്ദേഹം തന്റെ പ്രിയപ്പെട്ട വീട് വിട്ട് ഒരു രാത്രിയിൽ രഹസ്യമായി യാത്ര തിരിച്ചു. വാർധക്യത്തിന്റെ അവശതകളും കടുത്ത മാനസിക സംഘർഷങ്ങളും അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു. യാത്രയ്ക്കിടയിൽ കടുത്ത പനിയെത്തുടർന്ന് അസ്തപോവോ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹം അവശനായി വീണു. മരണത്തിലേക്ക് അടുക്കുന്ന ആ അവസാന നിമിഷങ്ങളിൽ, തന്റെ ജീവിതത്തിലെ സകലവിധ നേട്ടങ്ങളും പ്രശസ്തിയും പൂർണ്ണമായും മാറ്റിവച്ച് ആ വലിയ മനുഷ്യൻ ഏവരുടെയും മുന്നിൽ പൊട്ടിക്കരഞ്ഞു. ആ കരച്ചിലിനൊടുവിൽ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന സകലവിധ സംഘർഷങ്ങളും അലിഞ്ഞില്ലാതാവുകയും, മുഖത്ത് അത്യപൂർവമായ ഒരു ശാന്തത കൈവരികയും ചെയ്തു. അദ്ദേഹത്തിന്റെ കരച്ചിൽ അദ്ദേഹത്തിന്റെ ഒരു ദൗർബല്യമായിരുന്നില്ല, മറിച്ച് മനസ്സിന്റെ ഭാരം ഇറക്കിവച്ചുള്ള ഒരു ശുദ്ധീകരണമായിരുന്നു.
ഫിയോദോർ ദൊസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിൽ, നായകനായ റസ്കോൽനിക്കോവ് കടന്നുപോകുന്ന അനുഭവം ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. പണമിടപാടുകാരിയായ വൃദ്ധയെ കൊലപ്പെടുത്തിയതിനു ശേഷം, കൊടിയ കുറ്റബോധവും ആന്തരിക സംഘർഷങ്ങളും താങ്ങാനാവാതെ തകരുന്ന റസ്കോൽനിക്കോവ് നോവലിന്റെ ഒടുവിൽ സോണിയയുടെ കാൽക്കൽ വീണ് പൊട്ടിക്കരയുന്നുണ്ട്. ആ കണ്ണീരോടെ അയാളുടെ അഹങ്കാരവും തെറ്റായ സിദ്ധാന്തങ്ങളും തകരുകയും പുതിയൊരു മനുഷ്യനായി അയാൾ ആത്മീയമായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്നു. കണ്ണീരിലൂടെ മാത്രമേ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും ശുദ്ധീകരിക്കപ്പെടുകയുള്ളൂ എന്ന് ഈ നോവൽ നമ്മെ പഠിപ്പിക്കുന്നു.
ബൈബിളിൽ, കണ്ണീരിന് വളരെ വിശുദ്ധമായ സ്ഥാനമാണ് നൽകിയിട്ടുള്ളത്. തന്റെ കണ്ണീർ ദൈവം ശേഖരിക്കുന്നതായി സങ്കീർത്തകൻ പറയുന്നുണ്ട്. മാത്രമല്ല, “കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്യട്ടെ” (സങ്കീ. 126:5) എന്നും സങ്കീർത്തനങ്ങളിൽ നമ്മൾ വായിക്കുന്നു.
നമ്മുടെ സങ്കടങ്ങളും കണ്ണീരും ഒരിക്കലും വൃഥാവിലാകുന്നില്ലെന്നും അവ ഓരോന്നും നമ്മുടെ ജീവിതത്തെ കൂടുതൽ ഫലഭൂയിഷ്ഠമാക്കാൻ സഹായിക്കുമെന്നുമുള്ള വലിയൊരു ആശ്വാസമാണ് ഈ വചനം തരുന്നത്. വേദനയുടെ ആഴങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ കണ്ണീർ നമ്മെ സഹായിക്കും.
പ്രായോഗികം
മനസ്സിൽ സങ്കടം ഇരച്ചുവരുമ്പോൾ അതിനെ അടക്കിപ്പിടിക്കാതെ, ഹൃദയം തുറന്ന് കരയാൻ സ്വയം അനുവദിക്കുക. ആ കണ്ണീരിനെ ഉള്ളിലെ വേദനകളെയും വിദ്വേഷങ്ങളെയും കഴുകിക്കളയാനുള്ള ഒരു ഉപാധിയായി കാണുക.
ചിന്ത
ഓരോ കണ്ണുനീർത്തുള്ളിയിലും നമ്മെ കൂടുതൽ ശക്തരാക്കാനും ശുദ്ധീകരിക്കാനുമുള്ള പ്രകൃതിയുടെ മാന്ത്രികശക്തി ഒളിഞ്ഞിരിപ്പുണ്ട്.

ഫാ. ജി. കടൂപ്പാറയിൽ MCBS




