സീറോ മലങ്കര നവംബര്‍ 15 ലൂക്കാ 1: 5-25 സ്‌കറിയായോടുള്ള അറിയിപ്പ്

പഴയനിയമ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം നടക്കാന്‍ പോകുന്നു എന്നതാണ് ഈ സുവിശേഷഭാഗത്തിന്റെ പ്രധാന പ്രമേയം. മലാക്കിയുടെ പ്രവചനമനുസരിച്ച്, അനുതാപം പ്രസംഗിക്കുകയും ഇസ്രായേല്‍ ഗോത്രങ്ങളെ പുനഃസ്ഥാപിക്കുകയും തകര്‍ന്ന കുടുംബങ്ങളെ സുഖപ്പെടുത്തുകയും ചെയ്യുന്ന ഏലിയായെപ്പോലുള്ള ഒരു ദൂതനായിരിക്കും കര്‍ത്താവിന്റെ ആഗമനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത് (മലാക്കി 3:18, മത്തായി 11: 13-15, പ്രഭാ. 48: 1-10).

രക്ഷകന്റെ ജനനം വലിയ കാത്തിരിപ്പാണ്. എല്ലാ കാത്തിരിപ്പും അത്ര എളുപ്പമുള്ള കാര്യമല്ല. ശാന്തമായ കാത്തിരിപ്പിനു പിന്നില്‍ ശക്തമായ ഒരു ആത്മീയതയുണ്ട്. സഖറിയ-എലിസബത്ത് ദമ്പതികള്‍ ഇപ്രകാരം ശക്തമായ ആത്മീയതീക്ഷ്ണതയില്‍ ശാന്തമായി കാത്തിരിക്കുന്നവരാണ്. ഇരുവരും ദൈവസന്നിധിയില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ സകല കൽപനകളിലും പ്രമാണങ്ങളിലും കുറ്റമറ്റവിധം ചരിക്കുന്നവരുമായിരുന്നു. ദൈവിക ഇടപെടലിനായുള്ള കലഹം കൂടാതെയുള്ള കാത്തിരിപ്പ് പാകതയാര്‍ന്ന ആത്മീയതയുടെ പ്രകാശനമാണ്. ‘നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു’ എന്നുപറയുമ്പോള്‍ സഖറിയായുടെ ഒരു ആയുസ്സ്-പ്രായമുള്ള നിയോഗമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

ഒരുവന്റെയും കാത്തിരിപ്പ് ദൈവം മറക്കില്ലായെന്ന് സഖറിയായുടെ പേര് തന്നെ അന്വര്‍ഥമാക്കുന്നു.

സഖറിയാ – കര്‍ത്താവ് അനുസ്മരിക്കും
ഏലീശാ – എന്റെ ദൈവമാണ് സൗഭാഗ്യം

ഇവരെപ്പോലെ ദൈവതിരുമുൻപിൽ നീതിനിഷ്ഠരും കുറ്റമില്ലാത്തവരുമായി ജീവിക്കുന്നവര്‍, ദൈവത്തിന്റെ സംപ്രീതിക്കു പാത്രമാകും.

സ്‌നാപകന്റെ ദൗത്യത്തെക്കുറിച്ച് ദൂതന്റെ വാക്കുകള്‍ കൃത്യമാണ്. അതുപോലെ ഓരോ മനുഷ്യജന്മവും ദൈവികപദ്ധതിയുടെ ഭാഗമാണ്. ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിന് കൃത്യമായ പദ്ധതിയുണ്ട്. അതിനാല്‍ മനുഷ്യജന്മങ്ങളെ നിരോധിക്കുന്നതും നശിപ്പിക്കുന്നതും ദൈവത്തോടുളള വെല്ലുവിളിയാണ്. നീതിനിഷ്ഠരായ മാതാപിതാക്കളില്‍ നിന്നാണ് എക്കാലവും നല്ല ജന്മങ്ങളും നല്ല ജീവിതങ്ങളും രൂപപ്പെടുന്നത്. മാനുഷികമായ കാഴ്ചപ്പാടില്‍ കാണപ്പെടുന്ന തടസ്സങ്ങള്‍ ദൈവിക ഇടപെടലിന്റെ കവാടങ്ങളാക്കി മാറ്റുന്ന, അനുഗ്രഹങ്ങളാക്കുന്ന കാഴ്ചകള്‍ നമ്മുടെ ജീവിതത്തിലും സ്വന്തമാക്കാം. ഏതു തടസ്സവും ശാപവും എന്റെ ദൈവം അനുഗ്രഹത്തിന്റെ പടവാക്കിത്തീര്‍ക്കും. അവഗണനകള്‍ അനുഗ്രഹമാക്കും.

ഫാ. ജോര്‍ജ് വര്‍ഗീസ് പുത്തന്‍പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.