വചനജീവിതം സീറോ മലബാര്‍ ജനുവരി 08 ലൂക്കാ:13:23-30

“അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍.”

നീതിയും അനീതിയും ദൈവത്തെയും മനുഷ്യനെയും ഒരുപോലെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്നുണ്ട്. നാം പറയാറുള്ള-കേള്‍ക്കാറുള്ള ഒരു കാര്യം: “ക്ഷമിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്. പക്ഷെ അവര്‍ എന്നോടു ചെയ്ത കാര്യം/പറഞ്ഞ കാര്യം ഓര്‍ക്കുമ്പോള്‍ പറ്റുന്നില്ല. എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എത്ര കാര്യമായിട്ട് അവരെ നോക്കിയതാ/സ്നേഹിച്ചതാ…”

ബന്ധങ്ങളെ ഇത്രമേല്‍ ഉലച്ചു കളഞ്ഞ കാര്യമെന്താണ്? അവര്‍ എന്നോട് അനീതി പ്രവര്‍ത്തിച്ചു. അനീതി പ്രവര്‍ത്തിക്കുന്നവരെ അകറ്റി നിര്‍ത്തുന്ന മനുഷ്യശൈലി വിവരിച്ചുവെന്നു മാത്രം. ശരിയല്ലേ – നമ്മോട് അനീതി പ്രവര്‍ത്തിച്ചവരെ എത്ര തീക്ഷ്ണമായാണ് നാം അകറ്റുന്നത്! അവരുടെ വീട്ടില്‍ ഒരു ചടങ്ങിന് വിളിച്ചാല്‍ പോകുന്ന കാര്യം ആലോചിക്കുമ്പോഴേക്കും ഈ അനീതിയുടെ മുഖം ചാടി വീഴും.

ഇതിനെന്താണ് പ്രതിവിധി? മറ്റുള്ളവരെ നന്നാക്കാന്‍ നോക്കാതെ, സ്വയം നീതിയുടെ പക്ഷം ചേരാന്‍ പഠിക്കുക എന്നതു തന്നെ. ഞാന്‍ മൂലം മറ്റൊരാളുടെ മനസ്സ് വേദനിക്കാന്‍ ഇടവരുന്നത് ഞാന്‍ അവരോട് ചെയ്യുന്ന അനീതിയാണ്. വഴക്കു പറയാം, തിരുത്തല്‍ കൊടുക്കാം, ചില കാര്യങ്ങള്‍ക്ക് തടസ്സം പറയാം, പക്ഷെ എല്ലാറ്റിന്‍റെയും അടിയില്‍ ഉറഞ്ഞുകിടക്കുന്നത് സ്നേഹമായിരിക്കണം. എങ്കില്‍ ആര്‍ക്കും നോവില്ല, നൊന്താലും മുറിപ്പെടില്ല. ഇതാണ് മനുഷ്യബന്ധങ്ങളില്‍ പാലിക്കേണ്ട നീതിയുടെ നിയമം.

രക്ഷ പ്രാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഈശോ വ്യക്തമാക്കുന്നു: “അനീതി പ്രവര്‍ത്തിക്കുന്നവരെ ദൈവം അകറ്റി നിര്‍ത്തും.” അനീതി ആരോട്? മനുഷ്യരോടും ദൈവത്തോടും പ്രപഞ്ചത്തോടും. മൂന്നും ആത്മീയ ജീവിതത്തിലെ അടിസ്ഥാനശിലകള്‍ തന്നെ.

ആത്മീയതയിലെ കപടമുഖം ദൈവത്തോടുള്ള അനീതിയാണ്. കാര്യസാധ്യത്തിനു വേണ്ടി മാത്രമുള്ള പ്രാര്‍ത്ഥനകള്‍, മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനാ പങ്കാളിത്തം, ലോകത്തോടുള്ള പ്രണയവും പ്രാര്‍ത്ഥനയും ഒരുമിച്ചു കൊണ്ടുപോകുവാനുള്ള ശ്രമം – എല്ലാം ദൈവത്തോടുള്ള അനീതി തന്നെ. ശ്രദ്ധയാവാം, അല്പം കൂടി.

പ്രാപഞ്ചികതയുടെ ആത്മീയതലവും അത്രമേല്‍ പ്രധാനം തന്നെ. ഇടവേളയില്‍ കുറേക്കാലം വന്നു ജീവിച്ചുപോകുന്ന നമുക്ക് ഈ പ്രപഞ്ചത്തെ മലീമസമാക്കുവാന്‍ എന്തവകാശം? സ്ഥലസംബന്ധിയായ തര്‍ക്കങ്ങളും വഴക്കുകളും വാശികളും ഇതോടു ചേര്‍ത്തു ധ്യാനിക്കണം. ഭൂമിയില്‍ നിനക്ക് നഷ്ടമാകുന്ന കുറെ സെന്‍റുകള്‍, നല്ല മനസ്സുണ്ടെങ്കില്‍ ഒരുപക്ഷെ നിന്നെ അവിടുത്തെ അരികില്‍ നിര്‍ത്താന്‍ പ്രാപ്തനാക്കിയെന്നു വരാം.

നീതിയാണ് നമ്മെ അവനോട് അടുപ്പിക്കുന്നത്. സ്നേഹമാണ് നമ്മെ സ്വര്‍ഗ്ഗത്തോട് ഒട്ടിച്ചു ചേര്‍ക്കുന്നത്. നന്മയാണ് നമ്മെ ഭൂമിയില്‍ നിന്നും അവനിലേക്ക് ഉയര്‍ത്തുന്നത്.

ഫാ. ജിയോ കണ്ണന്‍കുളം CMI

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.