സീറോ മലബാര്‍ ഉയിര്‍പ്പ് ഏഴാം വ്യാഴം മെയ്‌ 28 ലൂക്കാ 14: 24-35 യഥാർത്ഥ ശിഷ്യന്‍

നഷ്ടപ്പെടുത്തലിന്റെ സുവിശേഷം പ്രസംഗിക്കുന്ന ഈശോയെ ഇന്നത്തെ വചനം നമുക്കു മുന്നിൽ വരച്ചുകാട്ടുന്നു. മിശിഹായുടെ ശിഷ്യനാകണമെങ്കിൽ, ഒരുവൻ തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്തുവാൻ തയ്യാറാവണം. അങ്ങനെ തനിക്കു അനുഭവിക്കാമായിരുന്ന സുഖസൗകര്യങ്ങൾളെല്ലാം ഉപേക്ഷിച്ച് ഗുരുവിനു പിന്നാലെ സ്വന്തം കുരിശും വഹിച്ച് പോകുവാൻ തയ്യാറുള്ളവനായിരിക്കും യഥാർത്ഥ ശിഷ്യൻ. ഗുരുവും നാഥനുമായവനുവേണ്ടി സ്വന്തം വ്യക്തിബന്ധങ്ങളും സമ്പത്തും സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്തുവാൻ നാം തയ്യാറാവണമെന്നാണ് ഈശോ നമ്മോടു പറയുന്നത്.

സമ്പൂർണ്ണ സമർപ്പണമാണ് ഒരു ശിഷ്യനിൽ നിന്നും ഗുരു ആഗ്രഹിക്കുന്നത്. ശിഷ്യന്റെ ജീവിതത്തിൽ ഗുരുവിനെ അനുഗമിക്കുവാൻ തടസ്സമായിരിക്കുന്നതെല്ലാം മാറ്റിവയ്ക്കുവാൻ തയ്യാറാകുമ്പോളാണ് ഒരുവൻ യഥാർത്ഥ ശിഷ്യനാകുന്നത്. നമ്മുടെ ദൈവത്തെ അനുഗമിക്കുവാൻ നാം എപ്രകാരമുള്ള മനസ്സോടെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്റെ ഗുരുവിനോടൊപ്പം ആയിരിക്കുവാൻഅവന്റെ വചനം ശ്രവിക്കുവാൻഅവൻ പറയുന്ന കാര്യങ്ങൾ ചെയ്യുവാൻ ഞാൻ എപ്രകാരമാണ് ഒരുങ്ങിയിരിക്കുന്നത്. എന്റെ ഇഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കുമെല്ലാം എന്റെ ഗുരുവിന്റെ ഇഷ്ടങ്ങളേക്കാൾ പ്രാധാന്യം കൊടുക്കുമ്പോൾ ഉറ നഷ്ടപ്പെട്ട ഉപ്പുപോലെ മണ്ണിനോ വളത്തിനോ കൊള്ളരുതാത്തവനായി ഞാൻ മാറുന്നു. ആ ഭയാനകമായ അവസ്ഥയിൽ നിന്നും രക്ഷപെടുവാനായി ജീവിതത്തിൽ കർത്താവിന്റെ തിരുവിഷ്ടം നിറവേറ്റിക്കൊണ്ടു സഹനങ്ങളെ നേരിട്ട പരിശുദ്ധ കന്യകാമറിയത്തെപ്പോലെയും വിശുദ്ധരെപ്പോലെയും ലോകത്തിൽ കർത്താവിന്റെ യഥാർത്ഥ ശിഷ്യന്മാർക്കു യോജിച്ചവിധം ജീവിച്ച് ദൈവസന്നിധിയിൽ എത്തിച്ചേരുവാനായുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.