വേളാങ്കണ്ണി തീർത്ഥാടകരെ അക്രമിച്ചതെന്ന് സംശയിക്കുന്ന ഹിന്ദു തീവ്രവാദികൾ അറസ്റ്റിൽ 

വേളാങ്കണ്ണിയിലെ തീർത്ഥാടകരെ ആക്രമിച്ചതെന്നു സംശയിക്കുന്ന ആറ് ഹിന്ദു തീവ്രവാദികൾ അറസ്റ്റിലായി. കർണ്ണാടകത്തിൽ നിന്നും വേളാങ്കണ്ണിയിലേയ്ക്കു വന്ന സംഘത്തിൽ പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്‌ചയാണ് 40 ഓളം വരുന്ന ക്രിസ്ത്യൻ തീർത്ഥാടകസംഘത്തെ ആക്രമിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടയുകയും മാതാവിന്റെ തിരുസ്വരൂപം തകർക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല. ആക്രമണകാരികൾ എന്ന് സംശയിക്കുന്ന ആറോളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി അറിയിച്ചു. ക്രമസമാധാന ലംഘനം, കൊലപാതക ശ്രമം, മതസൗഹാർദ്ദം തകർക്കൽ എന്നി കേസുകൾ ഇവരുടെ മേൽ ചുമത്തിയിട്ടുണ്ട്.
ഹിന്ദു മുന്നാനി ഗ്രൂപ്പിൽപ്പെട്ടവരാണ് ആക്രമണകാരികൾ എന്ന് പ്രദേശവാസികൾ പറഞ്ഞു. മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചു വലിയ ഒരുക്കങ്ങൾ നടന്നു വരുന്നതിനിടെയാണ് ഈ ആക്രമണം.”മുമ്പെങ്ങും ഇതുപോലൊരു ആക്രമണം ഇവിടെ നടന്നിട്ടില്ല. ഇത് വളരെ വേദനാജനകവും വിഭാഗീയത സൃഷ്ടിക്കുന്നതുമാണ്” –  തമിഴ്‌നാട് ബിഷപ്പ് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറിയായ ഫാ. എൽ. സഹായരാജ് പറഞ്ഞു.
ഇൻഡ്യയിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നതിനു ശേഷം ക്രൈസ്തവർക്ക്, ഹിന്ദുമത തീവ്രവാദികളിൽ നിന്നുള്ള  മതപീഡനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി ക്രൈസ്തവ മതനേതാക്കൾ പറഞ്ഞു. “ഇന്ത്യൻ ഭരണഘടനയിലെ സ്വതന്ത്രമായി ചിന്തിക്കാനും സഞ്ചരിക്കാനുമുള്ള അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ രാജ്യത്തെ സമത്വവും സാഹോദര്യവും നഷ്ടപ്പെടുത്തുന്നു.” ബാംഗ്ളൂർ അതിരൂപത കമ്മ്യൂണിക്കേഷൻ സെക്രട്ടറി ഫാ. സിറിൽ ജോസഫ് അഭിപ്രായപ്പെട്ടു.