മംഗളവാര്‍ത്താക്കാലം 2-ാം ഞായര്‍ പ്രസംഗം-2 യേശുവിന്റെ ജനനം അറിയിപ്പ്

ദൂതുമായി ജീവിതത്തിന്റെ പടവുകള്‍ കയറി വരുന്ന ദൂതന്മാരെ ഒരുപാട് വിസ്മയത്തോടും ആകാംക്ഷയോടും കൂടെ കാത്തിരുന്നിട്ടുള്ളവരാണ് നാമെല്ലാവരും. ചില സന്ദേശങ്ങള്‍ സ്വപ്നം പോലും കാണാത്തയത്ര സന്തോഷം ജീവിതത്തില്‍ നിറയ്ക്കുമ്പോള്‍, ചിലത് അനിവാര്യമായ ദുഃഖത്തിന്റെ പടുകുഴിയിലേയ്ക്ക് നമ്മെ തള്ളിയിടുന്നു. ജീവിതത്തില്‍ സന്തോഷം വിതയ്ക്കുന്നവരെ നാം ദൈവദൂതരെന്ന് വിളിക്കുന്നു. സങ്കടം നിറയ്ക്കുന്നവരെ മരണത്തിന്റെ ദൂതനെന്നും. എന്നാല്‍ ലോകം മുഴുവന്‍ നൂറ്റാണ്ടുകളായി പ്രതീക്ഷിച്ചിരുന്ന, പ്രാര്‍ത്ഥിച്ച് കാത്തിരുന്ന രക്ഷകന്റെ ജനനത്തിന്റെ, ലോകം മുഴുവന്റെയും സ്വാതന്ത്ര്യത്തിന്റെ ദൂതുമായി കടന്നുവന്ന മാലാഖയെ-ദൈവദൂതനെ വചനം വിളിച്ചു ഗബ്രിയേല്‍.

പരിശുദ്ധ മറിയത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷത്തിന്റെ ദൂതല്ലായിരുന്നു. മറിച്ച്, ആശങ്കയുടെയും ആശയക്കുഴപ്പങ്ങളുടെയും ഒരു വാര്‍ത്തയായിരുന്നു. അതിന്റെ കാരണങ്ങള്‍ വി. ലൂക്കാ സുവിശേഷകന്‍ 27-ാം വാക്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. അവള്‍ ജോസഫ് എന്ന് പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്നു. അവള്‍ കന്യകയായിരുന്നു. പക്ഷെ ദൈവത്തിന്റെ ദൂതനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന തിരിച്ചറിവില്‍, ദൈവത്തിന്റെ വാക്കുകളാണ് അവന്‍ ഉച്ചരിച്ചത് എന്ന യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നുകൊണ്ട് മറി യം ആ ആവശ്യത്തിന് സമ്മതം മൂളുകയാണ്. സ്വര്‍ഗ്ഗവും ഭൂമിയും നിശബ്ദതയുടെ നിമിഷങ്ങളില്‍ നിന്നും ആഘോഷത്തിന്റെ നാളുകളിലേയ്ക്ക് ചേക്കേറുകയായിരുന്നു ആ ഒരൊറ്റ സമ്മതത്തിലൂടെ.

സാധ്യതകളുടെ ദൈവം

പഴയനിയമ ഗ്രന്ഥങ്ങളില്‍ എവിടെയും പ്രതിപാദിക്കപ്പെടാത്ത ഒരു അപ്രധാനമായ സ്ഥലത്ത് നിന്നും-നസ്രത്തില്‍ നിന്നും രക്ഷകന്‍ വരികയെന്നത് ഒരു സാധ്യതയെ അല്ലായിരുന്നു. അതുപോലെ തന്നെ കന്യകയില്‍ നിന്ന് ഒരു മനുഷ്യന്‍ ജന്മമെടുക്കുക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നാണ്. എന്നാല്‍ ഈ അസാധ്യതയില്‍ നിന്നുമാണ് ദൈവം സാധ്യത കണ്ടെത്തുന്നത്. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലെന്നും ഈ അസ്വാഭാവിക സംഭവങ്ങളിലൂടെ ജന്മമെടുക്കുന്നവന്‍ അസാധാരണത്വം ഉള്ളവനാണെന്നുമാണ് വചനം സ്പഷ്ടമാക്കുന്നത്. ഈ ഭൂമിയില്‍ ദൈവത്തിന്റെ മുമ്പില്‍ അവഗണിക്കപ്പെട്ടവരെന്നോ ചെറിയവരെന്നോ ഒരു ഗണമില്ലെന്നും എല്ലാവരും തുല്യരാണെന്നും കൂടി വചനം ഓര്‍മ്മിപ്പിക്കുന്നു.

സൃഷ്ടിയുടെ സമ്മതത്തിന് കാതോര്‍ത്ത സ്രഷ്ടാവ്

മറിയത്തിന്റെ സമ്മതത്തിന് കാതോര്‍ക്കുന്ന, കാത്തിരിക്കുന്ന ഒരു ദൈവത്തെയാണ് നാമിന്ന് വചനത്തില്‍ കണ്ടുമുട്ടുന്നത്. അതിന് എളിമയോടും വിവേകത്തോടും കൂടെ പ്രത്യുത്തരം നല്‍കിയ മറിയം തന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ രക്ഷയ്ക്ക് കാരണമായി എന്നതാണ് ചരിത്രം.

പ്രിയമുള്ളവരെ, ഇപ്രകാരം നമ്മുടെ ജീവിതത്തിലും രക്ഷയുടെ ദൂതുമായി കടന്നുവരുന്നവര്‍ ഏറെയാണ്. എന്നാല്‍ ദൈവത്തില്‍ നിന്നും വരുന്ന ദൂതുകള്‍ നാം തിരിച്ചറിയാതെ പോകുന്നു. പഴയനിയമ വായനയില്‍ സംഖ്യയുടെ പുസ്തകത്തില്‍ നാം കണ്ട ബാലാമിന്റെ കഴുതയുടെ കഥ ഇത് വ്യക്തമാക്കി തരുന്നു. ദൈവദൂതുകളെ നാം അവഗണിക്കുമ്പോള്‍, തിരിച്ചറിയാതെ പോകുമ്പോള്‍ നമ്മുടെയും നമ്മുടെ കൂടെയുള്ളവരുടെയും രക്ഷയാണ് അപകടത്തിലാകുന്നത്.

എപ്രകാരം ഈ ദൈവനിയോഗങ്ങളെ തിരിച്ചറിയുവാന്‍ കഴിയുമെന്ന് പൗലോസ് ശ്ലീഹാ ഇന്നത്തെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോളോ. 4:2-3 വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു: ‘കൃതജ്ഞതാ നിര്‍ഭരരായി ഉണര്‍ന്നിരുന്ന് നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍’. മനുഷ്യന്റെ ഇഷ്ടങ്ങളെ മാനിക്കുന്ന, അവനെ തേടി വരുന്ന ദൈവത്തിനെ കണ്ടെത്തുവാനുള്ള മാര്‍ഗ്ഗമായാണ് പൗലോസ് ശ്ലീഹാ ഇന്ന് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ നിരന്തര പ്രാര്‍ത്ഥനയിലൂടെ ദൈവനിയോഗങ്ങളെ തിരിച്ചറിയുവാനും ദൈവം നല്‍കുന്ന രക്ഷ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും പരിശ്രമിക്കാം.

അസ്വസ്ഥമാകുന്ന ലോകം

ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി (ലൂക്കാ. 1:29). നാം എന്തുമായിട്ട് ഏറ്റവും ബന്ധപ്പെട്ട് കിടക്കുന്നുവോ അതാണ് നമ്മെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. നമ്മെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതിനാണ് നമ്മെ ഏറ്റവുമധികം ശാന്തമാക്കാനും അസ്വസ്ഥമാക്കാനും കഴിയുന്നത്. അത്ര വലിയ സ്ഥാനമാണ് നാമതിന് ജീവിതത്തില്‍ നല്‍കുക. വചനം ശ്രവിച്ച് മറിയം അസ്വസ്ഥമാകുന്നത് അതിനാലാണ്. കാരണം, വചനത്തോട് ഏറ്റവും അടുത്ത് വസിച്ച വ്യക്തിയാണവള്‍. മറ്റൊരാളും വചനത്തോട് ഇത്ര തുറവി കാണിച്ചിട്ടുണ്ടാവില്ല.
എന്നാല്‍ ഇന്നത്തെ ലോകം പല സ്വാധീനങ്ങളില്‍ വലയപ്പെട്ട് അസ്വസ്ഥമാണ്. വചനവും ദൈവവുമൊന്നും ഒരു സംസാരവിഷയമേ അല്ല. അതിനാല്‍ സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ അവരെ അസ്വസ്ഥതപ്പെടുത്തുന്നു. പണത്തോടും സമ്പത്തിനോടുമുള്ള ബന്ധം അതിന്റെ സ്വാധീനം മനുഷ്യനെ അസ്വസ്ഥനാക്കുക മാത്രമല്ല തകര്‍ത്തു കളയുകയും ചെയ്യുന്നു. എന്നാല്‍ വചനം നല്‍കുന്ന അസ്വസ്ഥത നമ്മെ വളര്‍ത്തുന്നു.

അതിനാല്‍ ഈ ക്രിസ്മസിനായി നമുക്ക് ഒരുങ്ങാം. നമ്മുടെ ജീവിതത്തില്‍ എല്ലാവരെയും തുല്യരായി സ്‌നേഹിച്ചു കൊണ്ട് എല്ലാറ്റിനും ദൈവതിരുമുമ്പില്‍ വിലയുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട്, അസാധ്യമെന്ന വാക്ക് ദൈവത്തിന് ഇല്ലെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ദൈവനിയോഗങ്ങളെ തിരിച്ചറിയുവാനും അത് ഭംഗിയായി നിറവേറ്റാനുമുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട്.. ഇപ്രകാരമെല്ലാം ജീവിക്കുവാനായി കൃപ ലഭിക്കുന്നതിനായി നാം ചെയ്യുന്ന എല്ലാ ത്യാഗപ്രവൃത്തികളെയും സമര്‍പ്പിക്കാം. വചനത്തോട് തുറന്ന മനസ്സുള്ളവരാകാനും വചനം വായിച്ച് അതിനോട് ആഭിമുഖ്യവും അടുപ്പവുമുള്ളവരായി തീരുന്നതിനുമായി പരിശ്രമിക്കാം. വചനം നമ്മിലും മാംസം ധരിക്കട്ടെ.

ബ്ര. എബിന്‍ ജോസഫ് പല്ലാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.