ഞായര്‍ പ്രസംഗം-2 ദനഹാക്കാലം 4-ാം ഞായര്‍ കാനായിലെ കല്യാണം

ചെറുപ്പം മുതല്‍ നാമെല്ലാവരും പലതവണ വായിച്ചും പറഞ്ഞും കേട്ട ഒരു തിരുവചനഭാഗമാണ് കാനായിലെ കല്യാണവിരുന്നിന്റെ ഉപമ. വി. യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ കാനായിലെ കല്യാണവിരുന്നിന്റെ ഉപമ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനു പിന്നില്‍ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. സമാന്തര സുവിശേഷങ്ങളില്‍ നിന്നും യോഹന്നാന്റെ സുവിശേഷത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒരു പ്രധാനഘടകം, ഈ സുവിശേഷം ആഴമേറിയതും അടയാളങ്ങളാലും പ്രതീകങ്ങളാലും സമ്പന്നമായതുകൊണ്ടുമാണ്.

ഇന്ന് നാം വായിച്ചുകേട്ട ഈ തിരുവചനഭാഗം അരങ്ങേറുന്നത് ഒരു കല്യാണ വിരുന്നിന്റെ പശ്ചാത്തലത്തിലാണ്. യഹൂദന്മാരെ സംബന്ധിച്ചിടത്തോളം വിവാഹവേദിയില്‍ വീഞ്ഞ് തീര്‍ന്നുപോവുക എന്നത് വലിയ അപമാനകരമായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതിലുപരി ദൈവാനുഗ്രഹത്തിന്റെ കുറവായിട്ടും യഹൂദന്മാര്‍ കരുതിയിരുന്നു. എന്നാല്‍ തീര്‍ന്നുപോയ വീഞ്ഞിന്റെ കുറവ് അറിയിക്കാതെ സമൃദ്ധമായി വീഞ്ഞ് പകരുകയാണ് കാനായിലെ കല്യാണവേളയില്‍ ഈശോ ചെയ്തത്. സ്‌നേഹമുള്ളവരെ, ഇവിടെ നാം കാണുക മനുഷ്യന്റെ പദ്ധതികളും കണക്കുകൂട്ടലുകളും പരാജയപ്പെടുന്നിടത്ത് അത്ഭുതകരമാംവിധം അവിടെ കടന്നുവന്ന് അവനെ കൈപിടിച്ചുയര്‍ത്തുന്ന ദൈവത്തെയാണ്.

ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു സണ്‍ഡേ സ്‌കൂള്‍ അധ്യാപിക പങ്കുവച്ച അനുഭവം ഇപ്രകാരമാണ്: ക്യാന്‍സര്‍ രോഗം ബാധിച്ച് ലാസ്റ്റ് സ്റ്റേജിലെത്തിയ ടീച്ചറിന്റെ ഭര്‍ത്താവിനെ – ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല; അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചുകൊള്ളൂ എന്ന് വിധിയെഴുതി വൈദ്യശാസ്ത്രം ഉപേക്ഷിച്ചു. എന്നാല്‍ അവിടെ നിന്നും അത്ഭുതകരമായ ഇടപെടലിലൂടെ എന്റെ ഭര്‍ത്താവിനെ ദൈവം വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു.

പ്രിയമുള്ളവരെ, ഈ സംഭവവും ഇന്നത്തെ തിരുവചനവും നമ്മോട് പങ്കുവയ്ക്കുന്നതും ഇതു തന്നെയാണ്. മനുഷ്യന്‍ അവസാനിപ്പിക്കുന്നിടത്ത് തുടങ്ങുന്നവനാണ് ദൈവം. നിന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലിന്റെ സമയമാണ്. നിന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുവദിക്കുന്നവന് തന്നെ അതിനുള്ള പരിഹാരവും കണ്ടെത്താനാകും. പ്രതിസന്ധികളുടെയും പ്രശ്‌നങ്ങളുടെയും നടുവില്‍ നീ ഒരിക്കലും സ്വയം പരിഹാരം കാണുവാന്‍ ശ്രമിക്കരുത്. മറിച്ച്, പ്രതിസന്ധികള്‍ക്കുള്ള പരിഹാരം, അവ അനുവദിച്ചവന്റെ കരങ്ങളില്‍ തന്നെ നല്‍കുക എന്നതാണ്. അതോടൊപ്പം തിരിച്ചറിയുക, നീ നിന്റെ ജീവിതത്തിലേയ്ക്ക് കര്‍ത്താവിനെ ക്ഷണിച്ചാല്‍, നിന്റെ ജീവിതത്തിലെ തകര്‍ച്ചകള്‍ ഉയര്‍ച്ചകളായും കുറവുകള്‍ നിറവുകളായും മാറും എന്നതിന് യാതൊരു സംശയവും വേണ്ട. എന്തെന്നാല്‍ നിയമാവര്‍ത്തന പുസ്തകം 31:8-ാം വാക്യം ഇപ്രകാരം പറയുന്നു: ‘കര്‍ത്താവാണ് നിന്റെ മുമ്പില്‍ പോകുന്നത്. അവിടുന്ന് നിന്നോടു കൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല. ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട’. നിന്റെ ജീവിതത്തില്‍ നീ ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കിയാല്‍ അത്ഭുതം നടക്കുമെന്നതിന് യാതൊരു സംശയവും വേണ്ട. എന്തെന്നാല്‍ നിന്റെ കൂടെ വസിക്കുന്നവനാണ് ദൈവം. മരുഭൂമിയിലെ ഏകാന്തതയിലും പലായനത്തിന്റെ ദുര്‍ഘടവഴിയിലും വിപ്രവാസത്തിന്റെ ഞെരുക്കത്തിലും തന്റെ ജനത്തോടൊപ്പം എന്നുമായിരിക്കുവാന്‍ ഇമ്മാനുവേലായി വന്നുപിറന്നവനും എന്നും നിന്നോടുകൂടെ നിന്റെയുള്ളില്‍ വസിക്കുവാന്‍ കുര്‍ബാനയായവാനുമാണ് നിന്റെ ദൈവം.

അതിനാല്‍ പ്രിയപ്പെട്ട മകനെ/മകളെ, നിന്റെ ജീവിതത്തിലെ ഭരണികള്‍ കാലിയാകുമ്പോള്‍ നീ ഭയപ്പെടേണ്ടതില്ല; ഭരണികള്‍ കാലിയാകുന്നുവെന്ന് തോന്നുമ്പോള്‍ നീ വിഷം വാങ്ങാനും വിശ്വാസം ഉപേക്ഷിക്കാനും ഒരുമുഴം കയറെടുക്കുവാനുമായിരിക്കും പോകുന്നത്. മറിച്ച്, നീ പോയി കൈകളിലെടുക്കേണ്ടത് ജപമാല റാണിയായ പരിശുദ്ധ അമ്മയെ ആയിരിക്കണം. എന്തെന്നാല്‍ നിന്റെ ജീവിതമാകുന്ന കലവറയിലെ കുറവിനെ ഇരുചെവി അറിയാതെ പരിഹരിക്കുവാന്‍ സാധിക്കുന്നവളാണ് പരിശുദ്ധ അമ്മ. നിന്റെ കുടുംബത്തില്‍ ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥിയാണ് പരിശുദ്ധ അമ്മ. ആ അമ്മയെ നീ പടിയിറക്കി വിടരുത്. അമ്മ വെറും സ്ത്രീയാണ്, അല്ലെങ്കില്‍ വെറും മുട്ടത്തോട് മാത്രമാണ് എന്ന അജ്ഞത പറഞ്ഞുപഠിപ്പിക്കുന്ന ഒരു ജനത്തിന്റെ കെണിയില്‍ നീ വീഴരുത്. ‘സ്ത്രീയേ, എനിക്കും നിനക്കും എന്ത്’ എന്ന ഈശോയുടെ വാക്കുകള്‍ ബഹുമാനക്കുറവിന്റെയോ സ്‌നേഹമില്ലായ്മയുടെയോ അല്ല. മറിച്ച്, രക്ഷാകരചരിത്രത്തിലെ സ്ത്രീയാണ് തന്റെ അമ്മയെന്ന് അവിടുന്ന് സാക്ഷ്യം നല്‍കുകയാണ്. ഉല്‍പത്തി പുസ്തകം 3:15-ാം വാക്യം അവിടെ നിറവേറുകയാണ്. ‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും’. അതിനാല്‍ പ്രിയമുള്ളവരെ, നമ്മുടെ കുടുംബമാകുന്ന കാനായില്‍ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് നിറയാന്‍ ഈശോയെയും അവിടുത്തെ അമ്മയെയും നമുക്ക് ക്ഷണിക്കാം.

അവിടുന്ന് നിന്റെ കുടുംബത്തിലേയ്ക്ക് കടന്നുവന്നാല്‍ നീ നിന്റെ കുറവുകളെയോര്‍ത്ത് ഭയപ്പെടുകയോ അസ്വസ്ഥനാവുകയോ വേണ്ട. എന്തെന്നാല്‍ കുറവുകളെ നിറവുകളാക്കുന്നവനാണ് നിന്റെ ദൈവം. അതിനാല്‍ 23 -ാം സങ്കീര്‍ത്തകനോട് ചേര്‍ന്നുനിന്ന് നമുക്കും ഇപ്രകാരം പറയാന്‍ സാധിക്കണം.
‘കര്‍ത്താവാണ് എന്റെ ഇടയന്‍. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല’. ആമേന്‍

ബ്ര. സൂരജ് കടവില്‍, MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.