ഞായര്‍ പ്രസംഗം-2 ദനഹാക്കാലം 3-ാം ഞായര്‍ രക്ഷയുടെ കുഞ്ഞാട്

ഒരുവനെ ലക്ഷ്യപ്രാപ്തിയിലേയ്‌ക്കൊരുക്കുന്ന എറ്റവും വലിയ സാധ്യതയാണ് വഴി. വഴിയില്ലാതെ ലക്ഷ്യമില്ല. ഒരുവന്‍ കണ്ടെത്തിയ വഴിയിലൂടെയാണ് ലക്ഷ്യത്തിലെത്തുന്നത്. ആയതിനാല്‍ വഴിയും ലക്ഷ്യത്തോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നു. ജീവിതം മരണത്തിലേയ്ക്കുള്ള വഴിയാണ്. എന്നാല്‍ മരണത്തോടെ വഴി അവസാനിക്കുന്നില്ല, ആ വഴിയുടെ അവസാനം ദൈവത്തിലാണ്. എന്നാല്‍ ദൈവത്തിലേയ്ക്കുള്ള വഴികള്‍ കുരിശിന്റെ വഴികളാണ്. കുരിശിന്റെ വഴികള്‍ പറഞ്ഞുതന്നതോ, ദൈവപുത്രനും.

ഇസ്രായേല്‍ ജനത്തിന്റെ നിലവിളിയുടെയും തേങ്ങലുകളുടെയും ഉത്തരമായാണ് ദൈവം ഭൂമിയിലേക്ക് തന്റെ സ്വപുത്രനെ അയച്ചത്. ആത്മാവിന്റെ നിലവിളിയും ഹൃദയത്തിന്റെ തേങ്ങലുകളുമാണ് ദൈവത്തിന്റെ മനസ്സലിയിപ്പിക്കുന്നത്. ദൈവത്തിന്റെ കരവലയത്തില്‍ നിന്നും ആരെയും അകറ്റിനിര്‍ത്തുവാന്‍ ദൈവത്തിന് ആഗ്രഹമില്ല. കാരണം, മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്. അതുമാത്രമല്ല, ഉല്‍പത്തി പുസ്തകം 2:7 വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: ‘ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക് നിശ്വസിച്ചു’, ഇവിടുന്ന് തുടങ്ങി ദൈവവും മനുഷ്യനും തമ്മില്‍ ഒരിക്കലും വേര്‍പെടുത്തുവാന്‍ കഴിയാത്ത അഗാധബന്ധം. ദൈവസ്‌നേഹം അതിന്റെ പൂര്‍ണ്ണതയില്‍ നാം ദര്‍ശിക്കുന്നത് ഈശോയുടെ വരവോടെയാണ്.

ഇസ്രായേല്‍ ജനത്തിന്റെ പ്രതീക്ഷയും വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണവുമാണ് ഈശോ. ദൈവത്തിന്റെ സ്‌നേഹം സ്വീകരിക്കുന്നതിന് നമുക്ക് തടസ്സമായി നില്‍ക്കുന്നത് പാപമാണ്. പ്രകാശത്തില്‍ നിന്നും നമ്മെ വേര്‍പെടുത്തി അന്ധകാരത്തിലേയ്ക്ക് നയിക്കുന്നത് പാപമാണ്. ദൈവമാകുന്ന ജീവിതലക്ഷ്യത്തില്‍ നിന്നും മനുഷ്യന്‍ വ്യതിചലിക്കുന്ന ഒരു അവസ്ഥാവിശേഷമാണ് പാപം. പാപത്തെയും പാപസാഹചര്യങ്ങളെയും മാറ്റി രക്ഷയുടെ പാതയിലേയ്ക്ക്- ദൈവ സന്നിധിയിലേയ്ക്ക് ഇറങ്ങിവന്നവനാണ് ഈശോ. സ്വജീവന്‍ ബലിയര്‍പ്പിച്ചു കൊണ്ട് ഈശോ മനുഷ്യരായ നമുക്കുവേണ്ടി പാപപരിഹാര ബലിയായി മാറി.

പഴയനിയമത്തില്‍ പാപപരിഹാര ബലിയായി കുഞ്ഞാടുകളെ അര്‍പ്പിച്ചിരുന്നു. ആ ബലികളുടെയെല്ലാം അപൂര്‍ണ്ണതകളെ പരിഹരിച്ചുകൊണ്ട് മിശിഹാ തന്റെ ഏകബലിയര്‍പ്പണം വഴി ലോകത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരബലി അര്‍പ്പിച്ചു.
കുഞ്ഞാട്, നിഷ്‌കളങ്കതയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. അതുകൊണ്ടാണ് അവയെ ദൈവത്തിന് സമര്‍പ്പിക്കുന്നത്.

കുഞ്ഞാടിന്റെ ദൗത്യത്തെക്കുറിച്ച് സ്നാപകന്‍ വിവരിക്കുന്നത് രണ്ടു വിധത്തിലാണ്. ഒന്നാമതായി, കുഞ്ഞാട് പാപം വഹിക്കുക മാത്രമല്ല, പാപം നീക്കിക്കളയുന്നവന്‍ കൂടിയാണ്. ഇവിടെ ഈശോയാകുന്ന കുഞ്ഞാട് പാപം വഹിക്കുകയും പരിഹരിക്കുകയും നീക്കിക്കളയുകയും ചെയ്യുന്നു. രണ്ടാമതായി കുഞ്ഞാടിന്റെ ദൗത്യം ലോകം മുഴുവനെയും ഉള്‍ക്കൊള്ളുന്നതാണ്. ഇസ്രായേലിന്റെ മാത്രം പാപമോ, ഏതെങ്കിലും വ്യക്തികളുടെ മാത്രം പാപമോ അല്ല മിശിഹായാകുന്ന കുഞ്ഞാട് നീക്കുന്നത്, ലോകത്തിന്റെ മുഴുവന്‍ പാപവുമാണ്. ഈശോ സകല മാനവരാശിയുടെയും രക്ഷയ്ക്കായി നിയുക്തനായിരിക്കുന്ന കുഞ്ഞാടാണ് എന്ന സത്യം സ്‌നാപകന്‍ വിളിച്ചോതുന്നു. ഈശോ, സമസ്തലോകത്തിനും വേണ്ടി ബലിയാകാനായി അയയ്ക്കപ്പെട്ട ദൈവത്തിന്റെ കുഞ്ഞാടാണ്. കുഞ്ഞാടിന്റെ ദൈവികത അവനെ ശ്രേഷ്ഠനും – അവന്റെ രക്തംചിന്തല്‍, അവനെ അമൂല്യനുമാക്കുന്നു. നുറുങ്ങിയ ഹൃദയവും ഉരുകിയ മനസ്സുമാണ് ദൈവത്തിന് സ്വീകാര്യമായ ബലി. അത് ഈശോയുടെ ബലിയിലൂടെ നമുക്ക് കാണിച്ചുതന്നു. കുഞ്ഞാടിന്റെ ബലിയിലൂടെ രക്ഷയിലേയ്ക്കുള്ള-നിത്യജീവിതത്തിലേയ്ക്കുള്ള പാത അവന്‍ ഒരുക്കിത്തന്നു.

ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന സ്‌നാപകയോഹന്നാന്റെ പ്രഖ്യാപനം അത് ശ്രവിക്കുന്ന ഏവര്‍ക്കും ഒരു ക്ഷണം നല്‍കുന്നു. ഈ കുഞ്ഞാടിനെ അനുഗമിക്കാന്‍, ഈ കുഞ്ഞാടിന്റെ ബലി വഴിയായി രക്ഷിതരാകാന്‍, ഈ കുഞ്ഞാടിന്റെ രക്തത്തില്‍ പാപം കഴുകി ശുദ്ധി വരുത്താന്‍ ഈ കുഞ്ഞാടിനൊപ്പം വിജയവും മഹത്വവും ആസ്വദിക്കാനുള്ള ഒരു ക്ഷണം. കുഞ്ഞാടിന്റെ വിജയം പരിശുദ്ധിയുടെ വിജയമാണ്. യേശുവിനെ ദൈവത്തിന്റെ കുഞ്ഞാടും പാപം നീക്കുന്ന കുഞ്ഞാടുമായി സാക്ഷ്യപ്പെടുത്തുമ്പോള്‍ പാപരഹിതമായി പരിശുദ്ധിയോടെ കുഞ്ഞാടിനോട് ചേര്‍ന്നുനിന്ന് മഹത്വത്തിന്റെ കിരീടം സ്വന്തമാക്കാന്‍ നമുക്ക് പരിശ്രമിക്കാം.

ദുഃഖങ്ങളുടെയും കണ്ണുനീരിന്റെയും വേദനകളുടെയും നഷ്ടബോധങ്ങളുടെയും പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഈശോയുടെ സഹായം തേടാം. ഈ യാത്രയില്‍ ശക്തിപകരാന്‍ പാഥേയമായി അവനുണ്ടാകും. വഴികളില്‍ പ്രകാശമായി വചനമുണ്ടാകും. ബലഹീനതയില്‍ കരുണയായി ആത്മാവിന്റെ സാന്നിധ്യമുണ്ടാകും. ഈ യാത്രയുടെ അവസാനം വരെ അകലാത്ത സ്‌നേഹിതനായി അവന്‍ നമ്മുടെ കൂടെയുണ്ടാകും. കാരണം, ആ സ്‌നേഹത്തിനു മുമ്പിലാണ് നാം ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് മിശിഹായാകുന്ന സ്നേഹത്തിന് മുമ്പില്‍ നമുക്ക് ജ്വലിക്കാം. അവന് സാക്ഷികളായി മാറാം. അവന്റെ വഴികളിലൂടെ നടന്ന് അവന്റെയൊപ്പം എത്താം. അപ്പോള്‍ നമ്മുടെ പാതയും സുരക്ഷിതമായിരിക്കും.

ബ്ര. അഭിഷേക് ഒറവനാംതടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.