ഞായറാഴ്ച പ്രസംഗം – മെയ് 7; നിത്യമായ സന്തോഷത്തിന് ആഴമായ വിശ്വാസം (യോഹന്നാന്‍ 16:16-24)

ഉയിര്‍പ്പ് 4-ാം ഞായര്‍ യോഹ 16:16-24

”അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്ന് ഈശോ പറയുന്നു.” ഇതിന് മുമ്പ് യോഹ 7:32 ലും യോഹ 13:33ലും ഈശോ ഇതുതന്നെ പറഞ്ഞിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് ഉടനെ സംഭവിക്കാന്‍ പോകുന്ന യേശുവിന്റെ കടന്നു പോകലും, ചുരുങ്ങിയ സമയത്തെക്കുള്ള അവന്റെ സാന്നിദ്ധ്യവും ആണ്. പഴയ നിയമത്തില്‍ അല്‍പസമയം എന്ന പ്രയോഗം തീവ്രമായ യുഗാന്ത്യോന്മുഖ പ്രതീക്ഷയുടെയും ആസന്നമായ ദൈവത്തിന്റെ പുതിയ യുഗത്തിന്റെയും ഇടവേളയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത് (ഏശയ്യ 10:25, 26:20, 29:17).

യേശുവിന്റെ മരണത്തിന്റെ ഫലമായി വിശ്വാസസമൂഹത്തില്‍ സംഭവിക്കാന്‍ പോകുന്ന പരിവര്‍ത്തനത്തിലേക്ക് വചനം വിരല്‍ ചൂണ്ടുന്നു. ശിഷ്യന്മാര്‍ സന്തോഷത്തിന്റെ ഒരു പുതിയ ജനമാകും. യേശുവിന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ശിഷ്യന്മാര്‍ക്ക് ഒരു പുതിയ ജന്മം ലഭിക്കുകയാണ്. ഞാന്‍ വീണ്ടും നിങ്ങളെ കാണും എന്ന യേശുവിന്റെ വാഗ്ദാനം ഉത്ഥാനത്തിനുശേഷമുള്ള പ്രത്യക്ഷീകരണമാണ് സുചിപ്പിക്കുന്നത്. ഉത്ഥാനത്തിനുശേഷമുള്ള ഈശോയുടെ പ്രത്യക്ഷീകരണം പുതിയ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്. യേശുവിന്റെ പ്രത്യക്ഷപ്പെടല്‍ മറിയത്തിന്റെ കരച്ചില്‍ നില്‍ക്കാന്‍ കാരണമാകുന്നു (യോഹ 20:16). യേശുവിന്റെ പ്രത്യക്ഷപ്പെടല്‍ ശിഷ്യന്മാരുടെ സന്തോഷത്തിനും കാരണമാകുന്നു (യോഹ 20:20). ഇന്നത്തെ തിരുവചനം നമ്മോടു രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. ഒന്നാമതായി, ക്രിസ്തുവിന്റെ സാന്നിധ്യം സങ്കടങ്ങള്‍ മാറാനും സന്തോഷം പകരാനും കാരണമാകും. രണ്ടാമതായി, വിശ്വാസത്തിനുവേണ്ടി സഹനങ്ങള്‍ എറ്റെടുക്കുന്നവരുടെ സന്തോഷം ഒന്നിനും നശിപ്പിക്കാന്‍ കഴിയില്ല.

ഒരിക്കല്‍ ഒരു അച്ചന്‍ ഒരു രോഗിക്ക് അന്ത്യകൂദാശയും വിശുദ്ധ കുര്‍ബാനയും കൊടുക്കാന്‍ പോയി. രോഗിയുടെ അസുഖം സ്‌കിന്‍ ക്യാന്‍സര്‍. ശരീരം മുഴുവന്‍ പൊട്ടിയൊലിച്ച് വല്ലാത്ത ദുര്‍ഗന്ധം വമിപ്പിക്കുവാണ്. അച്ചന്‍ വളരെ സങ്കടത്തോടെ അദ്ദേഹം കിടന്നിരുന്ന മുറിയിലേക്ക് പ്രവേശിച്ചു. അപ്പോള്‍ അച്ചന്‍ ശ്രദ്ധിച്ചു; ഭീകരമായ വേദനയുടെ നടുവിലും അദ്ദേഹത്തിന്റെ മുഖത്ത് ഒരു സങ്കടവുമില്ല, പരിഭവവുമില്ല, പരാതിയുമില്ല മറിച്ച് ഒരു പുഞ്ചിരിയാണ്. അച്ചന്‍ വിചാരിച്ചു എന്താണാവോ ഈ പുഞ്ചിരിയുടെ അര്‍ത്ഥം. അപ്പോഴാണ് അച്ചന്‍ ശ്രദ്ധിച്ചത്, ആ അപ്പച്ചന്റെ കണ്ണ് പതിഞ്ഞിരിക്കുന്നത് അച്ചന്റെ മുഖത്തല്ല ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ബൈബിള്‍ വാക്യത്തിലാണ്. ”നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു” (റോമ 8:18).

സഹനങ്ങളുടെ താഴ്വരയിലൂടെ ഏകാന്തപഥികനായി നടക്കുമ്പോഴും കുരിശിലേറി ഉത്ഥാനം ചെയ്തവന്‍ കൂടെ ഉണ്ടെന്നുള്ള ബോദ്ധ്യവും തിരിച്ചറിവുമാണ് ഒരുവനെ ഏറ്റവും നല്ല സുവിശേഷപ്രഘോഷകനാക്കുന്നത്. സഹനങ്ങളുടെ അര്‍ത്ഥം കേവലം പ്രതികരണ മുദ്രാവാക്യങ്ങളിലൂടെയും സമരമുറകളിലൂടെയും പ്രകടിപ്പിക്കുന്നവരെ ലോകം ഓര്‍മ്മയില്‍ സൂക്ഷിക്കില്ല എന്ന കാര്യം ചരിത്രം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ സഹനങ്ങളെ ശാന്തതയോടെ സ്വന്തജീവിതത്തോട് ചേര്‍ത്തുവച്ചവരൊക്കെയും കാലാന്തരത്തില്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന പാഠപുസ്തകങ്ങളായി തീര്‍ന്നു.

വിശ്വാസത്തിനുവേണ്ടി സഹനത്തിന്റെ തീച്ചൂളയിലൂടെ നടന്നവര്‍ക്കൊക്കെയും പ്രതീക്ഷ നല്‍കുന്ന ദൈവവചനമാണ് തിരുസഭാമാതാവ് നല്‍കുന്നത്. ”ആരും നിങ്ങളുടെ സന്തോഷം നിങ്ങളില്‍ നിന്ന് എടുത്ത് കളയുകയില്ല.” എന്റെ സന്തോഷങ്ങള്‍ ആരെങ്കിലും നശിപ്പിച്ചാല്‍ ഓര്‍ക്കുക ഞാന്‍ വിശ്വാസത്തില്‍ നിന്നും സഹനങ്ങളില്‍ നിന്നും മാറിനടക്കുന്നവരാണ്. സഹനങ്ങള്‍ ഇല്ലാത്ത സന്തോഷങ്ങളുടെ പുറകെ പോകുമ്പോഴാണ് അപകടങ്ങളില്‍ ചെന്ന് ചാടുന്നത്. അതിനാല്‍ ഈശോയുടെ വചനങ്ങള്‍ ശ്രവിക്കാം. അവന്‍ എപ്പോഴും കൂടെയുണ്ടെന്ന ചിന്തയില്‍ സഹനങ്ങളില്‍ പതറാതിരിക്കാം.

മനു നൂറനാനിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.