ഞായറാഴ്ച പ്രസംഗം – മാര്‍ച്ച് 26; ലോകത്തിന്റെ പ്രകാശമായ ക്രിസ്തു (യോഹ 8:12-20)

നോമ്പുകാലം 5-ാം ഞായര്‍ യോഹ 8:12-20

നോമ്പുകാലത്തിലൂടെയാണ് നാം യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ക്രിസ്തു നമ്മില്‍ നിന്ന് ഫലം അന്വേഷിച്ച് വരുന്ന കാലഘട്ടമാണ് നോമ്പുകാലം. നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ വളവും, ജലവും പോലെതന്നെ സസ്യങ്ങള്‍ക്ക് ആവശ്യമായ ഒന്നാണ് സൂര്യപ്രകാശം. നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുക എന്ന ആഹ്വാനത്തോടെയാണ് ക്രിസ്തു ഇന്ന് ലോകത്തിന്റെ പ്രകാശമായി തന്നെത്തന്നെ പരിചയപ്പെടുത്തുന്നത്.

ജെറുസലേം ദേവാലയത്തില്‍ വച്ച് ഒരു കൂടാരത്തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്തുവിന്റെ ഈ പ്രസ്താവന. നമ്മുടെ നാട്ടിലെ ദീപാവലി ദിവസവുമായി സാമ്യമുള്ള തിരുന്നാളാണ് കൂടാരത്തിരുനാള്‍. പ്രകാശവര്‍ണ്ണമായ നഗരത്തില്‍ നിന്നുകൊണ്ട് ക്രിസ്തു പഠിപ്പിക്കുന്നു. ഞാനാണ് ലോകത്തിന്റെ പ്രകാശം.

ഇസ്രായേല്‍ക്കാര്‍ കൂടാരത്തിരുനാള്‍ ആഘോഷിക്കുക ജെറുസലേം ദേവാലയത്തിന്റെ ചുറ്റും കൂടാരങ്ങള്‍ തീര്‍ത്തുകൊണ്ടാണ്. മരുഭൂമിയില്‍ ഞങ്ങള്‍ കൂടാരങ്ങളിലായിരുന്നു വസിച്ചിരുന്നത് എന്നതിനെ ഓര്‍മ്മപ്പെടുത്താനാണിത്. ദേവാലയത്തിലെ വലിയ നാല് ദീപങ്ങള്‍ തെളിയിക്കുന്നതും ഈ തിരുനാളിന്റെ മറ്റൊരു പ്രത്യേകതയാണ്. തിരുന്നാളിന്റെ അവസാനം കൂടാരം കെട്ടാനുപയോഗിച്ച കമ്പുകളെല്ലാം അവര്‍ കൂട്ടിയിട്ട് കത്തിക്കും. ഇങ്ങനെ ദേവാലയത്തിലെ ദീപം തെളിഞ്ഞ, കൂടാരത്തിന്റെ കമ്പുകള്‍ കത്തിയമരുന്ന ഒരു സുന്ദര സായാഹ്നത്തിലെ ആ അഗ്നിയെ നോക്കിയാണ് ക്രിസ്തു പറഞ്ഞു വച്ചത്: ”ഞാനാണ് ലോകത്തിന്റെ പ്രകാശം.”

കെട്ടുപോകുന്ന അഗ്നിപോലെയല്ല, മറിച്ച് യഥാര്‍ത്ഥമായ പ്രകാശമാണ് ഞാനെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. മലയാളത്തിലെ പ്രശസ്തമായൊരു കവിതാശകലം നമ്മെ ഇപ്രകാരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്; ‘വെളിച്ചം ദു:ഖമാണുണ്ണി, തമസല്ലൊ സുഖപ്രദം’. ലോകത്തിന്റെ ദുഷ്ടതകള്‍ കണ്ട കവി ഒരുപക്ഷെ ഒഴുക്കിനൊപ്പം നീങ്ങുകയെന്ന മനുഷ്യന്റെ നിസ്സഹായതയെ ഓര്‍മ്മപ്പെടുത്തുന്നതാകാം. എന്നാല്‍ ക്രിസ്തു പറയും ”എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല എന്ന്.” ലോകത്തിന്റെ പ്രലോഭനങ്ങളിലേക്ക് കൂപ്പുകുത്തി, ഇരുട്ടില്‍ തപ്പിതടയാതെ ക്രിസ്തുവിനെ അനുഗമിച്ച് പ്രകാശത്തിലായിരിക്കുക എന്നതാണ് വചനം നമുക്ക് തരുന്ന സന്ദേശം.

വിശുദ്ധ ഗ്രന്ഥത്തിലെ ക്രിസ്തുവിന്റെ ഈ പ്രസ്താവന അവന്റെ ഒരുപാട് പ്രവര്‍ത്തികളുടെ തുടര്‍ച്ച മാത്രമാണ്. ക്രിസ്തുവിന്റെ ജനന സമയത്ത് പ്രകാശമായി നക്ഷത്രമുദിക്കുന്നതും, ക്രിസ്തുവിനെ കൈയിലെടുത്ത് ശിമായാന്‍ ഇവന്‍ വീജാതീയര്‍ക്ക് വെളിപാടിന്റെ പ്രകാശമായിരിക്കും എന്ന് പ്രഖ്യാപിക്കുന്നതും, ക്രിസ്തു അനേകം അന്ധരെ സുഖപ്പെടുത്തുന്നതും എല്ലാം നാം ഇന്നത്തെ വചന ഭാഗത്തോട് ചേര്‍ത്തു വച്ച് വായിച്ചെടുക്കേണ്ട സത്യങ്ങളാണ്. ക്രിസ്തുവിന്റെ മരണ സമയത്ത് ഭൂമിമുഴുവന്‍ അന്ധകാരം വ്യാപിച്ചതും, അവനെ കുന്തം കൊണ്ട് കുത്തിയവന്റെ പോലും കണ്ണിന് കാഴ്ച ലഭിച്ചതും ക്രിസ്തു പ്രകാശമാണെന്ന സത്യത്തെ കൂടുതല്‍ വ്യക്തതയുള്ളതാക്കുന്നു.

ടി. പത്മനാഭന്‍ തന്റെ ആത്മകഥയില്‍ യാത്ര കഴിഞ്ഞ് വരുന്ന താന്‍ ഒറ്റക്ക് തിരിച്ച് ഭവനത്തിലേക്ക് വരുമ്പോള്‍ തട്ടിവീഴാതിരിക്കാന്‍ വഴി മുഴുവന്‍ മണ്‍ചിരാവ് തെളിച്ച് വച്ച് കാത്തിരിക്കുന്ന അമ്മയുടെ ചിത്രം വിവരിക്കുന്നുണ്ട്. ക്രിസ്തു അങ്ങനെ തന്നെയാണ് ചെയ്യുന്നതെന്ന് നമുക്ക് പറയാം. നമ്മളും ലോകത്തിന്റെ- പാപത്തിന്റെ അന്ധകാരത്തില്‍ വീണ് പോകാതിരിക്കാന്‍ ക്രിസ്തു പ്രകാശമായി നമ്മുടെയുള്ളിലും നമുക്ക് ചുറ്റും വ്യാപരിക്കുന്നു.

വിശുദ്ധ അഗസ്തിനോസിന്റെ ജീവിതത്തിലും വലിയ മാനസാന്തരത്തിന് കാരണമായ ചിന്ത ക്രിസ്തു പ്രകാശമാണ് എന്ന തിരിച്ചറിവാണ്. ”രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു അതിനാല്‍ പകലിന് യോജിച്ച വിധം നമുക്ക് പെരുമാറാം.” ഈ വചനമാണ് അഗസ്തിനോസിനെ വിശുദ്ധ അഗസ്തിനോസാക്കി മാറ്റിയത്.

നമ്മിലും ക്രിസ്തു എന്റെ ജീവിതത്തിന്റെ പ്രകാശമാണെന്ന ചിന്ത, നമ്മെ വലിയ മാനസാന്തത്തിലേക്കും, വിശുദ്ധിയിലേക്കും നയിക്കട്ടെ. വലിയ മാനസാന്തരം സംഭവിക്കേണ്ട കാലഘട്ടമാണല്ലോ നോമ്പുകാലം, അതിനാല്‍ നമ്മിലെ അന്ധകാരം അകന്നു പോകത്തക്കവിധം, ക്രിസ്തുവിന്റെ പ്രകാശം എന്നില്‍ വീശുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആഗ്രഹിക്കാം. ഈ നോമ്പുകാലത്തില്‍ ക്രിസ്തുവിന്റെ വചനങ്ങള്‍ അനുസരിച്ച് നമുക്ക് നമ്മുടെ ജീവിതങ്ങളെ ക്രമപ്പെടുത്താം. സങ്കീര്‍ത്തനം പഠിപ്പിക്കുന്നത് പോലെ ”വചനം എന്റെ പാദങ്ങള്‍ക്ക് വിളക്കും, പാതയില്‍ പ്രകാശവുമായിരിക്കട്ടെ.” ക്രിസ്തുവിന്റെ പ്രകാശത്തില്‍ സഞ്ചരിക്കാനുള്ള അനുഗ്രഹം യാചിച്ചു കൊണ്ട് ഓരോ നിമിഷവും ജീവിക്കാം.

ദീപക് ജോസഫ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.