ഞായറാഴ്ച പ്രസംഗം – മാര്‍ച്ച് 12; സന്തോഷിക്കാന്‍ ശുശ്രൂഷിക്കുക (മത്തായി 20:17-28)

നോമ്പുകാലം 3-ാം ഞായര്‍ മത്തായി 20:17-28

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചന ദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും വന്നവനാണ് ക്രിസ്തു. മോചനദ്രവ്യമാകുവാന്‍ ജറുസലേമിലേക്കുള്ള യാത്ര. യാത്രക്കിടയില്‍ സ്വന്തം പീഢാനുഭവത്തെക്കുറിച്ച് മൂന്നാമതായി ഒരു പങ്കുവയ്പ്പ് കൂടി നടത്തി. ഇത് കേട്ടോ, കേള്‍ക്കാതെയോ സെബദിപുത്രന്മാര്‍ അമ്മയെയും കൂട്ടി ഇടതും വലതും സ്ഥാനം അന്വേഷിക്കുന്നു. ഉള്ളില്‍ അമര്‍ഷം കൊള്ളുന്ന ബാക്കി 10 പേര്‍. ഇവരുടെ മധ്യേനിന്ന് ‘ജീവിതം ശുശ്രൂഷയാക്കാമോ’ എന്ന് ക്രിസ്തു ചോദിക്കാതെ ചോദിക്കുകയാണ്.

ശുശ്രൂഷകള്‍ എന്നും ബഹുമാനിക്കപ്പെടുന്നു. അത് ഏത് കാലത്തും മഹത്വമുള്ളതായി നാം കാണപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ശുശ്രൂഷ സ്‌നേഹത്തിന്റെ പ്രവര്‍ത്തിയാണ്. സ്‌നേഹം കര്‍മ്മ ധരിക്കുമ്പോള്‍ അത് ശുശ്രൂഷയാകുന്നു. അപ്പോള്‍ ശുശ്രൂഷിക്കുകയെന്നാല്‍ സ്‌നേഹിക്കുക എന്നര്‍ത്ഥം. മറിച്ചുചിന്തിച്ചാല്‍ സ്‌നേഹിക്കുകയെന്നാല്‍ ശുശ്രൂഷിക്കുകയെന്നര്‍ത്ഥം.

സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയ ദാസനായി ഭൂമിയില്‍ വന്നു. ഭാവങ്ങളും മേന്മകളും സ്വന്തമാക്കാതെ ഭൂമിയില്‍ ചെയ്തത് ശുശ്രൂഷകള്‍ മാത്രം. എന്നിട്ടും അവന്‍ ദൈവമായി, ഏറ്റവും വലിയവനായി അന്നും ഇന്നും എന്നും തുടരുന്നു. അത് ശുശ്രൂഷയിലൂടെയാണ് അവന്‍ സാധ്യമാക്കിയത്.
ക്രിസ്തുവിന്റെ ഈ ശുശ്രൂഷയുടെ ഭാവങ്ങള്‍ വിവിധങ്ങളാണ്. അവയെ തങ്ങളുടെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടവരാണ് ലോകത്തില്‍ കാണപ്പെടുന്ന വിശുദ്ധരായ മഹത്‌വ്യക്തികള്‍. അള്‍ത്താരയില്‍ വണങ്ങുന്ന എല്ലാ വിശുദ്ധരും ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ഭാവങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ കെട്ടിപ്പടുത്തവനാണ്.

എന്നും ഒരു ഓര്‍മ്മയായി തീരുവാന്‍ ക്രിസ്തു നല്‍കിയ മാര്‍ഗ്ഗവും ഈ ശുശ്രൂഷ തന്നെ. അന്ത്യത്താഴത്തില്‍ ഒരു കാല്‍കഴുകല്‍ ശുശ്രൂഷ, ഒടുവിലായി ഒരു അപ്പം മുറിക്കല്‍ ശുശ്രൂഷ. ശുശ്രൂഷയിലൂടെ നമുക്ക് മാതൃകയായവന്‍ ഓര്‍മ്മയായ് എന്നും നിത്യവും നമ്മോടുകൂടെ വിശുദ്ധ കുര്‍ബാനയായ് വസിക്കുന്നു എന്നത് ഓരോ ക്രൈസ്തവന്റെയും ബലമാണ്. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും തളരാതിരിക്കാന്‍ അവനോട് ചേര്‍ത്ത് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ നമുക്ക് സാധിക്കണം.

ഇനിയെന്റെ ഊഴം. എന്റെ ജീവിതം ശുശ്രൂഷയാക്കാമോ? കുടുംബത്തില്‍ അപ്പന്‍ അമ്മയെയും അമ്മ അപ്പനെയും മാതാപിതാക്കള്‍ മക്കളെയും മക്കള്‍ മാതാപിതാക്കളെയും അയല്‍പ്പക്കക്കാര്‍ പരസ്പരവും ശുശ്രൂഷിക്കാന്‍ തുടങ്ങിയാല്‍, അധ്യാപകന്‍ കുട്ടികളെയും കുട്ടികള്‍ മുതിര്‍ന്നവരെയും നേതാക്കന്മാര്‍ സമൂഹത്തെയും രാഷ്ട്രത്തെയും ശുശ്രൂഷിക്കാന്‍ തുടങ്ങിയാല്‍ ഈ ജീവിതം എത്ര സുന്ദരമാകും. ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം വിരിയും. ഭൂമിയില്‍ സ്വര്‍ഗ്ഗം വിരിയിക്കുക എന്നത് ഒരു ക്രിസ്തു ശിഷ്യന്റെ ജീവിത ദൗത്യമാണ്. ഈ ദൗത്യത്തിന്റെ ആദ്യപടി ശുശ്രൂഷയാണ്. അതിനാല്‍ നമ്മുടെ പ്രവര്‍ത്തികള്‍ ശുശ്രൂഷയാണ്. അത് നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവും സ്‌നേഹപരവുമായിരിക്കണം.

നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ പ്രവര്‍ത്തിച്ചും, ചെയ്തും കൂട്ടുന്നു. സംഘടിച്ചു ചേരുന്നു, പറഞ്ഞു തീര്‍ക്കുന്നു. ശരിയാണ് എല്ലാവരും ഒത്തിരി ചെയ്യുന്നുണ്ട്. പ്രഭാതം മുതല്‍ പ്രദോഷം വരെയും ചിലര്‍ ഒത്തിരി കാര്യങ്ങള്‍ തന്നെ ചെയ്യുന്നു. ചിലര്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുന്നു. സന്തോഷമുണ്ടോ? സംതൃപ്തിയുണ്ടോ? ആനന്ദം ഉണ്ടോ? ചെയ്യുന്നതെല്ലാം ശുശ്രൂഷയാക്കിയാല്‍ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും സ്വന്തമായി ഉണ്ടാകും. അവിടെയാണ് ജീവിതത്തിന്റെ വലിപ്പവും മഹത്വവും തിരിച്ചറിയുവാന്‍ കഴിയുക. അതിനാല്‍ ജീവിതം ശുശ്രൂഷയാക്കാം. സ്‌നേഹം കര്‍മ്മം ധരിക്കുന്ന ശുശ്രൂഷകള്‍ ചെയ്യാം. എല്ലാം ശുശ്രൂഷ വഴി സ്‌നേഹപൂര്‍വ്വമാകട്ടെ. ജീവിതം സുന്ദരമാകാന്‍ ‘ശുശ്രൂഷകനായി വന്ന ക്രിസ്തുവേ’ എന്നെയും ഒരു ശുശ്രൂഷകനാക്കണമെയെന്ന് പ്രാര്‍ത്ഥിക്കാം.

വിന്‍സന്റ് ഇടക്കരോട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.