ഞായറാഴ്ച പ്രസംഗം – ജനുവരി 7; തിരുവെഴുത്ത് (ലൂക്കാ 4:16-22)

ദനഹാ ഒന്നാം ഞായര്‍ ലൂക്കാ 4:16-22

പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്നു കെവിന്‍ കാര്‍ട്ടര്‍ക്ക് Pulitzer Award നേടിക്കൊടുത്തത് സുഡാനിലെ പട്ടിണി കിടന്ന ബാലനെക്കുറിച്ചുള്ള ചിത്രമായിരുന്നു. പട്ടിണി കിടന്ന് എല്ലും തോലുമായ അവനെ ഭക്ഷണമാക്കാന്‍ കാത്തിരിക്കുന്ന ഒരു കഴുകന്റെ ഈ ചിത്രം കെവിന്‍ കാര്‍ട്ടറെ വളരെ പ്രശസ്തനാക്കി. പക്ഷേ തന്റെ മുമ്പില്‍ ജീവന് വേണ്ടി കേഴുന്നത് ഒരു മനുഷ്യജീവനാണെന്ന് കാണാന്‍ കെവിന്‍ കാട്ടര്‍ പരാജയപ്പെട്ടുപോയി. നമ്മുടെ യൊക്കെ ജീവിതത്തിലെ ചില അന്ധതകള്‍ മറ്റാനായില്ലെങ്കില്‍ ജീവിതത്തില്‍ ചില പ്രകാശങ്ങള്‍ ഇനിയും ഉദയം ചെയ്യുകയില്ല.

ദനഹാക്കാലം 1-ാം ഞായറാഴ്ചയിലാണ് നമ്മള്‍. ഇന്ന് സഭാ മാതാവ് വചനവിചിന്തനത്തിനായി നല്‍കുക ലൂക്കായുടെ സുവിശേഷം 4-ാം അധ്യായം 16 മുതല്‍ 22 വരെയുള്ള വചനങ്ങളാണ് ഇവിടെ യേശു പ്രഖ്യാപിക്കുക 3 ദൗത്യങ്ങളാണ്.

1. ദരിദ്രരെ സുവിശേഷം അറിയിക്കുക
2. അന്ധര്‍ക്ക് കാഴ്ച നല്‍കുക.
3. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക.

ദൈവത്തിന്റെ പ്രവാചക സന്ദേശം അറിയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് നമ്മള്‍ ഓരോരുത്തരും. നിരന്തരം കണ്ടുമുട്ടുന്ന മുഖഭാവങ്ങളായിരിക്കും ദൈവികസാന്നിധ്യം നിറഞ്ഞുനില്‍ക്കുക. നമ്മള്‍ നോക്കാന്‍ മടിക്കുന്ന മുഖങ്ങളില്‍ ദൈവസാന്നിധ്യം കണ്ടറിഞ്ഞ മദര്‍തെരേസ ഇന്ന് ദൈവപ്രഭ ലോകത്തിലേക്ക് ചൊരിയുന്ന ഒരു വിശുദ്ധയാണ്. മറ്റുള്ളവരുടെ മുഖത്ത് ദൈവിക പ്രഭ ദര്‍ശിക്കാന്‍ നമുക്കാവണം. ദൈവം എന്നെ തിരഞ്ഞെടുത്തിരിക്കുന്നത് തന്റെ ശിഷ്യഗണത്തിലേക്കാണ്. അവിടെ ജാതിമത വ്യത്യാസമില്ല, നിറവ്യത്യാസങ്ങളില്ല, പണ്ഡിതനെന്നോ, പാമരനെന്നോ ഇല്ല. എല്ലാവരും ”പ്രസംഗിക്കാനും, പിശാചുക്കളെ ബഹിഷ്‌ക്കരിക്കാനും, തന്നോടുകൂടി ആയിരിക്കാനും ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

അവഗണിക്കപ്പെട്ടവന്റെ ഉള്ളിലും ഒരു ദൈവഭാവമുണ്ട്. അതിനെ തിരിച്ചറിയാന്‍ ആയാലേ ദൈവത്തെ തിരിച്ചറിയാനാവൂ എന്ന് നാമറിയണം. ക്രിസ്തുവിന് അത് സാധിച്ചു. അതുകൊണ്ടാണ് ചുങ്കക്കാരനായ മത്തായിയെയും, സക്കേവൂസിനെയും വ്യഭിചാരിണിയെയും എല്ലാം നേരായ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ അവനായത്.

ഒരുപക്ഷേ സമൂഹം ഉപേക്ഷിച്ചവരായിരിക്കും തന്റെ പ്രവാചക ദൗത്യത്തിനായി ദൈവം തിരഞ്ഞെടുക്കുക. Michael Angelo എല്ലാവരും ഉപേക്ഷിച്ച ഒരു Marble കഷണത്തില്‍ നിന്ന് ഒരു മാലാഖയെ മെനെഞ്ഞെടുത്തു. ക്രിസ്തുവിന്റെ മുഖം നമ്മുടെ ഹൃദയത്തില്‍ എന്ന് കൊത്തിയെടുക്കാനാകുന്നുവോ അന്ന് നീയും പ്രവാചകനായി മാറും.

ദൈവിക തിരഞ്ഞെടുപ്പുകള്‍ എപ്പോഴും പ്രത്യേക ലക്ഷ്യത്തോടെയാണ്. നന്മകള്‍ ഉണ്ടാകും എന്നു വലിയ പ്രതീക്ഷയോടെയാണ് ദൈവം ഓരോ തിരഞ്ഞെടുപ്പും നടത്തുന്നത്. ദൈവിക തിരഞ്ഞെടുപ്പുകളുടെ മാനദണ്ഡം മനുഷ്യനോടുള്ള സ്‌നേഹവും കരുണയുമാണ്. എന്നാല്‍ മനുഷ്യന്റെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളോടുകൂടിയുമാണ്. അതുകൊണ്ടാണ് ക്രിസ്തു സ്വദേശത്ത് അവഗണിക്കപ്പെടുക. സ്‌നേഹമുള്ളവരേ, ഓരോ തിരഞ്ഞെടുപ്പും മറ്റുള്ളവരുടെ നന്മയ്ക്കായി ഉള്ളതാവട്ടെ.

നമ്മുടെ ഹൃദയത്തിലെ സ്വര്‍ഗ്ഗീയ സാന്നിധ്യ മായിരിക്കാം ശരിയായ തിരഞ്ഞെടുപ്പിന് നമ്മെ സഹായിക്കുക. ‘വിവാഹജീവിതത്തിലേക്കും സന്യസ്തജീവിതത്തിലേക്കും ഉള്ള തിരഞ്ഞെടുപ്പുകള്‍ ദൈവത്തിന്റെ ‘കൈയ്യൊപ്പാകണം’ എന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നു. മറ്റുള്ളവരുടെ നന്മകളെ ആഗ്രഹിച്ചുകൊണ്ട് അവര്‍ക്കായി നന്മചെയ്യാനുള്ള നല്ല അനുഗ്രഹത്തോടെ നമുക്ക് നല്ല പ്രവാചകരായി മാറാം.

ജോര്‍ജ് മഠത്തിക്കണ്ടം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.