ഞായർ പ്രസംഗം, ദനഹാക്കാലം ഒന്നാം ഞായർ ജനുവരി 02 യോഹ. 1: 43-51 ദൂരക്കാഴ്ചയും നേര്‍ക്കാഴ്ചയും

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരീ-സഹോദരന്മാരേ,

ദൂരക്കാഴ്ചയും നേര്‍ക്കാഴ്ചയും നമുക്കെല്ലാവര്‍ക്കും പരിചിതമായ രണ്ട് പദപ്രയോഗങ്ങളാണ്. ദൂരക്കാഴ്ചയെന്നാല്‍ അല്‍പം ദൂരെയുള്ളതും അവ്യക്തത നിറഞ്ഞതുമായ കാഴ്ചയാണ്. നേര്‍ക്കാഴ്ച, നേരിട്ടുള്ളതും വ്യക്തത നിറഞ്ഞതുമായ കാഴ്ചയാണ്. വെറും ദൂരക്കാഴ്ച മാത്രമായിരുന്ന ദൈവികമഹത്വം മിശിഹായിലൂടെ ഒരു നേര്‍ക്കാഴ്ചാ അനുഭവമായി വെളിപ്പെട്ടു കിട്ടിയതിനെ അനുസ്മരിക്കുന്ന ഒരു പുതിയ കാലഘട്ടത്തിലേക്കാണ് നാം ഇന്ന് പ്രവേശിക്കുന്നത്, ദനഹാക്കാലം. ദനഹാ എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥം വെളിപ്പെടുത്തല്‍ എന്നു തന്നെയാണ്. ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന സ്‌നാപകന്റെ വെളിപ്പെടുത്തല്‍ സ്വീകരിച്ച് യേശുവിനെ നേര്‍ക്കാഴ്ച അനുഭവം സ്വന്തമാക്കിയ ആദ്യ ശിഷ്യന്മാര്‍ മറ്റുള്ളവരെയും ഈ നേര്‍ക്കാഴ്ചാ അനുഭവം സ്വന്തമാക്കാന്‍ ക്ഷണിക്കുന്നതാണ് ഇന്നത്തെ സുവിശേഷ പശ്ചാത്തലം.

അന്വേഷിക്കുവിന്‍ കണ്ടെത്തും എന്ന തിരുവചനത്തിന്റെ മറവില്‍ മോശയുടെ നിയമത്തിലും പ്രവാചകന്മാരുടെ ഗ്രന്ഥത്തിലും വെറും ദൂരക്കാഴ്ച മാത്രമായി ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകന്‍, നസ്രത്തില്‍ നിന്നുള്ള യേശുവിനെപ്പറ്റി തന്റെ ആത്മമിത്രമായ പീലിപ്പോസിനൊപ്പം ഒരു നേര്‍ക്കാഴ്ച സ്വായത്തമാക്കാന്‍ പരിശ്രമിക്കുന്ന നഥാനിയേലിനെയാണ് ഇന്ന് തിരുസഭ വചനവിചിന്തനത്തിനായി നല്‍കിയിരിക്കുന്നത്.

ആരാണ് നഥാനിയേല്‍ എന്നു ചോദിച്ചാല്‍, അത്തിമരച്ചുവട്ടിലായിരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടുവെന്ന് നസ്രായന്‍ പറഞ്ഞ നിഷ്‌കപടനായ ഒരു ഇസ്രായേല്‍ക്കാരനാണ് നഥാനിയേല്‍ എന്ന് യോഹന്നാന്‍ സുവിശേഷകന്‍ പഠിപ്പിക്കും. യേശുവിന്റെ ജ്ഞാനസ്‌നാനത്തിന്റെ മൂന്നാം നാള്‍ അപ്പസ്‌തോലഗണത്തിലേക്കു വിളി ലഭിച്ച ബര്‍ത്തലോമിയോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നവനാണ് നഥാനിയേല്‍ എന്ന് സുവിശേഷഭാഷ്യങ്ങളില്‍ സുവിശേഷപണ്ഡിതന്മാര്‍ പറഞ്ഞുതരും.

ഈ നഥാനിയേലിന്റെ ജീവിതം ദൂരക്കാഴ്ചയില്‍ നിന്ന് നേര്‍ക്കാഴ്ചയിലേക്കുള്ള ഒരു യാത്രയാണ്. എങ്ങനെയാണ് നഥാനിയേല്‍ ദൂരക്കാഴ്ചയില്‍ നിന്ന് നേര്‍ക്കാഴ്ചാ അനുഭവം സ്വന്തമാക്കിയത് എന്നു ചോദിച്ചാല്‍ ഒന്നാമതായി, നഥാനിയേല്‍ വചനമായ മിശിഹായെ കാത്തിരുന്നവനായിരുന്നു. രണ്ടാമതായി, നഥാനിയേല്‍ നിഷ്കപട ഹൃദയമുള്ളവനായിരുന്നു.

ഒന്നാമതായി, നഥാനിയേല്‍ വചനമായ മിശിഹായെ കാത്തിരുന്നവനായിരുന്നു. നഥാനിയേല്‍ അത്തിമരച്ചുവട്ടില്‍ ഇരിക്കുന്നത് നസ്രായന്‍ കണ്ടുവെന്നാണ് വചനം സാക്ഷ്യപ്പെടുത്തുന്നത്. യഹൂദാ പാരമ്പര്യമനുസരിച്ച് അത്തിമരച്ചുവട് വചനം പഠിക്കുന്ന പാഠശാലയാണ്. അത്തിമരച്ചുവട്ടിലിരുന്ന നഥാനിയേല്‍ വചനമായ മിശിഹായെ മനസിലാക്കിയവനും കാത്തിരുന്നവനുമായിരുന്നു.

ബെത്‌ലഹേം – എഫ്രാത്ത യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ നിന്നു പുറപ്പെടും. അവന്‍ പണ്ടേ യുഗങ്ങള്‍ക്കു മുമ്പേ ഉള്ളവനാണ് എന്ന മിക്കാ പ്രവാചകന്റെ പ്രവചനത്തില്‍ നിന്നും ബെത്‌ലഹേമില്‍ ജനിക്കാനിരിക്കുന്ന ലോകരക്ഷകനെക്കുറിച്ച് നഥാനിയേല്‍ അറിഞ്ഞതിനാലാവും യേശു നസ്രത്തില്‍ നിന്നുള്ളവന്‍ എന്ന പീലിപ്പോസിന്റെ വാക്കുകള്‍ നഥാനിയേലില്‍ ആശ്ചര്യം ജനിപ്പിച്ചത്. പഴയനിയമ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടില്ലാത്ത ചെറിയ ഒരു ഗ്രാമമായ നസ്രത്തിനെ പരിചയമുള്ള ഏവര്‍ക്കും ഇതൊരു ആശ്ചര്യം തന്നെയാണ്. വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെല്ലാം ദൈവം തിരഞ്ഞെടുക്കുമെന്ന് നഥാനിയേല്‍ വിശ്വസിച്ചിരിക്കണം. അതിനാലാണ് വന്നു കാണുക എന്ന പീലിപ്പോസിന്റെ ക്ഷണം നിരസിക്കാതെ ചെന്നുകണ്ടത്. ദൂരക്കാഴ്ചയില്‍ നിന്നും നേര്‍ക്കാഴ്ച സ്വന്തമാക്കാന്‍ വചനമായ മിശിഹായെ മനസിലാക്കണം. അതിനായി വചനം വായിക്കണം, പഠിക്കണം, വചനമായ മിശിഹായെ കാത്തിരിക്കണം.

രണ്ടാമതായി, നഥാനിയേല്‍ നിഷ്‌കപട ഹൃദയമുള്ളവനായിരുന്നു. ഈശോ നഥാനിയേലിനെ വിളിച്ചത് കാപട്യമില്ലാത്ത ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍ എന്നാണ്. പൂര്‍വ്വപിതാവായ യാക്കോബിന്റെ കപടത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്തവന്‍ എന്ന് അര്‍ത്ഥം. ഒരു ഈശ്വരവിശ്വാസി കാപട്യമില്ലാത്തവനായിരിക്കണം. അവനേ ദൈവത്തെ കാണാന്‍ സാധിക്കുകയുള്ളൂ (മത്തായി 5:8). ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.

വി. പാസ്‌കല്‍ പെയ്‌പോണ്‍ ഇപ്രകാരം പറയും: “ദൈവതിരുമുമ്പില്‍ നിങ്ങളുടെ ഹൃദയം ശിശുവിന്റേതു പോലെയാവണം.” നഥാനിയേലിന്റെ ഹൃദയവിശുദ്ധി അവന് ദൈവത്തെ കാണാന്‍ വഴി തെളിച്ചു. നഥാനിയേലിന്റെ ജീവിതം പറഞ്ഞുതരും, പരിശുദ്ധനായ ദൈവത്തെ കണ്ടുമുട്ടാന്‍ നിഷ്‌കപട ഹൃദയമുള്ളവനായിരിക്കണം. നിഷ്‌കപട ഹൃദയനായ നഥാനിയേല്‍ രക്ഷകനെ കണ്ടെത്തിയപ്പോള്‍ പറഞ്ഞു: “നീ ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.” ഇതിനു പ്രതിഫലമായി നഥാനിയേലിനെ അനുഗ്രഹിച്ച് അവിടുന്ന് പറഞ്ഞു: “സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ മനുഷ്യപുത്രന്റെ മേല്‍ കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.” ഈ സംഭവം കര്‍ത്താവിന്റെ യഥാര്‍ത്ഥ മഹത്വത്തെ സൂചിപ്പിക്കുന്നതായി തെയദോര്‍ പഠിപ്പിക്കുന്നു. ഈ വാക്കുകളിലൂടെ ഈശോ മാലാഖമാരുടെയും കര്‍ത്താവാണെന്ന് ഈശോ തന്നെ പഠിപ്പിക്കുന്നതായി വി. ജോണ്‍ ക്രിസോസ്‌തോം പറയുന്നു. യേശുവിനെപ്പറ്റി വെറും ഉപരിപ്ലവമായ അറിവ് മാത്രമുണ്ടായിരുന്ന നഥാനിയേല്‍ യേശുവിനെ നേരില്‍ കണ്ടതിനു ശേഷം ആഴമായ അറിവ് സ്വന്തമാക്കുന്നതായി വചനം സാക്ഷ്യപ്പെടുത്തുന്നു.

നഥാനിയേല്‍ കാണുമെന്ന് ഈശോ സൂചിപ്പിച്ച ദൈവികമഹത്വം പ്രതിരൂപാത്മകമായി പഴയനിയമത്തില്‍ ഇസ്രായേല്‍ ദര്‍ശിച്ചു. അതിനുള്ള ഉത്തമോദാഹരണമാണ് ദൈവത്തിന്റെ മഹത്വം ഭാഗീകമായി മോശക്ക് ദര്‍ശിക്കാന്‍ സാധിച്ചത്. ജനത്തിന്റെ ഇടയില്‍ വസിക്കുന്ന ഈ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചാണ് സെഫാനിയ പ്രവാചകന്‍ പ്രവചിക്കുന്നത്. ഈ ദൈവത്തിന്റെ മഹത്വത്തിന് ദൃക്‌സാക്ഷികളാണ് തങ്ങളെന്നു പ്രഖ്യാപിക്കുന്ന പത്രോസ് ശ്ലീഹായുടെ വാക്കുകളാണ് ലേഖനഭാഗത്ത് നമ്മള്‍ ശ്രവിച്ചത്.

അപരന്റെ ഉള്ളിലെ ദൈവികസാന്നിധ്യത്തെ തിരിച്ചറിയാനും കൂടെ വസിക്കുന്ന കൂടെപ്പിറപ്പുകളില്‍, കണ്ടുമുട്ടുന്ന കൂട്ടുകാരില്‍ ദൈവത്തിന്റെ മഹത്വം ഒരു നേര്‍ക്കാഴ്ചയായി അനുഭവിക്കാനുള്ള ഒരു ക്ഷണമാണ് ഈ ദനഹാക്കാലം. ലെവീനാസ് എന്ന തത്വചിന്തകന്‍ പറയും: “അപരന്‍ ദൈവമാണ്. അപരന്റെയുള്ളിലെ ദൈവികസാന്നിധ്യം തിരിച്ചറിയാന്‍ നമുക്ക് കഴിയണം.” വിശുദ്ധര്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചവരാണ്. കൊല്‍ക്കത്തയുടെ തെരുവികളില്‍ അലയുന്നവരില്‍ വി. മദര്‍ തെരേസക്ക് ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ സാധിച്ചു. അപരനില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ സാധിച്ചതിനാലാണ് മൊറോക്കോ ദ്വീപിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ നിന്ന് ഒരു വിശുദ്ധനുണ്ടായത് – വി. ഡാമിയാന്‍.

നമ്മുടെയൊക്കെ കുടുംബങ്ങളില്‍ ദൈവത്തിന്റെ മഹത്വം ദര്‍ശിക്കാന്‍ സാധിച്ചാല്‍ പല കുടുംബകലഹങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും അറുതി വരും. വീടുകളില്‍ വിട്ടുവീഴ്ചകള്‍ക്ക് വഴി തെളിയും. അതു കണ്ട് വളരുന്ന കുട്ടികള്‍ മൂല്യബോധമുള്ളവരാകും. കാരണം. പരിശുദ്ധ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കു ന്നു: “കുടുംബമാണ് വിശ്വാസപരിശീലനത്തിന്റെ കളരി.”

ഇന്ന് ക്രിസ്തു സ്വയം വെളിപ്പെടുത്തുന്നത് സഭയിലൂടെയും കൂദാശകളിലൂടെയുമാണ്. അള്‍ത്താരയില്‍ ക്രിസ്തു സ്വയം പകുത്തു നല്‍കുമ്പോള്‍ അത് ഒരു ദൂരക്കാഴ്ചയല്ല മറിച്ച് നേര്‍ക്കാഴ്ചയാണ്. അള്‍ത്താരയില്‍ നിന്നും അപ്പം ഭക്ഷിച്ച് അടുക്കളയിലേക്കും ജീവിതത്തിന്റെ വിവിധ ഉള്‍ത്താരകളിലേക്കും നടന്നുനീങ്ങുമ്പോള്‍ ക്രിസ്തു തരുന്ന നേര്‍ക്കാഴ്ച നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. അതിനായി നഥാനിയേലിനെപ്പോലെ നിഷ്‌കപട ഹൃദയത്തോടെ വചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നവരാകാം. അങ്ങനെ ദൈവത്തെ കണ്ടുമുട്ടുന്നവരാകാന്‍ നമുക്കും സാധിക്കട്ടെ.

സര്‍വ്വശക്തനായ തമ്പുരാന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് ജെ. ആര്യപ്പള്ളില്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.