ഞായര്‍ പ്രസംഗം കൈത്താക്കാലം അഞ്ചാം ഞായര്‍ ആഗസ്റ്റ് 08 ലൂക്കാ 16: 19-31 ധനവാനും ലാസറും

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരെ, ഈ ഭൂമിയില്‍ ധനികനായിരുന്നിട്ടും സ്വര്‍ഗത്തില്‍ തനിക്കായി നിക്ഷേപം കണ്ടെത്താന്‍ കഴിയാതെ പോയ ഒരു ധനവാന്റെയും, ദരിദ്രനായിരുന്നിട്ടും ബാങ്കുകളായ ബാങ്കുകളിലൊന്നും ഫിക്‌സഡ് ഡിപ്പോസിറ്റുകളില്ലാതിരുന്നിട്ടും സ്വര്‍ഗത്തില്‍ തനിക്കായൊരു ഇടം കണ്ടെത്തിയ ലാസറിന്റെയും ഇഹ-പര ലോകജീവിതത്തെ ഇന്ന് നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ പങ്കുവയ്ക്കപ്പെടേണ്ട ക്രിസ്ത്യാനിയുടെ ജീവിത വിളിയെപ്പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് അവിടുന്ന്; സ്വര്‍ഗ്ഗത്തില്‍ ഒരു ഇടം കണ്ടെത്തുക എന്നൊരു ആഹ്വാനവുമായി.

ജീവിതത്തെ വിശേഷിപ്പിക്കാന്‍ വിശുദ്ധ ഗ്രന്ഥം ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ പ്രതീകം യാത്രയുടേതാണ്. നമ്മുടെ ഒരു യാത്രയും അവസാനിക്കുന്നില്ലെന്നാണ് സത്യം. പറുദീസാ ലക്ഷ്യമാക്കിയുള്ള ഈ യാത്രയുടെ നിര്‍ണ്ണായകമായ കവാടമാണ് മരണം. ഈ മരണത്തെ ജീവിതയാത്രയുടെ അവസാനമായി കരുതി ഭയത്തിനും നിരാശയ്ക്കും ദുഃഖത്തിനും അടിപ്പെടാതെ മരണത്തിനുമപ്പുറമുള്ള നിത്യസത്യങ്ങള്‍ തിരിച്ചറിഞ്ഞ് അവിടേയ്ക്കായൊരു ഇടമൊരുക്കേണ്ടതിനെക്കുറിച്ച് നമ്മെ ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തുന്ന ഉപമയാണ് നാമിന്ന് വായിച്ചുകേട്ട ധനവാന്റെയും ലാസറിന്റെയും ഉപമ. മരണത്തിനപ്പുറം എന്താണ് എന്ന ആകാംക്ഷയ്ക്കും സംശയത്തിനും മരണത്തെപ്പോലും തോല്പിച്ചവന്‍ നല്‍കുന്ന ഉത്തരമാണിത്. നിത്യജീവന്‍ സ്വന്തമാക്കാന്‍ ഇഹലോക ജീവിതത്തെ നാം എപ്രകാരം ക്രമപ്പെടുത്തണമെന്നുള്ള മുന്നറിയിപ്പു കൂടിയാണിത്.

ഉപമ രണ്ട് രംഗങ്ങളിലായിട്ടാണ് വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യരംഗം മരണപൂര്‍വ്വ രംഗവും രണ്ടാമത്തേത് മരണനാനന്തര രംഗവുമാണ്. ആദ്യരംഗം ഭൂമിയിലാണെങ്കില്‍ രണ്ടാം രംഗം അഭൗമികമാണ്. ആദ്യരംഗത്തിലെ ദുരന്ത കഥാപാത്രമായ ലാസര്‍. രണ്ടാം രംഗത്തിലെ ആനന്ദകഥാപാത്രവും, ഒന്നാം രംഗത്തിലെ ആനന്ദകഥാപാത്രമായ ധനവാന്‍ രണ്ടാം രംഗത്തില്‍ നിസ്സഹായനുമാണ്. ഈ ലോകമൂല്യങ്ങളും പരലോകമൂല്യങ്ങളും തമ്മിലുള്ള അന്തരമാണ് ഈശോ വ്യക്തമാക്കുന്നത്. ഈ ലോകത്തിലെ നേട്ടങ്ങളോ സൗഭാഗ്യങ്ങളോ വിജയങ്ങളോ പരലോക ആനന്ദത്തിന്റെ മാനദണ്ഡങ്ങളേയല്ലാ എന്ന് ഈശോ തന്നെ പ്രഖ്യാപിക്കുകയാണ്.

ധനവാന്റെയും ലാസറിന്റെയും കഥ വ്യാഖ്യാനിച്ചു കൊണ്ടാണ് കാള്‍ മാര്‍ക്‌സ് മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പായി നിര്‍വചിച്ചത്. പരലോകത്ത് സൗഭാഗ്യം കിട്ടും എന്നതിനാല്‍ ലോകത്തിലെ സര്‍വ്വ അന്യായങ്ങളും ചൂഷണങ്ങളും അക്രമങ്ങളും നിര്‍വികാരരായി സഹിക്കാന്‍ മതങ്ങള്‍ ദരിദ്രരെ പരിശീലിപ്പിക്കുന്നു എന്നതായിരുന്നു ഈ ആരോപണത്തിന്റെ കാതല്‍. എന്നാല്‍ ധനവാന്റെയും ലാസറിന്റെയും കഥയിലൂടെ അവിടുന്ന് പറഞ്ഞുവയ്ക്കുന്ന സന്ദേശങ്ങള്‍ മാര്‍ക്‌സിയന്‍ ആശയത്തിന് കടകവിരുദ്ധമായ വസ്തുതകളാണ്. ദരിദ്രലാസറിനെ നിര്‍വികാരനായി സഹിക്കാന്‍ അനുവദിക്കുന്നതിനെക്കാളേറെ പങ്കുവയ്ക്കാത്ത ധനികനെ വിമര്‍ശിക്കുകയാണ് ഈ ഉപമ. ഒപ്പം മരണത്തിനപ്പുറമുള്ള ഒരു ജീവിതവും സൗഭാഗ്യവും കണ്ണഞ്ചിപ്പിക്കുന്ന മനുഷ്യനെ മയക്കുന്ന മോഹനവാഗ്ദാനങ്ങളല്ലായെന്നും മരണവും വിധിയും സ്വര്‍ഗ-നരകാവസ്ഥകളും ഓരോ വ്യക്തിയേയും കാത്തിരിക്കുന്ന സുനിശ്ചിത യാഥാര്‍ത്ഥ്യങ്ങളാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ഉപമ.

ധനികന് സമ്പത്ത് നല്‍കിയതും ലാസറിനെ ദരിദ്രനായി ധനികന്റെ പടിവാതില്‍ക്കല്‍ കിടത്തിയതും ദൈവം തന്നെയാണ്. എന്നാല്‍ ധനികന് മറ്റൊരു ദൗത്യം കൂടി ദൈവം നല്‍കിയിരുന്നു. അത് ലാസറിനെ തന്റെ സുഭിഷമായ ഭക്ഷണമേശയില്‍ നിന്ന് വീഴുന്ന എച്ചിലുകള്‍ കൊണ്ട് വിശപ്പടക്കാന്‍ അനുവദിക്കുക എന്നതായിരുന്നില്ല. മറിച്ച് കരുണയുടെ ഹൃദയവുമായി അവനെ സമീപിക്കാനും തന്റെ ഭവനത്തിലേയ്ക്ക് അവനെ സ്വീകരിച്ചു കൊണ്ട് തനിക്കുള്ളത് അവനുമായി പങ്കുവയ്ക്കാനുമായിരുന്നു. തന്റെ പടിവാതില്‍ക്കല്‍ കിടന്ന് നരകിക്കേണ്ടവനല്ല ലാസര്‍. മറിച്ച്, തന്റെ സമ്പത്തിന്റെ ഓഹരി അനുഭവിക്കാന്‍ അവകാശപ്പെട്ടവനാണ് അവനെന്ന തിരിച്ചറിവിലേക്ക് കടന്ന് വരാതെ പോയതാണ്, മറികടക്കാനാകാത്ത ഗര്‍ത്തം തീര്‍ത്തു കൊണ്ട് നിത്യനാശത്തിന്റെ പടുകുഴിയിലേയ്ക്ക് വീഴാന്‍ ധനികന് കാരണമായത്.

എന്നും വില കൂടിയതും രൂചി കൂടിയതുമായവ സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് മാത്രം കഴിക്കുന്നവര്‍ ചിലപ്പോള്‍ ഒരു പാവപ്പെട്ടവന്റെ ഒരു വര്‍ഷത്തെ ഭക്ഷണച്ചെലവിനെക്കാള്‍ വലിയ തുക ചെലവഴിക്കാറുണ്ട്. ഒരു രാത്രി തങ്ങുന്ന മുറിക്ക് പതിനായിരങ്ങള്‍ വാടക നല്‍കാനും വീടിനു ചുറ്റും മതിലുകള്‍ കെട്ടിപ്പൊക്കാന്‍ ലക്ഷങ്ങള്‍ മുടക്കാനും സമ്പന്നന് മടിയില്ല. ചോരുന്ന വീടൊന്ന് പുതുക്കിപ്പണിയുവാന്‍ ദരിദ്രന് അതിന്റെ നാലിലൊന്നു കൊണ്ട് കഴിയുമായിരുന്നു. അരക്കോടിക്കു മുകളില്‍ വിലയുള്ള ആഡംബരക്കാറുകളില്‍ നിരത്തുകളിലെ സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ അരച്ചാണ്‍ വയറുതടവി കൈനീട്ടുന്ന ദിരദ്രജന്മങ്ങള്‍ക്കു നേരെ ചില്ലു താഴ്ത്താന്‍ പോലും മെനക്കെടാത്തവര്‍ ഇന്ന് നമുക്ക് ചുറ്റും തന്നെ സര്‍വ്വസാധാരണമാണ്. ദൈവതിരുമുമ്പില്‍ പേരുകളില്ലാത്ത ഭോഷന്മാരായ ധനികരാണവരൊക്കെ.

ദൈവം ഒരുവന് ജ്ഞാനം നല്കുന്നത് അനേകരെ ജ്ഞാനികളെക്കാന്‍ വേണ്ടിയാണ്. ദൈവം ഒരാള്‍ക്ക് ദീപം കൊളുത്തിക്കൊടുക്കുന്നത് അനേകരെ പ്രകാശം കാണിക്കാനാണ്. ഒരാള്‍ക്ക് വിജയം നല്‍കുന്നത് അനേകര്‍ക്ക് വിജയത്തിന്റെ വഴി പറഞ്ഞുകൊടുക്കാനാണ്. സമ്പത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. പങ്കുവയ്ക്കാത്ത ധനം നാശകാരണമാകുമെന്നാണ് ഭോഷനായ ധനികന്റെ ഉപമയിലൂടെ ഈശോ നമ്മെ പഠിപ്പിച്ചിട്ടുള്ളതുമാണ്. നമുക്ക് ദൈവം ദാനമായി തന്നത് അത് എന്തുമായിക്കൊള്ളട്ടെ. നമ്മുടെ സമയവും, കഴിവും, ആരോഗ്യവും, മറ്റ് യോഗ്യതകളും നേട്ടങ്ങളുമെല്ലാം ദൈവം നമുക്ക് നല്‍കുന്ന സമ്പത്താണ്. അവയൊന്നും നാം നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെ പരിഗണിക്കുന്നില്ലെങ്കില്‍ ഞാനും നിങ്ങളുമൊക്കെ ദൈവതിരുമുമ്പില്‍ പേരുകളില്ലാത്ത ദൈവരാജ്യത്തില്‍ ഇടമില്ലാത്ത ഭോഷന്മാരായ ധനികരായിത്തീരുകയായിരിക്കും ചെയ്യുക.

വിശുദ്ധ ഗ്രന്ഥത്തില്‍ തോബിത്തിന്റെ പുസ്തകത്തിലൂടെ ദൈവം അരുളിച്ചെയ്യുന്നുണ്ട്. ”സമ്പത്തേറുമ്പോള്‍ അതനുസരിച്ച് ദാനം ചെയ്യുക; എന്തെന്നാല്‍ ദാനധര്‍മ്മം മൃത്യുവില്‍നിന്ന് രക്ഷിക്കുകയും അന്ധകാരത്തില്‍ പെടുന്നതില്‍ നിന്ന് കാത്തുകൊള്ളുകയും ചെയ്യുന്നു.” വീണ്ടും സുവശേഷത്തില്‍ ഈശോ പറയുന്നുണ്ട് ”കൊടുക്കുവിന്‍ നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയിലിട്ടു തരും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്ന് കിട്ടും.” (ലൂക്കാ. 6:38).

സ്‌നേഹമുള്ളവരേ, നമുക്കും പരിശ്രമിച്ച് തുടങ്ങാം. സ്‌നേഹത്തിന്റെ പുഞ്ചിരിയുമായി സഹോദരങ്ങളിലേയ്ക്ക് അവരുടെ ആവശ്യങ്ങളിലേയ്ക്ക് കടന്ന് ചെല്ലാന്‍… സാന്നിധ്യം കൊണ്ടും സഹായം കൊണ്ടും നമുക്ക് ചുറ്റുമുള്ള ലാസര്‍മാരെ പരിഗണിച്ച് തുടങ്ങാന്‍ അത് നിത്യജീവിതത്തിലേയ്ക്കുള്ള നമ്മുടെ നിക്ഷേപമായിരിക്കും. ഇഹലോകത്തിലെ ഈ ജീവിതം കൊണ്ട് ദൈവതിരുമുന്‍പിലൊരു പേരും സ്വര്‍ഗത്തിലൊരിടവും ഉറപ്പിക്കുന്നതായിരിക്കും അത്.

ക്രിസ്ത്യാനിയുടെ ജീവിതകേന്ദ്രമായ വിശുദ്ധ കുര്‍ബാന പങ്കുവയ്ക്കുന്ന സ്‌നേഹത്തിന്റെ പകരങ്ങളില്ലാത്ത അടയാളമാണ്. എനിക്കു വേണ്ടി, നമുക്കു വേണ്ടി സ്വജീവന്‍ പോലും പങ്കുവച്ചവനാണ് ഈ കുര്‍ബാനയില്‍ വസിക്കുന്നത്. അവനെ നാവിലും ഹൃദയത്തിലും സ്വീകരിക്കുന്ന നമ്മുടെ ജീവിതങ്ങളും പങ്കുവയ്ക്കപ്പെടുന്ന സ്‌നേഹത്തിന്റെ ജീവിക്കുന്ന അടയാളങ്ങളായിത്തീരണം. നമുക്ക് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഡീ. സിനോജ് ഇരട്ടകാലായില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.