ഇലകളും മണ്ണുംവരെ ഭക്ഷിച്ച് വിശപ്പ് അടക്കുന്ന സുഡാന്‍ ജനത

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ ക്ഷാമം പടരുന്നു. വിളകള്‍ വിമതസേന മോഷ്ടിച്ചതോടെ നടാന്‍ വാങ്ങിവച്ച വിത്തുകള്‍ തിന്ന് വിശപ്പടക്കുകയാണ് കര്‍ഷകര്‍. മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികളും പോഷകാഹാരക്കുറവും കാരണം എല്ലാ രണ്ടുമണിക്കൂറിലും ഓരോ കുഞ്ഞുവീതം മരിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

ഇലകളും മണ്ണും അടക്കമുള്ളവ ഭക്ഷിച്ച് വിശപ്പ് അടക്കുന്ന ജനങ്ങളെയാണ് സുഡാനില്‍ കാണാനുള്ളതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊഴില്‍, ഭക്ഷണം എന്നിവ മിക്ക ആളുകള്‍ക്കും ലഭ്യമാകുന്നില്ല. വിളകള്‍ അടക്കം നഷ്ടമായതോടെ സ്വന്തം സ്ഥലങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട അവസ്ഥയിലാണ് ജനമുള്ളത്. വിവിധ സംഘടനകള്‍ നല്‍കുന്ന മരുന്നും ഭക്ഷണവും അടക്കമുള്ളവയും വിമത സേന അപഹരിക്കുകയാണ്.

അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തേക്ക് എത്തുന്ന സഹായങ്ങളും വിമതസേന തടയുകയാണ്. പട്ടിണി രാജ്യത്ത് വിഭാഗ വ്യത്യാസമില്ലാതെ പിടിമുറുക്കുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. വിളകള്‍ അപഹരിക്കുന്നതിനൊപ്പം കൃഷി ആയുധങ്ങളും വിമത സേന നശിപ്പിക്കുന്നത് കൃഷിയിറക്കാന്‍ പോലുമാകാത്ത സാഹചര്യം കര്‍ഷകര്‍ക്ക് സൃഷ്ടിക്കുന്നുണ്ട്. അരിമില്ലുകളും, ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളും അടക്കമുള്ളവയാണ് വിമത സേനയുമായുള്ള സംഘര്‍ഷത്തില്‍ നശിപ്പിക്കപ്പെട്ടത്.

വിമത സേനയുടെ അധീനതയിലുള്ള മേഖലകളില്‍ സഹായമെത്തിക്കാന്‍ സുഡാന്‍ സേന അനുവദിക്കാത്തതും വെല്ലുവിളിയാണ്. ഭക്ഷണത്തെ വരെ യുദ്ധത്തിനുള്ള ഉപകരണമായി മാറ്റുന്ന കാഴ്ചയാണ് സുഡാനിലുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.