ഞായര്‍ പ്രസംഗം, എലിയാ സ്ലീവാ മൂശാക്കാലം ഏഴാം ഞായര്‍ ഒക്ടോബര്‍ 10 മത്തായി 20: 1-16 ദൈവത്തിന്റെ നീതി, കാരുണ്യത്തിലൂന്നിയ സ്‌നേഹം

ബ്ര. ജെയ്ന്‍ പുത്തന്‍പുരയ്ക്കല്‍ MCBS

ഏറ്റവും സ്‌നേഹം നിറഞ്ഞ പ്രിയ ബഹുമാനപ്പെട്ട വൈദികരേ, പ്രിയ സഹോദരങ്ങളേ,

ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ ഏഴാം ഞായറാഴ്ചയായ ഇന്ന് തിരുസഭാ മാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം 20-ാം അദ്ധ്യായം 1 മുതല്‍ 16 വരെയുള്ള തിരുവചനഭാഗങ്ങളാണ്.

മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പുറപ്പെടുന്ന ഒരു വീട്ടുടമസ്ഥന്റെ ഉപമ. വി. മത്തായിയുടെ സുവിശേഷത്തില്‍ മാത്രം കാണപ്പെടുന്ന ഒരു ഉപമയാണിത്. മുന്തിരിത്തോട്ടങ്ങളും തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരും അവരെ വേലയ്ക്കു വിളിക്കുന്ന യജമാനന്മാരും ധാരാളമുള്ള പാലസ്തീനായുടെ പശ്ചാത്തലത്തിലാണ് ഈശോ ഈ ഉപമ പറഞ്ഞുവയ്ക്കുന്നത്. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ ഈ ഉപമയെക്കുറിച്ച് കാണാന്‍ സാധിക്കും. കൂടുതല്‍ സമയം അദ്ധ്വാനിച്ചവര്‍ പ്രവാചകന്മാരും പിതാക്കന്മാരും, പതിനൊന്നാം മണിക്കൂറില്‍ എത്തിയവര്‍ ക്രിസ്തുശിഷ്യരും ആണെന്നാണ് സഭാപിതാവായ ഇരണേവൂസ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ വി. ഗ്രിഗറി പറയുന്നത്, കൂടുതല്‍ സമയം അദ്ധ്വാനിച്ചവര്‍ യഹൂദരും പതിനൊന്നാം മണിക്കൂറില്‍ എത്തിയവര്‍ വിജാതീയരും ആണെന്നാണ്.

ലോജിക്കല്‍ ആയി ചിന്തിച്ചാല്‍, ഈ ഉപമയെക്കുറിച്ച് നമുക്ക് ഒന്നും മനസിലാക്കാന്‍ സാധിക്കുകയില്ല. ഇതിന് ഒരു ലോജിക്കും ഇല്ല എന്നതു തന്നെയാണ് അതിനു കാരണം. ആദ്യം വന്നവരോട് കൂലി പറഞ്ഞുറപ്പിക്കുന്നു. പിന്നീട് വരുന്നവരോട് അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അവസാനം ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്തവര്‍ക്കും ദിവസം മുഴുവന്‍ ജോലി ചെയ്തവര്‍ക്കും ഒരേ വേതനം നല്‍കുന്ന ഒരു യജമാനന്‍. ഭ്രാന്തനായ ഒരു യജമാനന്റെ ഉപമ എന്നൊക്കെ ചിലര്‍ ഇതിനെ വിളിക്കാറുണ്ട്. ഇവിടെ നാം മനസിലാക്കേണ്ടത്, ദൈവത്തിന്റെ വഴികളും മനുഷ്യന്റെ വഴികളും തമ്മിലുള്ള വ്യത്യാസമാണ്. മനുഷ്യന്റെ നീതിയില്‍, അര്‍ഹതപ്പെട്ടവന് എല്ലാം കൊടുക്കുമ്പോള്‍ ദൈവത്തിന്റെ നീതിയില്‍ അര്‍ഹതയില്ലാത്തവനു പോലും കൊടുക്കാന്‍ സന്നദ്ധത കാണിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖം ഇവിടെ കാണാന്‍ സാധിക്കുന്നു. ദൈവത്തിന്റെ നീതി, അത് കാരുണ്യത്തിലൂന്നിയ സ്‌നേഹമാണ്.

ദൈവത്തിന്റെ കാരുണ്യമാണ് സ്വര്‍ഗരാജ്യപ്രവേശനത്തിന്റെ അടിസ്ഥാനം. വചനത്തില്‍ നാം വായിക്കുന്നതുപോലെ, നീതിമാന്മാരുടെ മേലും നീതിരഹിതരുടെ മേലും ഒരുപോലെ അനുഗ്രഹം ചൊരിയുന്നവനാണ് ദൈവം. ഇന്നത്തെ വായനകളിലും നമുക്ക് കാണാന്‍ സാധിക്കുന്നത് ഇത്തരത്തിലുള്ള കരുണയുടെ മുഖമുള്ള ദൈവത്തെയാണ്. ലേഖനത്തില്‍ പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്, രക്ഷിക്കപ്പെട്ടവരുടെ ഇടയിലും ശിക്ഷിക്കപ്പെട്ടവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിന് ക്രിസ്തുവിന്റെ പരിമളമാണ് എന്ന്. ഇവിടെയെല്ലാം നമുക്ക് കാണാന്‍ സാധിക്കുന്നത്, ദൈവം എത്രമാത്രം കാരുണ്യവാനാണ് എന്ന പരമമായ സത്യമാണ്.

ദൈവത്തിന്റെ മുമ്പില്‍ നമ്മുടെ അയോഗ്യതകള്‍ക്ക് സ്ഥാനമില്ല. കാരണം നമ്മുടെ അയോഗ്യതകളെപ്പോലും യോഗ്യതകളാക്കിത്തീര്‍ക്കാന്‍ കഴിവുളളവനാണ് നമ്മുടെ ദൈവം. അവിടുത്തെ കരുണയോട്, സ്‌നേഹത്തോട് നാം സഹകരിക്കുക എന്നതാണ് പ്രധാനം. In Memorium എന്ന കവിതാസമാഹാരത്തില്‍ ടെന്നിസണ്‍ ഇപ്രകാരം പാടുന്നുണ്ട്, ‘മനുഷ്യരുടെ മദ്ധ്യത്തിലാണ് യോഗ്യതകള്‍ക്ക് സ്ഥാനം. ദൈവമേ, നിന്റെ മുമ്പിലല്ല’ എന്ന്. ദൈവത്തിന്റെ മുമ്പില്‍ യോഗ്യതകള്‍ക്കു മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളൂവെങ്കില്‍ നല്ല കള്ളന്‍ ഒരിക്കലും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലായിരുന്നു. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ് എന്നുപറഞ്ഞ ഈശോയുടെ വാക്കുകളും ഈ കരുണയുടെയും സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍ വേണം നാം മനസിലാക്കാന്‍.

തന്റെ യോഗ്യതകള്‍ എണ്ണിപ്പറഞ്ഞ് അപരനെ താഴ്ത്തിക്കെട്ടി ദൈവസന്നിധിയില്‍ ചങ്കും വിരിച്ച് നിന്ന ഫരിസേയനെയും, ദൈവസന്നിധിയിലേക്ക് ഒന്ന് ക ണ്ണുകള്‍ ഉയര്‍ത്താന്‍ പോലും പറ്റാതെ തന്റെ പാപത്തെക്കുറിച്ച് വിഷമിച്ച ചുങ്കക്കാരന്റെയും ഉപമയില്‍, ആരാണ് അനുഗ്രഹം പ്രാപിച്ച് തിരിച്ചുപോയത് എന്ന് നമുക്കറിയാം. ദൈവത്തിന്റെ കാരുണ്യവും സ്‌നേഹവും നമ്മുടെ ചിന്താഗതിക്കും അപ്പുറമാണ്. ദൈവം മുമ്പന്മാരാക്കുന്നവരാണ് മുമ്പന്മാരാകുന്നത്. സ്വയം മുമ്പന്മാരാകാന്‍ പരിശ്രമിക്കുന്നവര്‍ പിമ്പന്മാരായിത്തീരും. ഇങ്ങനെ ദൈവം കൈ പിടിച്ച് വലുതാക്കിയവരെയും വലുതാകാന്‍ പരിശ്രമിച്ച് ചെറുതായവരെയും ധാരാളം നമുക്ക് ബൈബിളില്‍ കാണാന്‍ സാധിക്കും. അബ്രാഹവും മോശയും പ്രവാചകന്മാരും ഇപ്രകാരം ദൈവം വലുതാക്കിയവരാണ്. ദൈവത്തിന്റെ വിളിക്ക് അവര്‍ പ്രത്യുത്തരം നല്‍കിയപ്പോള്‍ അവരുടെ അയോഗ്യതകളെ ദൈവം യോഗ്യതകളാക്കി മാറ്റി. എന്നാല്‍ സ്വയം വലിയവരാകാന്‍ പരിശ്രമിച്ച് ദൈവസ്‌നേഹത്തോടും കാരുണ്യത്തോടും മറുതലിച്ച് സ്വയം നശിച്ചുപോയവരാണ് സാവൂളും യൂദാസുമൊക്കെ.

ഉപമയില്‍ നാം കാണുന്നതുപോലെ പതിനൊന്നാം മണിക്കൂറിലും തന്റെ മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പുറപ്പെടുന്ന ഒരു യജമാനന്‍. ജോലിക്കുള്ള വിളി വരും എന്നു ചിന്തിച്ച് പ്രതീക്ഷ കൈവിടാതെ നില്‍ക്കുന്ന ജോലിക്കാര്‍. അവസാനം തങ്ങള്‍ക്കുള്ള വിളി വന്നപ്പോള്‍ അതിനോട്, വേണ്ടവിധം സഹകരിച്ചപ്പോള്‍ അവര്‍ക്ക് ആ യജമാനന്റെ കരുണയും സ്‌നേഹവും അനുഭവിക്കാന്‍ അവസരം ലഭിക്കുന്നു. അതെ, സ്വര്‍ഗരാജ്യമാകുന്ന മുന്തിരിത്തോട്ടത്തിലേക്ക് നമ്മെ എല്ലാവരെയും ക്ഷണിക്കാന്‍ ദൈവം തയ്യാറാണ്. എന്നാല്‍ നമ്മുടെ അയോഗ്യതകളെ യോഗ്യതകളാക്കി മാറ്റാന്‍ കഴിയുന്ന നല്ല തമ്പുരാന്റെറെ വിളിക്കായി കാതോര്‍ത്തിരുന്ന് ആ വിളിക്ക് വേണ്ടവിധം പ്രത്യുത്തരം നല്‍കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിച്ചറിയാനും സ്വര്‍ഗരാജ്യമാകുന്ന മുന്തിരിത്തോട്ടത്തില്‍ പ്രവേശിക്കാനും സാധിക്കൂ. ഇല്ലെങ്കില്‍ അവിടുത്തെ കരുണയും സ്‌നേഹവും നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയില്ല എന്നു മാത്രമല്ല, സ്വര്‍ഗരാജ്യമാകുന്ന മുന്തിരിത്തോട്ടം നമ്മില്‍ നിന്ന് അകന്നുപൊയ്‌ക്കൊണ്ടേയിരിക്കും.

ഈ ഉപമയുടെ അവസാനം ഈശോ നമ്മോട് പറഞ്ഞുതരാന്‍ ശ്രമിക്കുന്ന ഒരു കാര്യമുണ്ട്. അത് മറ്റൊന്നുമല്ല, അപരന്റെ വളര്‍ച്ചയില്‍ അസൂയപ്പെടാതിരിക്കുക എന്ന വലിയ സത്യം. ഉപമയുടെ അവസാനത്തില്‍ ജോലിക്കാര്‍ യജമാനനെതിരെ പിറുപിറുക്കുന്നത്, തങ്ങള്‍ക്ക് ഒരു ദനാറ നല്‍കിയതു കൊണ്ടല്ല മറിച്ച് അവസാനം വന്നവരെ തങ്ങള്‍ക്ക് തുല്യരാക്കിക്കൊണ്ട് അവര്‍ക്കും ഒരു ദനാറ നല്‍കിയതുകൊണ്ടാണ്. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസൂയപ്പെടാതെ അവരുടെ വളര്‍ച്ചയില്‍ സന്തോഷിക്കാനും അവരോട് ചേര്‍ന്നുനില്‍ക്കാനും അതുപോലെ അപരന്റെ തകര്‍ച്ചയില്‍ കൈത്താങ്ങാകാനും എനിക്കും നിങ്ങള്‍ക്കുമൊക്കെ കഴിയുമെങ്കില്‍ നമ്മള്‍ സ്വര്‍ഗരാജ്യമാകുന്ന മുന്തിരിത്തോപ്പില്‍ നിന്നും ഒട്ടും അകലെയല്ല എന്നും ഈശോ ഈ ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നു.

അതുകൊണ്ട് ദൈവത്തിന്റെ വിളിക്ക് കാതോര്‍ക്കുന്ന കരുണയുടെയും സ്‌നേഹത്തിന്റെയും കൂദാശയായ ഈ വിശുദ്ധ ബലിയില്‍ നമുക്ക് ആത്മാര്‍ത്ഥതയോടു കൂടി പ്രാര്‍ത്ഥിക്കാം, കര്‍ത്താവേ അങ്ങയുടെ വിളിക്ക് കാതോര്‍ത്തിരുന്ന് ആ വിളിക്ക് വേണ്ടവിധം പ്രത്യുത്തരം നല്‍കാനും അങ്ങനെ അങ്ങയുടെ കരുണയും സ്‌നേഹവും അനുഭവിച്ച് സഹോദരന്റെ വളര്‍ച്ചയില്‍ സന്തോഷിക്കാനും, തകര്‍ച്ചയില്‍ കൈത്താങ്ങാകുവാനും എന്നെ സഹായിക്കേണമേ. അതിനു വേണ്ട അനുഗ്രഹം കരുണാമയനായ നല്ല തമ്പുരാന്‍ നമുക്ക് നല്‍കി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജെയ്ന്‍ പുത്തന്‍പുരയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.