ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ ഒക്ടോബർ 03 മത്തായി 15 :21-28 കാനാന്‍കാരിയുടെ വിശ്വാസമാതൃക

ബ്ര. മനു അഞ്ചില്‍ച്ചിറ

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരേ,

ചോരക്കുഞ്ഞിനെ ഒരു മടിയും കൂടാതെ അമ്മത്തൊട്ടിലുകളിലും വഴിയോരങ്ങളിലും ഉപേക്ഷിക്കുകയും, നൊന്തു പ്രസവിച്ച കുഞ്ഞിനെ കല്ലെറിഞ്ഞു കൊല്ലാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മനഃസാക്ഷി മരവിച്ച മാതൃഹൃദയങ്ങളും മറുവശത്ത് മരണത്തോട് മല്ലിടുന്ന പിഞ്ചുകുഞ്ഞിനു വേണ്ടി ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിക്കുന്ന മാതൃവാത്സല്യത്തിന്റേയുമൊക്കെ സമ്മിശ്രമായ ചിത്രങ്ങള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാതൃവാത്സല്യത്തിന്റെ മറ്റൊരു മുഖമാണ് സുവിശേഷം നമ്മോട് പങ്കുവയ്ക്കുന്നത്. ഈശോയിലൂടെ കരഗതമാകുന്ന നിത്യജീവനെയും അവിടുത്തെ രണ്ടാമത്തെ ആഗമനത്തെയും പറ്റി ചിന്തിക്കുന്ന ഏലിയാ-സ്ലീവാ-മൂശാക്കാലത്തിന്റെ ആറാം ഞായറാഴ്ചയില്‍ വി. മത്തായിയുടെ 15-ാം അദ്ധ്യായം 21 മുതല്‍ 28 വരെയുള്ള തിരുവചനത്തിലൂടെ, തന്റെ മകള്‍ക്കു വേണ്ടി കര്‍ത്താവിന്റെ മുമ്പില്‍ യാചിക്കുന്ന കാനാന്‍കാരി സ്ത്രീയെയാണ് നാം പരിചയപ്പെടുക.

ഈശോയാണ് ഏകരക്ഷകന്‍ എന്നു തിരിച്ചറിഞ്ഞ വിജാതീയ സ്ത്രീ – മര്‍ക്കോസ് സുവിശേഷകന്റെ ഭാഷ്യത്തില്‍ സീറോ-ഫിനിഷ്യന്‍ വംശത്തില്‍പെട്ട സ്ത്രീ – കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നു വിളിച്ച് കര്‍ത്താവിന്റെ അടുത്തേക്കു ചെല്ലുന്നു. എന്നാല്‍, അത് കേട്ട ഭാവം പോലും നടിക്കാതെ മുന്നോട്ടുപോകുന്ന ഈശോ. ‘ഇപ്പോ’ ശരിയാക്കിത്തരാം എന്ന മട്ടില്‍ ശിഷ്യന്മാര്‍ ഇടപെടുന്നുണ്ട്. എന്നാല്‍, രൂക്ഷമായ ഭാഷയില്‍ ക്രിസ്തു അവളെ വിമര്‍ശിക്കുന്നു. എന്നാല്‍ അതിലൊന്നും തളരാതെ അവള്‍ വീണ്ടും കരഞ്ഞപേക്ഷിക്കുന്നു. അനുഗ്രഹത്തിനായി വാക്‌പോരിലേര്‍പ്പെടുന്നു. കണ്ണുനീരും വിശ്വാസവുമൊക്കെ എന്നും ക്രിസ്തുവിന്റെ ബലഹീനതയായതുകൊണ്ട് അവളുടെ കണ്ണീരിനു മുമ്പില്‍ അവന്‍ തോറ്റുകൊടുക്കുന്നു. സഭാപിതാവായ മാര്‍ ക്രിസോസ്‌തോം പറഞ്ഞുവയ്ക്കും, “സ്ഥിരതയോടു കൂടെയുള്ള യാചന വഴി കര്‍ത്താവിന്റെ കരുണ പ്രാപിക്കാന്‍ കാനാന്‍കാരിക്കു കഴിഞ്ഞു” എന്ന്.

രണ്ടു ബോദ്ധ്യങ്ങളാണ് കാനാന്‍കാരി സ്ത്രീ ഇന്ന് നമുക്ക് സമ്മാനിക്കുന്നത്. ആദ്യത്തേത്, രക്ഷ സ്വന്തമാക്കാനുള്ള അടിസ്ഥാനയോഗ്യത എന്നത് വിശ്വാസത്തിലാഴപ്പെടുക എന്നതാണ്. കടുകുമണിയോളം വിശ്വാസം വേണമെന്ന് ക്രിസ്തു ശാഠ്യം പിടിക്കുമ്പോള്‍, അല്‍പവിശ്വാസികളേ എന്നു വിളിച്ച് പരിഹസിക്കുമ്പോഴും, ഞങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് നിങ്ങളുടെ വിശ്വാസക്കുറവ് കൊണ്ട് എന്നു പറഞ്ഞ് കുറ്റപ്പെടുത്തുമ്പോഴും പ്രിയമുള്ളവരേ, ക്രിസ്തു ആഗ്രഹിക്കുന്നത് മറ്റൊന്നുമല്ല. കാനാന്‍കാരിയെപ്പോലെ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് പ്രതികൂലസാഹചര്യം നേരിട്ടാലും ദൈവം പോലും ശത്രുപക്ഷത്ത് നില്‍ക്കുന്നു എന്ന് തോന്നുമ്പോഴും അവനില്‍ ആഴമായി വിശ്വസിക്കാനും ആശ്രയിക്കാനും കഴിയണം.

ദുരിതങ്ങള്‍ ഓരോന്നായി ജീവിതതാളത്തെ തകിടം മറിച്ചപ്പോഴും ഒരറ്റത്തു നിന്ന് എല്ലാം നഷ്ടപ്പെട്ടു പോയപ്പോഴും സമ്പദ്‌സമൃദ്ധിയോ, അസാമാന്യ വീക്ഷണപാടവമോ, വിശാല സൗഹൃദശൃംഖലയോ ഒന്നുമല്ല ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് ഏറ്റവും വലുത് എന്ന് കാണിച്ചുതന്ന ഒരു അമ്മയാണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രിയങ്കരനായ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ അമ്മ റോസ് കെന്നഡി. ട്രാജഡികളുടെ ഒരു നീണ്ട നിരയായിരുന്നു ആ അമ്മയുടെ ജീവിതം.

മാനസികവൈകല്യത്തോടെ പിറന്ന മകള്‍, മൂത്ത മകന്‍ ജോ കെന്നഡി വിമാനസ്‌ഫോടനത്തില്‍ മരിക്കുന്നു, മകള്‍ കാത്‌ലീനെയെ വിമാനാപകടത്തില്‍ നഷ്ടപ്പെടുന്നു. അവസാനിച്ചില്ല, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി വെടിയേറ്റു മരിക്കുന്നു. അധികം താമസിയാതെ മകന്‍ റോബര്‍ട്ട് എഫ്. കെന്നഡിയും വെടിയേറ്റു മരിക്കുന്നു. ശോകമൂകമായ നഷ്ടങ്ങളുടെ നീണ്ടനിര ആ അമ്മയെ ഉലച്ചില്ല. കടുത്ത ഈശ്വരവിശ്വാസിയായിരുന്ന ആ അമ്മ എപ്പോഴും പറയുമായിരുന്നു: ‘The greatest gift I have is the gift of Faith.’ അതുകൊണ്ടു തന്നെയായിരിക്കണം, റോസ് കെന്നഡിയുടെ ശവസംസ്‌കാരത്തില്‍ സംസാരിച്ച ഇളയ മകന്‍ റ്റെഡ് കെന്നഡി ഇങ്ങനെ പറഞ്ഞുവച്ചത്: “ഏറ്റവും വേദനാജനകമായ നഷ്ടങ്ങളുടെയും തകര്‍ച്ചയുടെയും ഘട്ടത്തില്‍ ഞങ്ങളെ താങ്ങിനിര്‍ത്തിയത് അമ്മയാണ്. അമ്മക്ക് അത് സാധ്യമായത് കടുത്ത ഈശ്വരവിശ്വാസം കൊണ്ടാണ്. അമ്മ ഞങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനം ഈടുറ്റ ഈശ്വരവിശ്വാസമാണ്.”

പ്രിയമുള്ളവരേ, ഇന്ന് നമ്മില്‍ നിന്നൊക്കെ നഷ്ടമായിരിക്കുന്നതും ഇതുപോലെയുള്ള വിശ്വാസമാണ്. അധികാരവും ആദരവും ആര്‍ഭാടവും അഭിനിവേശവും സമ്പത്തും സ്ഥാനമോഹങ്ങളും സൗകര്യവും സമൃദ്ധിയുമെല്ലാം മനം മയക്കിയപ്പോള്‍ നാം ആര്‍ജ്ജിച്ചെടുത്ത നമ്മുടെ പൂര്‍വ്വീകര്‍ പകര്‍ന്നുതന്ന വിശ്വാസം നമുക്ക് കൈമോശം വന്നു. അതുകൊണ്ടു തന്നെയായിരിക്കണം ഈ ജനതയെ നോക്കി കുഞ്ഞുണ്ണി മാഷ് ഇപ്രകാരം പാടിവച്ചത്: “യേശുവിലാണെന്‍ വിശ്വാസം, കീശയിലാണെന്‍ ആശ്വാസം” എന്ന്.

വലിയ വിശ്വാസി എന്ന സര്‍ട്ടിഫിക്കറ്റ് ക്രിസ്തുവില്‍ നിന്ന് വാങ്ങിയ കാനാന്‍കാരി സ്ത്രീയും, 33 വര്‍ഷക്കാലം അഗസ്റ്റിന്റെ മാനസാന്തരത്തിനായി കണ്ണീരിനെ വാര്‍ത്തെടുത്ത് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച മോനിക്കാ പുണ്യവതിയും, മ്യാന്മറില്‍ നിറതോക്കുകളുമായി നടന്നടുത്ത സൈന്യത്തിനു മുന്നില്‍ മുട്ടുകുത്തി ഇരു കൈകളും വിരിച്ച് “എന്റെ സഹോദരങ്ങളെ ഒന്നും ചെയ്യരുതേ, പകരം എന്നെ കൊന്നോളൂ” എന്ന് അപേക്ഷിക്കുന്ന സിസ്റ്ററും, വിശ്വാസത്തിന്റെ ആള്‍രൂപമായി മാറിയ റോസ് മേരി എന്ന അമ്മയും നമുക്കു മുമ്പില്‍ ചോദ്യഛിഹ്നമായി നില്‍ക്കുമ്പോള്‍ എന്റെയും നിങ്ങളുടെയുമൊക്കെ വിശ്വാസത്തിന്റെ ആഴം ഒന്ന് അളന്നു നോക്കുന്നത് നല്ലതായിരിക്കും. കാരണം, ക്രിസ്തീയജീവിതവും ക്രിസ്തീയവിശ്വാസവുമൊക്കെ സാമൂഹികമാധ്യമങ്ങളിലൂടെ ഒത്തിരി അപകീര്‍ത്തിപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കാനാന്‍കാരിയെപ്പോലെ വലിയ വിശ്വാസത്തിന്റെ നല്ല മാതൃകകള്‍ ലോകത്തിന് കാണിച്ചുകൊടുക്കാന്‍ നമുക്ക് കഴിയണം. അതിന് ബഹുമാനപ്പെട്ട പറേടത്ത് ജോസഫച്ചന്‍ പറഞ്ഞുവച്ചതു പോലെ, “യജമാനന്റെ മേശക്കു കീഴെ നായ എന്നപോലെ ദിവ്യകാരുണ്യസന്നിധിയില്‍ കുത്തിയിരുന്ന് വിശ്വാസത്തില്‍ ആഴപ്പെടാന്‍ നമുക്ക് സാധിക്കണം.”

രണ്ടാമതായി അമ്മയുടെ വിശ്വാസം മകള്‍ക്ക് സൗഖ്യകാരണമായതു പോലെ നമ്മുടെ വിശ്വാസവും പ്രാര്‍ത്ഥനയുമൊക്കെ അനേകര്‍ക്കു മുമ്പില്‍ അടഞ്ഞ വാതിലുകള്‍ തുറക്കപ്പെടുന്നതിനു കാരണമാകണം. കാനാന്‍കാരി കാണിച്ചുതരുന്നതു പോലെ, ‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ’ എന്ന് പഴമക്കാര്‍ പറഞ്ഞുവയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കായി ദൈവതിരുമുമ്പില്‍ നിരന്തരം ശാഠ്യം പിടിക്കാന്‍ കഴിയണം. ഇതിനു സമാനമായ ആശയങ്ങളാണ് ഇന്നത്തെ വായനകള്‍ പങ്കുവയ്ക്കുന്നതും.

കാളക്കുട്ടിയെ ആരാധിച്ച് ദൈവകോപം വരുത്തിവച്ച ഇസ്രായേല്‍ ജനത്തിന്റെ രക്ഷക്കു വേണ്ടി 40 ദിവസം പ്രണമിച്ച് മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്ന മോശയെയാണ് നിയമാവര്‍ത്തന പുസ്തകം നമുക്ക് പരിചയപ്പെടുത്തുക. മോശയെപ്പോലെ ജനത്തിനു വേണ്ടി ദൈവതിരുമുമ്പില്‍ ശാഠ്യം പിടിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ മറക്കാതിരിക്കാം. ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ ഇന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇതു തന്നെയാണ്. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍ എന്ന്. ഒരു രാത്രി മുഴുവന്‍ ദൈവദൂതനുമായി മല്‍പ്പിടുത്തം നടത്തി, എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാന്‍ അങ്ങയെ വിടില്ല എന്ന പൂര്‍വ്വപിതാവായ യാക്കോബിന്റെ ശാഠ്യം നമ്മുടെ ജീവിതത്തിലും നമുക്ക് ആര്‍ജ്ജിച്ചെടുക്കാം. നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ച വി. കൊച്ചുത്രേസ്യായും അല്‍ഫോന്‍സാമ്മയുമൊക്കെ അനേകര്‍ക്കു വേണ്ടി ദൈവതിരുമുമ്പില്‍ വിശ്വാസത്തോടെ ശാഠ്യം പിടിക്കാന്‍ നമുക്ക് മാതൃകകളാവട്ടെ.

നാണം കെട്ടിട്ടും വിപരീതാനുഭവം കര്‍ത്താവില്‍ നിന്നുണ്ടായിട്ടും വിശ്വാസം മുറുകെ പിടിച്ച കാനാന്‍കാരി സ്ത്രീയുടെ വലിയ വിശ്വാസം നമ്മെയും ചിന്തിപ്പിക്കട്ടെ, പ്രചോദിപ്പിക്കട്ടെ. വിശ്വാസത്തിന്റെ നല്ല മാതൃകാജീവിതം നയിക്കാനും മറ്റുള്ളവര്‍ക്കായി ദൈവതിരുമുമ്പില്‍ ശാഠ്യത്തോടെ പ്രാര്‍ത്ഥിക്കാനും നമുക്ക് സാധിക്കട്ടെ. അപ്പോള്‍ കര്‍ത്താവ് എന്നെയും നിങ്ങളെയും നോക്കിപ്പറയും, മകനേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതു പോലെ ഭവിക്കട്ടെ എന്ന്. എത്ര വിളമ്പിയാലും തീരാത്ത കര്‍ത്താവിന്റെ വിരുന്നുമേശക്കു മുമ്പിലായിരിക്കുമ്പോള്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം, കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കേണമേ എന്ന്.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. മനു അഞ്ചില്‍ച്ചിറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.