ഞായര്‍ പ്രസംഗം 2, മംഗളവാര്‍ത്ത മൂന്നാം ഞായര്‍ ഡിസംബര്‍ 13 സ്‌നാപകയോഹന്നാന്റെ ജനനം

ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

ബ്ര. വര്‍ഗ്ഗീസ് ചിലമ്പട്ടുശ്ശേരി MCBS

ഓരോ കുഞ്ഞിന്റെ പിറവിയും ദൈവത്തിന് മനുഷ്യരാശിക്കുമേല്‍ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ഓരോ കുഞ്ഞിന്റെ പിറവിയും ഓരോ മംഗളവാര്‍ത്തയാണ്. ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നുവെന്നതിന്റെ ആവിഷ്‌ക്കാരങ്ങളായി ഓരോ മംഗളവാര്‍ത്തയും തീരുന്നു.

മംഗളവാര്‍ത്താക്കാലം മൂന്നാം ആഴ്ചയില്‍ തിരുസഭാ മാതാവ് നല്‍കുന്ന ധ്യാനചിന്ത, ദൈവം നല്‍കിയ പേര് സ്വീകരിക്കുന്നതു മൂലം ഒരു കുടുംബവും, ഒരു ജനതയും സന്തോഷിക്കുന്നു എന്ന വലിയ സത്യമാണ്. മാതാവിന്റെയും പിതാവിന്റെയും പേരില്‍ നിന്ന് ആദ്യാക്ഷരങ്ങള്‍ പെറുക്കിയെടുത്ത് പേരുണ്ടാക്കുന്ന ഈ കാലഘട്ടത്തില്‍ സഖറിയ-എലിസബത്ത് ദമ്പതികള്‍, തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിന് ദൈവം നല്‍കിയ പേര് നല്‍കുവാന്‍ തയ്യാറാവുകയാണ്. അസാധ്യതകളെ സാധ്യതകളാക്കി മാറ്റുന്ന ദൈവത്തിന്റെ ശക്തമായ ഇടപെടല്‍, ദൈവം തന്റെ ജനത്തെ കൈവെടിയുകയില്ല എന്നതിന്റെ തെളിവ്, വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഒക്കെയാണ് സ്‌നാപകന്റെ ജനനം. മരുഭൂമിയിലെ പാറയില്‍ നിന്ന് അരുവി ഒഴുക്കാന്‍ കഴിയുന്ന ദൈവത്തിന്, എലിസബത്തിന്റെ വന്ധ്യതയ്ക്കപ്പുറവും സഖറിയായുടെ പ്രായാധിക്യത്തിനപ്പുറവും കൃപ വര്‍ഷിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ്. ഒടുവില്‍, രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല എന്ന് ഒരിക്കല്‍ കൂടി ലോകം തിരിച്ചറിയാന്‍ സ്‌നാപകന്റെ ജനനം ഇടയായിത്തീര്‍ന്നു.

വി. ലൂക്കായുടെ സുവിശേഷത്തില്‍ ബാല്യകാല അദ്ധ്യായങ്ങള്‍ എന്നറിയപ്പെടുന്ന ഒന്നും രണ്ടും അദ്ധ്യായങ്ങള്‍ യേശുവിന്റെയും യോഹന്നാന്റെയും ജനനത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ വ്യക്തമാക്കിത്തരുന്നു. രക്ഷകന്റെ വരവിനായി കാത്തിരിക്കുന്ന നമുക്ക് രക്ഷകനു മുന്നോടിയായി, അവന്റെ വരവിന് വഴിയൊരുക്കുന്ന സ്‌നാപകന്റെ ജനനത്തിന്റെ ശ്രേഷ്ഠത വി. ലൂക്കാ വരച്ചുകാണിക്കുന്നു.

സന്താനഭാഗ്യമില്ലാതിരിക്കുന്നത് ദൈവാനുഗ്രഹത്തിന്റെ കുറവും ദൈവശിക്ഷയുടെ അടയാളവുമായി കണ്ടിരുന്ന ലോകത്ത് ജറൂസലേം ദൈവാലയത്തിലെ പുരോഹിതന്റെ ഭാര്യ, അതും അഹറോന്‍ വംശജ മക്കളില്ലാതെ കഴിയുക എന്നത് അപമാനകരമായ കാര്യമായിരുന്നു. ഒടുവില്‍ മനുഷ്യരുടെ ഇടയില്‍ അവര്‍ക്കുള്ള അപമാനം നീക്കിക്കളയാന്‍ ദൈവം ഒരു കുഞ്ഞിനെ നല്‍കി അവളെ അനുഗ്രഹിച്ചു.

വിശ്വാസികളുടെ പിതാവായ അബ്രാഹാമുമായി ദൈവം ചെയ്ത ഉടമ്പടിയുടെ അടയാളമാണ് പരിച്ഛേദനം. നവജാതശിശുവിന് എട്ടാം ദിവസം പരിച്ഛേദനം ചെയ്യുകയെന്നതും അന്നേ ദിനം ശിശുവിന് പേര് നല്‍കുക എന്നതും യഹൂദന്മാരുടെ ആചാരമായിരുന്നു. സാറായില്‍ നിന്നു ജനിച്ച മകന് ഇസഹാക്ക് എന്ന് അബ്രാഹം പേരിട്ടു (ഉല്‍. 21:3-4). കുഞ്ഞ് പിറന്നിട്ട് എട്ടാം ദിവസം ദൈവകല്‍പനപ്രകാരം അബ്രാഹം അവന് പരിച്ഛേദനം നടത്തി. ജനനസമയത്തു തന്നെ പേരിടുകയും എട്ടാം ദിനം തന്നെ പരിച്ഛേദനം നടത്തുകയും ചെയ്തിരുന്നു എന്നതിന്റെ അടയാളമാണ് ഈ വാക്യം. യഹൂദ പാരമ്പര്യമനുസരിച്ച് ആദ്യജാതന് പിതാവിന്റെ പേര് നല്‍കി കുട്ടിയെ വളര്‍ത്തണമെന്ന ബന്ധുക്കളുടെ തീരുമാനത്തെ എലിസബത്ത് എതിര്‍ത്തുകൊണ്ട് ദൂതന്‍ വഴി ദൈവം തന്ന ‘യോഹന്നാന്‍’ എന്ന പേര് എലിസബത്തിന്റെയും സഖറിയായുടെയും തീരുമാനത്തോടെ ശിശുവിനു നല്‍കാന്‍ തീരുമാനമായി. പാരമ്പര്യങ്ങളെയും തീരുമാനങ്ങളെയും മാനുഷിക പരിഗണനയും ഒന്നും വകവയ്ക്കാതെ ദൈവഹിതത്തിനും ദൈവാനുസരണത്തിനും ആത്മീയതയ്ക്കും വിശ്വാസത്തിനും ആ ദമ്പതികള്‍ സമര്‍പ്പണം നടത്തി. ദൈവം നല്‍കിയ പേര് അവനു നല്‍കി.

ഈ ശിശു തങ്ങളുടേതല്ല, ദൈവകരുണയുടെ സമ്മാനമാണ് എന്ന സാക്ഷ്യപ്പെടുത്തലാണ്. മനുഷ്യന്റെ കുറവുകളില്‍ ദൈവകരുണ പ്രവര്‍ത്തിക്കുന്നതിന്റെ ചുവടുവയ്പ്പാണ് യോഹന്നാന്റെ ജനനമെങ്കില്‍, അത് സാക്ഷ്യപ്പെടുത്തുക കരുണയുടെ യുഗമാണ് വരാനിരിക്കുന്നത് എന്നാണ്. ശിശുവിന്റെ പേര്, ദൈവം ആ ദമ്പതികള്‍ക്കു നല്‍കിയ വലിയ കൃപയെ മാത്രമല്ല, ഇസ്രായേല്‍ മുഴുവനും ലോകം മുഴുവനും വേണ്ടി ദൈവം ഒരുക്കിയ രക്ഷാകരകൃപയെ അനുസ്മരിക്കുന്നുണ്ട്.

പ്രിയമുള്ളവരേ, ഓരോ പേരിലും ഓരോ ദൗത്യമുണ്ടെന്ന് തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ദൈവം ഒരു വ്യക്തിക്ക് ഒരു പേര് നല്‍കുന്നുണ്ടെങ്കില്‍ ഏല്‍പിക്കാന്‍ പോകുന്ന ദൗത്യത്തിന്റെ സൂചനയും ആ പേരിലുണ്ടായിരിക്കും. അത് പേര് നല്‍കുന്ന ദൈവത്തിന്റെ പദ്ധതിയും സ്വപ്നവുമാണ്. “ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും” (ഉല്‍. 17:5); ദൈവം അബ്രാഹത്തോട് അരുള്‍ ചെയ്തു: “നിന്റെ ഭാര്യ സാറായി ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്, അവളുടെ പേര് സാറാ എന്നായിരിക്കും” (ഉല്‍. 17:15). പൂര്‍വ്വപിതാവായ യാക്കോബ് നദിക്കരയില്‍ ഒരു രാത്രി മുഴുവന്‍ ദൈവദൂതനുമായി മല്ലിട്ടു. മല്‍പ്പിടുത്തത്തിന്റെ അവസാനം യാക്കോബ് ഒരു അനുഗ്രഹം ചോദിക്കുന്നുണ്ട്. അതിന് ദൈവം കൊടുത്ത അനുഗ്രഹം നല്ല ഒരു പേരാണ്. അവന്‍ പറഞ്ഞു: “ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നു വിളിക്കപ്പെടും” (മത്തായി 1:20). “കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു: അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.” തുടര്‍ന്ന് ശിമയോനെ ‘കേപ്പാ’ എന്നു വിളിക്കുമ്പോഴും ദൈവം കണ്ടത് ഒരു സ്വപ്നവും ദൗത്യവുമായിരുന്നു. പ്രിയമുള്ളവരേ, മാമ്മോദീസായിലൂടെ പുതിയ പേര് സ്വീകരിച്ച നമുക്ക് ഒരു ദൗത്യമുണ്ട്, നാം വിശ്വസിക്കുന്നവന്റെ ഒരു സ്വപ്നമുണ്ട്. യോഹന്നാനെപ്പോലെ ഈ കാലഘട്ടത്തിലേയ്ക്ക് ദൈവം കരുതിവച്ചിരിക്കുന്ന കരുണയുടെ നിക്ഷേപങ്ങളാണ് നാമോരോരുത്തരും എന്ന് തിരിച്ചറിയാം.

ഒടുവില്‍ ശിശു ആരായിത്തീരും എന്ന ജിജ്ഞാസ ഉദ്ദീപിപ്പിച്ചുകൊണ്ട് യോഹന്നാന്റെ ജനനത്തെക്കുറിച്ച് വിവരണം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ സുവിശേഷകനായ ലൂക്കാ, വരാന്‍ പോകുന്ന ദൈവിക ഇടപെടലിനെ സൂചിപ്പിക്കുകയാണ്. ഈ ശിശുവും ഈ ശിശുവിലൂടെ സംഭവിക്കാനിരിക്കുന്ന ദൈവിക ഇടപെടലുകളും അത്ഭുതമായിരിക്കും എന്ന് സ്പഷ്ടമാണ്. കര്‍ത്താവിന്റെ കരം അവനോടു കൂടെയുണ്ടായിരുന്നു. രക്ഷകനായ യേശുവിന് വഴിയൊരുക്കാന്‍ അയയ്ക്കപ്പെട്ട യോഹന്നാന്റെ രണ്ട് ദൗത്യങ്ങള്‍ ഇന്ന് നമുക്കാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഒന്ന്, പാപമോചനത്തിലൂടെ ലഭിക്കുന്ന രക്ഷയെക്കുറിച്ച് അറിവ് നല്‍കുക. രണ്ട്, ഇരുളില്‍ കഴിയുന്നവരെ പ്രകാശത്തിന്റെ പാതയിലൂടെ നയിക്കുക. എല്ലാവരും വിശുദ്ധിയിലേയ്ക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ചിന്തയില്‍ മറ്റൊരു ക്രിസ്തുവാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നമുക്ക് യോഹന്നാന്റെ ദൗത്യം ഏറ്റെടുക്കാം.

ഇന്നത്തെ ലേഖനത്തില്‍ നാം വായിച്ചതുപോലെ, നിസ്സാരരില്‍ നിസ്സാരനായ എന്നെ അവിടുന്ന് തെരഞ്ഞെടുത്തു എന്ന്. നമുക്ക് ക്രിസ്തുവോ, രക്ഷകനോ ആകാന്‍ സാധിക്കില്ല. എന്നാല്‍ ക്രിസ്തുവിന് സാക്ഷികളാകുവാന്‍ സാധിക്കും. വിശ്വാസത്തോടെ ജീവിക്കുന്നവര്‍ക്കും വിശ്വാസത്തോടെ കാത്തിരിക്കുന്നവര്‍ക്കും ദൈവത്തിന്റെ കരം കൂടെയുണ്ടെന്ന സത്യം സഖറിയായുടെ ജീവിതത്തില്‍ നിന്നു വ്യക്തമാണ്. ഏകാന്തതയുടെ നിമിഷത്തിലും സഹനത്തിന്റെ വേദനയിലും പ്രത്യാശയോടെ കാത്തിരിക്കാന്‍ സഖറിയ-ഏലീശ്വാ ദമ്പതികള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.

രക്ഷകനെക്കുറിച്ചുള്ള മംഗളവാര്‍ത്തയുടെ പശ്ചാത്തലത്തിലും ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്ന ഒരു സംഭവം തന്നെ, നീതിനിഷ്ഠരായിരുന്നിട്ടും ദൈവം അ നുവദിക്കുന്ന സഹനങ്ങളെ സഹിക്കുന്ന ദമ്പതികളെയാണ്. നീതിമാന്റെ സഹനത്തിന് വിലയുണ്ട് എന്ന് ഈ ദമ്പതികള്‍ കാണിച്ചുതരുന്നു. പ്രിയമുള്ള സഹോദരങ്ങളേ, യോഹന്നാനെപ്പോലെ പാപമോചനവും രക്ഷയും നല്‍കുന്നവന് വഴിയൊരുക്കാന്‍, നമ്മുടെ വിളികള്‍ക്കു പിന്നില്‍ യേശുവിന്റെ ഒരു സ്വപ്നമുണ്ട് എന്ന യാഥാര്‍ത്ഥ്യത്തോടെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി ഈ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, ആമ്മേന്‍.

ബ്ര. വര്‍ഗ്ഗീസ് ചിലമ്പട്ടുശ്ശേരി MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.