പാവങ്ങളുടെ പക്ഷം ചേർന്ന രണ്ട് വിശുദ്ധാത്മാക്കൾ

മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള്‍ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവും പിന്നീട് പശ്ചാത്തപിച്ചിട്ടുമുണ്ടാവും.

ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ സഹോദരപുത്രി ജോ ആൻ തൻറെ ഒരു അനുഭവം ഇങ്ങനെ വിവരിച്ചു: ഫുൾട്ടൺ ജെ ഷീനിന്റെ റേഡിയോ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ ജനം തടിച്ചുകൂടുമായിരുന്നു. ഒരു ദിവസം ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞ ഒരു കുഷ്‌ഠരോഗി പ്രഭാഷണം കേൾക്കാൻ വന്നു. അയാളെ കണ്ടവർ കണ്ടവർ അറപ്പ് കാണിച്ചു അകന്നു മാറിപ്പോയി. അയാളിൽ നിന്ന് മറ്റുള്ളവർ ഓടിയകലുന്നത് ബിഷപ്പ് ശ്രദ്ധിച്ചു. പിന്നെയും പലവട്ടം അയാൾ പ്രഭാഷണം കേൾക്കാൻ വന്നു. അപ്പോഴൊക്കെ ഫുൾട്ടൺ ജെ ഷീൻ സഹോദരപുത്രിയോട് പറഞ്ഞു – ‘ജോ ആൻ, നീ അയാളുടെ അടുത്ത് ചെന്ന് ഒന്ന് സംസാരിക്കൂ. അയാൾ വളരെ നല്ല മനുഷ്യനാണ്’ എന്ന്.

പിതാവിന്റെ സഹചാരിയായിരുന്ന മോൺ. ഫ്രാങ്കോ തൻറെ അനുഭവം പറഞ്ഞത് ഇങ്ങനെയാണ്. ഒരിക്കൽ ഫ്രാങ്കോയും ഫുൾട്ടൻ ജെ ഷീനും കൂടി തായ്‌ലൻഡിൽ ഒരു കുഷ്ഠരോഗ കോളനി സന്ദർശിക്കാൻ പോയി. അവിടെ ബിഷപ്പ് തൻറെ സ്നേഹം പങ്കുവച്ച കാഴ്ച എനിക്ക് മറക്കാനാവില്ല. ‘കൊന്തമണികൾ ആ രോഗികളുടെ പകുതി അറ്റുപോയ വിരലുകൾക്കിടയിൽ തിരുകിക്കൊടുത്തു. അവരെ പ്രാർഥിക്കാൻ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.’ തിരിച്ചുപോരുമ്പോൾ ബിഷപ്പ്‌ ഫ്രാങ്കോയോട് പറഞ്ഞു- “ആദ്യം ഞാൻ വിചാരിച്ചു കൊന്ത മുകളിൽ നിന്ന് അവരുടെ കൈക്കുമ്പിളിലേക്ക് ഇട്ടുകൊടുത്തിട്ട് സ്ഥലം വിടാമെന്ന്. പിന്നീട് വലിയ കുറ്റബോധം തോന്നി. അതാണ് അവരുടെ വിരൽത്തുമ്പുകൾക്കിടയിൽ കൊന്ത തിരുകികൊടുത്തത്.”

എല്ലാ പൊതുവേദിയിലേക്കുള്ള വഴിയിലും നിരത്തിലും ഒക്കെ ബിഷപ്പിനെ കാത്ത് കുറേപേർ സഹായം ചോദിക്കാൻ നിൽക്കുമായിരുന്നു. അവരുടെ കഷ്ടപ്പാടുകൾ പറയും. അദ്ദേഹം ആരെയും നിരാശപ്പെടുത്തിയില്ല. കയ്യിൽ കിട്ടിയത് ഇരുപത് ഡോളറിന്റെ നോട്ടാണെങ്കിലും അത് വച്ചു നീട്ടും. ഒരിക്കൽ അദ്ദേഹത്തിന്റെ സഹോദരപുത്രി ജോ ആൻ ചോദിച്ചു- ‘ഇങ്ങനെ ചോദിക്കുന്നവർക്കെല്ലാം അങ്കിൾ കൊടുക്കുന്നു. പക്ഷെ എങ്ങനെ അറിയാം ഇവർ പറയുന്ന കഥകളൊക്കെ സത്യമാണോ, അവർ സഹായം അർഹിക്കുന്നവരാണോ എന്നൊക്കെ?’ ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ ചിരിച്ചുകൊണ്ട് പറഞ്ഞു.- ‘ശരിയാണ് മോളെ, ചിലരെങ്കിലും നുണ പറയുന്നുണ്ടാവും. പക്ഷെ ഒരു ചാൻസ് എടുക്കാൻ നമുക്ക് പറ്റില്ലല്ലോ. ചിലപ്പോൾ ശരിക്കും പ്രയാസപ്പെടുന്ന ആളാകാം അയാൾ.’

മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റിനു പുറത്തോ ജോലിസ്ഥലത്തോ വച്ച് ആരെങ്കിലും തരുന്ന ഭക്ഷണപാനീയങ്ങളൊന്നും ഒരു സിസ്റ്ററും കഴിക്കാൻ പാടില്ലെന്നൊരു നിയമം മദർ തെരേസ ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് പൊള്ളുന്ന വേനലിനെ അതിജീവിക്കാൻ ഓരോ സിസ്റ്ററും വില കുറഞ്ഞ പ്ലാസ്റ്റിക് പാത്രത്തിലോ പഴയ മരുന്നുകുപ്പിയിലോ കുറച്ചു വെള്ളം കരുതിയിരിക്കും. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നൽകിയ ചായ തിരസ്കരിച്ച മദറിനോട് എന്തുകൊണ്ടാണിങ്ങനെ എന്ന് ഒരാൾ ചോദിച്ചപ്പോൾ മദർ പറഞ്ഞു.- “ഞാനോ സിസ്റ്റേഴ്സോ പോകുന്നിടത്തെല്ലാം ജനങ്ങൾ ഞങ്ങളോട് നന്ദി പറയാനാഗ്രഹിക്കും. ചിലർ ഒരു കപ്പ് ചായയോ ശീതളപാനീയമോ അല്ലെങ്കിൽ തിന്നാനെന്തെങ്കിലുമോ തരും. പലപ്പോഴും അവരുടെ കഴിവിനപ്പുറമുള്ള സൽക്കാരമാണത്. അത് വേണ്ടെന്ന് പറഞ്ഞിട്ട് പണക്കാരുടെ മാത്രം സൽക്കാരം സ്വീകരിക്കാൻ എനിക്ക് വയ്യ. ആരിൽനിന്നും ഒന്നും സ്വീകരിക്കാതിരിക്കുന്നതാണ് എളുപ്പവഴി. അപ്പോൾ ആർക്കും പരാതിക്കിടമില്ലല്ലോ”.

ആരാണ് ഇങ്ങനെയൊക്കെ ചിന്തിക്കുക? ദീർഘവീക്ഷണത്തോടെ പാവങ്ങളുടെ പക്ഷം ചേരുന്നതും അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ തങ്ങൾ കുറച്ചു ബുദ്ധിമുട്ട് സഹിച്ചാലും സാരമില്ല എന്ന് കരുതിയിട്ടുള്ള സംഭവങ്ങൾ വിശുദ്ധരുടെ ജീവചരിത്രങ്ങൾ വായിക്കുമ്പോൾ നമ്മൾ എപ്പോഴും കാണുന്നു. അങ്ങനെ പെരുമാറിയില്ലെങ്കിൽ അവരെ ആരും കുറ്റം പറയില്ലാത്ത സാഹചര്യങ്ങളിൽ കൂടി അസാമാന്യ ഹൃദയവിശാലത അവർ കാണിക്കും. നമ്മുടെ ജീവിതങ്ങൾ ഈശോയെ അനുകരിക്കുന്നതായി മാറുമ്പോൾ, മറ്റൊരു ക്രിസ്തുവായി നമ്മൾ മാറിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ ഈശോയുടെ ഹൃദയാർദ്രത നമ്മളിൽ രൂഢമൂലമാവുന്നതുകൊണ്ടാണത്.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.