
ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്നവരേ,

തീരുമാനങ്ങള്‍ക്ക് എന്നും അതിന്റേതായ പ്രാധാന്യമുണ്ട്. ചെറുപ്പം മുതല്‍ ഇന്ന് ഈ നിമിഷം വരെ ഒത്തിരിയേറെ തീരുമാനങ്ങള്‍ നമ്മള്‍ എടുത്തിട്ടുണ്ട്; അതില്‍ പലതും പ്രാവര്‍ത്തികമാക്കുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ട് നമുക്ക് പറയാം, നമ്മള്‍ എടുത്തിട്ടുള്ള തീരുമാനങ്ങളുടെ ഫലമാണ് ഇന്നത്തെ നമ്മുടെ ജീവിതം. മാനവചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളവരുടെ ജീവിതം പരിശോധിക്കുമ്പോള്‍ അവരുടെയെല്ലാം ജീവിതവിജയത്തിന് അടിസ്ഥാനമായി നില്‍ക്കുന്നതും തീരുമാനങ്ങള്‍ തന്നെയാണ്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ദൈവഹിതത്തോട് വിധേയപ്പെടാനുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ തീരുമാനം.
മംഗളവാര്‍ത്ത രണ്ടാം ഞായറാഴ്ചയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തിരുസഭാ മാതാവ് ഇന്ന് വിചിന്തനത്തിനായി നമുക്ക് തന്നിരിക്കുന്നത് മംഗളവാര്‍ത്ത എന്ന പേരില്‍ അറിയപ്പെടുന്ന ‘യേശുവിന്റെ ജനന’ത്തെക്കുറിച്ചുള്ള അറിയിപ്പാണ്. ഈ വചനഭാഗം വായിച്ചുകഴിയുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണ് മംഗളവാര്‍ത്തയുമായി എത്തുന്ന ഗബ്രിയേല്‍ മാലാഖയുടെയും ആ വാര്‍ത്ത ശ്രവിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും.
സര്‍വ്വശക്തനായ ദൈവത്തില്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തുന്ന ഒരു വ്യക്തിയുടെ ജീവിതപ്രത്യേകതകളും മംഗളവാര്‍ത്ത ശ്രവിച്ചതിനുശേഷം ദൈവത്തില്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ച് മറിയം എടുക്കുന്ന തീരുമാനങ്ങളുടെ പ്രത്യേകതകളുമാണ് ലൂക്കാ സുവിശേഷകന്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.
മാലാഖയിലൂടെ ദൈവം അന്വേഷിക്കുക, ദൈവിക തീരുമാനങ്ങളോടുള്ള മറിയത്തിന്റെ പ്രത്യുത്തരമാണ്. വചനഭാഗത്തിലൂടെ കടന്നുപോകുമ്പോള്‍ ദൈവിക തീരുമാനങ്ങളോടുള്ള മാലാഖയുടെ അന്വേഷണത്തില്‍ മറിയം അല്‍പം ആശങ്കകള്‍ഒക്കെ പ്രകടിപ്പിക്കുന്നതു കാണാമെങ്കിലും തനിക്ക് നന്മ മാത്രം വരുത്താന്‍ കഴിയുന്ന ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ വേണ്ടി അവള്‍ ധീരോചിതമായി തീരുമാനമെടുക്കുന്നു. അങ്ങനെ ആ തീരുമാനം മാലാഖയെ അറിയിക്കുന്നു – “ഇതാ, കര്‍ത്താവിന്റെ ദാസി.” മറിയത്തിന്റെ ഈ തീരുമാനം ബോധപൂര്‍വ്വകവും വിവേകപൂര്‍വ്വകവും ദൈവത്തിന്റെ ജ്ഞാനത്തില്‍ നിവേശിതവുമാണ്. മറിയത്തിന്റെ തീരുമാനത്തിലൂടെ സുവിശേഷകന്‍ നമുക്കു മുമ്പില്‍ എടുത്തുവയ്ക്കുക, ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ രണ്ട് പ്രത്യേകതകള്‍ കൂടിയാണ്.
ഒന്നാമതായി, ദൈവത്തിന്റെ കയ്യിലെ ഉപകരണമാകുക എന്നതാണ് തീരുമാനത്തിന്റെ പ്രത്യേകത. തന്റെ ജീവിതത്തിലൂടെ ദൈവത്തിന്റെ വ്യക്തിത്വം സമൂഹമദ്ധ്യത്തില്‍ പ്രകാശിതമാക്കുവാനും അങ്ങനെ ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണമാകുന്നതില്‍ സന്തേഷിക്കുവാനുമുള്ള തീരുമാനമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.
രണ്ടാമതായി, ദൈവത്തിന് വിധേയപ്പെടല്‍. അതായത്, ദൈവത്തിന്റെ ഒപ്പം നടക്കുവാനുള്ള ഒരു തീരുമാനം. ക്രിസ്ത്യാനി എന്ന നിലയില്‍ നാം ഓരോരുത്തരുടെയും വിളിയും ഉത്തരവാദിത്വവുമാണ് ദൈവത്തിന്റെ ഒപ്പം നടക്കുക എന്നത്. ആ മഹനീയവിളി തിരിച്ചറിഞ്ഞ് ദൈവത്തോട് നീതി പുലര്‍ത്തണമെങ്കില്‍ വചനത്തിനു വിധേയമായി ജീവിതത്തെ ക്രമപ്പെടുത്താന്‍ മറിയത്തെപ്പോലെ നാമും തയ്യാറാകണം. മറിയത്തിന്റെ ജീവിതം ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് പറഞ്ഞുതരിക, ദൈവഹിതത്തോട് ചേര്‍ന്നുനിന്ന് എങ്ങനെ തീരുമാനങ്ങളെടുക്കാം എന്നതിന്റെ പ്രാധാന്യമാണ്.
മാലാഖയുടെ അഭിവാദനസ്വരം ശ്രവിച്ചപ്പോള്‍ മറിയം അസ്വസ്ഥയാകുന്നു. അതിന്റെ അര്‍ത്ഥം എന്ത് എന്ന് അവള്‍ ചിന്തിച്ചു. നമ്മുടെ ജീവിതത്തിലും അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച്, ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങളില്‍. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മറിയം പഠിപ്പിക്കുന്നത്, സാഹചര്യങ്ങളെ മനസ്സിലാക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തകളില്‍ നിന്ന് ബോദ്ധ്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിലൂടെയാണ്. ഈ ബോദ്ധ്യത്തില്‍ നിന്ന് മറിയം ചോദിക്കുന്നു: “ഇത് എങ്ങനെ സംഭവിക്കും?” ദൈവം അറിയിച്ച പദ്ധതികള്‍ എപ്രകാരം പൂര്‍ത്തിയാക്കപ്പെടും എന്നുള്ള അന്വേഷണമാണ്. ഇതിനു മറുപടിയായി മാലാഖ പറയുന്നു: “പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും.”
നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദൈവവുമായി ആലോചന നടത്തുക, ചോദിച്ചറിയുക. തീര്‍ച്ചയായും ദൈവം നമുക്ക് മറുപടി നല്‍കും; ഒപ്പം അടയാളവും. മറിയത്തിനു നല്‍കിയ അടയാളമാണ് ‘വന്ധ്യ എന്നുപറഞ്ഞ ഏലീശ്വായുടെ ഗര്‍ഭധാരണം.’ ഈ അടയാളത്തിലൂടെ ദൈവദൂതന്‍ തന്റെ സന്ദേശത്തിന്റെ ഉറപ്പാണ് മറിയത്തിന് നല്‍കുന്നത്. എല്ലാ കാര്യങ്ങളും സാദ്ധ്യമാക്കുന്ന ദൈവത്തിന് മറിയം തന്നെത്തന്നെ സമര്‍പ്പിക്കുന്നു – “ഇതാ, കര്‍ത്താവിന്റെ ദാസി.”
പുതിയനിയമത്തില്‍ ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞ് അതിനോട് വിധേയപ്പെടുന്ന മറിയത്തിന്റെ ചിത്രമാണെങ്കില്‍, പഴയനിയമ വായനയില്‍ ഇന്നു നാം വായിച്ചുകേട്ടത് – ദൈവത്തിന്റെ ഹിതം മനസ്സിലാക്കാതെ ഇസ്രായേല്‍ ജനത്തെ ശപിക്കുവാനായി മൊവാബ് എന്ന ചെറിയ നാട്ടുരാജ്യത്തിന്റെ രാജാവായ ബാലാക്കിന്റെ അഭ്യര്‍ത്ഥനപ്രകാരം ഇറങ്ങിത്തിരിക്കുന്ന ബാലാമിനെക്കുറിച്ചാണ്. ദൈവവുമായി ആലോചന നടത്താതെ ദൈവിക തീരുമാനം മനസ്സിലാക്കാതെ ഇറങ്ങിത്തിരിക്കുന്ന ബാലാം തന്റെ മുമ്പില്‍ ഉണ്ടാകുന്ന തടസ്സങ്ങളെയും അപകടങ്ങളെയും തിരിച്ചറിയാതെ പോകുന്നു. ബാലാമിന്റെ ജീവിതം നമുക്ക് പറഞ്ഞുതരിക, ദൈവത്തിന്റെ ഹിതത്തോട് ചേര്‍ത്തുവയ്ക്കാത്ത തീരുമാനങ്ങളൊക്കെയും വിവേകശൂന്യവും അനുഗ്രഹദായകവുമല്ല എന്ന യാഥാര്‍ത്ഥ്യമാണ്. മറിയത്തിന്റെ തീരുമാനമാകട്ടെ, അനുഗ്രഹദായകവും വിവേകപൂര്‍വ്വകവുമാണ്.
നമ്മുടെ മനസ്സില്‍ ഒരു പുതിയ ചിന്തയുടെ പൊന്‍കിരണം സൃഷ്ടിക്കുന്ന ചിത്രമാണ് ‘ദ ലൈറ്റ്‌സ് ഓഫ് ദ വേള്‍ഡ്.’ 1954-ല്‍ പ്രസിദ്ധ കലാകാരന്‍ ആയ ഹോള്‍മണ്‍ ഹുണ്ടിന്റെ ഭാവനയില്‍ ഉടലെടുത്തതാണ് ഈ ചിത്രം. വളരെ മനോഹരമായ ഒരു കൊച്ചുവീട്. മുന്‍ഭാഗത്ത് കൈപ്പിടി ഇല്ലാത്ത ഒരു വാതില്‍ അടഞ്ഞുകിടക്കുന്നു. ഒരു കൊച്ചുവിളക്കുമായി എങ്ങും നിറഞ്ഞുനില്‍ക്കുന്ന അന്ധകാരത്തെ തള്ളിനീക്കിക്കൊണ്ട് ഒരാള്‍ മുന്നോട്ട് കടന്നുവരുന്നു. എന്നിട്ട് അയാള്‍ കതകില്‍ മുട്ടുകയാണ്. ഒന്ന് തുറന്നുകിട്ടുമോ എന്നറിയാന്‍.
കത്തിച്ച ചെറുതിരിയുമായി വരുന്നത് കര്‍ത്താവാണ്. വാതിലും വീടും നമ്മുടെ ഹൃദയവും. ഓരോ വിശുദ്ധ കുര്‍ബാനയിലും പ്രകാശം പരത്തുന്ന തിരിയുമായി ക്രിസ്തു നമ്മുടെ ഹൃദയകവാടങ്ങളിലും മുട്ടുന്നുണ്ട്. പരിശുദ്ധ അമ്മയെ മാതൃകയാക്കി ദൈവിക തീരുമാനങ്ങള്‍ക്ക് ആമ്മേന്‍ പറഞ്ഞുകൊണ്ട് നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ ക്രിസ്തുവിനായി നമുക്ക് തുറക്കാം. അതിനായി ഈ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.
ബ്ര. ബിപിന്‍ ഈഴപറമ്പില്‍ MCBS




