
2023 ഒക്ടോബർ ഏഴിലെ ഭീകരമായ ആ ആക്രമണത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ലാത്ത ഇസ്രായേലിൽ, ഹമാസിന്റെ തടവറയിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയവരുടെ അനുഭവങ്ങൾ ലോകത്തെ കണ്ണീരണിയിക്കുന്നു. മാസങ്ങളോളം ഭൂഗർഭ തുരങ്കങ്ങളിലും ക്രൂരമായ പീഡനങ്ങളിലും കഴിഞ്ഞതിന് ശേഷം മോചിതരായവർ ഇന്ന് ഓരോ നിമിഷവും സ്നേഹത്തോടും നന്ദിയോടും കൂടിയാണ് ജീവിക്കുന്നത്. ജീവിതത്തിന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ ആ മനുഷ്യരുടെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ…
തളരാതെ പിടിച്ചുനിന്ന തടവറയിലെ ദിനങ്ങൾ: എമിലി ഡമാരി
ഹമാസിന്റെ തടവറയിലെ ക്രൂരമായ നരകയാതനകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ മുപ്പതുകാരിയായ എമിലി ഡമാരിയുടെ വാക്കുകൾ ഏതൊരാളുടെയും കണ്ണ് നനയിക്കും. “തടവറയിലെ ഓരോ ദിവസവും ഒരാഴ്ച പോലെയായിരുന്നു. ഏതു നിമിഷവും എല്ലാം അവസാനിപ്പിക്കാൻ തോന്നും, എങ്കിലും ഞാൻ തളർന്നില്ല” എന്ന് പറയുന്ന എമിലി, ഇന്ന് ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിനും ഉള്ളുതുറന്ന് നന്ദി പറയുന്നു.
“ഇന്ന് ഞാൻ ഫ്രിഡ്ജ് തുറക്കുമ്പോൾ നന്ദി പറയുന്നു, ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുമ്പോൾ നന്ദി പറയുന്നു. വലിയ കാര്യങ്ങൾക്കായാലും ചെറിയ കാര്യങ്ങൾക്കായാലും ഞാൻ ഇന്ന് കൃതജ്ഞതയുള്ളവളാണ്. സ്വന്തം കുടുംബത്തിനും ജനങ്ങൾക്കുമൊപ്പം ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഈ സ്വാതന്ത്ര്യം ഇനി ഒരിക്കലും ഞാൻ നിസ്സാരമായി കാണില്ല,” എമിലി പറയുന്നു.
സർഫിംഗിലൂടെ മനസ്സിന് ശാന്തി കണ്ടെത്തുന്നു: എമിലി ഹാൻഡി
തടവറയുടെ ഭീകരതകളിൽ നിന്നും തിരിച്ചെത്തി ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന 11 കാരിയായ എമിലി ഹാൻഡിന്റെ വാക്കുകൾ ഏതൊരുടെയും ഹൃദയം തൊടുന്നതാണ്. “ആ ദുരന്തം എന്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞു, എങ്കിലും ഞാൻ അതിൽ നിന്നും മോചനം നേടാൻ ശ്രമിക്കുകയാണ്” എന്ന് പറയുന്ന എമിലി, കടലിലെ സർഫിംഗിലൂടെയാണ് തന്റെ മനസ്സിന് ശാന്തി കണ്ടെത്തുന്നത്.
“ഞാൻ സർഫ് ചെയ്യുമ്പോൾ അവിടെ ഞാനും കടലും മാത്രമാണുള്ളത്. മറ്റൊന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കാറില്ല, പൂർണ്ണമായും സർഫിംഗിൽ മാത്രമാണ് എന്റെ ശ്രദ്ധ. ഞാനും കടലും എന്റെ സർഫ്‌ബോർഡും മാത്രം!” നഷ്ടപ്പെട്ടുപോയ തന്റെ ബാല്യത്തിന്റെ സന്തോഷവും സമാധാനവും തിരമാലകളിൽ വീണ്ടെടുക്കാൻ ശ്രമിക്കുന്ന ആ പെൺകുട്ടിയുടെ അതിജീവനത്തിന്റെ നേർക്കാഴ്ചയാണിത്.
തടവറയിലെ ആ നാളുകൾ എന്നെ പഠിപ്പിച്ചത്: എലി ഷറാർബി
തന്റെ പ്രിയപ്പെട്ട ഭാര്യയെയും രണ്ടു പെൺമക്കളെയും സഹോദരനെയും യുദ്ധത്തിൽ നഷ്ടപ്പെടുകയും, 491 ദിവസങ്ങളോളം പട്ടിണിയും മർദനങ്ങളും സഹിച്ചു തടവറയിൽ കഴിയുകയും ചെയ്ത 54-കാരനായ എലി ഷറാർബിയുടെ അതിജീവനം കേൾക്കുന്നവരെ കണ്ണീരിലാഴ്ത്തും. “തടവറയിലെ ആ നാളുകളാണ് ഓരോ നിമിഷത്തിന്റെയും തിരഞ്ഞെടുപ്പുകളുടെയും വിലയെന്തെന്ന് എന്നെ പഠിപ്പിച്ചത്; ഞാൻ മുന്നോട്ട് ജീവിക്കാൻ തന്നെ തീരുമാനിക്കുന്നു” എന്ന് പറയുന്ന അദ്ദേഹം, തന്റെ കുടുംബത്തിന്റെ ഓർമ്മയ്ക്കായി മറ്റുള്ളവരെ സഹായിക്കാൻ ഒരു ചാരിറ്റി സെന്റർ ആരംഭിച്ചു. “ഞാൻ പൂർണ്ണമായി ജീവിക്കാൻ തീരുമാനിച്ചു. എന്റെ ഭാര്യ ലിയാനെയും മക്കളായ നോയിയയെയും യാഹെലിനെയും സഹോദരൻ യോസ്സിയെയും എന്റെ ഓരോ പ്രവൃത്തിയിലൂടെയും ഞാൻ കൂടെക്കൂട്ടുന്നു.”
ആ മനുഷ്യന്റെ വാക്കുകളിൽ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയും അതോടൊപ്പം മറ്റുള്ളവർക്ക് വെളിച്ചമാകാനുള്ള അചഞ്ചലമായ നിശ്ചയദാർഢ്യവും നിറഞ്ഞുനിൽക്കുന്നു.
ജീവിതത്തിലെ ഒന്നിനെയും നിസ്സാരമായി കാണരുത്: ഡോറോൺ സ്റ്റീൻബ്രെച്ചർ
തടവറയുടെ നടുക്കുന്ന അനുഭവങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയ 33 കാരിയായ ഡൊറോൺ സ്റ്റീൻബ്രെച്ചറുടെ വാക്കുകൾ പ്രത്യാശയുടെ വലിയൊരു സന്ദേശമാണ് നൽകുന്നത്. “എന്റെ കുടുംബവും സുഹൃത്തുക്കളും, എന്തിനേറെ എന്റെ വളർത്തുനായ പോലും ഇന്ന് എനിക്ക് വലിയ കരുത്താണ് നൽകുന്നത്. ഞാൻ തിരികെ വരണമെന്നും സന്തോഷത്തോടെ ജീവിക്കണമെന്നും ആഗ്രഹിച്ച് എനിക്കായി പോരാടിയ മനുഷ്യരാണവർ,” ഡൊറോൺ പറയുന്നു. “ജീവിതത്തിലെ ഒന്നിനെയും നിസ്സാരമായി കാണരുത് എന്നും, എനിക്ക് തിരികെ ലഭിച്ച ഈ ജീവിതം വലിയൊരു സമ്മാനമാണെന്നും ഓരോ ദിവസവും എന്നെ ഓർമ്മിപ്പിക്കുന്നു; അതുകൊണ്ടു തന്നെ എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ഈ ജീവിതം ഏറ്റവും മനോഹരമായി ജീവിച്ചുതീർക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്ന് പറയുന്ന അവളുടെ വാക്കുകളിൽ അതിജീവനത്തിന്റെയും നന്ദിയുടെയും ആഴത്തിലുള്ള മാനങ്ങൾ തുടിച്ചുനിൽക്കുന്നു.
ഇത് തടവറയുടെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സ: ഹാഗർ ബ്രോഡച്ച്
തടവറയുടെ ഭീകരതകളിൽ നിന്നും മൂന്ന് കുട്ടികളോടൊപ്പം അദ്ഭുതകരമായി രക്ഷപെട്ട് തിരിച്ചെത്തിയ 43 കാരിയായ ഹഗർ ബ്രോഡുച്ചിന്റെ വാക്കുകൾ ഏതൊരുടെയും ഹൃദയം തൊടുന്നതാണ്. “തടവറയ്ക്കു ശേഷമുള്ള ജീവിതം, പുറത്തു കാണുന്നതിനേക്കാൾ വളരെ സങ്കീർണ്ണമാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്,” എന്ന് പറയുന്ന ഹഗർ, ആ ദുരന്തം തങ്ങളുടെ ജീവിതത്തെ മുഴുവൻ നിർവചിക്കുന്ന ഒന്നാകാതിരിക്കാൻ വലിയ പോരാട്ടമാണ് നടത്തുന്നത്.
പഴയ മാനേജ്‌മെന്റ് ജോലിയിലേക്ക് തിരികെ പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ്, തന്റെ ദീർഘകാല സ്വപ്നമായ പേസ്ട്രി ബേക്കിംഗ് പഠിക്കാൻ തുടങ്ങിയ അവർ അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഇത് വെറുമൊരു പാചകം പഠിക്കലല്ല, മറിച്ച് എന്റെ സ്വന്തം കൈകൊണ്ട് പുതിയൊരു ഭാവി പടുത്തുയർത്താനുള്ള ശ്രമമാണ്; തടവറയുടെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് മുക്തി നേടാനുള്ള ഒരു ചികിത്സ കൂടിയാണിത്.” നഷ്ടപ്പെട്ട കാലത്തിന് ശേഷം സ്വന്തം കൈകൊണ്ട് പുതിയൊരു ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ആ അമ്മയുടെ അതിജീവനം കണ്ണീരണിയിക്കുന്നതാണ്.
മറ്റുള്ളവർക്ക് പ്രതീക്ഷയുടെ ശക്തി പകർന്നുനൽകാൻ: അഗം ബെർഗർ
തടവറയിലെ ഇരുണ്ട നാളുകൾ പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ 22 കാരിയായ അഗം ബെർഗറുടെ വാക്കുകൾ മറ്റുള്ളവരുടെ ഉള്ളിൽ പ്രത്യാശയുടെ വെളിച്ചം നിറയ്ക്കുന്നു. “എന്റെ കുടുംബവും ഇസ്രായേലിലെ ജനങ്ങളുമാണ് ഇന്ന് എനിക്ക് ഏറ്റവും വലിയ കരുത്ത്; അർഥവത്തായ കാര്യങ്ങളിൽ ഏർപ്പെടാനും മറ്റുള്ളവർക്ക് പ്രതീക്ഷയുടെ ശക്തി പകർന്നുനൽകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്,” എന്ന് അഗം പറയുന്നു. ഇരുണ്ട കാലത്തിന്റെ വേദനകൾ ഉള്ളിലൊതുക്കിക്കൊണ്ട്, മറ്റുള്ളവർക്ക് ആശ്വാസമാകാനും സമൂഹത്തിന് നന്മ ചെയ്യാനുമുള്ള ആ യുവതിയുടെ മനസ്സ് ഏവരെയും സ്പർശിക്കുന്നതാണ്.
ജീവിച്ചിരിക്കാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യം: അവിവയും കീത്ത് സീഗലും
ഹമാസിന്റെ ആക്രമണത്തിൽ കനത്ത ആഘാതം നേരിട്ട കഫാർ അസ ഗ്രാമത്തിൽ നിന്ന് 67കാരനായ ഭർത്താവ് കീത്തിനൊപ്പം തടവിലാക്കപ്പെട്ട 65 കാരിയായ അവിവയുടെയും അതിജീവനം കണ്ണീരണിയിക്കുന്നതാണ്. 2023 നവംബറിൽ അവിവ മോചിതയായെങ്കിലും, ഭർത്താവ് കീത്തിന് 2025 ഫെബ്രുവരി വരെ തടവറയിൽ കഴിയേണ്ടിവന്നു. ആ കാത്തിരിപ്പ് കാലയളവിൽ ഭർത്താവിന്റെ മോചനത്തിനായി അവിവ നിരന്തരം തെരുവിൽ പോരാടി. ഒടുവിൽ കീത്തിന്റെ തിരിച്ചുവരവും, തന്റെ മക്കളും പേരക്കുട്ടികളും, തന്നെ കാണാനെത്തുന്ന അപരിചിതരായ മനുഷ്യരുമാണ് ഓരോ ദിവസവും തനിക്ക് വലിയ കരുത്ത് നൽകിയതെന്ന് അവർ പറയുന്നു. “ഞാൻ ഒറ്റയ്ക്കല്ലെന്നും ഈ ലോകത്ത് ഇത്രയധികം ആളുകളുടെ സ്നേഹമുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. ആ സ്നേഹത്തെ നമ്മൾ രണ്ടു കൈകൾകൊണ്ടും ചേർത്തുപിടിക്കണം,” എന്ന് കണ്ണീരോടെ പറയുന്ന അവിവ, “ജീവിച്ചിരിക്കാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു” എന്നും കൂട്ടിച്ചേർക്കുന്നു.




