ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 07

ചന്ദ്രന്റെ, ഭൂമിക്ക് എതിർമുഖമായുള്ള വശത്തിന്റെ ചിത്രം ആദ്യമായി പകർത്തിയത് 1959 ഒക്ടോബർ ഏഴിനായിരുന്നു. സോവിയറ്റ് യൂണിയൻ അയച്ച ലൂണ-3 എന്ന ഉപഗ്രഹമാണ് ചിത്രം പകർത്തിയത്. ചിത്രം പകർത്താനാവശ്യമായ ക്യാമറ സംവിധാനങ്ങൾ ഉപഗ്രഹത്തിലുണ്ടായിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്നും 40,000 മൈൽ ഉയരത്തിൽ പറക്കുമ്പോഴാണ് ലൂണ-3 ചിത്രം പകർത്തിയത്. 40 മിനിറ്റിൽ എടുത്ത 29 ഫോട്ടോകളിൽ ചന്ദ്രോപരിതലത്തിന്റെ 70 ശതമാനവും ദൃശ്യമായിരുന്നു. ചിത്രം പകർത്തി 11 ദിവസങ്ങൾക്കു ശേഷം ഒക്ടോബർ 18 നാണ് ഇതിൽ 17 ചിത്രങ്ങൾ സ്കാൻ ചെയ്ത് ഉപഗ്രഹം ഭൂമിയിലേക്കയച്ചത്.

പ്രശസ്ത അമേരിക്കൻ വാർത്താചാനലായ ഫോക്സ് ന്യൂസ് പ്രവർത്തനമാരംഭിച്ചത് 1996 ഒക്ടോബർ ഏഴിനാണ്. ഫോക്സ് എന്റർടെയ്ൻമെന്റ് ഗ്രൂപ്പിനു കീഴിലാണ് ചാനൽ പ്രവർത്തിക്കുന്നത്. റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്സ് എന്ന സ്ഥാപനത്തിന്റെ സിനിമാ-ടെലിവിഷൻ വിഭാഗമാണ് ഫോക്സ് എന്റർടെയ്ൻമെന്റ് ഗ്രൂപ്പ്. അമേരിക്കയിലെ ടെലിവിഷൻ വിപണിയിലേക്കു കൂടി തന്റെ മാധ്യമസാന്നിധ്യം വ്യാപിപ്പിക്കാനുദ്ദേശിച്ച് സിഎൻഎൻ ചാനൽ വാങ്ങാനുള്ള മർഡോക്കിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് പുതിയ ചാനൽ തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. 1996 ഒക്ടോബർ ഏഴിന് ചാനൽ പ്രവർത്തനമാരംഭിക്കുമ്പോൾ 17 മില്യൺ വീടുകളിൽ കേബിൾ വഴി അത് ലഭ്യമായിരുന്നു.

2001 സെപ്റ്റംബർ 11 ലെ തീവ്രവാദ ആക്രണമത്തിനു മറുപടിയായി, അൽഖ്വയ്ദയ്ക്കും താലിബാനുമെതിരെ, അമേരിക്കയും ബ്രിട്ടനും ചേർന്നു നടത്തിയ സൈനിക നടപടിയായ – ഓപ്പറേഷൻ എൻഡ്യുറിങ് ഫ്രീഡം – ആരംഭിച്ചത് 2001 ഒക്ടോബർ ഏഴിനായിരുന്നു. നടപടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാന്റെ ഭരണത്തിൽ നിന്ന് താലിബാനെ താഴെയിറക്കുകയും നിരവധി അൽഖ്വയ്ദ ഭീകരരെ വധിക്കുകയും ചെയ്തു. 2011 മെയ് രണ്ടിന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ നടത്തിയ റെയ്ഡിനിടെ സെപ്റ്റംബർ 11 ലെ ആക്രമണത്തിന്റെ സൂത്രധാരനായ ഒസാമാ ബിൻ ലാദനെ സൈന്യം വധിച്ചു. 2014 ഡിസംബർ 28 ന് ഓപ്പറേഷൻ എൻഡ്യുറിങ് ഫ്രീഡം ഔദ്യോഗികമായി അവസാനിച്ചെങ്കിലും അമേരിക്കൻ സൈന്യം 2021 ആഗസ്റ്റ് വരെ അഫ്ഗാനിസ്ഥാനിൽ തുടർന്നു. സൈന്യം പിന്മാറിയതോടെ താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാനിൽ ഭരണത്തിലെത്തി.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.