
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിൽ ജനങ്ങളുടെ മാനസികാരോഗ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി പ്രമുഖ മാനസികാരോഗ്യ സംഘടനയായ ‘എറാൻ’ (ERAN). യുദ്ധം തുടങ്ങി മൂന്ന് വർഷം പിന്നിടുമ്പോൾ, ലക്ഷക്കണക്കിനാളുകളാണ് കടുത്ത മാനസിക സംഘർഷങ്ങളെത്തുടർന്ന് സഹായം തേടിയത്.
യുദ്ധം ആരംഭിച്ചതിനുശേഷം എറാന്റെ പ്രൊഫഷണൽ മാനസികാരോഗ്യ ടീമുകളുടെയും 1,850 സന്നദ്ധപ്രവർത്തകരുടെയും സഹായം തേടിയത് 9,28,000-ലധികം ആളുകളാണ്. ഇതിൽ 7.7 ലക്ഷത്തിലധികം പേർ ഫോൺ ഹെൽപ്പ്‌ലൈനുകൾ വഴിയും, 1.5 ലക്ഷത്തിലധികം പേർ ഡിജിറ്റൽ സേവനങ്ങൾ വഴിയുമാണ് ബന്ധപ്പെട്ടത്. എറാനെ സമീപിച്ചവരിൽ 21,829 പേർ ആത്മഹത്യാ ചിന്തകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിട്ടവരാണ്. ഇതിൽ ചെറുപ്പക്കാരുടെ അനുപാതം യുദ്ധത്തിന്റെ ആദ്യ വർഷത്തെ 2.6 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി ഇരട്ടിയോളം വർധിച്ചു.
ജനങ്ങൾക്കിടയിൽ കടുത്ത ഏകാന്തതയും ഒറ്റപ്പെടലും മൂലമുള്ള സഹായ അഭ്യർഥനകൾ കുത്തനെ ഉയർന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ 28 ശതമാനമായിരുന്ന ഇത്തരം കേസുകൾ മൂന്നാം വർഷമായപ്പോഴേക്കും 41 ശതമാനമായി ഉയർന്നു. എറാനെ വിളിച്ച സൈനികർക്കിടയിൽ അതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കോളുകൾ യുദ്ധത്തിന്റെ ആദ്യ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി ഉയർന്നു.
ദീർഘകാലമായി തുടരുന്ന യുദ്ധവും നഷ്ടങ്ങളും ഇസ്രായേലി സമൂഹത്തിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണെന്നും, ജനങ്ങൾക്ക് കൃത്യസമയത്ത് മാനസിക പിന്തുണ ഉറപ്പാക്കേണ്ടത് അത്യാവശമാണെന്നും എറാൻ അധികൃതർ ചൂണ്ടിക്കാണിക്കുന്നു.




