സീറോ മലബാര്‍ ഞായര്‍ പ്രസംഗം മാര്‍ച്ച്‌ 18 – യോഹ 10:11-18

നല്ല ഇടയൻ

ആയിരമാട്ടിൻ കൂട്ടങ്ങളിൽ നിന്ന് ഒരാട്ടിൻകുട്ടിയെ ആശീർവദിച്ചുയർത്തി നെഞ്ചോട് ചേർത്തണച്ചു നിൽക്കുന്ന യേശുവിന്റെ ചിത്രം കാട്ടി സൺഡേ സ്‌കൂൾ ടീച്ചർ പറഞ്ഞു. ”സുകൃതം ചെയ്ത ആട്ടിൻകുഞ്ഞ്.” ഏറെ നാൾ കഴിഞ്ഞാണ് യേശു നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ആട്ടിൻകുട്ടിയുടെ യഥാർത്ഥ കഥ അറിഞ്ഞത്. അവൻ ജന്മനാ മുടന്തനായിരുന്നു. കൂട്ടുകാർ അവനെ അവഗണിച്ചു. കൂട്ടത്തോടൊപ്പം ഒരിക്കലും ഓടിയെത്താത്ത അവനെ ഇടയൻ ശകാരിക്കുകയും നിന്ദിക്കുകയും ചെയ്തു. ഗ്രാമീണപെൺകിടാങ്ങൾ അവനെ മാത്രം ഓമനിച്ചില്ല. അവന്റെ ഒടുവിലത്തെ ആശ്രയം ദൈവമായിരുന്നു. അങ്ങനെയാണവൻ ബലിയാടുകളോടൊപ്പം ചേർന്നത്. അവിടെയും അവൻ തള്ളപ്പെട്ടു. വൈകല്യമുള്ളവൻ ബലിക്ക് സ്വീകാര്യനല്ല. മുടന്തനായ ആട്ടിൻകുട്ടിയെ ദൈവത്തിനും വേണ്ട. നിരാശനായി. ദേവാലയ പടവുകളിലൂടെ ഇടറി ഇറങ്ങിയപ്പോൾ എതിരെ വന്നവൻ യേശുവായിരുന്നു. കരങ്ങളിലവനെ ഉയർത്തി യേശു അവന്റെ മൂർദ്ധാവിൽ ചുംബിച്ചു. (ബോബി ജോസ് കട്ടിക്കാട്, സഞ്ചാരിയുടെ ദൈവം 15-16).

വൈകല്യമുള്ളതിനെയും ഉപകാരമില്ലാത്തതിനെയും വഴിതെറ്റിപോയതിനെയുമൊക്കെ ഉപേക്ഷിച്ച് കളയുന്ന അവസാനിപ്പിക്കുന്ന ഒരു ലോകത്തോടാണ് ഇന്ന് ഈശോ ഞാൻ ഇടയനാണെന്ന് പറയുന്നത്. ആടുകളുടെ നിറവുകളും കുറവുകളും മനസ്സിലാക്കി അവയെ പരിപാലിക്കുന്നവനാണ് നല്ലിടയൻ. ആടുകൾ സംഘബോധത്തിനും നിഷ്‌ക്കളങ്കതക്കും പേരുകേട്ടവരാണ്. ആടുകളെ നിരീക്ഷിച്ചാൽ കുറച്ച് പ്രത്യേകതകൾ കൂടി നമുക്ക് മനസ്സിലാക്കാം. ആടുകളെ സാധാരണ ഗതിയിൽ സർക്കസിനും അഭ്യാസങ്ങൾക്കൊന്നും ഉപയോഗിക്കാറില്ല. കാരണം അവ പരിശീലനത്തിന് എളുപ്പം വിധേയരാകില്ല എന്നതു തന്നെ. ആടുകൾക്ക് മീറ്ററുകൾ മാത്രം അകലത്തിലെ കാഴ്ച കാണാൻ സാധിക്കൂ. അതിനാലാണ് കൂട്ടം തെറ്റിയാൽ തിരികെയെത്താൻ പ്രയാസം. പ്രതിരോധശേഷി വളരെ കുറവുള്ള മൃഗമാണ് ആട്. മറ്റ് മൃഗങ്ങൾ ആക്രമിക്കാനെത്തുമ്പോൾ ഇവറ്റകൾക്ക് ഓടാൻ മാത്രമേ സാധിക്കൂ, പക്ഷെ കാലുകൾക്ക് ബലം കുറവായതിനാൽ അധികം ഓടാനും സാധിക്കില്ല. കൂടാതെ എന്ത് തിന്നണമെന്നോ എത്ര തിന്നണമെന്നോ കൃത്യമായി വിവേചിക്കാൻ ഇവർക്ക് സാധിക്കില്ല.

ചുരുക്കിപറഞ്ഞാൽ നല്ലൊരു ഇടയനില്ലാതെ ആട്ടിൻപറ്റത്തിന് നിലനിൽപ്പില്ല.

ഇടയസങ്കൽപ്പംകൊണ്ട് സമൃദ്ധമാണ് വിശുദ്ധഗ്രന്ഥം. ആദ്യ മാതാപിതാക്കളുടെ ഇളയപുത്രൻ ആബേൽ, ഇസ്രായേലിനെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്ത മോശ, ഇസ്രായേലിനെ ഒരു ജനതയായി മുന്നോട്ട് നയിക്കാൻ ദൈവം രാജാവായി അഭിഷേകം ചെയ്ത ദാവീദ് തുടങ്ങിയവരെല്ലാം ആട്ടിടയന്മാരായിരുന്നു. പുതിയ നിയമത്തിലെ ഏറ്റവും ഹൃദയസ്പർശിയായ വചനങ്ങൾ ഇടയ സങ്കൽപ്പത്തോട് ബന്ധപ്പെടുത്തിയാണ്. വഴിതെറ്റിപ്പോയ ആടിന്റെ ഉപമയും (മത്താ 18:12-13), കാണാതായ ആടിന്റെ ഉപമയും (ലൂക്കാ 15:4-7), നല്ലിടയന്റെ ഉപമയുമെല്ലാം (യോഹ 10:1-18) ചില ഉദാഹരണങ്ങൾ മാത്രം.

ഇസ്രായേലിന്റെ ഇടയന്മാർ തങ്ങളുടെ ഉത്തരവാദിത്വം മറന്ന് മുറിവേറ്റതിനെ വച്ചുകെട്ടാതെയും പരിചരിക്കാതെയും നിരുത്തരവാദിത്വപരമായി പെരുമാറിയപ്പോൾ ദൈവം തന്ന ഇടയസ്ഥാനം ഏറ്റെടുക്കയാണ്. അവിടുന്ന് പാപികളും രോഗികളും വിജാതിയരുമായ ആടുകളെ, നിരാശരായ ആടുകളെ, വിശന്നു വലഞ്ഞ ആടുകളെ, ദുഃഖിതരായ ആടുകളെ, കുറ്റാരോപിതരായ ആടുകളെ, ധിക്കാരികളായ ആടുകളെ, ശിശുക്കളായ ആടുകളെ, സമ്പന്നരായ, വികലാംഗരായ, പിശാചുബാധിതരായ ആടുകളെ ക്ഷമയോടെ ഒരുമിച്ചുകൂട്ടി, സൗഖ്യം നൽകി ഒരാട്ടിൻ പറ്റമാക്കി ഉയർത്തി.

വഴി കാണിച്ചുതരാം എന്ന വാഗ്ദാനവുമായി വരുന്ന പലരും വഴിമുടക്കികളാകുന്ന, ഇടയ വേഷത്തിൽ വരുന്ന പലരും മുഖം മൂടിയണിഞ്ഞ ചെന്നായ്ക്കളാകുന്ന, സത്യത്തിന്റെ പ്രവാചകരായി അവതരിച്ച പലരും കാര്യലാഭത്തിനായി സത്വത്തെ വിലപേശുന്ന ഈ ലോകത്തിൽ, ഇടയന്മാർക്ക് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നല്ലിടയനായ ഈശോയുടെ മാതൃക നമുക്ക് ജീവിതങ്ങളിൽ സ്വീകരിക്കാം. നല്ലിടയനായ ഈശോയുടെ മാതൃക പിന്തുടരുന്ന അനേകം വിശുദ്ധരായ നായകന്മാർ നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരെ ഒന്ന് ഓർമ്മിച്ചെടുക്കാനും ആദരിക്കാനുമുള്ള ഒരു ദിനം കൂടിയാകട്ടെയിത്.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെപ്പോലെയുള്ള നല്ലിടയന്മാരുടെ അനേകം ഓർമ്മകൾ പങ്കുവയ്ക്കാനുള്ള നമുക്ക്, അവരുടെ മാതൃക മനസ്സിൽ സൂക്ഷിച്ച് നാമായിരിക്കുന്ന അവസ്ഥയിൽ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് പ്രത്യേകിച്ച് മുറിവേറ്റവരെയും മാറ്റി നിർത്തപ്പെട്ടവരെയും ചേർത്ത് നിർത്തിക്കൊണ്ട് മുറിവുകൾ വച്ചുകെട്ടിക്കൊണ്ട് നമുക്കും നല്ലിടയന്മാരാകാം. ദൈവം നമ്മെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ഫ്രാൻസിസ് ഇടക്കുടിയിൽ എം.സി.ബി.എസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.