ഞായര്‍ പ്രസംഗം 2, ശ്ലീഹാക്കാലം നാലാം ഞായര്‍ ജൂണ്‍ 13 ലൂക്കാ 6: 27-36 തിന്മയെ നന്മ കൊണ്ട് ജയിക്കുക

ബ്ര. ജയ്‌സണ്‍ മരങ്ങോലില്‍

കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല് എന്ന മനുഷ്യന്റെ സ്വാഭാവികമായ രീതിക്കു വിപരീതമായി, മനുഷ്യബുദ്ധിക്ക് അതീതമായ ഒരു കാര്യമാണ് ഈശോ ഇവിടെ പറഞ്ഞുവയ്ക്കുന്നതെന്ന് ഒറ്റവായനയില്‍ നമുക്ക് തോന്നിയേക്കാം. ഇന്ന് നാം കേട്ട തിരുവചനത്തിന്റെ തൊട്ടുമുമ്പുള്ള ഭാഗത്ത് സുവിശേഷഭാഗ്യങ്ങളിലൂടെ, ദരിദ്രരും വിശക്കുന്നവരും പീഡനം സഹിക്കുന്നവരുമെല്ലാം ഭാഗ്യവാന്മാര്‍ എന്നുപറഞ്ഞ ഈശോ, അതുകഴിഞ്ഞ് വരുന്ന ഭാഗത്ത് ഇതിലും ഒരുപടി കൂടി കടന്ന് ഇന്നത്തെ വചനഭാഗത്തിലൂടെ തിന്മയെ നന്മ കൊണ്ട് ജയിക്കുവാന്‍ നമ്മെ ക്ഷണിക്കുകയാണ്.

ഈ വചനഭാഗത്തിലൂടെ കടന്നുപോകുമ്പോള്‍ ഈശോ പറയുന്നതുപോലെ, ശ ത്രുക്കളെ സ്‌നേഹിക്കുവിന്‍ എന്നും ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍ എന്നും ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍ എന്നും അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്നു പറയുന്നതുമെല്ലാം തീര്‍ച്ചയായും നമ്മുടെ സ്വാഭാവികബുദ്ധിയില്‍ ഒതുങ്ങുന്ന ഒരു കാര്യമല്ല. കാരണം, എന്നെ ഉപദ്രവിച്ചവനും എന്നെ അധിക്ഷേപിച്ചവനും തിന്മ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മില്‍ പലരും. ഈ സ്വാഭാവികപ്രവണതയെ മറികടന്ന് അതിസ്വാഭാവികമായ ഒരു ജീവിതം പുല്‍കാനുള്ള ക്ഷണമാണ് ഇന്നത്തെ തിരുവചനം നമ്മുടെ മുന്നില്‍ വയ്ക്കുന്ന വെല്ലുവിളി.

ഈ അതിസ്വാഭാവിക ജീവിതം നയിക്കുന്നവരാണ് ഒരു നല്ല ക്രിസ്ത്യാനി അഥവാ യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍ എന്ന സത്യം ഈ വചനം പറഞ്ഞുവയ്ക്കുന്നുണ്ട്. ക്രിസ്തുവിന്റെ ജീവിതം തന്നെ ഇതിനുള്ള തെളിവായിരുന്നു. കാരണം, അവന്‍ തിന്മയെ നന്മ കൊണ്ട് ജയിച്ചവനാണ്. വചനത്തില്‍ അവന്‍ പറഞ്ഞതെല്ലാം പരിശോധിക്കുമ്പോള്‍ അത് സത്യമാണെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. കാരണം, അവന്‍ ശത്രുക്കളെ സ്‌നേഹിച്ചു. ശത്രുക്കള്‍ക്ക് തിന്മ വരണമെന്ന് അവന്‍ ആഗ്രഹിച്ചില്ല. അവന് കുരിശ് ചാര്‍ത്തിയവരെയും അവനെ അധിക്ഷേപിച്ചവരെയും അവന്‍ ശപിച്ചില്ല. അവരോട് കോപിച്ചില്ല. മറിച്ച് അവന്‍ അവരെ സ്‌നേഹിച്ചു. ആ സ്‌നേഹത്തിന്റെ പ്രതിഫലനമായാണ് അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചത്: “പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.” തന്നെ കുത്തിമുറിവേല്‍പിച്ചപ്പോഴും തന്റെ കരണത്ത് അടിച്ചപ്പോള്‍ ഒരു വാക്കു പോലും ഉരിയാടാതെ നിന്നതും തന്റെ മേലങ്കിക്കുവേണ്ടി നറുക്കിട്ടപ്പോഴും അവന്‍ തിരിച്ച് ഒന്നും പറയാതിരുന്നതും ഒരുപക്ഷേ, അവരെ നേടേണ്ടതിന് അവന്‍ ആ തിന്മകളെ നന്മയുടെ പുഞ്ചിരി കൊണ്ട് നേരിട്ടതുകൊണ്ടാകാം.

ഈശോയുടെ ജീവിതം ഒരു നല്ല ക്രിസ്ത്യാനിയാകുവാനുള്ള ഒരു വെല്ലുവിളിയാണ്. ഇന്നത്ത ലേഖനഭാഗത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ വെല്ലുവിളിയുടെ ഉദാഹരണം വി. പൗലോസിന്റെ ജീവിതത്തില്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. അതുകൊണ്ടാണ് വി. പൗലോസ് ഇങ്ങനെ തന്റെ ലേഖനത്തില്‍ പറഞ്ഞുവയ്ക്കുന്നത്: “ഞാന്‍ എല്ലാവരിലും നിന്ന് സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായിത്തീര്‍ന്നിരിക്കുന്നു.”

ക്രിസ്തു ഇന്ന് നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്ന വെല്ലുവിളി, തിന്മയെ നന്മ കൊണ്ട് ജയിക്കുവാനുള്ള ആഹ്വാനമാണ്. ക്രിസ്ത്യാനി എന്ന നാമത്തിനപ്പുറം ജീവിതം കൊണ്ട് ക്രിസ്തുവിന്റെ അനുയായി ആണെന്ന് നമ്മള്‍ ലോകത്തിന് കാട്ടിക്കൊടുക്കണം. നമ്മുടെ ജീവിതത്തില്‍ ഒരുപക്ഷേ, തിന്മയ്ക്കു പകരം നന്മ ചെയ്യുമ്പോള്‍ പല നഷ്ടങ്ങളുമുണ്ടാകാം. എങ്കിലും ഈ നഷ്ടം ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളാണ്. ക്രിസ്തുവിനെപ്രതിയുള്ള നഷ്ടങ്ങള്‍ നമുക്ക് ഒരു നേട്ടം തന്നെയാണ്. നമ്മുടെ ചുരുങ്ങിയ നാളത്തെ ജീവിതത്തില്‍ നമ്മെ വേദനിപ്പിച്ചവരെയും പരിഹസിച്ചവരോടും പ്രതികാരം ചെയ്യുവാന്‍ പുറപ്പെടുമ്പോള്‍ ക്രിസ്തീയജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെടുമെന്ന സത്യം നമ്മള്‍ തിരിച്ചറിയണം. മറിച്ച്, ഇതെല്ലാം ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ മറക്കുവാനും പൊറുക്കുവാനും ക്ഷമിക്കുവാനും ശ്രമിക്കുമ്പോഴാണ് ജീവിതം ആസ്വദിക്കുവാന്‍ സാധിക്കുക.

ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ, ചരിത്രം പരിശോധിക്കുമ്പോള്‍ ക്രിസ്തു നമ്മുടെ മുന്നില്‍ വയ്ക്കുന്ന, തിന്മയെ നന്മ കൊണ്ട് ജയിക്കുക എന്ന വെല്ലുവിളി അതിസ്വാഭാവികമല്ല എന്ന സത്യം നമ്മള്‍ തിരിച്ചറിയണം. തന്നെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച അലി അഗ്കയോട് ക്ഷമിക്കുവാന്‍ തയ്യാറായ ജോണ്‍പോള്‍ രണ്ടാമനും, തന്റെ മകളെ കൊന്ന ഘാതകനോട് ക്ഷമിച്ച മരിയ ഗൊരേത്തിയുടെ അമ്മയും, സി. റാണി മരിയയുടെ മാതാപിതാക്കളുമെല്ലാം നമുക്ക് മാതൃകകളാണ്. ഇന്ന് ചെറിയ കാര്യങ്ങള്‍ക്കുപോലും പ്രതികാരം ചെയ്യുവാനും അപരനെ നശിപ്പിക്കുവാനും ശ്രമിക്കുന്ന നമ്മുടെ ശാരീരികപ്രവണതയെ തോല്‍പ്പിക്കുവാനുമുള്ള ക്രിസ്തുവിന്റെ ആഹ്വാനം നമുക്ക് ഹൃദയത്തില്‍ ഏറ്റുവാങ്ങാം.

ബ്ര. ജയ്‌സണ്‍ മരങ്ങോലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.