ഞായര്‍ പ്രസംഗം 2, ദനഹ ഒന്നാം ഞായര്‍ ജനുവരി 03 ഈശോയുടെ ദൗത്യാരംഭം

ബ്ര. എബിന്‍ ജോസഫ്

കോവിഡിന്റെ ബുദ്ധിമുട്ടുകളെയും നിരാശകളെയുമൊക്കെ മറികടന്ന് കേരളജനത ഒന്നാകെ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേയ്ക്ക് പറന്നുയരുന്നത് നാം കണ്ടു. ചൂടുപിടിച്ച ചര്‍ച്ചകളും പ്രചരണങ്ങളുമൊക്കെയായി ഓരോ പാര്‍ട്ടിയും വളരെ നൂതനവും ക്രിയാത്മകവുമായ രീതിയില്‍ മത്സരിച്ചു. എല്ലാവരും ജനങ്ങള്‍ക്ക് വ്യത്യസ്ത വാഗ്ദാനങ്ങള്‍ നല്‍കി. പലതും വളരെ ആകര്‍ഷകമെങ്കിലും ജനത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളെ യാതൊരു വിധത്തിലും സ്പര്‍ശിക്കാത്തതാണ്. എന്നിരുന്നാലും കുറച്ചുപേര്‍ വിജയത്തിന്റെ മധുരവും മറ്റുചിലര്‍ പരാജയത്തിന്റെ കയ്പ്പും രുചിച്ചു.

ഇന്ന് ദനഹാക്കാലം ഒന്നാം ഞായര്‍. ഈശോയുടെ ജ്ഞാനസ്‌നാന വേളയില്‍ പിതാവായ ദൈവം സ്വപുത്രനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്തു. ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭവും പരിശുദ്ധ ത്രീത്വത്തിന്റെ വെളിപ്പെടുത്തലും ധ്യാനവിഷയമാക്കുന്ന കാലഘട്ടമാണിത്. ദനഹ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തല്‍, സൂര്യോദയം എന്നൊക്കെയാണ്.

നസ്രത്തിലെ സിനഗോഗില്‍ തന്റെ പരസ്യജീവിതത്തിന്റെ തുടക്കമെന്നോണം ഉദ്ഘാടനപ്രഘോഷണം നടത്തുകയാണ് ഈശോ. കേവലം ഒരു രാഷ്ട്രീയപ്രസംഗം പോലെ വാഗ്ദാനങ്ങളുടെയോ, വിമര്‍ശനങ്ങളുടെയോ ഒരു പ്രകടനമായിരുന്നില്ല അത്. മറിച്ച്, തന്നിലൂടെ പൂര്‍ത്തിയാക്കപ്പെട്ടവയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു. പാപത്തിന്റെ അടിമത്വത്തില്‍ കഴിയുന്ന മാനവരാശിക്ക് വിമോചകനായി സ്വര്‍ഗ്ഗം വിട്ടിറങ്ങിയവന്‍, ദൈവപുത്രനായ ക്രിസ്തു എല്ലാവിധ അടിമത്വത്തില്‍ നിന്നും വിമോചിപ്പിക്കുന്ന സമഗ്രവിമോചകനാണ് എന്ന് അവിടുന്ന് ഓര്‍മ്മപ്പെടുത്തുന്നു.

യഹൂദരുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടത്തപ്പെടുന്ന ഇടമായിരുന്നു സിനഗോഗ്. ജറുസലേം ദൈവാലയം തകര്‍ക്കപ്പെട്ട് ബി.സി. 587-ല്‍ പ്രവാസികളായി ബാബിലോണിലെത്തിയ യഹൂദര്‍ക്ക് ദൈവാരാധന നടത്താനുള്ള സാഹചര്യം നഷ്ടമായി. ഇതിനൊരു പരിഹാരമെന്നോണം യഹൂദര്‍ കണ്ടെത്തിയ ഉപാധിയായിരുന്നു പ്രാര്‍ത്ഥിക്കാനും വചനം വായിച്ചുപഠിക്കാനും ഒരുമിച്ചുകൂടുകയെന്നത്. അങ്ങനെ അവര്‍ ഒരുമിച്ചുകൂടിയ ഇടങ്ങള്‍ സിനഗോഗ് എന്ന് അറിയപ്പെട്ടു. പ്രവാസത്തില്‍ നിന്ന് തിരിച്ചുവന്നതിനു ശേഷവും അവര്‍ ഈ സമ്പ്രദായം തുടര്‍ന്നുപോന്നു. സിനഗോഗില്‍ സാബത്തുദിവസം ഒരുമിച്ചുകൂടുകയും സങ്കീര്‍ത്തനം ആലപിച്ചു പ്രാര്‍ത്ഥിക്കുകയും റബ്ബിമാര്‍ അവര്‍ക്ക് വചനം വ്യാഖ്യാനിച്ചു നല്‍കുകയും ചെയ്തുപോന്നു. ഇപ്രകാരം ഈശോ വളര്‍ന്ന സ്ഥലമായ സിനഗോഗില്‍ അവിടുന്ന് വചനം വായിക്കുന്നതാണ് പശ്ചാത്തലം. തന്നെ ശ്രവിക്കുന്നവര്‍ക്ക് അവന്‍ പരിചിതനായിരുന്നു എന്നു സാരം.

‘അഗ്നിച്ചിറകുകള്‍’ എന്ന തന്റെ ആത്മകഥയില്‍ കലാം ഇപ്രകാരം പറയുന്നുണ്ട്: “മറ്റുള്ളവരെ അറിയുന്നവന്‍ പഠിപ്പുള്ളവനാണ്. എന്നാല്‍ തന്നെത്തന്നെ അറിയുന്നവനാണ് ബുദ്ധിമാന്‍.” ബുദ്ധി കൂടാതെയുള്ള അറിവ് നിഷ്പ്രയോജനമാണ്. ആത്മജ്ഞാനമാണ് ഏറ്റവും വലിയ അറിവ്. വചനത്തില്‍ ഈശോയ്ക്ക് തന്നെക്കുറിച്ചുള്ള ധാരണ നമ്മെ അത്ഭുതപ്പെടുത്തണം. താന്‍ പിതാവിനാല്‍ അയയ്ക്കപ്പെട്ടവനാണെന്നും തന്റെയുള്ളില്‍ ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവ് വസിക്കുന്നുവെന്നും തനിക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്ന ദൗത്യങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമായ ഒരു അറിവ് അവനുണ്ടായിരുന്നു. ഇതു തന്നെയായിരുന്നു ആ ദൗത്യവിജയത്തിന്റെ കാതലും.

ഈശോയുടെ ദൗത്യവിജയത്തിന്റെ ഒന്നാമത്തെ കാരണം, താന്‍ അയയ്ക്കപ്പെട്ടവനാണ് എന്ന ബോദ്ധ്യമായിരുന്നു. തന്നെ അയച്ചവനിലുള്ള വിശ്വാസമായിരുന്നു. അവനറിയാതെ ജീവിതത്തില്‍ ഒന്നും നടക്കുകയില്ല എന്നുള്ള ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഗെത്സമേനില്‍ രക്തം വിയര്‍ത്ത് മാനസികവ്യഥയുടെ മുള്‍മുടിയില്‍ നില്‍ക്കുമ്പോഴും എന്റെ ഹിതമല്ല നിന്റെ ഹിതം നിറവേറട്ടെ എന്നു പ്രാര്‍ത്ഥിക്കാന്‍ അവനു കഴിഞ്ഞത്. പിതാവിന്റെ കരം പിടിച്ചു നടക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം യാതൊന്നും അവനെ ഭയപ്പെടുത്തുന്നില്ല. കാരണം, അവന്‍ പിടിച്ചിരിക്കുന്ന കരം മറ്റെന്തിനേക്കാളും ശക്തമാണെന്നുള്ള വിശ്വാസമാണ്. ഈ വിശ്വാസം എന്ന് ഇല്ലാതാകുന്നോ അന്ന് ഭയം ഒരുവനെ കീഴടക്കും.

രണ്ടാമത്തെ കാരണം, കര്‍ത്താവിന്റെ ആത്മാവ് തന്റെ മേലുണ്ട് എന്നുള്ള ധൈര്യമായിരുന്നു. ദൈവാത്മാവിന്റെ പ്രത്യേക അഭിഷേകമുള്ളവനാണ് ക്രിസ്തു എന്ന പ്രവചനത്തിന്റെ നിറവേറലാണ് ഇവിടെ കാണുന്നത്. ഇന്ന് ഈ തിരുവെഴുത്ത് നിറവേറി എന്ന് യേശു അവസാനം പറഞ്ഞുവയ്ക്കുമ്പോള്‍ കര്‍ത്താവിന്റെ ആത്മാവുള്ള, അഭിഷേകം ചെയ്യപ്പെട്ട എന്നുവായിച്ച നസറത്തുകാരനായ ഈ യഹൂദ യുവാവ് ക്രിസ്തുവാണെന്ന് സ്വയം വെളിപ്പെടുത്തുകയാണ്. മിശിഹായുഗത്തിന്റെ ആരംഭമായെന്ന് ലൂക്കാ സുവിശേഷകന്‍ ഇതിലൂടെ സമര്‍ത്ഥിക്കുന്നു. മാമ്മോദീസായിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നമ്മില്‍ വന്ന ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവിനെ കണ്ടെത്താനുള്ള വിളിയാണ് വചനം നല്‍കുക. ആത്മാവിന്റെ ദാനങ്ങളും, വരങ്ങളും, ഫലങ്ങളും നമ്മില്‍ നിറയുമ്പോള്‍ നാം എന്തിന് ദൈവത്താല്‍ അയയ്ക്കപ്പെട്ടോ, അത് തിരിച്ചറിയാനും ഏറ്റവും പൂര്‍ണ്ണതയോടെ അത് നിറവേറ്റാനും സാധിക്കും.

മൂന്നാമതായി, തന്റെ രാജ്യത്തെക്കുറിച്ച് ഈശോയ്ക്കുണ്ടായിരുന്ന വ്യക്തതയായിരുന്നു. മനുഷ്യന്റെ കുറവുകളിലേയ്ക്ക് നിറവായി അവതരിക്കുക എന്നതായിരുന്നു അവന്റെ ദൗത്യം. ദരിദ്രര്‍ക്ക് സുവിശേഷം, അന്ധര്‍ക്കു കാഴ്ച, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോള്‍ ഇതു തന്നെയാണ് വിവക്ഷിക്കുന്നത്. ആത്മീയതയുടെ ദാരിദ്ര്യത്തില്‍ ദൈവാലയം കച്ചവടസ്ഥലമായപ്പോള്‍ തിരുത്തലായി അവന്‍ മാറി. ലാസറിലൂടെ ഭൗതികദാരിദ്ര്യം അനുഭവിക്കുന്നവര്‍ ദൈവത്തിന് പ്രിയപ്പെട്ടവരായി മാറുമെന്ന പ്രത്യാശ അവന്‍ പകര്‍ന്നു നല്‍കി. പാപത്തിന്റെ ബന്ധനത്തില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ഉത്ഥാനം ചെയ്തുകൊണ്ട് ശാശ്വതമായ വിമോചനം അവന്‍ നല്‍കി.

അതിനാല്‍ നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ നമുക്കുണ്ടാകണം. ലക്ഷ്യമുണ്ടെങ്കില്‍ മാത്രമേ അതിനുവേണ്ടി പ്രയത്‌നിക്കാനും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും നാം ശ്രമിക്കൂ. ഇല്ലെങ്കില്‍ ലക്ഷ്യമില്ലാതെ അലസമായി നമ്മുടെ ജീവിതം പാഴാക്കിക്കളയാനിടയാകും.

ഈ ദനഹാക്കാലത്തില്‍ ഈശോയുടെ പരസ്യജീവിതത്തെക്കുറിച്ച് നാം ധ്യാനിക്കുമ്പോള്‍ അവനുമായി അനുരൂപപ്പെടുവാനായിട്ട് നമുക്ക് പരിശ്രമിക്കാം. സഭ സ്വഭാവത്താലേ പ്രേഷിതയാണ്. അതിനാല്‍ സഭാംഗങ്ങളായ നാമെല്ലാവരും പിതാവിനാ ല്‍ അയയ്ക്കപ്പെട്ടവരുമാണ്. നാം ആരാണെന്നും, എന്താണ് നമ്മിലുള്ളതെന്നും, എന്താണ് നമ്മുടെ ദൗത്യമെന്നും വ്യക്തമായ ഒരു ചിത്രം നമ്മുടെയുള്ളില്‍ ഉണ്ടാകാന്‍ ഈ കാലഘട്ടത്തില്‍ നമുക്ക് പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. നാം ആരാണെന്ന ബോദ്ധ്യം നമ്മില്‍ ഇല്ലാതാകുമ്പോഴാണ് പറയുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ വൈരുദ്ധ്യങ്ങളും വിവാദങ്ങളുമായി മാറുന്നത്.

മോശമായ പ്രതികരണങ്ങള്‍ പലയിടങ്ങളില്‍ നി ന്നും ഉടലെടുക്കുമ്പോള്‍ വിശ്വാസത്തില്‍ ഇടര്‍ച്ചയുണ്ടാകുന്നതിനു കാരണം ഈ സ്വയാവബോധം ഇല്ലായ്മ തന്നെയാണ്. അയച്ചവനില്‍ വിശ്വാസമില്ലാതാകുന്നതു കൊണ്ടാണ്. ഇവിടെയാണ് എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് എന്നുപറഞ്ഞ പൗലോസ് ശ്ലീഹായും, കുഷ്ഠരോഗികളില്‍ ക്രിസ്തുവിനെ കണ്ട് രക്തസാക്ഷിയായി മാറിയ ഫാ. ഡാമിയാനും, ചേരികളില്‍ ജീവിക്കുന്ന ക്രിസ്തുവിനെ തിരഞ്ഞുപോയ മദര്‍ തെരേസയും, അയച്ചവന്റെ ശക്തിയില്‍ വിശ്വസിച്ചവരും ജീവിതനിയോഗങ്ങളെ തിരിച്ചറിഞ്ഞ് തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹമാക്കി തീര്‍ത്തവരുമാണ്. നമുക്കും ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ദൈവത്തിന്റെ ഹിതം അന്വേഷിക്കുന്നവരും അത് പൂര്‍ത്തീകരിക്കുന്നവരുമാകാം. അങ്ങനെ നമ്മുടെ ജീവിതവും ഒരു അനുഗ്രഹമാക്കി മാറ്റാം.

ബ്ര. എബിന്‍ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.