ഞായര്‍ പ്രസംഗം: സ്ത്രീയേ, നിന്റെ വിശ്വാസം വലുതു തന്നെ

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

ഏലിയാ, സ്ലീവാ, മൂശ ആറാം ഞായർ/ സ്ലീവാ മൂന്നാം ഞായർ – മത്താ 15:21-28 

ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്‍ജനത്തിനാണ് അവിടുത്തെ രക്ഷാവാഗ്ദാനം ലഭിച്ചത്. ഈ ജനത്തോടുതന്നെയാണ് രക്ഷകനെക്കുറിച്ച് തന്റെ പ്രവാചകരിലൂടെ ദൈവം ഉറപ്പു നല്കിയതും. സമയത്തിന്റെ പൂര്‍ണതയില്‍ രക്ഷകന്‍ മനുഷ്യനായി അവതരിച്ചപ്പോള്‍ അവനെ സ്വീകരിക്കുന്നതിനു ഭാഗ്യം ലഭിച്ചതും ഇസ്രായേല്‍ജനത്തിനു തന്നെയായിരുന്നു. പക്ഷേ, സ്വജനത്തിന്റെ പക്കലേക്കു വന്ന അവിടുത്തെ സ്വകീയര്‍ സ്വീകരിച്ചില്ല. എന്നാല്‍, അവിടുത്തെ സ്വീകരിക്കുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തവര്‍ക്ക് അവിടുന്നു ദൈവമക്കളാകാനുള്ള വരം നല്കി (യോഹ 1,11-12). ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേല്‍ രക്ഷകനായ മിശിഹായെ തിരസ്‌ക്കരിക്കുമ്പോള്‍ വിജാതീയയായ ഒരു കാനാന്‍കാരി സ്ത്രീ അവിടുന്നിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് രക്ഷ പ്രാപിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പിലവതരിപ്പിക്കുന്നത്.

ഈശോയുടെ ശിഷ്യന്മാര്‍ ശുദ്ധിയെ സംബന്ധിക്കുന്ന പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നു എന്ന ആരോപണവുമായി ജറുസലേമില്‍നിന്നുള്ള പ്രീശരും നിയമജ്ഞരും എത്തുന്നതിന്റെയും യഥാര്‍ത്ഥ ശുദ്ധി ഹൃദയത്തിലാണ് ആരംഭിക്കുന്നത് എന്ന് ഈശോ പഠിപ്പിക്കുന്നതിന്റേതുമായ പശ്ചാത്തലത്തിലാണ് കാനാന്‍കാരിയുടെ സംഭവം.

ഈശോ അവിടെനിന്നു പുറപ്പെട്ട് ടയര്‍-സീദോന്‍ പ്രദേശങ്ങളിലെത്തി എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇന്നത്തെ സുവിശേഷഭാഗം ആരംഭിക്കുന്നത് (മത്താ 15,21). മെഡിറ്ററേനിയന്‍ കടല്‍തീരത്തുള്ള ടയര്‍-സീദോന്‍ പ്രദേശങ്ങള്‍ യഹൂദരുടെ പലസ്തീനോയോടു ചേര്‍ന്നാണു കിടക്കുന്നതെങ്കിലും അതു വിജാതീയരുടെ നാടായിരുന്നു. ഈശോ യഹൂദരെ വിട്ട് വിജാതീയരിലേക്കു പോകുന്നതിന്റെ സുചനാണ് ഇവിടെയുള്ളത്. വിജാതീയരിലേക്കു രക്ഷ കടന്നു വരുന്നതിന്റെ ആരംഭം. ആ ദേശത്തുനിന്ന് ഈശോയുടെ പക്കലേക്കു വരുന്ന സ്ത്രീ, വിശ്വാസംവഴി മിശിഹായെ അറിഞ്ഞിരുന്ന വിജാതീയര്‍ എല്ലാവരുടെയും അമ്മയാണ് എന്നാണ് സഭാപിതാക്കന്മാരായ എപ്പിഫാനിയൂസും ഹിലാരി ഓഫ് പോയിറ്റിയേഴ്‌സും അഭിപ്രായപ്പെടുന്നത്. അവള്‍ യഥാര്‍ത്ഥത്തില്‍ തന്റെ പുത്രിയായ വിജാതീയജനതയ്ക്കു മുഴുവന്‍വേണ്ടിയുള്ള യാചനയാണ്, ‘എന്റെ മകളെ പിശാചു കഠിനമായി ബാധിച്ചിരിക്കുന്നു, ദാവീദിന്റെ പുത്രനായ എന്റെ കര്‍ത്താവേ, എന്നില്‍ കനിയണമേ’ എന്ന അവളുടെ വാക്കുകളിലുള്ളത്. പാപവും വിഗ്രഹാരാധനയുംമൂലം സത്യദൈവത്തെ അറിയാതെയുള്ള ജീവിതമാണ് അവര്‍ നയിച്ചിരുന്നത് എന്നര്‍ത്ഥം. ഇത്തരത്തിലുള്ള പിശാചിന്റെ വഴിപിഴപ്പിക്കലില്‍നിന്ന് വാഗ്ദാനം ചെയ്യപ്പെട്ട ദാവീദിന്റെ പുത്രനായ മിശിഹാ എന്ന നിലയില്‍ ഈശോ അവരെ വിമോചിപ്പിക്കണം എന്നാണ് ഈ യാചനയുടെ അര്‍ത്ഥം.

ആദ്യമൊന്നും ഈശോ ആ സ്ത്രീക്കു മറുപടി നല്കാത്തത് ആശ്ചര്യകരമായി നമുക്കു തോന്നിയേക്കാം. വിശുദ്ധ ആഗസ്തീനോസ് ഇതിനുള്ള കാരണം വിശദമാക്കുന്നുണ്ട്: ഈശോ അവളെ അവഗണിച്ചത് നീതി നിഷേധിക്കുന്നതിന്റെ ഭാഗമായല്ലായിരുന്നു; പ്രത്യുത, അവളുടെ വിശ്വാസംനിറഞ്ഞ ആഗ്രഹം പ്രോജ്വലിക്കു ന്നതിനും അവളുടെ വിനയവും എളിമയും കൂടുതല്‍ പ്രശംസിക്കപ്പെടുന്നതിനും അവസരം ഉണ്ടാകാന്‍ വേണ്ടിയായിരുന്നു. യഹൂദമതത്തില്‍ ചേരാനാഗ്രഹിച്ച് തോറാ പഠിക്കാനും യഹൂദാചാരങ്ങള്‍ പരിശീലിക്കാനും ആരംഭിച്ചിരുന്ന വിജാതീയരില്‍പ്പെട്ട ഒരുവളായിരുന്നിരിക്കണം ഈ സ്ത്രീ. അതുകൊണ്ടാണ് അവള്‍ക്ക് ഈശോമിശിഹായെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നത്. ഈശോ ദാവീദിനു ദൈവം വാഗ്ദാനം ചെയ്ത മിശിഹായാണ് എന്ന ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ട് ആ സ്തീക്ക് സൗഖ്യം ആവശ്യമായിരുന്നില്ല; തിന്മയുടെ ശക്തികള്‍ക്ക് അടിപ്പെട്ടു ജീവിച്ചിരുന്ന തന്റെ മക്കള്‍ക്കുവേണ്ടിയാണ് അവള്‍ അപേക്ഷിക്കുന്നത്.
പല സന്ദര്‍ഭങ്ങളിലും ഈശോയുടെ പക്കലെത്തിയിരുന്നവരെ ശകാരിച്ച് അകറ്റിവിട്ടിരുന്ന അവിടുത്തെ ശിഷ്യന്മാര്‍പോലും, ‘നമ്മുടെ പിന്നാലെ കരഞ്ഞുകൊണ്ടു വരുന്ന ആ സ്ത്രീയെ പറഞ്ഞയച്ചാലും’ എന്ന് അവിടുത്തോട് പറയത്തക്കവിധം അത്രമാത്രം തീക്ഷ്ണമായിരുന്നു അവളുടെ വിശ്വാസത്തോടെയുള്ള അപേക്ഷ. ഈശോയുടെ മറുപടി അവഗണനയുടേതായി തോന്നിയേക്കാം. അവിടുന്ന് അരുളിച്ചെയ്തു: ‘ഇസ്രായേല്‍ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്.’ തനിക്കു ചുറ്റുംകൂടിയിരുന്ന യഹൂദര്‍ക്ക് മിശിഹായില്‍ വിശ്വസിക്കാതിരുന്നതിന് വിധിദിവസത്തില്‍ ഒഴികഴിവൊന്നുമില്ല എന്നു കാണിക്കാനാണ് ഇപ്രകാരം അരുളിച്ചെയ്തത് എന്ന് എപ്പിഫാനിയൂസ് അഭിപ്രായപ്പെടുന്നു. ശിഷ്യന്മാരെ അയച്ചപ്പോഴും വിജാതീയരുടെയടുത്തേക്കു പോകരുത് എന്നു നിര്‍ദ്ദേശിച്ചിരുന്നതാണല്ലോ (മത്താ 101,5). ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലാണ് മിശിഹായില്‍ നല്കപ്പെട്ട രക്ഷയ്ക്ക് പ്രഥമ അവകാശികള്‍. അവരില്‍ ഒരുവനായാണ് അവിടുന്നു ജനിച്ചത്; അവര്‍ക്കിടയിലാണ് സ്വര്‍ഗരാജ്യസുവിശേഷം പ്രഘോഷിച്ചതും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതും. മരിച്ചവരില്‍ നിന്നുയിര്‍ത്തശേഷം അവിടുന്നു പ്രത്യക്ഷപ്പെട്ടതും അവര്‍ക്കുതന്നെയായിരുന്നു. ദൈവികപദ്ധതിയില്‍ യഹൂദര്‍ക്കുള്ള പ്രഥമസ്ഥാനം വ്യക്തമാക്കുന്നതാണ് ഈശോയുടെ ഈ പ്രസ്താവന. അല്ലാതെ, അവിടുന്നു വിജാതീയരെ തള്ളിപ്പറയുകയായിരുന്നില്ല. ആദ്യവിശ്വാസികള്‍ യഹൂദരായിരുന്നെങ്കിലും തിരുസഭ വളര്‍ന്നതും ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നതും വിജാതീയരിലൂടെയാണല്ലോ.

ആ സ്ത്രീയെ അവളുടെ ഉദ്യമത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഇതിനൊന്നുമായില്ല. അവള്‍ കൂടുതല്‍ തീവ്രതയോടെ തന്റെ വിശ്വാസം പ്രകടിപ്പിച്ചു. അവള്‍ അവനെ പ്രണമിച്ച് ആരാധിച്ചുകൊണ്ട് അപേക്ഷിച്ചു: ‘എന്റെ കര്‍ത്താവേ, എന്നെ സഹായിക്കണമേ.’ ഈ ലോകജീവിതകാലത്ത് ഈശോയെ ആരാധിച്ചവര്‍ ചുരുക്കമാണ്. പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികളാണ് ഉണ്ണിമിശിഹായെ ആദ്യം ആരാധിച്ചത് (മത്താ 2,11). അവരുടേതുപോലുള്ള ആഴമായ വിശ്വാസം ആ സ്ത്രിയും പ്രദര്‍ശിപ്പിക്കുന്നു. പിന്നീട് ഉത്ഥിതനായ മിശിഹായെ ഗലീലിയിലെ മലയില്‍വച്ച് ശിഷ്യന്മാര്‍ ആരാധിക്കുന്നതും നമ്മള്‍ കാണുന്നുണ്ട് (മത്താ 28,17). ഇന്നു ലോകമെമ്പാടും രക്ഷകനായ മിശിഹായെ ആരാധിക്കുന്ന വിശ്വാസികള്‍ക്കു മുന്നോടിയാണ് ഈ വിജാതീയ സ്ത്രീ.

നമുക്ക് ആശ്ചര്യം തോന്നുംവിധം തിരസ്‌ക്കരണത്തിന്റേത് എന്നു തോന്നിപ്പിക്കുന്നതായിരുന്നു ഈശോയുടെ പ്രതികരണം. അവിടുന്ന് ഒരു പഴഞ്ചൊല്ല് ഉപയോഗിച്ചാണ് മറുപടി നല്കിയത്: ‘മക്കള്‍ക്കുള്ള അപ്പമെടുത്തു നായ്ക്കള്‍ക്കു കൊടുക്കുന്നത് ഉചിതമല്ല.’ ഒരു പഴഞ്ചൊല്ലും അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതല്ലല്ലോ. ഈ വിജാതീയ സ്ത്രീയേയോ, വിജാതീയരെ പൊതുവിലോ മൃഗത്തോട് ഉപമിക്കുകയായിരുന്നില്ല അവിടുത്തെ ലക്ഷ്യം. വിഗ്രഹങ്ങളുടെ പിന്നാലെ പോയിരുന്ന വിജാതീയരുടെ ജീവിതശൈലിയെ ദ്യോതിപ്പിക്കുക മാത്രമേ അവിടുന്നു ചെയ്യുന്നുള്ളു. സത്യദൈവത്തെ അറിയുകയും ആരാധിക്കുകയും ചെയ്തിരുന്ന യഹൂദരാണ് മക്കളുടെ സ്ഥാനത്തു കരുതപ്പെട്ടിരുന്നത്.
മക്കളുടെ സ്ഥാനത്തായിരുന്ന ഇസ്രായേല്‍ജനം മിശിഹായല്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വിജാതീയ സ്ത്രീയ്ക്ക് എത്രയോ ആഴമേറിയ വിശ്വാസമുണ്ടായിരുന്നു എന്ന് ചുറ്റുംകൂടിയിരുന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അവിടുന്ന് ഇപ്രകാരം സംസാരിച്ചത്. അവള്‍ അതു തെളിയിക്കുക തന്നെ ചെയ്തു. അവള്‍ പറഞ്ഞു: ‘കര്‍ത്താവേ, അതു ശരിതന്നെ. പക്ഷേ, പട്ടിക്കുട്ടികളും യജമാനന്മാരുടെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നു ജീവിക്കുന്നുണ്ടല്ലോ.’ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ജനത്തിനാണ് മിശിഹാ നല്കുന്ന രക്ഷയ്ക്ക് പ്രഥമാവകാശമെങ്കിലും അവര്‍ ഉപേക്ഷിച്ചത് തങ്ങള്‍ക്കു തന്നുകൂടേ എന്നാണ് അവളുടെ പ്രതികരണത്തിനര്‍ത്ഥം. അവളുടെ വിശ്വാസവും എളിമയും എത്രമാത്രം ആഴമുള്ളതായിരുന്നു എന്നതിന്റെ തെളിവായിരുന്നിത്. മറ്റുള്ളവര്‍ പുകഴ്ത്തപ്പെടുന്നതിലോ താന്‍ തന്നെയും ഇകഴ്ത്തപ്പെടുന്നതിലോ അവള്‍ക്കു പരിഭവമോ പരാതിയോ ഇല്ല. അവളുടെ വിശ്വാസത്തിന്റെ മാറ്റു തെളിയിച്ച അവസരമായിരുന്നത്.

ആ സ്ത്രീയുടെ വിശ്വാസ സ്ഥിരതയില്‍ അതീവ സന്തുഷ്ടനായ ഈശോ അരുളിച്ചെയ്തു: ‘സ്ത്രീയേ, നിന്റെ വിശ്വാസം വലുതുതന്നെ. നീ ആഗ്രഹിച്ചതുപോലെ നിനക്കു സംഭവിക്കട്ടെ.’ ഈയൊരു നിമിഷത്തിനുവേണ്ടിയായിരുന്നു ഈശോ ഇതുവരെ അവളെ പരീക്ഷിച്ചത്. അവളുടെ വിശ്വാസത്തിന്റെ ആഴം തനിക്കു ചുറ്റുംകൂടിയിരുന്ന യഹൂദരുടെ മുമ്പില്‍ പ്രഘോഷിക്കുന്നതിനുവേണ്ടിയായിരുന്നു അവിടുന്ന് ഇതുവരെ അവളെ അവഗണിക്കുന്നതുപോലെ പെരുമാറിയത്. വിശ്വാസംവഴി വിജാതീയര്‍ ദൈവമക്കളാകുന്നതാണ് ഇവിടെ നമ്മള്‍ കാണുന്നത്. വിജാതീയസഭയുടെ ആദ്യാംഗങ്ങളിലൊരാള്‍ ഈ സ്ത്രീയാണ്. മലകളെ മാറ്റാന്‍ പോരുന്ന വിശ്വാസമായിരുന്നു അവളുടേത്. അതുവഴിയാണ് അവളുടെ മകള്‍ സുഖം പ്രാപിച്ചതും.

യഥാര്‍ത്ഥ പ്രാര്‍ത്ഥനയ്ക്കുള്ള മാതൃകയാണ് ഈ വിജാതീയ സ്ത്രീ. ഒന്നാമത്, അവള്‍ മിശിഹായുടെ ദൈവികമായ അധികാരത്തില്‍ പൂര്‍ണമായി വിശ്വസിച്ചുകൊണ്ടാണ് അവിടുത്തെ സമീപിക്കുന്നത്. കര്‍ത്താവേ എന്ന അഭിസംബോധന തന്നെ അതു വെളിവാക്കുന്നുണ്ട്. രണ്ടാമത്, പ്രാര്‍ത്ഥനയില്‍ അവള്‍ക്കു സ്ഥിരതയുണ്ട്. ഈശോയുടെ നിശബ്ദതയോ നിസ്സംഗതയോ അവളെ യാചനയില്‍നിന്നു പിന്തിരിപ്പിച്ചില്ല. അപേക്ഷിച്ച കാര്യം സാധിച്ചു കിട്ടുന്നതുവരെ അവള്‍ യാചന തുടര്‍ന്നു. മൂന്നാമത്, പ്രശംസനീയമായ എളിമയുടെ നിദര്‍ശനമാണവള്‍. ഈശോയുടെ പരാമര്‍ശങ്ങളെക്കുറിച്ചു പരിഭവമോ അവകാശവാദങ്ങളോ ഒന്നും അവള്‍ക്കില്ല. നമ്മളും എപ്രകാരം പ്രര്‍ത്ഥിക്കണമെന്നതിന് ഉത്തമ മാതൃകയാണ് ഈ വിജാതീയ സ്ത്രീ. പൗലോസ്ശ്ലീഹായില്‍നിന്നു വായിച്ചുകേട്ട വചനങ്ങള്‍ നമ്മുടെ കര്‍ണപുടങ്ങളില്‍ മുഴങ്ങട്ടെ: നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ഈശോമിശിഹായില്‍ കാത്തുകൊള്ളും (ഫിലി 4,4-7).

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.