ഏലിയാ സ്ലീവാ മൂശക്കാലം മൂന്നാം ഞായര്‍ മത്താ 13: 24- 30 കാത്തിരിക്കുക

ഈശോ മിശിഹയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ വൈദീകരെ, പ്രിയ സഹോദരങ്ങളെ

കഥകള്‍ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടമാണ്. എത്ര നേരം വേണമെങ്കിലും കഥകള്‍ പറഞ്ഞിരിക്കാനും കേട്ടിരിക്കാനും നാം സമയം ചിലവഴിക്കാറുമുണ്ട്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പല കഥകള്‍ കോര്‍ത്തിണക്കിയ ജീവിതമാണ് നമ്മുടെയൊക്കെ. സുവിശേഷത്തിലൂടെ കണ്ണോടിച്ചാല്‍ കഥകള്‍ വഴി ഒരു ജനത്തെ ദൈവത്തിങ്കലേക്കടുപ്പിച്ച ഈശോ മിശിഹായെ നമുക്ക് കാണാന്‍ സാധിക്കും.

കുരിശില്‍ പ്രത്യാശ വച്ച് ഈശോയുടെ രണ്ടാമത്തെ വരവിനെയും അവസാനവിധിയെയും കാത്തിരിക്കാന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്ന ഏലിയാ സ്ലിവാ മൂശക്കാലങ്ങളുടെ മൂന്നാമത്തെ ആഴ്ച്ചയിലാണ് നാമായിരിക്കുക. കളകളുടെ ഉപമയിലൂടെ ദൈവരാജ്യത്തെ സാദ്യശ്യപ്പെടുത്തുന്ന തിരുവചന ഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. വി. മത്തായിയുടെ സുവിശേഷം  13-ാം അദ്ധ്യായം ദൈവരാജ്യത്തെ സാദ്യശ്യപ്പെടുത്തുവാനുള്ള ഉപമകള്‍ കൊണ്ട് സമ്പന്നമാണ്. വയലില്‍ നല്ല വിത്ത് വിതച്ച മനുഷ്യനോടും, വയലില്‍ വിതച്ച കടുകുമണിമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന ഭാഗം.

പ്രധാനമായും മൂന്ന് വ്യക്തികളുടെ വ്യത്യസ്തങ്ങളായ കാഴ്ച്ചപ്പാടുകളെയാണ് വചനം നമുക്ക് പരിചയപ്പെടുത്തുന്നത്. നല്ല വിത്തു വിതക്കുന്ന യജമാനനെയും കളകള്‍ വാരിയെടുക്കുന്ന ശത്രുവിനെയും കാവലിരിക്കുന്ന വേലക്കാരെയും സുവിശേഷം പരിചയപ്പെടുത്തുന്നു. ഈ  മൂന്ന് വ്യക്തികളിലൂടെയും മൂന്ന് കാര്യങ്ങളാണ് സഭ നമ്മളെ ഓര്‍മ്മപ്പെടുത്തുക. ഒന്നാമതായി കാത്തിരിപ്പിന്റെ കഥ പറയുന്ന ഒരു ഭാഗമാണിത്.

ഏറെ നാളത്തെ കഷ്ട്ടപ്പാടിനും അദ്ധ്വാനത്തിനും ശേഷം ഏറെ പ്രതീക്ഷയോടെ വയലില്‍ വിത്ത് വിതക്കുന്ന യജമാനന്‍. വയലില്‍ വളര്‍ന്ന് തുടങ്ങിയ ഗോതമ്പുചെടികള്‍ക്കുള്ളില്‍ തന്റെ സ്വപ്നങ്ങളുടെ ഇതള്‍ വിരിയാന്‍ അവന്‍ കാത്തിരുന്നു. പക്ഷേ പ്രതിക്ഷകളെയെല്ലാം തകിടം മറിക്കുന്ന കാഴ്ച്ചകളാണ് അവന് കാണാന്‍ സാധിച്ചത്. യജമാനനൊപ്പം വിത്ത് വിതച്ച വിതക്കാരനും കാവല്‍ ഇരുന്ന കാവല്‍ക്കാരനും വന്ന് ഒരേ ചോദ്യം തന്നെ ചോദിച്ചു. യജമാനനെ അങ്ങ് വയലില്‍ നല്ല വിത്ത് അല്ലെ വിതച്ചത് പിന്നെ എവിടെ നിന്നാണ് കളകള്‍ വന്നത്. പക്ഷേ ഗോതമ്പുചെടികള്‍ക്കിടയില്‍ വളര്‍ന്ന് പൊങ്ങിയ കളകള്‍ യജമാനനെ ഒട്ടും തളര്‍ത്തിയില്ല കൊയ്ത്തുവരെ കാത്തിരക്കാന്‍ തിരുമാനിച്ചു. കാത്തിരിപ്പ് ഇന്നത്തെ ലോകത്തിന് ഏറെ ആവശ്യമായ ഒന്നാണ്. കാത്തിരിപ്പ് പ്രതീക്ഷയോടെയാകുമ്പോള്‍ അവയ്ക്ക് അര്‍ത്ഥമുണ്ടാകുന്നു. കാത്തിരിപ്പ് ചിലപ്പോള്‍ നല്ലതിനെ ചീത്തയും ധാര്‍മ്മികതയെ അധര്‍കതയുമാക്കി മാറ്റിയെക്കാം. അതുകൊണ്ട് ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കുവാന്‍ കരുണയുണ്ടാകണം. കാത്തിരിപ്പ് ജീവിതത്തില്‍ കുടുതല്‍ സന്തോഷം നല്‍കും. നമുക്കായി കാത്തിരിക്കുന്ന ഒരു ദൈവമുണ്ട്. തന്നില്‍ നിന്നും അകന്നു പോയ ധൂര്‍ത്തപുത്രനു വേണ്ടി കാത്തിരിക്കുന്ന ദൈവം, തന്റെ വിരുന്നു ശാലയിലേക്ക് ക്ഷണിച്ചിട്ടും വരാതിരുന്നവര്‍ക്കായി ദാസനെ അയച്ച് വീണ്ടും കാത്തിരിക്കുന്ന ദൈവം. ദൈവം തന്നെയാകട്ടെ കാത്തിരിപ്പിനു മാത്യക.

രണ്ടാമതായി നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കുവാന്‍ ഈ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആധുനിക സംസ്‌കാരത്തില്‍ നന്മയേതാണ് തിന്മയേതാണ് ധാര്‍മ്മികതയേതാണ്, അധാര്‍മ്മികതയേതാണ്, ശത്രുവാരാണ്, മിത്രമാരാണ് എന്നൊക്കെ തിരിച്ചറിയാന്‍ നാം കുടുതല്‍ ജാഗരുകത കാട്ടണം. ഡ്യുപ്പുകളും ഡ്യൂപ്പ്‌ളിക്കേറ്റുകളും ഇന്ന് യാഥാര്‍ത്ഥ്യത്തെ വരെ  വെല്ലുന്നു. നന്മയാണോ തിന്മയാണോ എന്ന് തിരിച്ചറിയാനുളള വിവേകംപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഉണര്‍ന്നിരിക്കേണ്ട കാവല്‍ക്കരുടെ കണ്ണില്‍ അന്ധകാരത്തിന്റെ കറുപ്പ് പടര്‍ത്തിയിട്ടാണ് ശത്രുവന്ന് വയലില്‍ കളകള്‍ വിതച്ചു കടന്ന് കളയുന്നത്. വൈരുദ്ധ്യങ്ങളാണ് തെറ്റും ശരിയും തിരിച്ചറിയുന്നതില്‍ നിന്ന് നമ്മെ പിറകോട്ട് വലിക്കുന്നത്. സത്യവും അസത്യവും ഒരേ നാവില്‍ നിന്നു പുറപ്പെട്ടാല്‍  നന്മയും തിന്മയും പ്രതിഫലിച്ചാല്‍ ഏതാണ് നാം സ്വീകരിക്കേണ്ടത്. അതിനാല്‍ നമുക്ക് കൂടുതല്‍ ജാഗരൂകത ഉണ്ടായിരിക്കണം. കാരണം വി. പത്രോസ്ശ്ശീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച് ചുറ്റിനടക്കുന്നു. സ്വര്‍ഗ്ഗരാജ്യം ലക്ഷ്യമാക്കിയുള്ള നമ്മുടെ ജീവിതയാത്രയില്‍ നമ്മുടെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികളുണ്ടാകും. പക്ഷേ വചനത്തെ കൂട്ടുപിടിച്ച് പ്രതിസന്ധികളെ നേരിട്ട് നന്മയെ മുറുകെ പിടിച്ച് ജീവിച്ചാല്‍ കളകളെ തരണം ചെയ്ത് കൊയ്ത്തിന് ശേഷം യജമാനന്റെ അറപ്പുരയില്‍ ഇടം നേടാന്‍ സാധിക്കും. കുമ്പസാരവും കൂദാശകളും അടിച്ചമര്‍ത്തലുകളാണെന്ന് ആക്രോശിക്കുന്നവരും ദൈവവും വിശ്വാസവും നേരമ്പോക്കുകളാണെന്ന് വിമര്‍ശിക്കുന്നവരും നമുക്ക് ചുറ്റുമുണ്ടാകും അവരുടെ ദുഷ്ചിന്തകളെ തിരിച്ചറിയാന്‍, നന്മയെ തിരിച്ചറിയാന്‍ ജാഗരൂകതയോടെ നമുക്ക് ഉണര്‍ന്നിരിക്കാം.

മൂന്നാമതായി പിഴുതെറിയുവാനും വിധിക്കുവാനും നമുക്ക് യാതൊരു അവകാശവുമില്ലായെന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മാര്‍ഗ്ഗതടസ്സം സ്യഷ്ടിക്കുന്നവയെ പിഴുതെറിയാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു സമുഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. ജന്മം നല്‍കി വളര്‍ത്തിയ മാതാപിതാക്കള്‍ ഇന്ന് പല മക്കള്‍ക്കും ഭാരമാണ്. പത്ത് മാസം വയറ്റില്‍ ചുമന്ന് നൊന്തുപ്രസവിച്ചതിന്റെ നന്ദി പോലും കാണിക്കാതെ സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി മാതാപിതാക്കളെ പിഴുതെറിയുന്നവര്‍.  ആഗ്രഹിച്ച കാമുകനൊത്ത് ജീവിക്കാന്‍ വേണ്ടി ഒരു ഭയവും കാണിക്കാതെ ഭര്‍ത്താവിന്റെ ജീവനെ പിഴുതെറിയുന്നവര്‍… ലോകം ഇന്ന് പിഴുതെറിയല്‍ സംസ്‌കാരത്തില്‍ വീണുപോയിരിക്കുന്നു. നമ്മുടെയൊക്കെ ജിവിതത്തിന്‍ പിഴുതെറിയല്‍ അധികമാകുമ്പോള്‍ പിഴുതെറിയപ്പെടുന്നതിനോപ്പം നമ്മുടെ  നല്ല നന്‍മകള്‍…   നല്ല ചിന്തകള്‍… നമ്മുടെ നല്ല ബന്ധങ്ങള്‍ ഇവയൊക്കെ നഷ്ടപ്പെട്ടുന്നു വരാം അതുകൊണ്ടാണ് യജമാനന്‍ പറയുന്നത് പിഴുതെറിയാന്‍ വരട്ടെ അത് ചിലപ്പോള്‍ ഗോതമ്പുചെടികളെയും നശിപ്പിച്ചേക്കാം. ഇവിടെ വേലക്കാര്‍ നേരത്തെ തന്നെ വിധി നടപ്പിലാക്കാന്‍ തയ്യാറാകുന്ന കാഴ്ച്ച നമുക്ക് കാണാന്‍ സാധിക്കും. പലപ്പോഴും ഈ വേലക്കാരെ പോലെയാണ് നമ്മളും കാത്തിരിക്കന്‍ ക്ഷമയില്ലതെ വരുമ്പോള്‍ വിധിപ്രസ്താവിക്കാന്‍ നമുക്ക് തിടുക്കമാകും.  അല്ലെങ്കിലും അപരനെ വിധിക്കാന്‍ നമുക്ക് എന്ത് അധികാരമാണ് ഉള്ളത്. അവസാന വിധിനാളില്‍ ക്രിസ്തുവരുമ്പേള്‍ അവന്‍ വിധിച്ചുകൊള്ളും പിഴുതുമാറ്റണ്ടവയെ അവന്‍ പിഴുതുമാറ്റിക്കൊള്ളും അതിനാല്‍ മറ്റുള്ളവരുടെ പ്രവര്‍ത്തികള്‍ നോക്കി വിധിക്കാതിരിക്കാന്‍ നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം. കാരണമെന്തെന്നു ചോദിച്ചാല്‍ സ്വര്‍ഗ്ഗത്തിന്റെയും നരകത്തിന്റെയും അംശങ്ങളുണ്ട് ഏറ്റവും മോശപ്പെട്ട വ്യക്തിയിലും ഏറ്റവും നല്ല വ്യക്തിയിലും. ആരെയും വിധിക്കാതിരിക്കാന്‍ നമുക്കാകട്ടെ.

നമ്മുടെ ജീവിതത്തിലെ പിഴുതെറിയലുകളെ നമുക്കവസാനിപ്പിക്കാം. വിധിപറച്ചിലുകളെ അകറ്റി നിര്‍ത്താം ഇങ്ങനെ നന്മ നിറഞ്ഞ ഹ്യദയത്തോടെ എല്ലാറ്റിനെയും കാത്തിരിക്കാന്‍ നമുക്കാവട്ടെ. കാത്താരിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ നമ്മുടെ ജീവിതത്തിനും അര്‍ഥമുണ്ടാകും. നമ്മുടെ കാത്തിരിപ്പിനെ ദൈവം അനുഗ്രഹിക്കട്ടെ നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍…

ബ്ര. മാത്തുക്കുട്ടി മൂന്നുപീടികയില്‍ എം സി ബി എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.