ഞായര്‍ പ്രസംഗം ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം ഞായര്‍ ഒക്ടോബര്‍ 06 മത്തായി 20: 1-16 പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും

സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ വ്യക്തമാക്കാനായി ഈശോ നിരവധി ഉപമകള്‍ അരുളിച്ചെയ്തിട്ടുണ്ട്. വി. മത്തായി അറിയിച്ച സുവിശേഷത്തിന്റെ കേന്ദ്രഭാഗത്തുള്ള 13-ാം അധ്യായം മുഴുവന്‍ ഇത്തരത്തിലുള്ള ഉപമകളാണ്. ഓരോ ഉപമയും ദൈവരാജ്യ രഹസ്യത്തിന്റെ ഏതെങ്കിലുമൊരു മാനം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചുളളതാണ്. 20-ാം അധ്യായത്തില്‍ നിന്നുള്ള ഒരു ഉപമയാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം.

‘തന്റെ മുന്തരിത്തോട്ടത്തിലേയ്ക്ക് വേലക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശമാണ് സ്വര്‍ഗരാജ്യം’ എന്ന ആമുഖത്തോടെയാണ് ഈശോ ആരംഭിക്കുന്നത്. ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേലിനെ മുന്തിരിത്തോട്ടത്തോട് ഉപമിക്കുന്നത് പഴയനിയമത്തില്‍ പലയിടത്തും നമ്മള്‍ കാണുന്നുണ്ട് (ഏശ 5:1-7; ജറെ 2:21; 12:10-11; ഹോസി. 10:1; സങ്കീ. 80:9-17). പുതിയനിയമ ദൈവജന രൂപീകരണത്തിന്റെ ചരിത്രമാണ് ഈ ഉപമയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഉപമയിലെ വീട്ടുടമസ്ഥന്‍ ദൈവമാണ്. മുന്തിരിത്തോട്ടം തിരുസഭയും. ഈ മുന്തിരിത്തോട്ടത്തിലെ ജോലിക്ക് വിളിക്കപ്പെടുന്നവര്‍ വിശ്വാസികളോരോരുത്തരുമാണ്. ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെടുന്ന വീട്ടുടമസ്ഥന്‍ ചരിത്രാരംഭം മുതലേ തന്റെ വിളി തുടര്‍ന്നുകൊണ്ടിരിക്കുന്ന ദൈവപിതാവാണ്.

ദിവസക്കൂലി ഒരു ദനാറ എന്ന വ്യവസ്ഥയിലാണ് വേലക്കാരെ വിളിച്ച് മുന്തിരിത്തോട്ടത്തിലേയ്ക്ക് അയയ്ക്കുന്നത്. കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലുള്ള ജോലി വൃഥാവിലാവില്ല. ഒരു ദിവസത്തെ ജോലിക്കുള്ള കൂലി ഒരു ദനാറയാണ്. പലസ്തീനായില്‍ ഒരു കുടുംബത്തിന് ഒരു ദിവസം കഴിയുന്നതിനാവശ്യമായതാണ് കൂലിയായി നല്കിയിരുന്നത്. മനുഷ്യന് ആവശ്യമായിരിക്കുന്ന രക്ഷയെയാണ് ഈ കൂലി സൂചിപ്പിക്കുന്നത്. നമുക്ക് നല്കപ്പെട്ടിരിക്കുന്ന ജീവിതകാലമാണ് ഒരു ദിവസം. വ്യവസ്ഥ ഒരു ഉടമ്പടിയാണ്. പഴയനിയമത്തിലെ സീനായ് ഉടമ്പടിയുടെയും ഈശോ സ്വന്തരക്തത്താല്‍ ഉറപ്പിച്ച പുതിയനിയമ ഉടമ്പടിയുടെയും ലക്ഷ്യം മനുഷ്യരക്ഷയാണല്ലോ. വീട്ടുടമസ്ഥന്‍ വേലക്കാരെ വിളിച്ച് അയയ്ക്കുന്നത്, പഴയനിയമത്തില്‍ ദൈവം പ്രവാചകന്മാരെയും പുതിയനിയമത്തില്‍ ഈശോ ശ്ലീഹന്മാരെയും വിളിച്ച് അയയ്ക്കുന്നത് നമ്മെ അനുസ്മരിപ്പിക്കുന്നു. ഇന്നും അവിടുന്ന് തന്റെ വിളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നമ്മെ ഓരോരുത്തരെയും തന്റെ മുന്തിരിത്തോട്ടത്തിലേയ്ക്ക് അവിടുന്ന് വിളിച്ചയയ്ക്കുന്നു.

ഓരോ മൂന്ന് മണിക്കൂര്‍ ഇടവിട്ടും ജോലിക്കാരെ വിളിക്കുന്നത് നമ്മള്‍ കാണുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ആയിരുന്നു ജോലിസമയം. നമ്മുടെ ആറു മണി, ജോലിയുടെ ആദ്യമണിക്കൂറായി കണക്കാക്കിയിരുന്നു. മൂന്നാം മണിക്കൂറില്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നത് കാണുന്നത് നമ്മുടെ ഒമ്പതു മണിക്കാണ്. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കും, മൂന്നു മണിക്കും ജോലി അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കേ അഞ്ചു മണിക്കും ആള്‍ക്കാരെ ജോലിക്ക് സ്വീകരിച്ചു. ന്യായമായ വേതനം നല്കാം എന്ന വ്യവസ്ഥയിലാണ് ഇവരെയൊക്കെ മുന്തിരിത്തോട്ടത്തിലേയ്ക്ക് അയച്ചത്. ലോകാരംഭം മുതല്‍ ആദത്തെയും നോഹയെയും അബ്രാഹത്തെയും ഇസ്രായേല്‍ ജനം മുഴുവനെയും കാലാകാലങ്ങളില്‍ വിളിച്ച ദൈവം, ഈ അവസാന മണിക്കൂറില്‍ തന്റെ പുത്രനിലൂടെ നമ്മെയും വിളിച്ചിരിക്കുന്നു.

വൈകുന്നേരം ആറു മണിയായപ്പോള്‍ ജോലിക്കാര്‍ക്ക് വേതനം നല്കാനായി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനെ ഏല്‍പിച്ചു. സാധാരണയില്‍ നിന്നു വ്യത്യസ്തമായി, അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കു വരെ കൂലി നല്കാനായിരുന്നു നിര്‍ദ്ദേശം. സഭാപിതാവായ അലക്‌സാണ്‍ട്രിയായിലെ സിറിലിന്റെ വ്യാഖ്യാനപ്രകാരം, പിതാവായ ദൈവം തന്റെ പുത്രനിലൂടെ രക്ഷണീയകര്‍മ്മം പൂര്‍ത്തിയാക്കുന്നതിന്റെ സൂചനയാണിത്. പിതാവിന്റെ ഇഷ്ടവും പദ്ധതിയുമനുസരിച്ചാണ് പുത്രനായ ഈശോമിശിഹാ പ്രവര്‍ത്തിക്കുന്നത്.

കൂലിയുടെ പന്ത്രണ്ടിലൊന്നു മാത്രം പ്രതീക്ഷിച്ചാവണം അവസാനമെത്തിയവര്‍ കൂലിക്കായി മുന്നോട്ടുവന്നത്. അതിശയമെന്നു പറയട്ടെ, അവര്‍ക്ക് ഒരു ദിവസത്തെ കൂലിയായ ഒരു ദനാറ ലഭിച്ചു. ദിവസത്തിന്റെ ആരംഭം മുതല്‍ ജോലി ചെയ്തവര്‍ക്ക് കൂടുതല്‍ ലഭിക്കുമെന്ന് അവര്‍ ചിന്തിച്ചത് സ്വാഭാവികം മാത്രം. പക്ഷേ, അവര്‍ക്കും ഒരു ദനാറ മാത്രമേ ലഭിച്ചുള്ളൂ. ഇത് അവരെ ക്ഷുഭിതരാക്കി. അവര്‍ ഉടമസ്ഥനെതിരെ പിറുപിറുത്തു. പകലത്തെ ചൂട് സഹിച്ച് ഭാരിച്ച ജോലി ചെയ്ത തങ്ങളോട് ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്ത അവസാന മണിക്കൂറിലെത്തിയവരെ തുല്യരാക്കിയല്ലോ എന്നതായിരുന്നു അവരുടെ പരാതി. ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്തവര്‍ക്ക് ഒരു ദനാറ ലഭിച്ചപ്പോള്‍ തങ്ങള്‍ക്ക് പന്ത്രണ്ടു ദനാറയ്ക്ക് അര്‍ഹതയുണ്ട് എന്നായിരുന്നു അവരുടെ ചിന്ത.

ഈ പിറുപിറുക്കലുകള്‍ക്കിടയില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ പരാതിക്കാരില്‍ ഒരുവനോടു പറഞ്ഞു: ‘എന്റെ സ്‌നേഹിതാ, ഞാന്‍ നിന്നോട് അനീതിയൊന്നും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കു ജോലി ചെയ്യാമെന്ന് നീ എന്നോട് സമ്മതിച്ചിരുന്നതല്ലേ? നിനക്ക് അവകാശപ്പെട്ടത് വാങ്ങിക്കൊണ്ടു പോവുക.’ വ്യവസ്ഥപ്രകാരം പ്രവര്‍ത്തിച്ചതുകൊണ്ട് താന്‍ നീതിപൂര്‍വ്വമാണ് വര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം സ്ഥാപിക്കുകയായിരുന്നു. ഒരു ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ കൂലിയില്‍ കൂടുതല്‍ നല്കാനുള്ള കടപ്പാടൊന്നും അയാള്‍ക്കില്ലായിരുന്നു.

അവസാനമെത്തിയവരോട് തങ്ങളെ തുല്യരാക്കി എന്നതായിരുന്നു അവരുടെ ദുഃഖം. ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്തവര്‍ക്ക് ഒരു ദിവസത്തെ കൂലി കൊടുക്കുന്നത് ശരിയല്ല എന്നവര്‍ ചിന്തിച്ചു. പക്ഷേ, സ്വന്ത ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉടമസ്ഥനുണ്ടായിരുന്നല്ലോ. രാവിലെ മുതല്‍ ജോലി ചെയ്തവര്‍ക്ക് നല്കിയതു പോലെ തന്നെ അവസാനം വന്നവര്‍ക്കും കൊടുക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അര്‍ഹത നോക്കാതെ ഔദാര്യം പ്രദര്‍ശിപ്പിക്കുന്ന ദൈവത്തെയാണ് ഈ ഉടമസ്ഥന്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.

‘എന്റെ ഔദാര്യത്തെപ്പറ്റി നീ എന്തിന് അസൂയപ്പെടുന്നു?’ എന്ന ചോദ്യം കര്‍ത്താവിന്റെ അത്യുദാരതയെ ഒരിക്കല്‍ക്കൂടി നമ്മുടെ മുമ്പിലവതരിപ്പിക്കുന്നു. അര്‍ഹത നോക്കാതെ സമൃദ്ധമായി നല്കാന്‍ ഇഷ്ടപ്പെടുന്ന ദൈവമാണ് നമ്മുടേത്. ദൈവത്തിന്റെ ഔദാര്യത്തെക്കുറിച്ച് അസൂയപ്പെടുന്നതാണ് അനീതി. അപരനുണ്ടാകുന്ന നന്മയില്‍ അസ്വസ്ഥനാകുന്നതാണല്ലോ അസൂയ. ഇത് പാപം തന്നെയാണ്. നമുക്ക് തന്നെയും ലഭിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നമുക്ക് അര്‍ഹതയില്ല. ഇതിന് ദൈവത്തിനു നന്ദി പറയുകയും അപരനുണ്ടാകുന്ന നന്മയില്‍ അവനോടൊത്ത് ആനന്ദിക്കുകയുമാണ് ദൈവമക്കള്‍ക്ക് ഉചിതമായ ശൈലി. ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള മഹാഭാഗ്യം നമുക്ക് ലഭിച്ചല്ലോ എന്ന നന്ദിയുടെ ചിന്തയാകണം നമ്മെ നയിക്കുന്നത്. നീതിയും കരുണയും നിറഞ്ഞ ദൈവത്തിന്റെ പ്രവര്‍ത്തനരീതികള്‍ മനുഷ്യബുദ്ധിയ്ക്ക് അഗ്രാഹ്യമാണ്. ഇതേക്കുറിച്ച് ഏശയ്യാ പ്രവാചകന്‍ പറയുന്നത് നമ്മള്‍ വായിച്ചു കേട്ടതാണല്ലോ: ‘കൈക്കുമ്പിളില്‍ ആഴികളെ അളക്കുകയും ആകാശവിശാലതയെ ചാണില്‍ ഒതുക്കുകയും ഭൂമിയിലെ പൊടിയെ അളവുപാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വ്വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും ചെയ്തവനാര്?’ (ഏശ 40,12).

ഈ ഉപമയുടെ സന്ദേശമെന്നോണം അവിടുന്ന് അരുളിച്ചെയ്തു: ‘അങ്ങനെ, പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും.’ 19-ാം അധ്യായത്തിലെ അവസാന വാചകവും (മത്തായി 19:30) ഇതു തന്നെയായിരുന്നു. അവിടെ പറഞ്ഞുനിർത്തിയ കാര്യം വിശദീകരിക്കാന്‍ വേണ്ടിയാണ് ഈ ഉപമ പറഞ്ഞതെന്നു സാരം.

19:30-ലെ വിഷയം, ധനികരും ദരിദ്രരുമായിരുന്നു. ഈ ലോകത്തിലെ ദരിദ്രക്ക് സ്വര്‍ഗരാജ്യത്തില്‍ ലഭിക്കാനിരിക്കുന്ന സൗഭാഗ്യത്തെക്കുറിച്ചാണ് ഈശോ അവിടെ പരാമര്‍ശിച്ചത്. ഇവിടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ ചെയ്ത ജോലിയുടെ സമയദൈര്‍ഘ്യമാണ് വിഷയം. നൂറ്റാണ്ടുകള്‍ മിശിഹായെ പ്രതീക്ഷിച്ചു കഴിഞ്ഞ പഴയനിയമത്തിലെ പൂര്‍വ്വപിതാക്കള്‍ക്കല്ല, മിശിഹായുടെ കാലത്തു ജീവിച്ചിരുന്നവര്‍ക്കാണ്- അവസാന മണിക്കൂറില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കാണ് രക്ഷയുടെ ഫലങ്ങള്‍ ആദ്യം അനുഭവിക്കാനിടയായത്. ഉടമ്പടി വ്യവസ്ഥകള്‍ പാലിച്ച് നീതിയുടെ പാതയില്‍ ചരിച്ചിരുന്ന പൂര്‍വ്വീകര്‍ക്കും മിശിഹാ നല്കുന്ന രക്ഷയില്‍ പങ്കു ലഭിച്ചു.

ഇതേക്കുറിച്ച് മഹാനായ ഗ്രഗറി ഇപ്രകാരം എഴുതുന്നു: ‘കര്‍ത്താവിന്റെ ആഗമനം വരെയുള്ള നമ്മുടെ പൂര്‍വ്വീകര്‍ക്ക്, അവര്‍ എത്രമാത്രം നീതിപൂര്‍വ്വകമായ ജീവിതമാണ് നയിച്ചിരുന്നതെങ്കില്‍ പോലും, മിശിഹായുടെ വരവു വരെ സ്വര്‍ഗരാജ്യത്തിലേയ്ക്ക് പ്രവേശനം സിദ്ധിച്ചിരുന്നില്ല. കാരണം, മിശിഹായാണ് തന്റെ മരണത്തിലൂടെ അടയ്ക്കപ്പെട്ടിരുന്ന പറുദീസാ മനുഷ്യവര്‍ഗ്ഗത്തിനായി തുറന്നു നല്കിയത്.

ഈ മദ്ധ്യസ്ഥന്റെ വരവിനു ശേഷം ജീവിക്കുന്ന നമുക്ക്, മരണത്തോടെ സ്വര്‍ഗരാജ്യത്തിലേക്കു പ്രവേശിക്കാം. നമ്മുടെ പൂര്‍വ്വീകര്‍ക്ക് ഇതിനായി ദീര്‍ഘനാള്‍ കാത്തു കഴിയേണ്ടിവന്നു. അവസാന മണിക്കൂറില്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കു വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാമോരോരുത്തരും. ഈ വസ്തുത നമ്മള്‍ ഏലിയാ-സ്ലീവാ-മൂശക്കാലത്തെ ലെലിയാ യാമപ്രാര്‍ത്ഥനയില്‍ ഇപ്രകാരം അനുസ്മരിക്കുന്നുണ്ട്:

മുന്തിരിവയലില്‍ പണിചെയ്യാന്‍
പാരം വൈകിയ നേരത്തും
എന്നെ വിളിച്ചു നാഥാ, നീ
അലസതായാലേ ഞാനവിടെ
ജോലിയശേഷം ചെയ്തീലാ
കര്‍ത്താവേ, നീ കനിയണമേ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ