
മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,
ഇന്നത്തെ നമ്മുടെ ചിന്താവിഷയം വി. യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായം 15 മുതല്‍ 20 വരെയും 25, 26 വാക്യങ്ങളുമാണ്. പിതാവായ ദൈവത്തിന്റെ സന്നിധിയിലേക്ക് തിരികെപ്പോകുന്നതിനു മുന്‍പ് യേശു തന്റെ പ്രിയശിഷ്യന്മാര്‍ക്കു നല്‍കുന്ന ‘പരിശുദ്ധാത്മാവ്’ എന്ന വലിയ വാഗ്ദാനത്തെക്കുറിച്ചാണ് ഈ തിരുവചനങ്ങ ള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ദൈവം സ്‌നേഹമാണെന്നും അവിടുത്തെ സ്‌നേഹം മനുഷ്യനായി അവതരിച്ചത് ക്രിസ്തുവിലൂടെയാണെന്നും നമുക്കറിയാം.
ഒരു അമ്മയും കുഞ്ഞും തിരക്കുള്ള ഒരു നഗരത്തിലൂടെ നടക്കുകയാണെന്ന് സങ്കല്‍പിക്കുക. പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ കുഞ്ഞിന് അമ്മയെ നഷ്ടപ്പെടുന്നു. താന്‍ ഒറ്റപ്പെട്ടുപോയെന്നും അനാഥനായെന്നും കരുതി അവന്‍ ഭയന്ന് കരയുന്നു. എന്നാല്‍, നിമിഷങ്ങള്‍ക്കകം അമ്മ ഓടിവന്ന് അവന്റെ കൈപിടിച്ച് നെഞ്ചോട് ചേര്‍ക്കുമ്പോള്‍ അവന് ലഭിക്കുന്ന ആശ്വാസം എത്ര വലുതാണ്!
പിതാവ് തന്നെ ഏല്‍പിച്ച രക്ഷാകരദൗത്യം പൂര്‍ത്തിയാക്കി ഈ ലോകം വിട്ടുപോകുമ്പോള്‍, തന്നെ വിശ്വസിക്കുന്ന മനുഷ്യരെ അനാഥരായി ഉപേക്ഷിക്കാന്‍ യേശുവിനും സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് തനിക്കു ശേഷവും ലോകാവസാനം വരെ നമ്മെ വഴിനടത്താനും ആശ്വസിപ്പിക്കാനുമായി എന്നേക്കും കൂടെ വസിക്കുന്ന ഒരു സഹായകനെ അവന്‍ ഉറപ്പ് നല്‍കു ന്നത്. ഇസ്രായേല്‍ ജനതയെ സംബന്ധിച്ചിടത്തോളം കൂടെയായിരിക്കുന്ന ദൈവം എന്നത് പുതിയൊരു ചിന്തയല്ലെങ്കിലും യേശു ഇവിടെ വാഗ്ദാനം ചെയ്യുന്നത് ‘മറ്റൊരു സഹായകനെയാണ്.’ ഗ്രീക്ക് ഭാഷയില്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്ന ‘പാരാക്ലേത്തോസ്’ എന്ന വാക്കിന് മധ്യസ്ഥന്‍, അഭിഭാഷകന്‍, തുണയേകുന്നവന്‍ എന്നൊക്കെയാണ് അര്‍ഥം. സ്വര്‍ഗത്തെയും ഭൂമിയെയും അനുരഞ്ജിപ്പിച്ചുകൊണ്ട് പിതാവിനും സൃഷ്ടിപ്രപഞ്ചത്തിനും ഇടയിലുള്ള ആദ്യത്തെ നീതിമാനായ മധ്യസ്ഥനായി ക്രിസ്തു അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ ശാരീരികമായി വേര്‍പിരിയുമ്പോള്‍ രണ്ടാമതൊരു മധ്യസ്ഥനായിട്ടാണ് പരിശുദ്ധാത്മാവിനെ യേശു അയയ്ക്കുന്നത്. ഈ പരിശുദ്ധാത്മാവ് ദൈവജനത്തെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും യേശു പറഞ്ഞിട്ടുള്ളതെല്ലാം യഥാസമയം അവരെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന യഥാര്‍ഥ വഴികാട്ടിയാണ്.
ഇതിനെക്കുറിച്ച് വിശുദ്ധനായ ജോണ്‍ മരിയ വിയാനി പറയുന്നത് ഇപ്രകാരമാണ്: ”നമ്മുടെ ആത്മാവില്‍ വേല ചെയ്യുന്ന ഒരു തോട്ടക്കാരനെപ്പോലെയാണ് പരിശുദ്ധാത്മാവ്. നാം അതിന് വഴങ്ങിക്കൊടുത്താല്‍ മാത്രം മതി. നമ്മുടെ ജീവിതത്തെ അവന്‍ ഫലദായകമായ ഒരു പൂന്തോട്ടമാക്കി മാറ്റും.”
ദൈവസ്‌നേഹത്തിന്റെ മൂര്‍ത്തമായ മറ്റൊരടയാളം കൂടിയാണ് പരിശുദ്ധാത്മാവ്. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പരസ്പര സ്‌നേഹത്തിന്റെ വലിയ മാതൃക കാണിച്ചുതന്നതിനു ശേഷമാണ് യേശു അവരോട് പറയുന്നത്, ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ എന്റെ കല്‍പനകള്‍ പാലിക്കും” എന്ന്. മനുഷ്യസഹജമായ നമ്മുടെ ബലഹീനതകള്‍ നന്നായി അറിയാവുന്ന ദൈവമായതുകൊണ്ട്, സ്വന്തം ശക്തിയാല്‍ മാത്രം ഈ കല്‍പനകള്‍ പാലിക്കാന്‍ നമുക്ക് കഴിയില്ലെന്ന് അവിടുത്തേക്കറിയാം. അതുകൊണ്ടാണ് നമ്മെ സഹായിക്കാനും ഓര്‍മ്മിപ്പിക്കാനും ശക്തിപ്പെടുത്താനുമായി ഈ നല്ല ആത്മാവിനെ നമുക്ക് തരുന്നത്.
വി. പൗലോസ് ശ്ലീഹാ ഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ (ഗലാ. 5:16-26) ജഡത്തിന്റെ മോഹങ്ങളും ആത്മാവിന്റെ ഫലങ്ങളും തമ്മിലുള്ള ഈ വ്യത്യാസം വ്യക്തമാക്കുന്നുണ്ട്. ലേകത്തിന്റെ ആത്മാവ് നമ്മെ സ്വാര്‍ഥതയിലേക്കും അസൂയയിലേക്കും ഭിന്നതയിലേക്കും നയിച്ച് ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും അകറ്റുന്നു. എന്നാല്‍, ദൈവാത്മാവ് നമ്മെ നിയമത്തിന്റെ കീഴില്‍ നിന്ന് സ്വതന്ത്രരാക്കി സ്വര്‍ഗോന്മുഖമായി നയിക്കുന്നു. വിശുദ്ധഗ്രന്ഥത്തിലുടനീളം ദൈവത്തിന്റെ ആത്മാവ് ലോകത്തിന്റെയോ, തിന്മയുടെയോ ആത്മാവിനെതിരായി നില്‍ക്കുന്ന സാന്നിധ്യമാണ്.
വി. സെറാഫിം സരോവ് നല്‍കുന്ന ഒരു വലിയ ഉപദേശം ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്: ”സമാധാനത്തിന്റെ അരൂപിയെ (പരിശുദ്ധാത്മാവിനെ) സ്വന്തമാക്കുക. എന്നാല്‍ നിനക്കു ചുറ്റുമുള്ള ആയിരങ്ങള്‍ രക്ഷിക്കപ്പെടും.”
പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ക്രൈസ്തവരെന്ന നിലയില്‍ ദൈവത്തിന്റെ ശക്തിയാല്‍ നയിക്കപ്പെടാന്‍ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. പിതാവും പുത്രനും തമ്മിലുള്ള സ്‌നേഹമാകുന്ന പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിലുണ്ടെങ്കിലേ ദൈവകല്‍പനകള്‍ പാലിച്ച യഥാര്‍ഥ ദൈവമക്കളായി ജീവിക്കാന്‍ നമുക്ക് സാധിക്കൂ.
ഈ ലോകജീവിതത്തിലെ പ്രതിസന്ധികളിലും വീഴ്ചകളിലും നമുക്ക് തുണയാകുന്ന ഈ വലിയ ദാനത്തെ നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം. നമ്മുടെ ഇന്ദ്രിയങ്ങളുടെയും ഹൃദയത്തിന്റെയും നിശ്ശബ്ദതയില്‍ ദൈവാത്മാവിന്റെ സ്വരം ശ്രവിക്കാനും ദൈവഹിതം തിരിച്ചറിഞ്ഞ് സ്‌നേഹത്തില്‍ വളരാനും നമുക്ക് സാധിക്കട്ടെ. പരിശുദ്ധാത്മാവ് തന്റെ ദാനങ്ങളും ഫലങ്ങളും നമ്മുടെ മേല്‍ സമൃദ്ധമായി ചൊരിയട്ടെ. ആമ്മേന്‍.
ബ്രദര്‍ അഖില്‍ പുതുവ MS




