കാൻസറിനേക്കാൾ ആളെ കൊല്ലുന്നത് കീമോതെറാപ്പിയോ?

ഡോ. ജോജോ വി. ജോസഫ്

സോഷ്യൽ മീഡിയയിലൂടെ കപടശാസ്ത്രം പ്രചരിപ്പിക്കുന്നവർ ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന സന്ദേശമാണ്: ‘കാന്‍സര്‍ ആരെയും കൊല്ലുന്നില്ല; കൊല്ലുന്നത് കീമോതെറാപ്പിയാണ്’ എന്ന ആശയം. ഇങ്ങനെ പറഞ്ഞ് രോഗികളിലും ബന്ധുക്കളിലും ആശങ്കയും ഭയവും ഇവർ വളർത്തുന്നു. ഇവരോടു ചോദിക്കാൻ ഒന്നേയുള്ളൂ: കാൻസറിനെ പ്രതിരോധിക്കാൻ ഇതിനേക്കാൾ മികച്ചതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ മറ്റൊരു ചികിത്സാമാർഗം നിങ്ങളുടെ പക്കലുണ്ടോ? ഡോ. ജോജോ ജോസഫ് എഴുതുന്നു.

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് കപടശാസ്ത്രം പ്രചരിപ്പിക്കുന്നവർ തങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന സന്ദേശമാണ്: കാന്‍സര്‍ ആരെയും കൊല്ലുന്നില്ല; കൊല്ലുന്നത് കീമോതെറാപ്പിയാണ് (Cancer doesn’t kill people, Chemotherapy kills them). അതായത്, കാൻസർ അല്ല ആളെ കൊല്ലുന്നത്, മറിച്ച് കീമോതെറാപ്പിയാണ് ആളെ കൊലപ്പെടുത്തുന്നത് എന്നുപറഞ്ഞ് രോഗികളിലും ബന്ധുക്കളിലും ആശങ്കയും ഭയവും വളർത്തുകയാണ് ഇവർ ചെയ്യുന്നത്. നിരവധി രോഗികൾ സർജറിക്കും കീമോതെറാപ്പിക്കും പോകുന്നതിനു മുൻപ് ഇത്തരം സംശയങ്ങളുമായി എന്നെ കാണാൻ വരാറുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഈ എഴുത്ത്.

എന്താണ് കീമോതെറാപ്പി; അത് എങ്ങനെ പ്രവർത്തിക്കുന്നു?

ശരിക്ക് പറഞ്ഞാൽ ഇതിന്റെ ശരിയായ പേര് സൈറ്റോടോക്സിക് കീമോതെറാപ്പി (Cytotoxic Chemotherapy) എന്നാണ്. അതായത്, കോശ നശീകരണശേഷിയുള്ള (Toxic) കെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സ. കാൻസർ കോശങ്ങൾ സാധാരണ കോശങ്ങളേക്കാൾ വളരെ വേഗത്തിലാണ് പുതിയതായി വിഭജിക്കപ്പെടുകയും വളരുകയും ചെയ്യുന്നത്. ഇത്തരത്തിൽ വേഗത്തിൽ വളരുന്ന കോശങ്ങളെ ലക്ഷ്യം വച്ചാണ് കീമോതെറാപ്പി പ്രവർത്തിക്കുന്നത്.

കീമോതെറാപ്പി മരുന്നുകൾ പ്രധാനമായും താഴെ പറയുന്ന രീതികളിലാണ് പ്രവർത്തിക്കുന്നത്:

1. ഡി എന്‍ എ (DNA) നശിപ്പിക്കുക അല്ലെങ്കിൽ ഡി എന്‍ എ (DNA) നിർമ്മാണം തടയുക.

2. കോശവിഭജന പ്രക്രിയയായ മൈറ്റോസിസ് (Mitosis) തടയുക.

3. കോശങ്ങളുടെ സ്വാഭാവിക മരണത്തിലേക്ക് (Programmed cell death/ Apoptosis) നയിക്കുക.

എന്നാൽ, ഈ മരുന്നുകൾക്കൊന്നും കാൻസർ കോശങ്ങളെമാത്രം പ്രത്യേകം തിരിച്ചറിയാനുള്ള കഴിവില്ല. അതിനാൽ ശരീരത്തിൽ സ്വാഭാവികമായി വേഗത്തിൽ വളരുന്ന മറ്റ് സാധാരണ കോശങ്ങളെയും ഇത് ബാധിക്കാം. ഉദാഹരണത്തിന്, മുടി വളരുന്ന കോശങ്ങൾ (Hair follicles), അസ്ഥിമജ്ജ (Bone marrow), ദഹനവ്യൂഹത്തിലെ കോശങ്ങൾ (Digestive tract cells) എന്നിവ.

നാം സാധാരണ കാണുന്ന മുടികൊഴിച്ചിൽ, രക്തകോശങ്ങളുടെ എണ്ണം കുറയുന്നത് (Low count), ഛർദ്ദി, വയറിളക്കം, വായ്പ്പുണ്ണ് എന്നിവയൊക്കെ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ഒരു തോട്ടത്തിലെ കാടുകൾ വെട്ടിമാറ്റുമ്പോൾ അതിനോടൊപ്പമുള്ള ചില നല്ല ചെടികൾ കൂടി നശിച്ചുപോകുന്നതു പോലെ മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. എന്നാൽ ഓർക്കുക, ഇതെല്ലാം വെറും താൽക്കാലികം മാത്രമാണ്. ചികിത്സ കഴിഞ്ഞ് ഏതാനും ദിവസങ്ങൾ (ഏകദേശം 15 ദിവസം) കൊണ്ട് ശരീരം പൂർവസ്ഥിതിയിലാകും. അതുപോലെ തന്നെ, ഞാൻ ഈ പറഞ്ഞ എല്ലാ പാർശ്വഫലങ്ങളും എല്ലാ രോഗികൾക്കും ഒരേപോലെ ഉണ്ടാകണമെന്നില്ല. അത് ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ഉപയോഗിക്കുന്ന മരുന്നിനും അനുസരിച്ച് മാറിയിരിക്കും.

കീമോതെറാപ്പി നൽകുന്നതിന്റെ ലക്ഷ്യങ്ങൾ

കീമോതെറാപ്പി പ്രധാനമായും നാല് ഉദ്ദേശ്യങ്ങളോടെയാണ് രോഗികൾക്ക് നൽകുന്നത്:

1. പൂർണ്ണ സൗഖ്യം (Curative): രോഗം പൂർണ്ണമായി ഭേദമാക്കുക എന്ന ലക്ഷ്യത്തോടെ നൽകുന്നത് (ഉദാഹരണത്തിന്, ലിംഫോമ, ലുക്കീമിയ എന്നിവയിൽ).

2. അഡ്‌ജുവന്റ് (Adjuvant): ശസ്ത്രക്രിയയ്ക്കു ശേഷം അവശേഷിക്കാൻ സാധ്യതയുള്ള സൂക്ഷ്മമായ കാൻസർ കോശങ്ങളെ നശിപ്പിക്കാനും രോഗം വീണ്ടും വരാതിരിക്കാനും നൽകുന്നത്.

3. നിയോഅഡ്ജുവന്റ് (Neoadjuvant): ശസ്ത്രക്രിയയ്ക്കു മുൻപായി ട്യൂമറിന്റെ വലിപ്പം കുറച്ച് സർജറി എളുപ്പമാക്കാൻ നൽകുന്നത്.

4. പാലിയേറ്റിവ് (Palliative): രോഗം പൂർണ്ണമായി മാറ്റാൻ കഴിയാത്ത അവസാനഘട്ടങ്ങളിൽ വേദനയും മറ്റ് ബുദ്ധിമുട്ടുകളും കുറച്ച് ആയുസ്സും ജീവിതനിലവാരവും വർധിപ്പിക്കാൻ നൽകുന്നത്.

കപടശാസ്ത്രക്കാരുടെ തന്ത്രം

കപടശാസ്ത്ര പ്രചാരകർ പലപ്പോഴും നാലാമത്തെ സ്റ്റേജിലുള്ള (Advanced stage) രോഗം മൂർച്ഛിച്ച് മരണപ്പെടുന്ന രോഗികളുടെ ഉദാഹരണങ്ങളാണ്, കീമോതെറാപ്പി കൊണ്ടാണ് രോഗി മരിച്ചത് എന്ന് വരുത്തിത്തീർക്കാൻ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത്.

എന്നാൽ, ഏതൊരു ആധുനിക ചികിത്സയും നിശ്ചയിക്കുന്നത് അതിന്റെ ഗുണവും (Benefit) അത് എടുത്താൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതയും (Risk) തമ്മിൽ കൃത്യമായി താരതമ്യം ചെയ്തതിനു ശേഷമാണ്. ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അപകടം എത്രത്തോളമാണ്, ഇതിനേക്കാൾ നല്ല ചികിത്സ വേറെയുണ്ടോ എന്ന് പരിശോധിച്ചിട്ടാണ് ഡോക്ടർമാർ ഇത് തീരുമാനിക്കുന്നത്.

ഏതൊരു ശസ്ത്രക്രിയയ്ക്കും സങ്കീര്‍ണ്ണതകളും അനസ്തേഷ്യയുടെ അപകടസാധ്യതയുമുണ്ട്; എന്നാൽ അത് വേണ്ടെന്നു വയ്ക്കാറില്ല. കാരണം, അതുകൊണ്ട് ലഭിക്കുന്ന ഗുണം ജീവൻ രക്ഷിക്കുന്നു എന്നതാണ്. ഇതു തന്നെയാണ് കീമോതെറാപ്പിയുടെ കാര്യത്തിലും പ്രസക്തമാകുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ആധുനിക കീമോതെറാപ്പി എന്നത് പൂർണ്ണമായും തെളിവധിഷ്ഠിത മരുന്ന് (Evidence-Based Medicine) ആണ്. അത് ഒട്ടും വേണ്ട എന്ന് പറയുകയാണെങ്കിൽ, ദീർഘകാലം ജീവിക്കാനുള്ള രോഗിയുടെ അവകാശത്തെയാണ് നാം നിഷേധിക്കുന്നത്.

വിവിധ സ്റ്റേജുകളിൽ കീമോതെറാപ്പി നൽകുമ്പോഴുള്ള അപകട സാധ്യതയും കീമോ എടുത്തില്ലെങ്കിലുള്ള മരണനിരക്ക് എന്നിവയുടെ യഥാർഥ കണക്കുകൾ ഇങ്ങനെയാണ്:

രോഗത്തിന്റെ സ്റ്റേജ് | കീമോതെറാപ്പി മൂലമുള്ള റിസ്ക് | കീമോതെറാപ്പി എടുത്തില്ലെങ്കിൽ രോഗം തിരിച്ചടിക്കാനുള്ള/ മരണസാധ്യത

Stage I: ~ 0.5% – വളരെ കുറഞ്ഞ സാധ്യത (ഘടനാപരമായ വ്യത്യാസങ്ങൾക്ക് വിധേയം)
Stage II: ~ 1% – ~ 40% വരെ സാധ്യത
Stage III: ~ 1.5% – ~ 70% വരെ സാധ്യത
Stage IV: ~ 2% – 100% (മരണസാധ്യത)

ലളിതമായ ഒരു ഉദാഹരണം

ഒരു ദിവസത്തിൽ കേരളത്തിലെ റോഡപകടങ്ങളിൽ പെടാനോ, അല്ലെങ്കിൽ ഒരു കല്യാണത്തിന് പോകുമ്പോൾ വണ്ടി അപകടത്തിൽ പെടാനോ ഉള്ള സാധ്യത ഏതാണ്ട് രണ്ട് ശതമാനമാണ്. അതിനാൽ, റോഡിൽ അപകടസാധ്യത ഉള്ളതുകൊണ്ട് ഞാൻ കല്യാണത്തിന് പോകുന്നില്ല, വീട്ടിൽ ഇരുന്നോളാം എന്ന് തീരുമാനിക്കുന്നത് എത്രത്തോളം വിഡ്ഢിത്തമാണോ, അതുപോലെ തന്നെയാണ് പാർശ്വഫലങ്ങളെ ഭയന്ന് കീമോതെറാപ്പി വേണ്ടെന്നു വയ്ക്കുന്ന ചിന്താഗതിയും.

കപടശാസ്ത്രം മുതലെടുക്കുന്ന ചിന്താപിഴവുകൾ (Cognitive Biases)

ആധുനിക കീമോതെറാപ്പിയുടെ കാലത്ത് ചികിത്സ കാരണം മാത്രം രോഗി മരണപ്പെടുന്നത് വളരെ അപൂർവമാണ്. നാലാമത്തെ സ്റ്റേജിലോ, കീമോയോട് പ്രതികരിക്കാത്ത (Non-responsive) രോഗികളിലോ രോഗത്തിന്റെ തീവ്രത കൊണ്ടാണ് മരണം സംഭവിക്കുന്നത്. ചിലപ്പോൾ ഇൻഫെക്ഷൻ പോലുള്ള കോംപ്ലിക്കേഷനുകൾ ഉണ്ടാകാം എന്നത് മാത്രമാണ് വസ്തുത. ഇത്തരം മരണങ്ങളെ മുൻനിർത്തി കപടശാസ്ത്രക്കാർ ജനങ്ങളിൽ വലിയ ഭയം സൃഷ്ടിക്കുന്നു. ഈ ഭയമാണ് അവരുടെ വിപണിയുടെ അടിത്തറ. ശാസ്ത്രീയ ചികിത്സയ്‌ക്കെതിരെ ഭയം സൃഷ്ടിച്ച ശേഷം അവർ വ്യാജ ഒറ്റമൂലികളും, പച്ചമരുന്നുകളും, ഡീറ്റോക്സ് (Detox) തെറാപ്പികളും, ഊർജ ചികിത്സകളും വിറ്റഴിക്കുന്നു. വിദ്യാസമ്പന്നർ എന്ന് സ്വയം വിളിക്കുന്നവർ പോലും മനുഷ്യമനസ്സിന്റെ ചില ചിന്താപിഴവുകൾ (Cognitive Biases) മൂലം ഇതിൽ ചെന്ന് വീഴുന്നു.

അത്തരം ചില ചിന്താപിഴവുകൾ താഴെ പറയുന്നവയാണ്:

1. പോസ്റ്റ് ഹോക്ക് ഫാലസി (Post hoc fallacy): ‘ഇതിന് ശേഷം ഇത് സംഭവിച്ചു. അതിനാൽ ഇതിന് കാരണം ഇതാണ്’ എന്ന തെറ്റായ ചിന്താഗതി. (ഉദാഹരണത്തിന്: രോഗി കീമോ എടുത്തു, പിന്നീട് രോഗി മരണപ്പെട്ടു, അതിനാൽ മരണകാരണം കീമോ ആണ് എന്ന് വിലയിരുത്തുന്നത്).

2. പരസ്പരബന്ധം vs കാരണഭൂതമായ ബന്ധം (Correlation vs Causation): രണ്ട് കാര്യങ്ങൾ ഒന്നിച്ച് സംഭവിക്കുന്നതുകൊണ്ടു മാത്രം ഒന്ന് മറ്റൊന്നിന് കാരണമാകുന്നില്ല. കാൻസർ മൂലം മരണസാധ്യത കൂടുന്നതിന്റെ യഥാർഥ കാരണം രോഗാവസ്ഥയാണ്, കീമോ അല്ല.

3. അതിജീവന പക്ഷപാതം (Survivorship bias): കീമോതെറാപ്പി വഴി പൂർണ്ണ രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്ന ആയിരക്കണക്കിന് ആളുകളുടെ വിജയകഥകൾ ഇവർ മറച്ചുവയ്ക്കുന്നു; പകരം പരാജയപ്പെട്ട ചുരുക്കം ചില കേസുകൾ മാത്രം ഉയർത്തിക്കാട്ടുന്നു.

4. ആകസ്മികമായ തെറ്റിധാരണ/ അനുമാന തെളിവുകൾ (Accidental fallacy/ Anecdotal evidence): ‘എന്റെ അമ്മാവൻ കീമോ എടുത്തിട്ടാണ് മരിച്ചത്’ എന്ന തരത്തിലുള്ള ഒറ്റപ്പെട്ട വ്യക്തിപരമായ അനുഭവങ്ങളെ പൊതുസത്യമായി ചിത്രീകരിക്കുന്നത്.

5. അടിസ്ഥാന നിരക്ക് അവഗണന (Base rate neglect): രോഗത്തിന്റെ സ്വാഭാവിക മരണനിരക്കിനെ (Base rate) ഇവർ പൂർണ്ണമായും അവഗണിക്കുന്നു. കാൻസറിന്റെ തീവ്രത കൊണ്ട് സംഭവിക്കുന്ന മരണങ്ങളെല്ലാം ചികിത്സയുടെ പരാജയമായി ചിത്രീകരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ കാൻസർ ദുരന്തകഥകൾ മാത്രമായി അവശേഷിക്കുന്നു.

യാഥാർഥ്യം എന്താണ്?

കീമോതെറാപ്പി സുഖകരമാണെന്നോ പാർശ്വഫലങ്ങൾ ഒട്ടുമില്ലാത്തതാണെന്നോ ഇതിനർഥമില്ല. മറിച്ച്, തെറ്റിദ്ധാരണകൾ മൂലം ചികിത്സ മാറ്റി വെക്കുന്ന അപകടത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. കീമോതെറാപ്പിക്കെതിരെ സംസാരിക്കുന്നവരോട് ചോദിക്കാൻ ഒന്നേയുള്ളൂ: കാൻസറിനെ പ്രതിരോധിക്കാൻ ഇതിനേക്കാൾ മികച്ചതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ മറ്റൊരു ചികിത്സാമാർഗം നിങ്ങളുടെ പക്കലുണ്ടോ?

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.