ഞായര്‍ പ്രസംഗം 2, ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായര്‍ സെപ്റ്റംബര്‍ 20 ക്രിസ്തുവില്‍ പ്രകാശിതരാകുവിന്‍

ജോര്‍ദ്ദാനിലെ മാമ്മോദീസായ്ക്കും മരുഭൂമിയിലെ പരീക്ഷണത്തിനുംശേഷം ഏശയ്യാ പ്രവാചകനിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി ദൈവഹിതപ്രകാരം ഈശോ തന്റെ ജന്മദേശമായ നസ്രത്തു വിട്ട് ഗലീലിയില്‍ തന്റെ പരസ്യജീവിതത്തിന് സാഘോഷമായി ആരംഭം കുറിക്കുന്ന ഭാഗമാണ് ഇന്ന് സുവിശേഷത്തില്‍ നാം കാണുക. ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ‘മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന ആഹ്വാനവുമായാണ്. തന്റെ പാത ഒരുക്കുവാന്‍ വന്ന സ്‌നാപകന്‍ എന്ത് പറഞ്ഞുതുടങ്ങിയോ അതേ കാര്യം വീണ്ടും ആവര്‍ത്തിച്ചുകൊണ്ട് സ്‌നാപകന്‍ പൂര്‍ത്തീകരിക്കുന്നിടത്ത് ക്രിസ്തു ആരംഭം കുറിക്കുകയാണ്.

യേശുവിന്റെ ഭാഗധേയം യോഹന്നാന്റേതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല എന്നു സാരം. ക്രിസ്തു ഇഹലോകജീവിതത്തില്‍ തന്റെ സര്‍വ്വ ഉദ്യമങ്ങളിലൂടെ പ്രഘോഷിച്ചതും, അപ്പസ്‌തോലന്മാരെ ഭരമേല്‍പിച്ചതും, തിരുസഭ അനസ്യൂതം തുടരുന്നതും, സഭാമക്കളായ നാമോരോരുത്തരോടും ദൈവം ആവശ്യപ്പെടുന്നതും ഇതേ കാര്യം തന്നെയാണ്. മണവാളനെ എതിരേല്‍ക്കുവാന്‍ വിളക്ക് കൊളുത്തി കരുതിയിരുന്ന വിവേകമതികളായ കന്യകമാരെപ്പോലെ ദൈവരാജ്യപ്രവേശനത്തിനായി സദാ ഒരുങ്ങിയിരിക്കുക; മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുക.

ഈശോയുടെ ഗലീലിയിലെ സാന്നിധ്യത്തെക്കുറിച്ച് അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടുവെന്ന് സുവിശേഷം പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ അന്ധകാരം കൊണ്ട് ഗലീലിയരുടെ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ അധഃപതനത്തെയാണ് സൂചിപ്പിക്കുന്നത്. യഹൂദരുടെ അധിവാസകേന്ദ്രമായിരുന്ന ഗലീലിയില്‍ പിന്നീട് അസ്സീറിയന്‍ സൈന്യത്തിന്റെ ആക്രമണാനന്തരമുണ്ടായ വിജാതിയസാന്നിധ്യം യഹൂദരുടേതില്‍ നിന്നും വ്യതിരക്തമായ വിജാതീയരുടെ ജീവിതശൈലി ആ പ്രദേശത്തെ സാരമായി ബാധിച്ചു. നന്മ-തിന്മകളെ വിവേചിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും ദൈവഹിതപ്രകാരം ജീവിതത്തെ ക്രമീകരിക്കുവാനുള്ള ദൈവികപ്രകാശം നഷ്ടപ്പെട്ട് ജനം മുഴുവന്‍ ഇരുളിലായി. ഇവിടെ പ്രകാശമായി, ദീപ്തിയായി ക്രിസ്തു ഉദയം ചെയ്യുമ്പോള്‍ അവനെ അനുഗമിക്കുന്നവന്‍ ആരു തന്നെയായാലും ഇനിമേല്‍ അന്ധകാരത്തില്‍ നടക്കേണ്ടിവരികയില്ല എന്ന ഉറപ്പ് നല്‍കുകയാണ്. ഇന്നത്തെ സുവിശേഷം ഒരേയൊരു കാര്യം മാത്രമേ നമ്മില്‍ നിന്നും ആവശ്യപ്പെടുന്നുള്ളൂ. അത് മാനസാന്തരമാണ്. പക്ഷേ, ക്രിസ്തു വിവക്ഷിക്കുന്ന ഈ മാനസാന്തരം പാപങ്ങളില്‍ നിന്നും പാപസാഹചര്യങ്ങളില്‍ നിന്നും മാറിനടക്കുന്നതിലുപരിയായി അവനാകുന്ന പ്രകാശത്തില്‍ സദാ വസിക്കലാണ്; ജീവിതവഴികളെ ക്രമീകരിക്കലാണ്. നിരന്തരം ജീവി ക്കാനാവശ്യമായ ഊര്‍ജ്ജം അവനില്‍ നിന്നും സ്വായത്തമാക്കുന്നതാണ്.

പഴയനിയമത്തിലെ പുറപ്പാട് സംഭവത്തില്‍ മരൂഭൂമി യാത്രയില്‍ ദൈവം തന്നെ പ്രകാശസ്തംഭമായി ഇസ്രായേല്‍ ജനതയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. മോശയ്ക്ക് ദൈവം പ്രത്യക്ഷനായത് കത്തുന്ന മുള്‍പ്പടര്‍പ്പിലെ പ്രകാശമായിട്ടായിരുന്നു. പ്രകാശമായ ദൈവം തന്നെ സാന്നിധ്യം കൊണ്ട് മോശയെ പ്രശോഭിപ്പിക്കുന്നുണ്ട്. 1 യോഹ. 1:5 തിരുവചനം ദൈവം പ്രകാശമാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ദൈവം പ്രകാശമായത് ഈ പ്രകാശത്തില്‍ ഞാന്‍ സദാ ചരിക്കുക വഴി അന്ധകാരത്തില്‍ എന്റെ കാലുകള്‍ ഇടരാതിരിക്കേണ്ടതിനാണ്.

വൃക്ഷലതാദികള്‍ അവയ്ക്കാവശ്യമായ പോഷകപദാര്‍ത്ഥങ്ങള്‍ സൂര്യകിരണങ്ങള്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്നതുകൊണ്ടു തന്നെ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് സൂര്യന്റെ പ്രകാശവും ചൂടും അത്യന്താപേക്ഷിതമാണെന്നു പറയാന്‍ സാധിക്കും. അതുപോലെ തന്നെ നമ്മുടെയൊക്കെ ജീവിതത്തിന് ഓജസ്സും തേജസ്സും ജീവനും നല്‍കുന്ന ക്രിസ്തുവാകുന്ന പ്രകാശത്തിനു പുറത്ത് എനിക്ക് ജീവിതത്തില്‍ സ്ഥായിയായ മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുക സാധ്യമല്ല. കാരണം, ക്രിസ്തുവാകുന്ന പ്രകാശമാണ് എനിക്ക് നന്മ-തിന്മകളെക്കുറിച്ചുള്ള യഥാര്‍ത്ഥ വെളിച്ചം തരിക. ദൈവവുമായുള്ള ആഴമായ ബന്ധത്തിലായിരിക്കുമ്പോഴാണ് ഇന്ന് പഴയനിയമ വായനയില്‍ ഏശയ്യാ പ്രവാചകന്‍ സൂചിപ്പിക്കുന്നതായി നാം കേട്ട നല്ല ഫലങ്ങള്‍ – മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ – നീതി പ്രവര്‍ത്തിക്കുവാന്‍, സത്യം സംസാരിക്കുവാന്‍, തെറ്റായ വഴികളിലൂടെയുള്ള നേട്ടം വെറുക്കാന്‍, തിന്മ ദര്‍ശിക്കാതിരിക്കാന്‍, കണ്ണുകള്‍ അടയ്ക്കാന്‍ എനിക്ക് സാധിക്കുക.

ഒന്നുചിന്തിച്ചാല്‍ ഒരുപക്ഷേ, നമ്മുടെയൊക്കെ ജീവിതത്തില്‍ ചില മാറ്റത്തിന്റെ അവസ്ഥകള്‍ അനിവാര്യമാണെന്നതുപോലും ചിലപ്പോഴൊക്കെ നമുക്ക് കണ്ടെത്താന്‍ സാധിക്കാതെ വന്നേക്കാം. അപ്പോഴൊക്കെ ഒന്നു മാറിച്ചിന്തിക്കാന്‍ സങ്കീര്‍ത്തകന്റെ ദൈവത്തോടുള്ള ഒരു യാചന നമ്മെ സഹായിച്ചേക്കും. ‘സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും? അറിയാതെ പറ്റുന്ന വീഴ്ചകളില്‍ നിന്നും എന്നെ ശുദ്ധീകരിക്കേണമേ! ബോധപൂര്‍വ്വം ചെയ്യുന്ന തെറ്റുകളില്‍ നിന്നും ഈ ദാസനെ കാത്തുകൊള്ളേണമേ! അവ എന്നില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ. അപ്പോള്‍ ഞാന്‍ നിര്‍മ്മലനായിരിക്കും. മഹാ അപരാധങ്ങളില്‍ നിന്നും ഞാന്‍ വിമുക്തനായിരിക്കും’ (സങ്കീ. 19:12-13).

ഈശോ ഒരിക്കല്‍ വി. ഫൗസ്റ്റീനായോട് പറഞ്ഞു: “നീ നിന്നില്‍ത്തന്നെ എന്താണെന്നു കാണുക. എന്നാല്‍, അതില്‍ ഭയപ്പെടേണ്ട. നിന്റെ അവസ്ഥ പൂര്‍ണ്ണമായും ഞാന്‍ വെളിപ്പെടുത്തിത്തന്നാല്‍ അതിന്റെ ഭീകരതയില്‍ നീ മരിക്കും.” ഈശോ വീണ്ടും പറയുന്നുണ്ട്: “നീ എത്രമാത്രം ദുര്‍ബലയാണെന്നു കണ്ടാലും; എപ്പോഴാണ് എനിക്ക് നിന്നെ വിശ്വസിക്കാന്‍ കഴിയുക.” സ്വയം മനസ്സിലാക്കാന്‍ ദൈവിക പ്രകാശം എത്ര കണ്ട് കൂടിയേ തീരൂ.

ഒരിക്കല്‍ നാം ദൈവത്തിന്റെ ന്യായാസനത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരുമ്പോള്‍ നമ്മുടെയൊക്കെ ശിക്ഷാവിധിയുടെ മാനദണ്ഡമായി നില്‍ക്കുന്നതും ക്രിസ്തുവാകുന്ന പ്രകാശത്തില്‍ ഞാന്‍ എത്രകണ്ട് വ്യാപരിച്ചു എന്നുള്ളതു തന്നെയായിരിക്കും. വചനം പറയുന്നു: “ഇതാണ് ശിക്ഷാവിധി. പ്രകാശം ലോകത്തിലേയ്ക്കു വന്നിട്ടും മനുഷ്യന്‍ പ്രകാശത്തേക്കാളധികമായി അന്ധകാരത്തെ സ്‌നേഹിച്ചു” (യോഹ. 3:19).

ലോകത്തിന്റെ പ്രകാശമായ ഗുരുവിനെ അനുകരിച്ച് മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുന്ന പ്രകാശഗോപുരമായി തീരേണ്ടവരാണ് നാമോരോരുത്തരും. വിശുദ്ധ കുര്‍ബാനയില്‍ പ്രകാശമായ ഈശോയെ ഉള്‍ക്കൊള്ളുന്ന നാം മറ്റുള്ളവര്‍ക്ക് വഴിവിളക്കാകേണ്ടതാണ്. ജീവിതത്തെ രണ്ടടിയെങ്കിലും കാലിടറാതെ മുന്നോട്ടുനയിക്കുവാനുള്ള വെളിച്ചം തന്നിലുണ്ടോയെന്ന് സ്വയം ചിന്തിക്കേണ്ടത് ഒരു അനിവാര്യതയാണ്. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണ് പ്രത്യക്ഷപ്പെടുന്നതെന്ന് വി. പൗലോസ് (എഫേ. 5:8-9) വ്യക്തമാക്കുന്നുണ്ട്. ആകയാല്‍, ഇനിമേല്‍ എന്റെ കുടുംബത്തിന്, ചുറ്റുമുള്ളവര്‍ക്ക് ഞാനൊരു നന്മയുടെ സാന്നിധ്യമായി അനുഭവപ്പെടണം. എന്റെ അനുദിന ജീവിതത്തില്‍ ഞാനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരോട്, കണ്ടുമുട്ടുന്നവരോട് സ്‌നേഹത്തോടെ ഇടപെഴകാന്‍ സാധിക്കണം. സര്‍വ്വവിധ വ്യാപാരങ്ങളിലും സത്യവും നീതിയും നിറഞ്ഞുനില്‍ക്കണം. അല്ലാത്തപക്ഷം ക്രിസ്തുവാകുന്ന പ്രകാശത്തില്‍ നിന്നും ഒരുവന്‍ അകലെയാണ്.

നമ്മുടെ ഹൃദയാന്തരാളത്തിലെ അന്ധകാരം മാറ്റുന്ന നിത്യമാം പ്രകാശമായ ഈശോ ഈ ബലിയര്‍പ്പണത്തില്‍ നമ്മിലേയ്ക്ക് എഴുന്നള്ളിവരുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കാം… ദൈവമേ, നീ ആകുന്ന പ്രകാശത്തില്‍ സദാ വസിക്കുക വഴി എന്നിലുള്ള അന്ധകാരം പൂര്‍ണ്ണമായും നീങ്ങി ഞാനും മറ്റുള്ളവരുടെ പാദങ്ങള്‍ ഇടറാതിരിക്കാന്‍ ഒരു വഴിവിളക്കാകട്ടെ.  ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. എബിന്‍ കുരൂര്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.