ഞായർ പ്രസംഗം 2, കൈത്താക്കാലം നാലാം ഞായർ ആഗസ്റ്റ് 01 മര്‍ക്കോ. 7: 1-13 ആന്തരികതയിലേക്കുള്ള ക്രിസ്തുമാര്‍ഗ്ഗം

ബ്ര. ജസ്റ്റിന്‍ തട്ടാമ്പറമ്പില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

പന്തക്കുസ്തായില്‍ ലഭിച്ച പരിശുദ്ധാത്മാഭിഷേകത്താല്‍ ശ്ലീഹന്മാരാല്‍ വളര്‍ത്തിയ തന്റെ സഭയില്‍ നിന്ന് ഫലങ്ങള്‍ പ്രതീക്ഷിച്ച് ക്രിസ്തു കാത്തിരിക്കുന്ന കൈത്താക്കാലത്തിലാണ് നമ്മള്‍.

ഇന്ന് കൈത്താക്കാലം നാലാം ഞായറാഴ്ച, വി. മര്‍ക്കോസിന്റെ സുവിശേഷം 7:1-13 വാക്യങ്ങളിലൂടെ വിശ്വാസജീവിതത്തിലെ ആന്തരികവളര്‍ച്ച ധ്യാനവിഷയമാക്കുന്നു. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ മാര്‍ഗ്ഗം സ്വീകരിച്ചെന്ന പാരമ്പര്യത്തിന്റെ വേരു പിടിച്ച് നമ്മുടെ വിശ്വാസജീവിതത്തിന്റെ ആധികാരികതയും ആഢ്യത്വവും സമര്‍ത്ഥിക്കാന്‍ ഊറ്റം കൊള്ളുന്ന ഒരു സമൂഹത്തില്‍ ഇന്നത്തെ വചനഭാഗം ഏറെ ചിന്തകളുയര്‍ത്തുന്നു.

നീണ്ടകാലമുള്ള ജീവിതക്രമവും ശീലങ്ങളും പിന്നീട് ഒരു പ്രത്യയശാസ്ത്രമായി മാറുകയും അത് പലപ്പോഴും ആന്തരികത നഷ്ടപ്പെട്ട് ഭൗതികതയിലേക്ക് ചുരുങ്ങാറുമുണ്ട്. ഈ ജനം അധരങ്ങള്‍ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍ നിന്ന് അകലെയാണ് എന്ന ഏശയ്യായുടെ പ്രസ്താവനയെ ഉദ്ധരിച്ച് ഈശോ ഫരിസേയരെ ഓര്‍മ്മിപ്പിക്കുന്നത് ആന്തരികതയുടെ ആവശ്യകതയാണ്. യഹൂദ സമൂഹത്തില്‍ ഫരിസേയര്‍ നിയമപാലനത്തില്‍ അതീവശ്രദ്ധ കൊടുത്തിരുന്നവരും അതില്‍ അഭിമാനിച്ചിരുന്നവരുമാണ്. നിയമം വള്ളിപുള്ളി തെറ്റാതെ പാലിക്കാനുള്ള അമിതാവേശം പലപ്പോഴും അവരുടെ കണ്ണില്‍ അടുത്തുനില്‍ക്കുന്ന സഹോദരനിലെ ദൈവികതയെ കാണാന്‍ സാധിക്കാതെ കാഴ്ചയെ മറയ്ക്കുന്ന തടിക്കഷണമായി നിലകൊള്ളുന്നു. നിയമപാലനത്തിന്റെ  അതിരുകടന്ന അവസ്ഥയില്‍ ദൈവകല്‍പനകളുടെ അര്‍ത്ഥം അതിന്റെ ശരിയായ ദിശയില്‍ നിന്നു മാറ്റുന്ന ഒരു സമൂഹത്തെ ഈശോ ഇവിടെ വിമര്‍ശിക്കുന്നു.

ഇന്നത്തെ ഒന്നാം വായനയില്‍ (നിയമാ. 5:16) ഇപ്രകാരം പറയുന്നു: “നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുവാനും നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്ക് നന്മയുണ്ടാകുവാനും വേണ്ടി അവിടുന്ന് കല്‍പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” പൗലോസ് ശ്ലീഹാ എഫേസോസുകാര്‍ക്കെഴുതിയ ലേഖനം 6:2-3 വാക്യങ്ങളില്‍ ഒന്നുകൂടി നമ്മെ ഓര്‍മ്മിപ്പിക്കും, വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കല്‍പന ഇതത്രെ എന്ന്.

എന്നാല്‍ പാരമ്പര്യവാദികളായ ഫരിസേയരെ വിമര്‍ശിക്കുന്ന ക്രിസ്തു അവരുടെ നിയമപാലനത്തിലെ അപചയത്തെ എടുത്തുകാണിക്കുന്നത് മേല്‍പ്പറഞ്ഞ പ്രമാണത്തിലെ ആധികാരികമായ ലംഘനത്തെ കാണിച്ചുകൊണ്ടാണ്. സന്യാസി എന്ന കവിതയില്‍ കാവിവസ്ത്രം ധരിച്ചെങ്കിലും, രുദ്രാക്ഷമാല അണിഞ്ഞെങ്കിലും, ഉള്ളം വെള്ളയാണെങ്കിലും ഈശ്വരദര്‍ശനം എന്ന സ്വപ്നം ഒരു ദീര്‍ഘനിശ്വാസമായി മാറുമെന്ന സത്യം നമ്മെ നടുക്കണമെന്ന് കവി ഓര്‍മ്മിപ്പിക്കുന്നു. മാമ്മോദീസ സ്വീകരിച്ചതു മുതല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മുടക്കിയിട്ടില്ല എന്നും, മുട്ടിന്മേല്‍ നിന്ന് ഞാന്‍ ജപമാല ചൊല്ലാറുണ്ടെന്നും, മുടങ്ങാതെ കൂദാശകള്‍ സ്വീകരിക്കാറുണ്ടെന്നും അഭിമാനിക്കുമ്പോഴും ഓര്‍ക്കണം, ആന്തരീകത നഷ്ടപ്പെട്ടാല്‍ രക്ഷ ഒരു സ്വപ്നം മാത്രമായിത്തീരും. അതിനാല്‍ കോറിന്തോസുകാര്‍ക്കുള്ള 2-ാം ലേഖനം 17-ല്‍ പറയുന്നതുപോലെ, “അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ. എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവ് പ്രശംസിക്കുന്നവനാണ് സ്വീകാര്യന്‍.”

സാമുവേല്‍ പ്രവാചകന്റെ 2-ാം പുസ്തകം 16-ാം അദ്ധ്യായത്തില്‍ ദാവീദിനെ ശപിക്കുന്ന ഷിമാമിയെ വധിക്കാനൊരുങ്ങിയ അബീഷായിയോട് ദാവീദ് ഇപ്രകാരം പറയുന്നു: “എന്നെ ശപിക്കുക എന്ന് കര്‍ത്താവ് കല്‍പിച്ചിട്ടാണ് അവന്‍ അത് ചെയ്യുന്നതെങ്കില്‍ അരുതെന്ന് പറയാന്‍ ആര്‍ക്കു കഴിയും?” ഈ ദാവീദിനെക്കുറിച്ചാണ് ദൈവം സാക്ഷ്യപ്പെടുത്തുന്നത്, എന്റെ ഹൃദയത്തിന് ഇണങ്ങിയ മനുഷ്യന്‍ എന്നാണ്. 1 സാമു. 16:17 -ല്‍ ഇപ്രകാരം പറയുന്നു: “മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവാകട്ടെ, ഹൃദയഭാവത്തിലും.”

സമാന്തരസുവിശേഷങ്ങളില്‍ ഭൃത്യന് സൗഖ്യം യാചിച്ചുവരുന്ന ശതാധിപനെ നാം കാണുന്നു. അവനെ നോക്കി ഈശോ പറയുന്നു: “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഒരുവനില്‍പ്പോലും ഞാന്‍ കണ്ടിട്ടില്ല.” ദേവാലയഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിക്കുന്ന ദരിദ്രയായ വിധവയുടെ ഹൃദയഭാവത്തെ പ്രശംസിക്കുന്ന ഈശോയെ സുവിശേഷത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

പ്രിയമുള്ള സഹോദരങ്ങളേ, അശുദ്ധി ബാധിച്ചതിനെ കഴുകുമ്പോള്‍ ശുദ്ധി വീണ്ടുകിട്ടും. അശുദ്ധമായവയെല്ലാം വിശുദ്ധിയാകാന്‍ കഴുകപ്പെടണം. നമ്മുടെ വസ്ത്രങ്ങളിലെ അശുദ്ധി നമുക്ക് കഴുകിക്കളയാം; അതുപോലെ ശരീരത്തിന്റെയും. എന്നാല്‍ നമ്മുടെ മനസിന്റെ, ഹൃദയത്തിന്റെ അശുദ്ധി എങ്ങനെ കഴുകിക്കളയും? പരിസരവും വസ്തുക്കളും വസ്ത്രങ്ങളും ശരീരവും അശുദ്ധമാകുമ്പോള്‍ തോന്നുന്ന അസ്വസ്ഥത മനസും ആത്മാവും ഹൃദയവും ചിന്തയുമൊക്കെ അശുദ്ധമാകുമ്പോള്‍ തോന്നാറുണ്ടോ? ബാഹ്യമായ അശുദ്ധി മാറ്റാന്‍ കാണിക്കുന്ന ഒരു തിടുക്കം ആന്തരിക അശുദ്ധി മാറ്റാനായി നാം സ്വീകരിക്കാറുണ്ടോ? ജലത്തിനോ മറ്റു ലായനികള്‍ക്കോ ആന്തരിക അശുദ്ധി കഴുകിക്കളയാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഇവയെ കഴുകുന്നത്? അതിന് ഒരു ലായനി നാം ഉല്‍പാദിപ്പിക്കണം. അനുതാപത്തിന്റെ കണ്ണുനീര്‍. വി. അംബ്രോസ് രണ്ട് മാനസാന്തരങ്ങളെപ്പറ്റി പറയുന്നു: “സഭയ്ക്ക് ജലവും കണ്ണീരും ഉണ്ട്. അതായത് മാമ്മോദീസായുടെ ജലവും അനുതാപത്തിന്റെ കണ്ണീരും.” കണ്ണീരിന്റെ മാമ്മോദീസയായ വിശുദ്ധ കുമ്പസാരത്തിലൂടെ നമ്മുടെ ഹൃദയവും മനസും കഴുകി വിശുദ്ധീകരിക്കാം. ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നതുപോലെ, “കുമ്പസാരക്കൂട്ടില്‍ ദൈവം നമ്മെ കാത്തിരിക്കുകയാണ്.” ആഴമായ അനുതാപവും മാനസാന്തരവും ഉണ്ടാകുമ്പോള്‍ ദൈവം ഇടപെട്ട് നമ്മുടെ ഹൃദയത്തെയും മനസിനെയും കഴുകി വിശുദ്ധീകരിക്കുന്നു.

പ്രിയമുള്ള സഹോദരങ്ങളേ, വളരെ ഫലപുഷ്ടിയുള്ള കുന്നില്‍ കിളച്ച് കല്ലുകള്‍ മാറ്റി ദൈവം നട്ട വിശിഷ്ടമായ മുന്തിരിച്ചെടികളും തോട്ടത്തിനു നടുവില്‍ നട്ട അത്തിവൃക്ഷവുമാണ് നാം. ഇത് ഫലാഗമനകാലമാണ്. ദൈവം ഫലം അന്വേഷിച്ചുവരുമ്പോള്‍ കാട്ടുമുന്തിരിപ്പഴങ്ങള്‍ കായ്ച്ച മുന്തിരിച്ചെടിയായും ഇലകളാല്‍ മാത്രം സമൃദ്ധമായ അത്തിവൃക്ഷമായും നാം നില്‍ക്കരുത്. മാര്‍തോമാശ്ലീഹായുടെ ചുടുനിണം വീണ് ഫലഭൂയിഷ്ടമായ ഈ ഭാരതമണ്ണില്‍ ജനിച്ചവരും ഉയര്‍ത്തപ്പെട്ട വിശുദ്ധ കുര്‍ബാനയെ നോക്കി എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന് ഏറ്റുവിളിച്ച പൂര്‍വ്വീകരുടെ വിശ്വാസത്തെ നമ്മുടെ സത്തയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നവരുമാണ് നാം. ഈ വിശ്വാസപാരമ്പര്യത്തില്‍ നിലനിന്ന് നല്ല ഫലം പുറപ്പെടുവിക്കാന്‍ നാം പരിശ്രമിക്കണം.

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഈ ബലിയില്‍ വൈദികനോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. കര്‍ത്താവായ ദൈവമേ, കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടും കൂടെ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് ഭക്തിയോടും ശ്രദ്ധയോടും കൂടെ അങ്ങയുടെ ബലിപീഠത്തിന്‍ മുമ്പാകെ നില്‍ക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആദ്ധ്യാത്മികവും മാനുഷികവുമായ ബലികള്‍ യഥാര്‍ത്ഥ വിശ്വാസത്തോടു കൂടെ അങ്ങേയ്ക്ക് അര്‍പ്പിക്കാന്‍ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യേണമേ. നല്ലവനായ ദൈവം നമ്മെ അ നുഗ്രഹിക്കട്ടെ.

ബ്ര. ജസ്റ്റിന്‍ തട്ടാപ്പറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.